വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച് വൈദീകരും, സന്ന്യസ്തരും, വൈദീക വിദ്യാർത്ഥികളും മതാദ്ധ്യാ പകരുമായുള്ള കുടിക്കാഴ്ച്ചയില്‍ പാപ്പാ സന്ദേശം നല്‍കുന്നു. വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച് വൈദീകരും, സന്ന്യസ്തരും, വൈദീക വിദ്യാർത്ഥികളും മതാദ്ധ്യാ പകരുമായുള്ള കുടിക്കാഴ്ച്ചയില്‍ പാപ്പാ സന്ദേശം നല്‍കുന്നു.  

സുവിശേഷത്തെ സാംസ്കാരികവല്‍കരിക്കാന്‍ ഭയപ്പെടരരുത്.

ബാങ്കോക്കില്‍ വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച് വൈദീകരും, സന്ന്യസ്തരും, വൈദീക വിദ്യാർത്ഥികളും മതാദ്ധ്യാ പകരുമായുള്ള കുടിക്കാഴ്ച്ചയില്‍ പാപ്പാ നല്‍കിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വൈദീകരും, സന്ന്യസ്തരും, വൈദീക വിദ്യാർത്ഥികളും മതാദ്ധ്യാപകരുമായുള്ള സമ്മേളനത്തിന്  ബിഷപ്പ് ജോസഫിന് നന്ദി പറഞ്ഞ പാപ്പാ തന്‍റെ ജീവിത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞ ബെനതീത്തയ്ക്ക് ആശംസകളർപ്പിച്ച് അവളുടെ സാക്ഷ്യത്തിൽ നിറഞ്ഞു നിന്ന ഉപവിയുടെ സഹോദരികളിലൂടെ അവൾക്ക് ലഭിച്ച പ്രചോദനത്തിന്‍റെ ചുവടുപിടിച്ച് നമുക്ക് മുന്നേ ജീവിതസാക്ഷ്യം നല്‍കിയ മുതിർന്ന സന്യാസിനീ സന്യാസികൾക്കും മറ്റു പ്രായാധിക്യത്താൽ അവിടെ സന്നിഹിതരാകാൻ കഴിയാതിരുന്നവർക്കും ആശംസകളർപ്പിച്ച് അവരെ നന്ദിയോടെ അനുസ്മരിക്കേണ്ടതിന്‍റെ ആവശ്യകതയെ ഓർമ്മിപ്പിക്കുകയും ചെയ്തു.കാരണം ഓരോരുത്തരുടേയും ദൈവവിളിയുടെ ചരിത്രത്തിൽ ഇത്തരം വ്യക്തികൾ നമ്മെ ആത്മാവിന്‍റെ അഗ്നി കണ്ടെത്തി വിശകലനം ചെയ്യാൻ സഹായിച്ചവരാണ്. നന്ദി ഒരു ശക്തിയേറിയ ആയുധമാണെന്നും, ദൈവം നമുക്ക് അവന്‍റെ സ്നേഹവും വിശാല ഹൃദയവും, ക്ഷമയും മറ്റും  കാണിച്ചു തന്ന വഴികളെ നന്ദിയോടെ സ്മരിക്കുക വീണ്ടും ഉന്മേഷത്തോടെ നമ്മുടെ ജീവിതവും പ്രേഷിത പ്രവർത്തനവും നവീകരിക്കാൻ ഇടയാക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പ്രേഷിതത്വത്തെ എങ്ങനെ ഫലപ്രദമാക്കാം?

പ്രേഷിതത്വത്തെ എങ്ങനെ ഫലപ്രദമാക്കാമെന്ന് ചോദിച്ച് വിശദീകരിച്ച ഫ്രാൻസിസ് പാപ്പാ ആശ്ചര്യങ്ങളോടു തുറവിയില്ലാത്ത സമർപ്പിത ജീവിതം ഒരു മുഴുവൻ ജീവിതമാവില്ല എന്നും, ദൈവം നമ്മെ വിളിച്ച് ലോകത്തിലേക്ക് പറഞ്ഞയക്കുന്നത് ജനങ്ങളിൽ കടമകളും, അവർക്കുള്ളതിനേക്കാൾ കൂടുതല്‍ ഭാരങ്ങളും അടിച്ചേൽപ്പിക്കാനല്ല മറിച്ച് സന്തോഷമുള്ളതും മനോഹരമായതും ആശ്ചര്യകരവുമായ ഒരു പുതിയ ചക്രവാളം പങ്കിടുവാനാണെന്ന് പറഞ്ഞ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ "സഭ വളരുക മതപരിവർത്തനം മൂലമല്ല മറിച്ച് ആകർഷിക്കപ്പെടലിലൂടെയാണ്" എന്ന വാക്കുകൾ ഉദ്ധരിച്ചു. Evangeli Gaudium 167 കൂടി കൂട്ടിച്ചേർത്ത് പുതിയ പ്രതീകങ്ങളേയും, രൂപങ്ങളേയും നോക്കാനും സുവിശേഷത്തെ സാംസ്കാരികവൽക്കരിക്കാന്‍ ഭയപ്പെടരരുതെന്നും, കർത്താവിനെ അറിയാൻ ആഗ്രഹം ജനിപ്പിക്കുന്ന, ക്രൂശിതനായ അവനെ അനുഗമിക്കുന്നവർ ആരെന്നറിയാൻ ആകാംക്ഷ ജനിപ്പിക്കുന്ന പുതിയ വഴികൾ തേടണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസത്തിന് തായ് മുഖവും, തായ് ശരീരവും നൽകണം

ഈ ഒരു സമ്മേളനത്തിനായി ഒരുങ്ങിയപ്പോൾ ക്രിസ്തീയത ഒരുപാട് പേർക്ക് ഒരു വിദേശമതമാണെന്നും, വിദേശികൾക്ക് വേണ്ടിയുള്ള മതമാണെന്നും വേദനയോടെ വായിക്കാനിടയായത് ഓർമ്മിച്ച പാപ്പാ വിശ്വാസത്തെ ഒരമ്മ കുഞ്ഞിന് പാടുന്ന താരാട്ടു പോലെ, ഗ്രാമ്യഭാഷയിൽ നൽകാനും, വെറും തർജ്ജമയാക്കാതെ വിശ്വാസത്തിന് ഒരു തായ് മുഖവും, തായ് ശരീരവും നൽകി സുവിശേഷത്തിന്‍റെ വിദേശ അള്ളിപിടുത്തം (foreign grab) മാറ്റാൻ ആവശ്യപ്പെട്ടു. മറിയത്തിന്‍റെ നോട്ടത്തിലേക്ക് നോക്കുന്ന നമ്മൾ അവൾ നോക്കിയതിന്‍റെ നോട്ടത്തിലക്ക് ശ്രദ്ധിച്ച് അവള്‍ ചെയ്തതുപോലെ വെറും കാഴ്ചകളിൽ നിന്ന് ഉൾക്കാഴ്ചകളിലേക്ക് കടന്ന് എല്ലാ വ്യക്തികളുടേയും യഥാർത്ഥ സൗന്ദര്യം കാണാൻ കഴിയണം. പാപിയെയും, ദൈവദൂഷകനേയും, ചുങ്കക്കാരനേയും, തിന്മയോ ചതിയോ ചെയ്യുന്നവനേയും കണ്ടപ്പോൾ അവരിൽ യേശു അപ്പോസ്തലൻമാരെ കണ്ട നോട്ടമാണ് നാം സ്വായത്തമാക്കേണ്ടത് അങ്ങനെ ഓരോരുത്തരുടെയും നന്മ പുറത്തു കൊണ്ടവരുവാൻ നമുക്ക് കഴിയും.

കർത്താവിന്‍റെ കരുണയുടെ ജീവിക്കുന്ന അടയാളങ്ങള്‍

നിങ്ങളുടെ ദൈവവിളിയുടെ ആദ്യകാലങ്ങളിൽ ദൈവവചനം പ്രാവർത്തീക പഥത്തിലെത്തിക്കാൻ നഗരങ്ങളിലെ വഴികളിൽ തഴയപ്പെട്ടവരെ ശുശ്രൂഷിച്ചവരാണ് നിങ്ങളിൽ പലരും. അവരെ അനാഥരോ, തൊട്ടു കൂടാത്തവരോ  ആയിക്കാണാതെ നമ്മുടെ സഹോദരീ സഹോദരന്മാരായി, അവരിൽ "കർത്താവിനാൽ രക്ഷിക്കപ്പെട്ട സഹോദരന്‍റെയും സഹോദരിയുടേയും മുഖമുണ്ടെന്നറിയുകയാണ് ക്രിസ്ത്യാനി ചെയ്യേണ്ടത്. ഇങ്ങനെ നിങ്ങൾ കർത്താവിന്‍റെ കരുണയുടെ ജീവിക്കുന്ന അടയാളമാകുന്നു. അത് പരിശുദ്ധന്‍റെ അഭിഷേകത്തിന്‍റെ അടയാളവുമാണ്. ഇത്തരം ഒരു അഭിഷേകം പ്രാർത്ഥന ആവശ്യപ്പെടുന്നു എന്ന പറഞ്ഞ പാപ്പാ അപ്പോസ്തോലിക പ്രവർത്തനം ഫലമണിയാൻ വേണ്ട അഗാധമായ പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് തുടര്‍ന്ന് സംസാരിച്ചത്.

പ്രാർത്ഥനയില്ലാത്ത പ്രേഷിതപ്രവർത്തനം വ്യര്‍ത്ഥമാണ്

പ്രാർത്ഥനയില്ലെങ്കില്‍ നമ്മുടെ ജീവിതത്തിന്‍റെയും പ്രേഷിത പ്രവർത്തനത്തിന്‍റെയും എല്ലാ അർത്ഥവും  ശക്തിയും ആവേശവും നഷ്ടപ്പെട്ടതായിത്തീരും. ഉൽസാഹമില്ലായ്മയാണ് സുവിശേഷവൽക്കരണത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി എന്ന വിശുദ്ധ പോള്‍ ആറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ സന്യാസികൾക്കും, വൈദീകർക്കും, മതാദ്ധ്യാപകർക്കും ഈ ഉൽസാഹം കര്‍ത്താവിന്‍റെ മുഖദർശനവും, സഹോദരീ സഹോദരരുടെ മുഖദർശനവുമാക്കുന്ന രണ്ടു തരം കണ്ടുമുട്ടലുകളിലൂടെയാണ് പുഷ്ടിപ്പെടുന്നതെന്ന് സൂചിപ്പിച്ചു. ഉത്തരവാദിത്വങ്ങളുടെ മരീചികകളിൽ അലയുമ്പോൾ ശാന്തമായ ഒരിടം തേടി പ്രാർത്ഥനയിലായിരിക്കാന്‍ നമുക്ക് കഴിയണം. കർത്താവു ലോകത്തെ രക്ഷിച്ചു കഴിഞ്ഞെന്നും ആ രക്ഷ സകലർക്കും അനുഭവവേദ്യമാക്കാനാണ് നമ്മോടാവശ്യപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

അവരുടെ ജീവിതങ്ങൾക്കും, സാക്ഷ്യങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞ പാപ്പാ അവർ എണ്ണത്തിൽ കുറവാണെന്ന പ്രലോഭനത്തിൽ വീഴാതെ, കർത്താവിന്‍റെ കരത്തിലെ എളിയ ഉപകരണമാണെന്ന് ചിന്തിക്കാനും ജീവിതം കൊണ്ട് ദൈവം ഈ നാട്ടിലെ രക്ഷാചരിത്രത്തിന്‍റെ ഏറ്റം മനോഹര താളുകൾ എഴുതുകയാണെന്നും അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കാനും മറ്റുള്ളവരോടു പ്രാർത്ഥന അഭ്യർത്ഥിക്കാനും ആവശ്യപ്പെട്ടുകൊണ്ടു പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2019, 12:21