മൊസാംബിക്കിലെ മപൂത്തോ വിമാനത്താവളത്തില്‍ പാപ്പായെ നൃത്തചുവടുകളോടെ സ്വീകരിക്കുന്നു. മൊസാംബിക്കിലെ മപൂത്തോ വിമാനത്താവളത്തില്‍ പാപ്പായെ നൃത്തചുവടുകളോടെ സ്വീകരിക്കുന്നു. 

ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ അനുഗ്രഹ സാന്നിധ്യമായി ഫ്രാന്‍സിസ് പാപ്പാ

ഫ്രാൻസിസ് പാപ്പാ മുപ്പത്തൊന്നാമത്തെ അപ്പോസ്തലിക സന്ദർശനം നടത്തുന്നത് ആഫ്രിക്കയിലെ മൊസാംബിക്ക്, മഡഗാസ്കർ, മൗരീഷ്യസ് നാടുകളിലേക്കാണ്. സെപ്റ്റംബര്‍ 4ആം തിയതി, ബൂധനാഴ്ച്ച രാവിലെ 7.20 ന് ആരംഭിച്ച് സെപ്റ്റംബര്‍ 5ആം തിയതി, വ്യാഴാഴ്ച ഉച്ചവരെ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിന്‍റെ യാത്ര

സെപ്തംബര്‍ 4-Ɔο തിയതി  ആരംഭിച്ച പാപ്പായുടെ മുപ്പത്തൊന്നാമത്തെ അപ്പോസ്തലിക സന്ദർശനം ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്ക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഒരാഴ്ച നീളുന്ന യാത്രയാണ്. തന്‍റെ യാത്രയുടെ  ലോഗോകളിൽ പ്രതിഫലിക്കുന്ന  സന്ദേശമനുസരിച്ച്  ഫ്രാൻസിസ് മാർപാപ്പാ സമാധാനത്തിന്‍റെയും പ്രത്യാശയുടെയും അനുരജ്ഞനത്തിന്‍റെയും തീര്‍ത്ഥയാത്രയായിട്ടാണ് ഈ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 1977-1992 ലെ ആഭ്യന്തരയുദ്ധത്തിന്‍റെ ഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യത്ത് സമാധാനത്തിന്‍റെ പ്രതീകമായ പ്രാവിനെയാണ് മൊസാംബിക്ക് സന്ദർശനത്തിന്‍റെ ലോഗോയായി പാപ്പാ സ്വീകരിച്ചത്. സന്ദർശനത്തിന്‍റെ മുദ്രാവാക്യം "പ്രത്യാശ, സമാധാനം, അനുരജ്ഞനം"എന്നിവയാണ്. ഏഴ് ദിവസം നീളുന്ന ഈ സന്ദർശനത്തിൽ പാപ്പാ സന്ദര്‍ശിക്കുന്ന മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൊസാംബിക്ക്  ആഫ്രിക്കന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. മഡഗാസ്കര്‍, മൗറീഷ്യസ് ദ്വീപു രാജ്യങ്ങളാണ്.  

മാർപ്പാപ്പാ തന്‍റെ 31ആം അപ്പോസ്തോലീകയാത്ര സെപ്റ്റംബര്‍ 4ആം തിയതി, ബൂധനാഴ്ച്ച രാവിലെ വത്തിക്കാനിലെ സാന്താ മാർത്തയിൽ നിന്ന് 7.20ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര ചെയ്തു കൊണ്ട് ആരംഭിച്ചു. വത്തിക്കാനിൽ നിന്ന് 27 കി.മീ. അകലെ മോൺ. ജീനോ റെയലി മെത്രാനായിരിക്കുന്ന പോർത്തോ സാന്താ റുഫീനാ രൂപതയിലാണ് ഈ വിമാനത്താവളം. 7.50 ന് വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പായെയും വഹിച്ച് കൃത്യം 8 മണിക്ക്  വിമാനം യാത്രയുടെ ആദ്യഭാഗമായ മൊസാംബിക്കിലേക്ക് യാത്ര തിരിച്ചു. മൊസാംബിക്കിലെ മപൂത്തോ വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. വിമാനത്തിൽ പ്രാതൽ കഴിച്ച പാപ്പാ വിമാനത്തിലെ ജോലിക്കാരുമായി ഫോട്ടോ എടുക്കയും, മാദ്ധ്യമപ്രവർത്തകരെ അഭിവാദനം ചെയ്യുകയും ചെയ്തു. റോമിൽ നിന്ന് പറന്നുയർന്ന  വിമാനം ഇറ്റലി ഗ്രീസ്, ഈജിപ്ത്, സുഡാൻ, തെക്കൻ സുഡാൻ, ഉഗാണ്ട, താൻസാനിയ, മലാവി, സാംബിയാ എന്നീ രാജ്യങ്ങളുടെ മേലെ പറന്നാണ് മൊസാംബിക്കിലെത്തിയത്. 7.836 കി.മി.ദൂരം കടക്കാൻ പാപ്പായുടെ വിമാനത്തിന് വേണ്ടിയിരുന്നത് 10.30 മണിക്കൂറുകളാണ്. അതിനാൽ ഉച്ചഭക്ഷണം വിമാനത്തിൽ തന്നെയാണ് കഴിച്ചത്.

6.30 ന് പാപ്പായെയും വഹിച്ചുള്ള വിമാനം മപൂത്തോ വിമാനത്താവളത്തിലെത്തി. പ്രസിഡൻഷ്യൽ പദിലിയോണിൽ നിറുത്തിയ വിമാനത്തിലേക്ക് മൊസാംബിക്കിലേ അപ്പോസ്തോലിക നൂൺഷിയോ മോൺ. പിയർ ജോർജോ ബെർത്തോൾ ഡി യും പ്രോട്ടോകോളിന്‍റെ തലവനും പിന്‍വാതിലിലൂടെ മാർപ്പാപ്പായെ അഭിവാദനം ചെയ്യാനായി പ്രവേശിച്ചു.

മപൂത്തോ

മൊസാംബിക്കിന്‍റെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണിത്.    ഹോളി സ്പിരിറ്റ് നദിയും ഇന്ത്യൻ മഹാസമുദ്രവും ചേരുന്ന അഴിമുഖ നഗരമാണിത്. 1975 ൽ പോർച്ചുഗലിൽ നിന്ന് മൊസാംബിക്ക് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പു ഈ നഗരം 16ആം നൂറ്റാണ്ടിൽ പര്യവേഷണം നടത്തിയ പോർച്ചുഗീസ് സഞ്ചാരിയായിരുന്ന  ലൊറെൻസോ മാർക്കെസിന്‍റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. വികസനമാർന്ന  ഒരു ആധുനീക തുറമുഖമുള്ളതിനാൽ തെക്കൻ ആഫ്രിക്കയിലെ സാമ്പത്തിക ധനകാര്യ കേന്ദ്രമാണ് ഈ പട്ടണം. കൽക്കരിയും, പഞ്ചസാരയും, രത്നങ്ങളുമാണ് ഇവിടെ പ്രധാനമായി വ്യാപാരം ചെയ്യുന്നത്.  ഈ നഗരത്തിന്‍റെ ആരംഭം  16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസ്കാർ നിർമ്മിച്ച കോട്ടയിലും അതു നശിപ്പിച്ച തദ്ദേശിയരിൽ നിന്നുമാണ്. 1850 ഓടെയാണ് ഈ നഗരത്തിന്‍റെ വളര്‍ച്ചയാരംഭിക്കുന്നത്. പിന്നീട് 1898 ൽ അത് പോർച്ചുഗീസ് കോളനിയുടെ തലസ്ഥാനമായി മാറി. പോർച്ചുഗീസുകാരാണ് ഈ സ്ഥലത്തു അടിസ്ഥാനപരമായ സംവിധാനങ്ങൾ നിർമ്മിച്ചത്. 1895 ഓടെ മപൂത്തോ നഗരം വികസനത്തിന്‍റെ പാതയിലായി. അധിനിവേശ പൈതൃകസ്വത്തിന്‍റെ ഭാഗമായി കൊട്ടാരങ്ങളും, ഹരിത പ്രദേശങ്ങളും ജോഹന്നാസ്ബർഗും പ്രെട്ടോറിയയും ബന്ധിപ്പിച്ച റെയിൽ സംവിധാനവും ഈ നഗരവികസനത്തിന്‍റെ പടികളാണ്.  

നഗരത്തിലെ പ്രധാന കാഴ്ചകൾ: പുരാതന പോർച്ചുഗീസ് കോട്ട, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, 1944ൽ പണിതീർത്ത അമലോത്ഭവമാതാവിന്‍റെ നാമത്തിലുള്ള വെള്ള നിറത്തിലെ കത്തീഡ്രൽ, ഗുസ്താവോ ഐഫെൽ നിർമ്മാണം നിർവ്വഹിച്ച ഇരുമ്പു ഗൃഹം, സ്വതന്ത്ര ചത്വരം, പ്രകൃതി ചരിത്ര മ്യൂസിയം, സ്വാതന്ത്ര്യത്തിന്‍റെ കഥ വിവരിക്കുന്ന വിപ്ലവമ്യൂസിയം, മുൻസിപ്പൽ മാർക്കറ്റ് തുടങ്ങിയവയാണ്. സെപ്റ്റംബറിൽ 17°C മുതൽ 26°C വരെ വ്യത്യാസം വരുന്ന ചൂടാണിവിടെ.

മപൂത്തോ അതിരൂപത 

1976 സെപ്റ്റംബർ 18ന് നിലവിൽ വന്ന രൂപതയിൽ 3,205,540 നിവാസികളുണ്ട്. കത്തോലിക്കരായി 1,289,51 പേരും 46 ഇടവകകളം  27 രൂപതാ വൈദീകരെക്കൂടാതെ മറ്റ് 70 വൈദീകരും, 44 സെമിനാരി വിദ്യാർത്ഥികളുമുണ്ട്. 220 സന്യാസികളും 149 സന്യാസിനികളും ഉള്ള രൂപതയിൽ 36 വിദ്യാഭ്യാസ സ്ഥാപനങ്ങളും 21 സ്ഥാപനങ്ങൾ ഉപവി പ്രവർത്തികൾക്കായുമുണ്ട്. കഴിഞ്ഞ വർഷം 8,7625 ജ്ഞാനസ്നാനും നടന്നു. മോൺ. ഫ്രാൻസിസ്കോകിമോയിയോ ഒ.എഫ്.എം.Cap ആണ് ഈ അതിരൂപതയുടെ  മെത്രാപോലീത്താ.

സ്വീകരണം

6.30 ന് മൊസാംബിക്കിന്‍റെ പ്രസിഡന്‍റും ഭാര്യയും ചേർന്ന് വിമാനത്തിന്‍റെ മുൻഭാഗത്തെ വാതിക്കൽ വന്ന് പാപ്പായെ സ്വീകരിച്ചു. പരമ്പരാഗത വസ്ത്രമണിഞ്ഞ രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി. ഒരു കൂട്ടം വിശ്വാസികളും അവിടെ സന്നിഹിതരായിരുന്നു. രാഷ്ട്രത്തിന്‍റെ ദേശീയ ഗാനമാലപിക്കപ്പെട്ടു. തുടര്‍ന്ന് പാപ്പായ്ക്ക് സൈനീക ബഹുമതി നല്‍കപ്പെട്ടു. പ്രതിനിധികളെ പരസ്പരം പരിചയപ്പെടുത്തിയതിന് ശേഷം മൊസാംബിക്കിലെ മെത്രാൻമാരെ അഭിവാദനം ചെയ്ത പാപ്പായെ ഗാർഡ് ഓഫ് ഓണറിനു ശേഷം പ്രസിഡണ്ടും ഭാര്യയും ചേർന്ന് പാപ്പായെ അനുധാവനം ചെയ്തു.  6.50 ന് ഫ്രാൻസിസ് പാപ്പാ 7കി.മീ  അകലെയുള്ള നൂൺഷിയോ മന്ദിരത്തിലേക്ക് യാത്രയായി. 7.20ന് അവിടെ എത്തിച്ചേർന്ന പാപ്പായെ ഒരു കൂട്ടം യുവജനങ്ങളും പൊന്തിഫിക്കൽ പ്രതിനിധികളും സന്യാസികളും ചേർന്ന് സ്വീകരിച്ചു. അത്താഴം സ്വകാര്യമായിട്ടായിരുന്നു.

നുണ്‍ഷ്യോ മന്ദിരം

വിശുദ്ധ അന്തോണീസിന്‍റെ ഇടവകയിൽ നിന്ന് അധികം ദൂരെയല്ലാത്ത പൊളാന ചിമന്തോഭാഗത്താണ് നുണ്‍ഷ്യോ മന്ദിരമുള്ളത്. ഇത് മപൂത്തോയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ്.  ഇവിടെ നയതന്ത്രകാര്യാലയങ്ങളും ഒദ്യോഗീക കാര്യാലയങ്ങളും സ്ഥിതിചെയ്യുന്നു. പരിശുദ്ധസിംഹാസനവും മൊസാംബിക്കുമായുള്ള പരസ്പരബന്ധം നിലവിൽ വന്ന ഡിസംബർ 14, 1995 ലാണ് ഈ മന്ദിരം ഉയർത്തപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഇത് നിയമാനുസൃതമാക്കിയത്. ഇവിടെയായിരുന്നു പാപ്പാ അത്താഴം കഴിച്ചത്.‍ സെപ്റ്റംബർ അഞ്ചാം തിയതി വ്യാഴാഴ്ച,രാവിലെ 7.30ന് നുണ്‍ഷ്യോയുടെ മന്ദിരത്തില്‍ പാപ്പാ തനിച്ചു ദിവ്യബലി അർപ്പിച്ചു. അതിനു ശേഷം അവിടെ നിന്നും 9.30 നു കാറിൽ പലാച്ചോ ദ പോന്താ വെർമെൽഹയിലേക്ക്  യാതയായി. 

പലാച്ചോ ദ പോന്താ വെർമെൽഹ

1899 ൽ നിർമ്മിച്ചതും 1906 നും 1956 നും ഇടയിൽ നാല് തവണ പുതുക്കിപ്പണിയപ്പെട്ട ഒരു പഴയ കൊളോണിയൽ ശൈലിയിലുള്ള കെട്ടിടമാണ് പലാച്ചോ ദ പോന്താ വെർമെൽഹ. 1975 മുതൽ മൊസാംബിക്ക് പ്രസിഡന്‍റിന്‍റെ  ഔദ്യോഗിക വസതിയായി നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് ഇത് പോർച്ചുഗീസ് ഗവർണറുടെ ഇരിപ്പിടമായിരുന്നു. പിന്നീട് നഗരങ്ങളിൽ റെയിൽവേ പണികളിൽ ഉൾപ്പെട്ടിരുന്ന തൊഴിലാളികളുടെ വസതി ആയിരുന്നു. "പോണ്ട വെർമെൽഹ", അക്ഷരാർത്ഥത്തിൽ മപൂത്തോയുടെ വിസ്തീർണ്ണത്തെ സൂചിപ്പിക്കുന്നു. 1988 സെപ്റ്റംബർ 16 ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്‍റെ 39 മത്തെ അന്താരാഷ്ട്ര അപ്പസ്തോലിക യാത്രയിൽ അന്നത്തെ പ്രസിഡന്‍റ് ജോക്വിം ചിസ്സാനോയുമായി കൂടികാഴ്ച്ച നടത്തിയത് ഇവിടെ വച്ചാണ്. പോന്താ വെർമെൽഹ  കൊട്ടാരത്തിന്‍റെ പ്രധാന കവാടത്തിൽ മാർപ്പാപ്പയെ റിപ്പബ്ലിക് പ്രസിഡന്‍റും ഭാര്യയും സ്വാഗതം ചെയ്തു. അവർ ഒരുമിച്ച് റെഡ് ഹാളിലേക്ക് പ്രവേശിച്ചു. അവിടെ പ്രവേശിക്കുന്നതിനുമുമ്പ് അവർ ഓണറ്ററി പുസ്തകത്തിൽ ഒപ്പിടുന്നതിന് ആ ഹാളിലുള്ള മുറിയില്‍ ചെന്നു.

മൊസാംബിക്കിന്‍റെ പ്രസിഡന്‍റ്

ഫിലിപ്പെ ന്യൂസി 1959ൽ കാബോ ഡെലഗാദോ പ്രവിശ്യയിലെ നമാവുവിലാണ് ജനിച്ചത്. ചെക് റിപ്പബ്ലിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമെടുത്ത അദ്ദേഹം 1992 ൽ തന്‍റെ ജോലി മൊസാംബിക്കിലെ പോർത്തോസ് കമ്മിനോസ് ദെ ഫെറോ കമ്പനിയിൽ ആരംഭിച്ചു. ദേശീയ വിമോചന പോരാട്ടസമരത്തിനായുള്ള സംഘടനയില്‍ ദേശീയ കമ്മിറ്റി അംഗവുമായിരുന്നു. 2014ൽ മൊസാംബിക് വിമോചന മുന്നേറ്റത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് റിപ്പബ്ലിക്കൻ മൊസാംബിക്കിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രസിഡന്‍റ് ഫിലിപ്പെ ന്യൂസിക്കും ഭാര്യ ഇസാവ് റഫെറാവോയ്ക്കും നാലു മക്കളാണുള്ളത്.  9.45 ന് പ്രസിഡണ്ടുമായുള്ള സ്വകാര്യ സന്ദർശനമായിരുന്നു. തന്‍റെ കുടുംബത്തെ പ്രസിഡന്‍റ് ഫിലിപ്പെ ജചിന്തോ ന്യൂസി മാർപ്പാപ്പയ്ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് പരസ്പരം സമ്മാനങ്ങൾ കൈമാറി. സ്വകാര്യ സന്ദർശനത്തിനു ശേഷം 10.15 ഓടെ പ്രസിഡന്‍റും ഫ്രാൻസിസ് പാപ്പായും മറ്റ് അധികാരികളേയും ഉദ്യോഗസ്ഥരേയും, നയതന്ത്രജ്ഞരേയും പൊതു സമൂഹത്തേയും അഭിവാദനം ചെയ്തു. അതിനു ശേഷം പാപ്പായ്ക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ആശംസകളർപ്പിച്ചു. അതിനു ശേഷം മത്തായി 25 ന്‍റെ സ്മാരക ഫലകം നൽകി. തുടർന്ന് പാപ്പാ മൊസാംബിക്കിലെ തന്‍റെ ആദ്യ പ്രഭാഷണം നടത്തി. പ്രഭാഷണത്തിനു ശേഷം 10.45 ന് ഫ്രാൻസിസ് പാപ്പാ പ്രസിഡന്‍റ് കൊട്ടാരത്തിന്‍റെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് വന്ന് 3 കി.മി. അകലെയുള്ള പവില്ലോൺ മാക്സാക്വേനിലേക്ക് യാത്രയായി.

പവില്ലോൺ മാക്സാക്വേൻ

വിവിധരീതിയിൽ ഉപയോഗിക്കാവുന്ന മപൂത്തോയിലെ സ്റ്റേഡിയമാണ് ഇത്. ഫുട്ബോൾ കളികൾക്കും വലിയ സംഗീത സാമൂഹീക പരിപാടികൾക്കുമായാണ് ഇതുപയോഗിക്കപ്പെടുന്നത്. മാക്സാക്കാ എന്നറിയപ്പെടുന്ന മാക്സാക്വേൻ സ്പോർട്ട്സ് ക്ലബിന്‍റെ ആസ്ഥാനം കൂടിയാണിത്. പോർച്ചുഗലിൽ നിന്ന് 1975 ൽ സ്വാതന്ത്ര്യം നേടിയതിൽ പിന്നെ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ഒരു ക്ലബ്ബാണിത്. 11.00 മണിക്ക് ഫ്രാൻസിസ് പാപ്പാ ഇവിടെ  യുവജനങ്ങളുമായുള്ള സമ്മേളനത്തിന് എത്തിച്ചേർന്നു. മപൂത്തോയിലെ മെത്രാപ്പോലീത്തയുമൊത്ത് പ്രധാന കവാടത്തിലൂടെയാണ് പാപ്പാ കടന്ന് വന്നത്. സന്തോഷത്താൽ മതിമറന്ന യുവജനങ്ങള്‍ പാട്ടു പാടിയും ആർപ്പുവിളിച്ചും ഫ്രാൻസിസ് പാപ്പായെ സ്വീകരിച്ചു. യുവജനസംഘടനയായ ക്രിസ്ത്യൻ കൗൺസില്‍, മുസ്ലിം യുവജനസംഘടന, മൊസാംബിക് മത സമിതി, ഹിന്ദു യുവജനസംഘം, കത്തോലിക്കാ യുവജന സംഘം ഇങ്ങനെ യുവജനങ്ങൾ അവതരിപ്പിച്ച സംഗീത നൃത്തപരിപാടികളും പ്രകടനങ്ങളും ഇടപെടലുകളും ഈ സമ്മേളനത്തെ സമ്പന്നമാക്കി. സമൂഹത്തിലെ യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവാവ് പാപ്പായെ അഭിവാദനം ചെയ്യുകയും സമ്മാനം നൽകുകയും ചെയ്തു.  തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്‍റെ പ്രഭാഷണം നടത്തി. അതിനു ശേഷം പ്രാർത്ഥനയോടെ മതനേതാക്കളേയും, യുവജനങ്ങളേയും അഭിവാദനം ചെയ്തു ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷം പിൻവശത്തെ വാതിലിലൂടെ പാപ്പാ വിടവാങ്ങി. 12.00 മണിക്ക് 4 കി.മി.ദൂരെയുള്ള അപ്പോസ്ത്തൊലിക് നൂൺ ഷിയോ മന്ദിരത്തിലേക്ക് യാത്രയായി. 12.15ന് എത്തിച്ചേർന്ന പാപ്പാ തന്‍റെ ഉച്ചഭക്ഷണം കഴിച്ചു.

 

 

     

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2019, 15:01