ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പന്തക്കുസ്താ തിരുന്നാള്‍ക്കുര്‍ബ്ബാനാര്‍പ്പണ വേളയില്‍, 09/06/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പന്തക്കുസ്താ തിരുന്നാള്‍ക്കുര്‍ബ്ബാനാര്‍പ്പണ വേളയില്‍, 09/06/2019 

പരിശുദ്ധാവ്, ഐക്യ പ്രദായകന്‍!

ഇന്നത്തെ ലോകത്തില്‍ ഐക്യത്തിന്‍റെ അഭാവം കടുത്ത പിളര്‍പ്പുകള്‍ക്ക് കാരണമായിരിക്കുന്നു. സഭയായും ദൈവത്തിന്‍റെ ജനമായും മാനവകുടുംബമായും നാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന് നമുക്ക് ഐക്യത്തിന്‍റെ ആത്മാവിനെ ആവശ്യമാണ്... പരിശുദ്ധാത്മാവേ, ദൈവത്തിന്‍റെ ഐക്യമായ അരൂപിയേ, ഞങ്ങളില്‍ വരേണമെ....

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പന്തക്കുസ്താതിരുന്നാള്‍ദിനമായിരുന്ന ഞായറാഴ്ച (09/06/19) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു ബലിവേദി ഒരുക്കപ്പെട്ടിരുന്നത്. അവിടെ പാപ്പാ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹബലിയില്‍ വവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുകൊണ്ടു. ഈ ദിവ്യബലി മദ്ധ്യേ പാപ്പാ നടത്തിയ വിചിന്തത്തിന്‍റെ സംഗ്രഹം:

ഉത്ഥിതനെ ദര്‍ശിച്ച ശിഷ്യര്‍

ക്രസ്തുവിന്‍റെ ശിഷ്യരെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്‍റെ അമ്പതു ദിവസങ്ങള്‍ക്കു ശേഷമാണ് പന്തക്കൂസ്ത സംഭവിക്കുന്നത്. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നത് സത്യമാണ്. അത്യധികമായ ആനന്ദത്തോടെയാണ് അവര്‍ അവിടത്തെ കാണുകയും അവിടത്തെ വചനങ്ങള്‍ ശ്രിവിക്കുകയും ചെയ്തത്. അവര്‍ അവി‌ടത്തോടൊപ്പം ഭക്ഷിക്കുകപോലും ചെയ്തു. എങ്കില്‍പ്പോലും തങ്ങളുടെ സംശയങ്ങളെയും ഭയത്തെയും അതീജീവിക്കാന്‍ അവര്‍ക്കായില്ല.

പരിശുദ്ധാത്മാവിന്‍റെ ആഗമനത്താല്‍ ധൈര്യം കൈവന്ന ശിഷ്യര്‍

തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലായിരുന്ന അവര്‍ ഉത്ഥിതനായ കര്‍ത്താവിനെ പ്രഘോഷിക്കാന്‍ ഒരുക്കമില്ലാത്തവരായി കതകടച്ചിരിക്കുകയായിരുന്നു. (യോഹന്നാന്‍ 20:19.26). അപ്പോഴാണ് പരിശുദ്ധാരൂപി ഇറങ്ങിവരുന്നതും അവരുടെ ഭയം അകലുന്നതും. അതോടെ അപ്പസ്തോലന്മാര്‍ ധൈര്യമുള്ളവരായി; ഇപ്പോള്‍ അവര്‍ക്ക് മരിക്കാന്‍ പോലും ഭയമില്ല. ആദ്യം അവര്‍ മുകളിലത്തെ മുറിയില്‍ രഹസ്യമായി സമ്മേളിച്ചിരിക്കയായിരുന്നു; എന്നാല്‍ ഇപ്പോഴാകട്ടെ അവര്‍ സകലജനതകളോടും ഉത്ഥിതനെ പ്രഘോഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് ദൈവരാജ്യം തങ്ങളുടെ പക്കലേക്കു വരുന്നതും കാത്ത് അവര്‍ ഇരുന്നു; എന്നാലിപ്പോള്‍ അവര്‍ അപരിചതങ്ങളായ നാടുകളിലേക്ക് തീക്ഷ്ണമതികളായി പോകുന്നു. മുമ്പ് അവര്‍ പരസ്യമായി സംസാരിച്ചിട്ടില്ല എന്നുതന്നെ പറയാം. എന്നാല്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്തപ്പോഴാകട്ടെ, പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതുപോലെ, പലപ്പോഴും അവര്‍ക്ക് തെറ്റുപറ്റുകയും ചെയ്തു. ഇപ്പോള്‍ അവര്‍ സധൈര്യം സുവ്യക്തമായി സംസാരിക്കുന്നു. പെട്ടെന്ന് ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നവചൈതന്യവത്ക്കരിക്കപ്പെട്ടപ്പോള്‍ അവരുടെ യാത്ര അതിന്‍റെ സമാപന ഘട്ടത്തിലെത്തിയ പ്രതീതിയുളവാക്കുന്നു. എല്ലാം അവസാനിച്ചു എന്നു കരുതി അനിശ്ചിതത്വത്താല്‍ സംഭ്രമത്തിലാണ്ടിരുന്ന അവര്‍, തങ്ങള്‍ പുനര്‍ജന്മമേകിയ ഒരു ആനന്ദത്താല്‍ രൂപാന്തരപ്പെടുത്തപ്പെട്ടു. പരിശുദ്ധാരൂപിയാണ് അത് ചെയ്തത്.

പരിശുദ്ധാത്മാവ് സമൂര്‍ത്ത "ആള്‍"

ഈ അരൂപി അമൂര്‍ത്തമായ ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച്, എറ്റവും സമൂര്‍ത്തവും അടുത്തു നില്ക്കുന്നതുമായ ഒരു ആളാണ്, നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്ന വ്യക്തിയാണ് ഈ ആത്മാവ്. അവിടന്നിത് ചെയ്യുന്നത് എപ്രകാരമാണ്? നമുക്ക് അപ്പസ്തോലോന്മാരെ ഒന്നു നോക്കാം. പരിശുദ്ധാരൂപി അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിത്തീര്‍ത്തില്ല, വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല, അവരുടെ ബുദ്ധിമുട്ടുകള്‍ നീക്കിയില്ല, അവരുടെ പ്രതിയോഗികളെ ഇല്ലാതാക്കിയില്ല. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏകതാനത ഈ അരൂപി പ്രദാനം ചെയ്തു. ഈ ഐക്യം പരിശുദ്ധാത്മാവിന്‍റെ തന്നെയാണ്, എന്തെന്നാല്‍ അവിടന്നാണ് ഏകതാനത.

മനുഷ്യവ്യക്തികളിലുള്ള പൊരുത്തം. ശിഷ്യന്മാര്‍ക്ക് അവരുടെ ഹൃദയങ്ങളുടെ അഗാധതയില്‍ മാറ്റം ആവശ്യമായിരുന്നു. ഉത്ഥിതനായ കര്‍ത്താവിനെ ഹൃദയത്തില്‍ സ്വീകരിക്കാത്ത പക്ഷം അവിടത്തെ കണ്ടതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അപ്പസ്തോലന്മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റവരെപ്പോലെ നാം ജീവിച്ചില്ലെങ്കില്‍ ഉത്ഥിതന്‍ ജീവിച്ചിരിക്കുന്നു എന്ന അറിവുകൊണ്ട് നമുക്കു യാതൊരു പ്രയോജനവുമില്ല. യേശു നമ്മുടെ ഉള്ളില്‍ വസിക്കുന്നത് പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താലാണ്.

നമ്മെ ആന്തരികമായി ഉയര്‍ത്തുന്ന അരൂപി

അവിടന്നു നമ്മെ ആന്തരികമായി ഉയര്‍ത്തുന്നു. അതുകൊണ്ടാണ് തന്‍റെ ശിഷ്യര്‍ക്കുമുന്നില്‍ പ്രത്യക്ഷനാകുന്ന യേശു “നിങ്ങള്‍ക്കു സമാധാനം” എന്ന് ആവര്‍ത്തിക്കുകയും പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്യുന്നത്. സമാധാനം എന്നത് ബാഹ്യമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നന്നതുമായി ബന്ധപ്പെട്ട സംഗതിയല്ല. ദൈവം അവിടത്തെ ശിഷ്യരെ ക്ലേശങ്ങളിലും പീഢനങ്ങളിലും നിന്നു വിമുക്തരാക്കുന്നില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതാണ് സമാധാനം. അപ്പസ്തോലന്മാരുടെ മേല്‍ വര്‍ഷിക്കപ്പെട്ട സമാധാനം പ്രശ്നങ്ങളില്‍ നിന്നു മുക്തി നല്കുന്നതല്ല പ്രത്യുത, പ്രശ്നങ്ങളില്‍ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതാണ്. ഈ സമാധാനം നമുക്കെല്ലാവര്‍ക്കും നല്കപ്പെടുന്നു. കര്‍ത്താവിന്‍റെ സമാധാനത്താല്‍ പൂരിതമായ നമ്മുടെ ഹൃദയങ്ങള്‍, ഉപരിതലത്തില്‍ തിരമാലകള്‍ അലതല്ലുമ്പോഴും ശാന്തമായിരിക്കുന്ന ആഴമേറിയ കടല്‍ പോലെയാണ്. പീഢനങ്ങളെ അനുഗ്രഹങ്ങളാക്കി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ആഴമേറിയ ഏകതാനതയാണത്. എന്നിരുന്നാലും ഉപരിതലത്തില്‍ കഴിയാനാണ് നാം പലപ്പോഴും ഇഷ്‌ടപ്പെടുന്നത്. അരൂപിയെ തേടാതെ ഒഴുകിനടക്കാന്‍ നാം ശ്രമിക്കുന്നു. പ്രശ്നങ്ങള്‍ അവസാനിക്കുമ്പോള്‍ എല്ലാം മെച്ചപ്പെടും, അല്ലെങ്കില്‍, ആ വ്യക്തിയെ ഇനിയൊരിക്കലും കാണാതിരുന്നാല്‍ എല്ലാം ശരിയാകും എന്ന ചിന്തയിലാണ് നാം ഇപ്രകാരം ചെയ്യുന്നത്. എന്നാല്‍ അപ്രകാരം ചെയ്യുകയെന്നത് ഉപരിതലത്തില്‍ പൊങ്ങിക്കിടക്കലാണ്. ഒരു പ്രശ്നം അവസാനിക്കുമ്പോള്‍ മറ്റൊന്നു തലപൊക്കുന്നു, അങ്ങനെ വീണ്ടും നാം ആശങ്കാകുലരാകുന്നു, പെട്ടെന്ന് ആതുരരാകുന്നു. നമ്മെപ്പോലെ തന്നെ ചിന്തിക്കാത്തവരെ ഒഴിവാക്കി നിറുത്തുന്നത് ശാന്തത പ്രദാനം ചെയ്യില്ല. താല്ക്കാലിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സമാധാനം കൊണ്ടുവരികയുമില്ല. യേശുവിന്‍റെ സമാധാനമാണ്, പരിശുദ്ധാത്മാവിന്‍റെ ഐക്യമാണ് ഇവിടെ വേറിട്ടു നില്ക്കുക.

അപ്രത്യക്ഷമാകുന്ന ഏകതാനതയും ആത്മാവിന്‍റെ ആവശ്യകതയും

ഭ്രാന്തമായ വേഗതയിലുള്ള ജീവിതത്തില്‍ ഏകതാനത അപ്രത്യക്ഷമായിരിക്കുന്നു. ആയിരക്കണക്കിന് ദിശകളിലേക്കു വലിക്കപ്പെടുന്ന നാം മാനസികമായി തളരുന്ന അപകടത്തില്‍ ആകുകയും എന്തിനോടും മോശമായി പ്രതികരിക്കുകയും ചെയ്യുന്നു. നമുക്കു, സര്‍വ്വോപരി, വേണ്ടത് പരിശുദ്ധാരൂപിയെ ആണ്. നമ്മു‍ടെ ഭ്രാന്തമായ നീക്കത്തെ ഈ അരൂപി ക്രമനിബദ്ധമാക്കും. ഈ അരൂപി അസ്വസ്ഥതയ്ക്കു മദ്ധ്യേ ശാന്തിയാണ്, അധൈര്യത്തിനിടയില്‍ ആത്മവിശ്വാസമാണ്, സന്താപത്തില്‍ സന്തോഷമാണ്, വാര്‍ദ്ധക്യത്തില്‍ യൗവ്വനമാണ്, പരീക്ഷണ വേളയില്‍ ധൈര്യമാണ്. പരിശുദ്ധാരൂപിയുടെ അഭാവത്തില്‍ ക്രിസ്തീയജീവിതത്തിന്‍റെ കുത്തഴിയുന്നു, സകലത്തെയും ഒന്നിച്ചു നിറുത്തുന്ന സ്നേഹത്തിന്‍റെ അഭാവമുണ്ടാകുന്നു. പരിശുദ്ധാരൂപിയുടെ അഭാവത്തില്‍ യേശു വെറും ചരിത്രപുരുഷനായി അവശേഷിക്കുന്നു. എന്നാല്‍ ഈ അരുപി സന്നിഹിതനാകുമ്പോള്‍ അവിടന്ന് നമ്മുടെ ഈ കാലത്തും ജീവിക്കുന്ന വ്യക്തിയായി ഭവിക്കുന്നു. ഈ ആത്മാവിന്‍റെ അഭാവത്തില്‍ വിശുദ്ധ ഗ്രന്ഥം മൃതവചനമാകുന്നു. എന്നാല്‍ പരിശുദ്ധാരൂപിയുടെ സാന്നിധ്യത്താല്‍ അത് ജീവന്‍റെ വചനമായിത്തീരുന്നു. പരിശുദ്ധാത്മാവില്ലെങ്കില്‍ ക്രിസ്തുമതം ആനന്ദരഹിത ധര്‍മ്മശാസ്ത്രവും ഈ ആത്മാവുണ്ടെങ്കില്‍ അത് ജീവിതവുമാണ്.
പരിശുദ്ധാരൂപി നമ്മില്‍ മാത്രമല്ല നമ്മുടെ മദ്ധ്യേയും ഐക്യം സംജാതമാക്കുന്നു. നമ്മെ സഭയാക്കിത്തീര്‍ക്കുന്നു, വിവിധ ഘടകങ്ങളെ സമന്വയിപ്പിച്ച് ഏക സൗധമാക്കിത്തീര്‍ക്കുന്നു. സഭയെക്കുറിച്ചു പറയുമ്പോള്‍ വിശുദ്ധ പൗലോസപ്പസ്തോലന്‍ ഇത് മനോഹരമായി വിശദീകരിക്കുന്നുണ്ട്. അദ്ദേഹം വൈവിധ്യം എന്ന പദം പലവുരു ആവര്‍ത്തിക്കുന്നു “ദാനങ്ങളില്‍ വൈവിധ്യം.... ശുശ്രൂഷകളില്‍ വൈവിധ്യം.... പ്രവൃത്തികളില്‍ വൈവിധ്യം....” (1 കോറിന്തോസ് 12:4-6)

പരിശുദ്ധാത്മാവിന്‍റെ അസാന്നിധ്യം പിളര്‍പ്പിന് നിദാനം

ഇന്നത്തെ ലോകത്തില്‍ ഐക്യത്തിന്‍റെ അഭാവം കടുത്ത പിളര്‍പ്പുകള്‍ക്ക് കാരണമായിരിക്കുന്നു. വിഭവങ്ങള്‍ സമൃദ്ധമായുള്ളവരുണ്ട്, ഒന്നും ഇല്ലാത്തവരുണ്ട്, നൂറുവയസ്സുവരെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട് എന്നാല്‍ ജനിക്കാന്‍ പോലും കഴിയാത്തവരുമുണ്ട്. കമ്പ്യൂട്ടര്‍ യുഗമായ ഇക്കാലത്ത് അകലങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു: സാമൂഹ്യ മാദ്ധ്യമങ്ങള്‍ എത്രയധികമായി ഉപയോഗിക്കുന്നുവോ അത്രയധികമായി നാം നമ്മുടെ സാമൂഹ്യമാനത്തില്‍ ചെറുതായിത്തീരുന്നു. സഭയായും ദൈവത്തിന്‍റെ ജനമായും മാനവകുടുംബമായും നാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന് നമുക്ക് ഐക്യത്തിന്‍റെ ആത്മാവിനെ ആവശ്യമാണ്... ഈ ആത്മാവ് ഒരുവന്‍റെ തെറ്റുകളെയല്ല, മറിച്ച്, ആ വ്യക്തിയെ ആണ് പ്രഥമതാ നോക്കുന്നത്, ഒരുവന്‍റെ പ്രവര്‍ത്തികളെക്കാള്‍ അവനെയാണ് നോക്കുന്നത്. ഈ ആത്മാവ് സഭയെയും ലോകത്തെയും പുത്രീപുത്രന്മാരുടെയും സഹോദരീസഹോദരന്മാരുടെയും ഇടമാക്കിമാറ്റുന്നു. ഏതൊരു നാമവിശേഷണത്തിനും മുമ്പ് ഈ നാമങ്ങള്‍ വരുന്നു. വിശേഷണങ്ങള്‍, ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, അധിക്ഷേപ വചസ്സുകള്‍ ഉപയോഗിക്കുക ഇന്ന് ഒരു പരിഷ്ക്കാരമായി മാറിയിരിക്കുന്നു. എന്നാലിത് അധിക്ഷേപിക്കപ്പെടുന്നവനും അധിക്ഷേപിക്കുന്നവനും ഹാനികരമാണെന്ന് പിന്നീട് നാം മനസ്സിലാക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ കലഹമുള്ളിടത്ത് സമാധാനവും, മാത്സര്യമുള്ളിടത്ത് ഐക്യവും സംജാതമാക്കുന്നു. തിന്മയോടു നന്മകൊണ്ടു പ്രതികരിക്കുന്നു. ഔദ്ധത്യത്തോടു സൗമ്യതയാലും ദ്രോഹചിന്തയോടു നന്മയാലും, കോലഹലത്തോടു മൗനത്താലും പരദൂഷണത്തോടു പ്രാര്‍ത്ഥനയാലും പരാജയമനോഭാവത്തോടു പ്രചോദനത്താലും പ്രത്യുത്തരിക്കുന്നു.

പരിശുദ്ധാത്മശൈലി

ആദ്ധ്യാത്മിക മനുഷ്യരായിത്തീരുന്നതിന്, പരിശുദ്ധാരൂപിയുടെ ഏകതാനത ആസ്വദിക്കുന്നതിന് നാം കാര്യങ്ങളെ വീക്ഷിക്കുന്നതില്‍ ഈ അരൂപിയുടെ ശൈലി സ്വീകരിക്കേണ്ടിയിരിക്കുന്നു...... പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ നമുക്ക് അനുദിനം യാചിക്കാം. ഭയത്തെ പ്രത്യാശയായും, സ്വാര്‍ത്ഥതയെ ആത്മദാനമായും പരിവര്‍ത്തിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ദൈവത്തിന്‍റെ ഐക്യമായ അരൂപിയേ, ഞങ്ങളില്‍ വരേണമെ. ഞങ്ങളെ ഏക ശരീരമാക്കി മാറ്റുന്ന ഞങ്ങളുടെ ഐക്യമായ പരിശുദ്ധാത്മാവേ, സഭയിലും ലോകത്തിലും നിന്‍റെ സമാധാനം ചൊരിയേണമെ. ഞങ്ങളെ ഐക്യത്തിന്‍റെ ശില്പികളും, നന്മയുടെ വിതക്കാരും, പ്രത്യാശയുടെ അപ്പസ്തോലന്മാരുമാക്കിത്തീര്‍ക്കണമെ.

ഈ വാക്കുകളില്‍ തന്‍റെ സുവിശേഷ സന്ദേശം അവസാനിപ്പിച്ച പാപ്പാ വിശുദ്ധകുര്‍ബ്ബാന തുടര്‍ന്നു. ദിവ്യബിലിയു‌ടെ അവസാനം, സമാപന പ്രാര്‍ത്ഥനയ്ക്കും ആശീര്‍വ്വാദത്തിനും മുമ്പ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു.

പ്രാര്‍ത്ഥനയ്ക്കു മുമ്പ് ഫ്രാന്‍സീസ് പാപ്പാ, ശനിയാഴ്ച (08/06/2019) പോളണ്ടിലെ ക്രക്കോവില്‍ വച്ച് ലിത്വാനിയ വംശജനായ മിഹാല്‍ ഗ്യെദ്രായ്ച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.
സംഘര്‍ഷം തുടരുന്ന സുഢാനില്‍ അക്രമങ്ങള്‍ അവസാനിക്കുന്നതിനും സംഭാഷണത്തിലൂടെ പൊതുന്മ സംജാതമാക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. അന്നാട്ടില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ സന്താപത്തിനും ആശങ്കയ്ക്കും കാരണമാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2019, 08:59