ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ അക്കീല്ലെ സില്‍വെസ്ത്രിക്ക് സ്നേഹാശ്ലേഷം നല്കുന്നു-18/06/2019 ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ അക്കീല്ലെ സില്‍വെസ്ത്രിക്ക് സ്നേഹാശ്ലേഷം നല്കുന്നു-18/06/2019 

കര്‍ദ്ദിനാള്‍ സില്‍വെസ്ത്രീനി വിശ്വസ്ത അജപാലകന്‍!

പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷനും നയതന്ത്രജ്ഞനുമായിരുന്ന കര്‍ദ്ദിനാള്‍ അക്കീല്ലെ സില്‍വെസ്ത്രീനിയുടെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുശോചിച്ചു. കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 215 ആയി താണു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കാലം ചെയ്ത കര്‍ദ്ദിനാള്‍ അക്കീല്ലെ സില്‍വെസ്ത്രീനി പൗരോഹിത്യവിളിയോടു വിശ്വസ്തനും സാമര്‍ത്ഥ്യവും വിധേയത്വവുമുള്ള നയതന്ത്രജ്ഞനുമായിരുന്നുവെന്നു മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (29/08/2019) വത്തിക്കാനിലെ സ്വവസതിയില്‍ വച്ച് 96-Ↄ○ വയസ്സില്‍ മരണമടഞ്ഞ കര്‍ദ്ദിനാള്‍ സില്‍വെസ്ത്രിനിയുടെ മരുമക്കളായ മരിയ ലൂയിസയ്ക്കും, ആഞ്ചെലയ്ക്കും അയച്ച അനുശോചന സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പരേതനെ ഇപ്രകാരം അനുസ്മരിക്കുന്നത്.

സുവിശേഷത്തോടും സഭയോടും വിശ്വസ്ത പുലര്‍ത്തിയ അജപാലകനുമായിരുന്ന കര്‍ദ്ദിനാള്‍ സില്‍വെസ്ത്രീനി മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നുവെന്നും പാപ്പാ ഓര്‍ക്കുന്നു.

7 മാര്‍പ്പാപ്പാമാരുടെ സഭാഭരണ കാലഘട്ടങ്ങളിലായി പതിറ്റാണ്ടുകള്‍ അദ്ദേഹം പരിശുദ്ധസിംഹാനത്തിന് ഏകിയ സേവനങ്ങളും പാപ്പാ അനുസ്മരിക്കുകയും കര്‍ത്താവ് അദ്ദേഹത്ത നിത്യാനന്ദത്തിലേക്കും നിത്യശാന്തിയിലേക്കും സ്വീകരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലെ ഉദ്യോഗത്തിനു ശേഷം പരമോന്നത അപ്പസ്തോലിക കോടതിയുടെ പ്രീഫെക്ട്, പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ എന്നീ നിലകളിലും കര്‍ദ്ദിനാള്‍ സില്‍വെസ്ത്രീനി സേവനം ചെയ്തിട്ടുണ്ട്. 

വടക്കു കിഴക്കെ ഇറ്റലിയിലെ ബ്രിസിഗേല്ല എന്ന സ്ഥലത്ത് 1923 ഒക്ടോബര്‍ 25-ന് കര്‍ദ്ദിനാള്‍ അക്കില്ലെ സില്‍വെസ്ത്രീനി ജിനിച്ചു. 1946 ജൂലൈ 13-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1979 മെയ് 27-ന് മെത്രാനായി അഭിഷിക്തനാകുകയും 1988 ജൂണ്‍ 28-ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തപ്പെടുകയും ചെയ്തു.

കര്‍ദ്ദിനാള്‍ അക്കില്ലെ സില്‍വെസ്ത്രീനിയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 215 ആയി താണു. ഇവരില്‍, 80 വയസ്സില്‍ താഴെ പ്രായമുള്ള 118 പേര്‍ക്കാണ്, മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശം ഉള്ളത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2019, 13:00