റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്‍ വത്തിക്കാനില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

1. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്‍
വത്തിക്കാനില്‍ ആറാം തവണ

ജൂലൈ 4- Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.15-നു നടക്കേണ്ട കൂടിക്കാഴ്ച സുരക്ഷാകാരണങ്ങളാല്‍ നീട്ടിവച്ചു. ഒരു മണിക്കൂറില്‍ അധികം വൈകി, 2.50-നാണ് പ്രസിഡന്‍റ് പുടിന്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. അപ്പസ്തോലിക അരമനയിലെ ലൈബ്രറിയില്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരുപക്ഷങ്ങളുടെയും സമ്മാനങ്ങളുടെ കൈമാറ്റത്തോടെ ആരംഭിച്ച കൂടിക്കാഴ്ച ക്രിയാത്മകവും രാജ്യാന്തര പ്രതിസന്ധികളെ സംബന്ധിച്ച സംവാദത്തിന്‍റെ പാതയില്‍ ഫലപ്രദവുമായിരുന്നെന്ന് വത്തിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമായും പ്രസിഡന്‍റ് പുടിന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളിലെ വികാസങ്ങളെ ഇരുപക്ഷവും നിരീക്ഷിക്കുകയും ഒപ്പുവച്ച് അംഗീകരിക്കുകയുംചെയ്തു. കുട്ടികള്‍ക്കുവേണ്ടി റോമില്‍ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ “യേശു ബംബീനോ” ആശുപത്രിയുടെയും ഗവേഷണ വിഭാഗത്തിന്‍റെയും പുരോഗതിക്കായുള്ള ഒരു ധാരണ ഉടമ്പടയില്‍ റഷ്യന്‍ ഫെഡറേഷന്‍ ഒപ്പുവച്ചു. റഷ്യയിലെ കത്തോലിക്ക സ്ഥാപനങ്ങളുടെ ഭരണസംവിധാനങ്ങളെ സംബന്ധിച്ച ചര്‍ച്ചയും ഈ സന്ദര്‍ശനത്തിന്‍റെ ഗുണപരമായ ഭാഗമായും കാണാവുന്നതാണെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

റഷ്യന്‍ പ്രസിഡന്‍റിന്‍റെ വത്തിക്കാനിലേയ്ക്കുള്ള
മറ്റു സന്ദര്‍ശനങ്ങള്‍

2.  ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കൊപ്പം
2000 ജൂണ്‍ 5- Ɔο തിയതിയായിരുന്നു പുടിന്‍ ആദ്യമായി വത്തിക്കാന്‍ സന്ദര്‍ശിച്ചത്.
അതു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ആ സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം റഷ്യന്‍ പ്രസിഡന്‍റ്, അന്നത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയുമായി നേര്‍ക്കാഴ്ച നടത്തുകയുണ്ടായി. വത്തിക്കാനുമായുള്ള റഷ്യയുടെ ബന്ധത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അന്ന് പുടിന്‍ പ്രസ്താവിച്ചിരുന്നു. നിരായുധീകരണം, ആഗോളചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

3.  ജോണ്‍ പോള്‍ രണ്ടാമനുമായി അവസാനകൂടിക്കാഴ്ച
2003, നവംബര്‍ 5-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വീണ്ടും പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുള്ള മുറിയില്‍ റഷ്യയിലെ കസാനില്‍ വണങ്ങുന്ന കന്യകാനാഥയുടെ വര്‍ണ്ണനാചിത്രത്തിന്‍റെ പകര്‍പ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം പാപ്പാ പ്രകടിപ്പിച്ചതായി അന്നത്തെ പ്രസ്സ് ഓഫിസ് മേധാവി, നവാരോ വാള്‍സ് വെളിപ്പെടുത്തിയിരുന്നു. റഷ്യയിലെ കാസാനിലെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ ഭദ്രാസനദേവാലയത്തില്‍ വണങ്ങുന്ന വിഖ്യാതമായ വര്‍ണ്ണനാചിത്രമാണ് കസാനിലെ കന്യകാനാഥ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്! ഈ കൂടിക്കാഴ്ച വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമനുമായുള്ള അവസാനത്തേതുമായിരുന്നു.
30 മിനിറ്റുകള്‍ നീണ്ടതും ഹൃദ്യവുമായിരുന്നു അതെന്നത് രേഖപ്പെടുത്തിയിട്ടുളള ചരിത്രമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കിലും ആ സന്ദര്‍ശനം ഇന്നലെ എന്നപോലെയാണെന്ന് പുടിന്‍ വത്തിക്കാനില്‍ വന്നപ്പോഴെല്ലാം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അന്ന് റഷ്യയിലെ കത്തോലിക്കരെക്കുറിച്ചും, അവിടത്തെ സഭാസംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. അതിനെ തുടര്‍ന്ന് വത്തിക്കാനും മോസ്കൊയിലെ പാത്രിയാര്‍ക്കേറ്റും തമ്മില്‍ തുറന്ന സംവാദങ്ങള്‍ നടക്കുകയുണ്ടായി. വിശുദ്ധനാട്ടിലെയും ഇറാക്കിലെയും സമാധാനത്തെക്കുറിച്ചുള്ള സംവാദങ്ങളും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് തുടക്കമിട്ടിരുന്നു.

4. പാപ്പാ ബെനഡിക്ടു 16-Ɔമനുമായൊരു നേര്‍ക്കാഴ്ച
2007 നവംബര്‍ 25-ന്  ബെനഡിക്ട് 16- Ɔമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ചര്‍ച്ചകള്‍ തികച്ചും ഔപചാരികമായിരുന്നു. വത്തിക്കാന്‍ റഷ്യ ഉഭയകക്ഷിബന്ധത്തെക്കുറിച്ചും പൊതുവായ താല്പര്യങ്ങളെക്കുറിച്ചുമായിരുന്നു സംവാദം നടന്നത്. കത്തോലിക്ക സഭയും റഷ്യന്‍ ഓര്‍ത്തഡോക്ട്സ് സഭയും, ഇന്നിന്‍റെ ലോകത്തെ അസഹിഷ്ണുതയും, തീവ്രവാദചിന്തകളും എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

5. പാപ്പാ ഫ്രാന്‍സിസുമായി പ്രഥമ സംഗമം
2013 നവംബര്‍ 25 പാപ്പാ ഫ്രാന്‍സിസും വ്ലാഡ്മിര്‍ പുടിനുമായുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു. മദ്ധ്യപൂര്‍വ്വദേശത്തെ സമാധാനം, സിറിയയിലെ അടിയന്തിരാവസ്ഥ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. അവിടങ്ങളിലെ അതിക്രമങ്ങള്‍ അതിവേഗം നിര്‍ത്തണമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉടനടി ആരംഭിക്കാനുള്ള നീക്കങ്ങള്‍ക്കായി ഇരുപക്ഷവും പരിശ്രമിക്കുമെന്ന തീരുമാനം എടുക്കുകയും ചെയ്തു. ന്യൂനപക്ഷമായ പൂരാതന ഗോത്രവംശജരും ക്രൈസ്തവരും ഉള്‍പ്പെടുന്ന ഈ സംഘര്‍ഷ ഭൂമിയെ സമാധാനത്തിന്‍റെ പാതയിലേയ്ക്കു നയിക്കാന്‍ ആവതുചെയ്യണമെന്ന തീരുമാനത്തോടെയാണ് ചര്‍ച്ചകള്‍ സമാപിച്ചത്.

6. പാപ്പാ ബര്‍ഗോളിയോയ്ക്കൊപ്പം രണ്ടാമൂഴം
2015 ജൂണ്‍ 10. രണ്ടാം തവണ പാപ്പാ ഫ്രാന്‍സിസ് റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്ച നടത്തി. അപ്പസ്തോലിക അരമനയുടെ ഗ്രന്ഥാലയത്തില്‍ നടന്ന സ്വകാര്യകൂടിക്കാഴ്ച 50-മിനിറ്റോളം നീണ്ടുനിന്നു. ഉക്രയിലെ സംഘര്‍ഷാവസ്ഥ, മദ്ധ്യപൂര്‍വ്വദേശം എന്നിവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയും അടിയന്തിരമായി സമാധാനപരമായ നീക്കങ്ങള്‍ക്കായി പരിശ്രമിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുകയുംചെയ്തു.

7. പാപ്പായുടെ പ്രതിനിധി റഷ്യയില്‍
2017 ആഗസ്റ്റ് 21-23 തിയതികളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ റഷ്യസന്ദര്‍ശിച്ചു.  നീണ്ട 18 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയുടെ സന്ദര്‍ശനമായിരുന്നു അത്. മോസ്കോയില്‍വച്ച് റഷ്യന്‍സഭയുടെ തലവന്‍, പാത്രിയര്‍ക്കിസ് കിരിളുമായി നടന്ന സംവാദങ്ങള്‍ക്കുശേഷം, കര്‍ദ്ദിനാള്‍ പരോളിന്‍ മാധ്യമങ്ങളോടു പറഞ്ഞത്, ഏറെ തുറവുള്ള ചര്‍ച്ചകള്‍ എന്നായിരുന്നു. 2016-ല്‍ ക്യൂബയിലെ ഹവാനയില്‍വച്ച് റഷ്യന്‍ പാത്രിയര്‍ക്കിസും പാപ്പാ ഫ്രാന്‍സിസുമായി നടന്ന സാഹോദര്യകൂടിക്കാഴ്ചയ്ക്കുശേഷം ഏറെ തുറവുള്ള സംവാദമായി അതിനെ കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയോടു ഭിന്നിച്ചുനില്ക്കുന്നതും, റോമിനോടു കൂറുള്ളതുമായ ഉക്രെയിനിലെ ഗ്രീക്ക്-കത്തോലിക്കരുടെ നിലപാടും അവസ്ഥയും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. ദാനിലോസ്കിലെ പുരാതന ആശ്രമത്തില്‍വച്ചു  പാത്രിയര്‍ക്കിസ് കിരിലുമായി നടന്ന സംവാദത്തില്‍,  അനുരഞ്ജനത്തിന്‍റെ പാതയല്ലാതെ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍ കത്തോലിക്കാ സഭ സന്നദ്ധമല്ലെന്ന വസ്തുത കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പ്രസ്താവിക്കുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2019, 10:07