ഫ്രാന്‍സിസ് പാപ്പാ ബാങ്കോക്കിലെ ദേശീയ മൈതാനത്തിൽ ദിവ്യബലി അർപ്പണവെേളയില്‍... ഫ്രാന്‍സിസ് പാപ്പാ ബാങ്കോക്കിലെ ദേശീയ മൈതാനത്തിൽ ദിവ്യബലി അർപ്പണവെേളയില്‍... 

ഒരു മിഷനറി വിശ്വാസത്തിന്‍റെ കൂലിവേലക്കാരനോ മതപരിവർത്തകനോ അല്ല.

തായ്‌ലന്‍റ്, ജപ്പാൻ എന്ന ഏഷ്യൻ രാജ്യങ്ങളില്‍ തന്‍റെ മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പാ തായ്‌ലന്‍റിലെ ദേശീയ മൈതാനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നല്‍കിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഗുരുവിന്‍റെ ചോദ്യങ്ങൾ സമൂഹത്തിന്‍റെ നവീകരണത്തിനാണ്

"ആരാണ് എന്‍റെ അമ്മ, ആരാണ് എന്‍റെ സഹോദരർ" എന്ന മത്തായിയുടെ സുവിശേഷ വചനം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച തന്‍റെ വചനപ്രഘോഷണത്തിൽ നമ്മുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സ്നേഹിതർ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിക്കൊണ്ട് യേശു അന്നുവരെ നിലനിന്നിരുന്ന മത, നിയമ തീർച്ചകളെ നിലംപരിശാക്കി, ശിഷ്യരുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയും തകിടം മറിക്കുകയും ചെയ്ത്, അവരെ സത്യാന്വേഷികളാക്കുകയും ജീവൻ പകരുന്നവയിലേക്ക് ഇറങ്ങി പുറപ്പെടാൻ ക്ഷണിക്കുകയും ചെയ്യുന്ന ചോദ്യങ്ങള്‍ സുവിശേഷത്തിൽ അനവധിയുണ്ടെന്നത് ആശ്ചര്യകരമാണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരം ചോദ്യങ്ങൾ ഹൃദയത്തെയും മനസ്സിനെയും തുറന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പുതുമയെ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഗുരുവിന്‍റെ ചോദ്യങ്ങൾ നമ്മുടെയും സമൂഹത്തിന്‍റെയും ജീവിത നവീകരണത്തിനായാണ്. ഇതായിരുന്നു ഇവിടെ കാലു കുത്തിയ മിഷനറിമാരുടെ കാര്യവും. പാപ്പാ ഉദ്ബോധിപ്പിച്ചു.

ഞായറാഴ്ച മേശയിൽ കാണാതിരുന്ന  അമ്മമാരും സഹോദരരും

കർത്താവിന്‍റെ വചനം ശ്രവിച്ച്, അതിന് പ്രത്യത്തരമായി രക്തബന്ധത്തിനും,സംസ്കാരങ്ങൾക്കും, പ്രദേശങ്ങൾക്കും, ഗോത്രങ്ങൾക്കുമപ്പുറമുള്ള ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവിൽ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അവര്‍ അതുവരെ അറിയാതിരുന്ന കുടുംബാംഗങ്ങളെ തേടിയിറങ്ങി. വിഭാഗീയതയുടെ വിശേഷണങ്ങളെ മാറ്റി നിറുത്തുന്ന ഒരു നവീന ചിന്താഗതിയിലേക്ക് അവരുടെ ഹൃദയം തുറക്കേണ്ടി വന്നു.  അങ്ങനെ അവർക്ക് ഞായറാഴ്ച മേശയിൽ അതുവരെ കാണാതിരുന്ന ധാരാളം  ‘അമ്മമാരേയും സഹോദരരെയും' കണ്ടെത്താൻ ഇടയാക്കി.  അത് അവർക്കുള്ളത് നൽകാൻ മാത്രമല്ല ദൈവവചനം മനസ്സിലാക്കാനും വിശ്വാസത്തിൽ അവർക്ക് സ്വയം വളരാനും ആവശ്യമായത് സ്വീകരിക്കാനും ഇടയാക്കി എന്ന് ഫ്രാൻസിസ്  പാപ്പാ വിശദീകരിച്ചു. അത്തരം ഒരു കണ്ടുമുട്ടലില്ലായിരുന്നുവെങ്കിൽ ക്രൈസ്തവ സമൂഹത്തിന് നിങ്ങളുടെ മുഖം നഷ്ടമാകുമായിരുന്നു. തായ്ലന്‍റിന്‍റെ പുഞ്ചിരി നിറയുന്ന പാട്ടുകളും നൃത്തങ്ങളും നഷ്ടമാകുമായിരുന്നു എന്നും പാപ്പാ അറിയിച്ചു.

മിഷനറി വിശ്വാസത്തിന്‍റെ കൂലിവേലക്കാരനോ മതപരിവർത്തകനോ അല്ല 

ഒരു മിഷനറി വിശ്വാസത്തിന്‍റെ കൂലിവേലക്കാരനോ മതപരിവർത്തകനോ അല്ല മറിച്ച് സകലർക്കുമായുള്ള യേശുവിന്‍റെ അനുരഞ്ജനത്തിന്‍റെ ദാനം സ്വീകരിക്കാന്‍ കഴിയാതെ പോകുന്ന സഹോദരീ സഹോദരരെയും അമ്മമാരേയും തേടുന്ന എളിയ ഭിക്ഷുവാണ്. വിരുന്നൊരുക്കി, തെരുവിൽ നിന്ന് എല്ലാവരേയും വിരുന്നിന് ക്ഷണിക്കുന്ന (മത്താ: 22,4-9) ക്രിസ്തുവിന്‍റെ ക്ഷണം നമ്മെ നമ്മുക്കപ്പുറത്ത് എത്തിക്കുന്നു. അത് നമ്മുടെ തന്നെ സത്യത്തിന്‍റെ നിറവും, നമ്മുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളുടെ ഉറവിടവും പ്രചോദനവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സിയാമിൽ അപ്പോസ്തലിക വികാരിയേറ്റ് സ്ഥാപനത്തിന്‍റെ 350 വർഷം തികയുന്ന ആഘോഷം (1669-2019)  ഒരു പഴമയുടെ ഗൃഹാതുരത്വമല്ല മറിച്ച് രണ്ടു മിഷനറിമാർ അന്നു ചെയ്തതുപോലുള്ള ഉറച്ച തീരുമാനത്തോടും, ശക്തിയോടും, വിശ്വാസത്തോടും കൂടെ സാഹചര്യങ്ങളോടു പ്രതികരിക്കാനുള്ള  പ്രത്യാശയുടെ തീ നാളമാണ് നമുക്ക് വേണ്ടതെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

കർത്താവിന്‍റെ പ്രേഷിത ശിഷ്യര്‍

കർത്താവിന്‍റെ കുടുംബത്തിലെ ജീവന്‍റെ ഭാഗമാകാൻ തീരുമാനിക്കുമ്പോൾ നാമെല്ലാവരും പ്രേഷിത ശിഷ്യരായി മാറും. കർത്താവു ചെയ്തതുപോലെ, പാപികളോടൊത്ത് ഭക്ഷണം കഴിച്ചും അവർക്കും പിതാവിന്‍റെ മേശയിലും ഈ ലോകത്തിന്‍റെ മേശയിലും ഇടമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തിയും, അശുദ്ധരെ സ്പർശിച്ചും, സ്പർശിക്കാൻ അനുവദിച്ചും ഒക്കെ ചെയ്തു കൊണ്ടാണ് നാം ഇത് ചെയ്യേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സുവിശേഷവൽക്കരണം നമ്മെ ഒറ്റ കുടുംബമാക്കുന്നു

വചനപ്രലോഷണത്തിൽ വ്യഭിചാരത്തിനും മനുഷ്യക്കടത്തിനും ഇരയാകുന്ന കുട്ടികളെയും, സ്ത്രീകളെയും മയക്കുമരുന്നിന് ഇരയായ യുവതി യുവാക്കളേയും, കുടിയേറ്റക്കാരേയും,   അനുസ്മരിച്ച പാപ്പാ അവരും നമ്മുടെ കുടുംബാംഗങ്ങളാണെന്നും, നമ്മുടെ അമ്മമാരും സഹോദരി സഹോദരന്മാരാണെന്നും, നമ്മുടെ സമൂഹം അവരുടെ മുഖവും മുറിവുകളും, അവരുടെ പുഞ്ചിരിയും ജീവിതവും കാണാതിരിക്കരുതെന്നും, ദൈവസ്നേഹത്തിന്‍റെ കരുണാതൈലം അവരുടെ മുറിവുകളെയും, വേദനകളെയും സുഖമാക്കട്ടെയെന്നും പാപ്പാ പ്രത്യാശിച്ചു.

സുവിശേഷവൽക്കരണം എന്നത് നമ്മെ ഒറ്റ കുടുംബമാക്കുന്ന ദൈവപിതാവിന്‍റെ കരുണയുടെയും സൗഖ്യത്തിന്‍റെയും ആലിംഗനത്തിന് വാതിൽ തുറന്നുകൊടുക്കയാണെന്ന് ഒരു മിഷനറി ശിഷ്യൻ തിരിച്ചറിയണമെന്നും, ആദ്യകാല മിഷനറിമാരുടെ കാലടികൾ പിഞ്ചെന്ന്  ഇനിയും ഞായറാഴ്ച മേശയിലെത്തിക്കാൻ കർത്താവു തരുന്ന അമ്മമാരേയും സഹോദരരേയും കണ്ടെത്താൻ പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2019, 12:39