Pope Francis joined the Collage of Migrants program of Caritas International Pope Francis joined the Collage of Migrants program of Caritas International  

താനും ഒരു കുടിയേറ്റക്കാരനെന്ന് പാപ്പാ ഫ്രാന്‍സിസ്

“കാരിത്താസ്” രാജ്യാന്തര ഉപവി പ്രസ്ഥാനം (Caritas International) സംഘടിപ്പിച്ചിരിക്കുന്ന കുടിയേറ്റക്കാര്‍ക്കൊപ്പമുള്ള യാത്രയുടെ ഭാഗമായ "കൊളാഷ്," സംയോജിത ചിത്രത്തില്‍ പങ്കെടുത്തു നടത്തിയ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാജ്യാന്തര ഉപവി പ്രസ്ഥാനം “കാരിത്താസി”നോട്...
മെയ് 21-മുതല്‍ 25-വരെ വത്തിക്കാനില്‍ നടന്ന കാരിത്താസ് ഉപവി പ്രസ്ഥാനത്തിന്‍റെ 21- Ɔമത് പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത ശേഷമാണ് താന്‍ അര്‍ജന്‍റീനയിലെ ഒരു കുടിയേറ്റക്കുടുംബത്തിലെ അംഗമാണെന്നു പാപ്പാ വീണ്ടും പ്രസ്താവിച്ചത്. “കാരിത്താസ്” ഉപവിപ്രസ്ഥാനത്തിന്‍റെ (Caritas International) കുടിയേറ്റക്കാരെ പിന്‍തുണയ്ക്കുന്ന “ഈ യാത്രയില്‍ നമുക്കും പങ്കുകാരാകാം,” Let’s share the Journey എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് താനും കുടിയേറ്റക്കുടുംബത്തിലെ അംഗമാണെന്ന് പ്രഖ്യാപിക്കുകയും കുടിയേറ്റക്കാരോടുള്ള സഹാനുഭാവം ആവര്‍ത്തിച്ചു പ്രകടിപ്പിക്കുകയും ചെയ്തത്.

കുടിയേറ്റക്കാരുടെ “കൊളാഷ്” - സംയോജിതചിത്രം
പ്രമുഖരായ കുടിയേറ്റക്കാരുടെ ചിത്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയിട്ടുള്ള “കൊളാഷ്” (Collage) അല്ലെങ്കില്‍ വലുപ്പമുള്ള സംയോജിത ചിത്രമാണ് “വെനസ്വേല മുതല്‍ സിറിയവരെ” എന്നു പ്രഖ്യാപിച്ചിട്ടുള്ള കുടിയേറ്റക്കാരെ പിന്‍തുണയ്ക്കുന്ന ഒരു വര്‍ഷം നീളുന്ന നീണ്ടയാത്രയില്‍ കാരിത്താസ് ടീം ഉപയോഗിക്കുന്നത്. വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍, ശനിയാഴ്ച മെയ് 25-നു സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ കുടിയേറ്റക്കാരുടെ “കൊളാഷില്‍” തന്‍റെ പിതാവിന്‍റെ ചിത്രം പതിപ്പിച്ചുകൊണ്ടാണ് താനും ഇറ്റലിയില്‍നിന്നും അര്‍ജന്‍റീനയിലേയ്ക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണെന്നു പാപ്പാ പ്രഖ്യാപിച്ചത്. 1929-ല്‍ വടക്കെ ഇറ്റലിയില്‍നിന്നും അര്‍ജന്‍റീനയിലേയ്ക്കു കുടിയേറിയ മാരിയോ ബര്‍ഗോളിയോ, റെജീന ബര്‍ഗോളിയോ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തയാളാണ് ഹോര്‍ഹെ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ്!

കുടിയേറ്റത്തെ പിന്‍തുണയ്ക്കുന്ന പാപ്പായുടെ നയം
അടിസ്ഥാനവീക്ഷണത്തില്‍ എന്നും ആഗോളകുടിയേറ്റ പ്രതിഭാസത്തെ പിന്‍തുണയ്ക്കുന്ന നയം പാലിക്കുന്ന അപൂര്‍വ്വ ലോകനേതാക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. ആഗോള സഭാദ്ധ്യക്ഷന്‍ എന്ന വലിയ ഉത്തരവാദിത്തം വഹിക്കുമ്പോഴും, വത്തിക്കാന്‍റെ വിവിധ വകുപ്പുകളില്‍ കുടിയേറ്റത്തിനുള്ള വകുപ്പിന്‍റെ മേധാവിയും (Head of the Department for Migrants) പാപ്പാ ഫ്രാന്‍സിസാണ് വഹിക്കുന്നത് എന്നറിയുമ്പോള്‍ സമകാലീന മാനവിക പ്രതിഭാസത്തില്‍ അദ്ദേഹത്തിനുള്ള താല്പര്യവും ആകുലതയും അത് വെളിപ്പെടുത്തുന്നു.

സഭാദൗത്യത്തിന്‍റെ കേന്ദ്രസ്ഥാനത്തും
മുന്‍പന്തിയിലും “കാരിത്താസ്”

“കാരിത്താസ്” രാജ്യാന്തര പ്രസ്ഥാനത്തിന്‍റെ 21- Ɔο പൊതുസമ്മേളനത്തിലെ 150 രാജ്യങ്ങളില്‍ നിന്നെത്തിയ 450 പ്രതിനിധികളെ അഭിസംബോധനചെയ്തു സന്ദേശം നല്കിയ ശേഷമാണ്, സഭയുടെ ആഗോളകുടിയേറ്റ പ്രസ്ഥാനത്തിന്‍റെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുംവേണ്ടിയുള്ള കാലികമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് ബൃഹത്തും മനോഹരവുമായ കൊളാഷില്‍ തന്‍റെ പിതാവ് മാരിയോ ബര്‍ഗോളിയോയുടെ ചെറിയ ചിത്രം പാപ്പാ പതിപ്പിച്ചത്. കാരിത്താസ് പൊതു സമ്മേളനത്തിനു നല്കിയ സന്ദേശത്തില്‍, പ്രസ്ഥാനത്തിനു സഭാദൗത്യോടു ഉണ്ടായിരിക്കേണ്ട, ലോകത്തെ പാവങ്ങളും എളിയവരോടും കാണിക്കേണ്ട പ്രതിബദ്ധതെയും പാപ്പാ ഫ്രാന്‍സിസ് എടുത്തു പറഞ്ഞു.

ചൈനീസ് കുടിയേറ്റക്കുടുംബത്തിലെ അംഗമായ
കാരിത്താസ് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ താഗ്ലേ

കാരിത്താസ് ഉപവി പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റും, ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലെ ചൈനയില്‍നിന്നും ഫിലിപ്പീന്‍സിലേയ്ക്കു കുടിയേറിയ തന്‍റെ മുത്തച്ഛന്‍, ‘ലോലോ കിമ്മി’ന്‍റെ ചിത്രം കൊളാഷില്‍ പതിപ്പിച്ചുകൊണ്ട് തന്‍റെയും കുടിയേറ്റക്കുടുംബത്തിന്‍റെ കഥ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2019, 10:11