1999 ൽ ജോൺ പോള്‍ രണ്ടാമൻ പാപ്പാ റൊമേനിയാ  സന്ദര്‍ശിച്ചവസരത്തില്‍ പകര്‍ത്തപ്പെട്ട ചിത്രം 1999 ൽ ജോൺ പോള്‍ രണ്ടാമൻ പാപ്പാ റൊമേനിയാ സന്ദര്‍ശിച്ചവസരത്തില്‍ പകര്‍ത്തപ്പെട്ട ചിത്രം 

കൂട്ടായ്മയുടെ സന്ദേശവുമായി പാപ്പായുടെ അപ്പോസ്തോലിക സന്ദർശനം

ഫ്രാന്‍സിസ് പാപ്പായുടെ റൊമേനിയാ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തല വിവരണം

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ഫ്രാന്‍സിസ് പാപ്പാ തന്‍റെ മുപ്പതാമത്തെ അപ്പോസ്തോലിക സന്ദര്‍ശനം റൊമേനിയായില്‍ നടത്തുന്നു. മെയ് 31 വെള്ളിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 8.10ന് ആരംഭിക്കുന്ന ഈ അപ്പോസ്തോലിക സന്ദര്‍ശനം ജൂണ്‍ 2ആം തിയിതി വൈകുന്നേരം 5.30ന് സമാപിക്കും.

ഒരുമിച്ചുള്ള സഞ്ചാരത്തിന്‍റെ  ആഹ്വാനവുമായി പാപ്പായുടെ മുപ്പതാമത്തെ അപ്പോസ്തോലിക സന്ദർശനം

"നമുക്ക് ഒരുമിച്ചു നടക്കാം" (LET US WALK TOGETHER) എന്ന ആപ്തവാക്യമാണ് തന്‍റെ മുപ്പതാമത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പ്രമേയമായി പാപ്പാ സ്വീകരിച്ചിരിക്കുന്നത്. മെയ് 31 ആം തിയതി വെള്ളിയാഴ്ച, പ്രാദേശീക സമയം 8.10 നു റോമിലെ ഫ്യൂമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റൊമേനിയായിലേക്കു തന്‍റെ അപ്പ്പോസ്തോലിക യാത്ര ആരംഭിക്കുന്ന ഫ്രാൻസിസ് പാപ്പാ റൊമേനിയായിലെ സമയം 11.30ന് തലസ്ഥാനനഗരമായ ബുക്കാറെസ്റ്റിലെ(BUCHAREST) ക്വൻതാ-ഒത്തൊപേനി(COANDA-OTOPENI) എന്ന സ്ഥലത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങും. അവിടെ നിന്നുള്ള സ്വീകരണത്തിന്ശേഷം അന്നാട്ടിലെ പ്രസിഡന്‍റ് മന്ദിരത്തിൽ വച്ച് രാഷ്ട്രത്തിന്‍റെ സ്വീകരണം സ്വീകരിക്കുന്ന പാപ്പാ പ്രസിഡന്‍റ്, പ്രധാനമന്ത്രി, രാഷ്ട്രപ്രതിനിധികൾ, നയന്ത്രപ്രതിനിധികൾ, പൗരപ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച ഉച്ചതിരിഞ്, ബുക്കാറെസ്റ്റിലെ പാത്രിയാർക്കെറ്റ് പാലസിൽ വച്ച് അവിടുത്തെ ഓർത്തോഡോക്ക്സ് സഭാ പാത്രിയാര്‍ക്കീസ് അഭിവന്ദ്യ ഡാനിയേലുമായി കൂടിക്കാഴ്ച്ച നടത്തുന്ന പാപ്പാ റൊമേനിയാ സഭയുടെ സിനഡ് സമ്മേളനത്തെ അഭിസംബോധാനം ചെയ്യും. തുടർന്ന് ഓർത്തോഡോക്ക്സ് കത്തീഡ്രലിൽ വച്ച് വിശ്വാസികൾക്ക് സന്ദേശം നൽകും. റൊമേനിയായിലെ തന്‍റെ അപ്പോസ്തോലിക യാത്രയുടെ ആദ്യദിനമായ മെയ് മുപ്പത്തൊന്നാം തിയതി വൈകുന്നേരം 6 മണിക്ക് ഫ്രാൻസിസ് പാപ്പാ ബുക്കാറെസ്റ്റ് കാത്തോലിക്കാ സഭയുടെ അതിരൂപതാ ഭദ്രാസനദേവാലയത്തില്‍ ദിവ്യബലി അർപ്പിക്കും. ഈ ദേവാലയം വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുളള ദേവാലയമാണ്.

അപ്പോസ്തോലികയാത്രയുടെ രണ്ടാം ദിനമായ ജൂൺ 1ആം തിയതി ബക്കാവ് നഗരത്തിലെത്തുന്ന പാപ്പാ മിയെർക്യൂയറിയ ച്യൂ എന്ന മിലിറ്ററി കേന്ദ്രത്തിലിറങ്ങും. അവിടെ സുമുൾയോ ച്യൂ മാതാവിന്‍റെ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിക്കും. അന്ന് വൈകുന്നേരം യാസിയെന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന പാപ്പാ അവിടത്തെ ഓർത്തോഡോക്ക്സ് സഭയുടെ  യാസി രാജ്ഞി എന്ന നാമത്തിലുള്ള മാതാവിന്‍റെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കും. തുടർന്ന് യാസിയിലെ സാംസ്ക്കാരിക കൊട്ടാരവളപ്പിൽ വച്ച് കുടുംബങ്ങളും, യുവജനങ്ങളും ഉൾപ്പെട്ട മരിയൻ സംഗമത്തെ അഭിസംബോധനം ചെയ്യുന്ന പാപ്പാ ബുക്കാറെസ്റ്റിലെ (BUCHAREST) ക്വൻതാ-ഒത്തൊപേനി(COANDA-OTOPENI) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയാകും.

അപ്പോസ്തോലികയാത്രയുടെ അവസാന ദിനമായ ജൂൺ 2ആം തിയതി, ഞായറാഴ്ച്ച, ബുക്കാറെസ്റ്റിൽ നിന്നും സിബ്യൂ നഗരത്തിലെത്തുന്ന പാപ്പാ ബ്ളാജി എന്ന സ്ഥലത്തേക്ക് ഹെലികോപ്റ്റർ വഴി യാത്ര ചെയ്യും. ബ്‌ളാജിയിലെത്തുന്ന പാപ്പാ അവിടെ 7 ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരായ രക്തസാക്ഷികളെ വാഴ്ത്തപ്പെവരുടെ പദവിയിലേക്കുയർത്തുന്ന തിരുകർമ്മങ്ങൾക്ക് മുഖ്യകാര്‍മ്മീകത്വം നൽകും. അതിനുശേഷം മധ്യാഹ്നപ്രാർത്ഥന നയിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം ബ്‌ളാജിയായിലെ റോമാക്കാരുടെ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, സിബ്യൂ വിമാനത്താവളത്തിൽ വച്ച് നൽകപ്പെടുന്ന യാത്രയയപ്പ് സ്വീകരിച്ച് റോമിലേക്ക് യാത്ര തിരിക്കും.   തന്‍റെ മുപ്പതാമത്തെ അപ്പോസ്തോലിക യാത്ര റൊമേനിയായിൽ പൂർത്തീകരിച്ച് ജൂൺ 2 ആം തിയതി, ഞായറാഴ്ച വൈകുന്നേരം 6.45ന് റോമിലെ ചാംബീനോ വിമാനത്തവളത്തിൽ ഇറങ്ങും.

റൊമേനിയാ

കിഴക്കൻ യൂറോപ്പിന്‍റെ ഭാഗമായ റൊമേനിയായുടെ അതിർത്തികൾ തെക്കു ബൾഗേറിയായും, വടക്കു കിഴക്കു ഉക്രൈനും, പടിഞ്ഞാറു ഹങ്കറിയും   സെർബിയയുമാണ്. കിഴക്കു മോൾഡോവയും, തെക്കന്‍ കിഴക്കായി കരിങ്കടലും കിടക്കുന്നു. ബുക്കാറെസ്റ്റാണ് റൊമേനിയായുടെ തലസ്ഥാനം. 91699 ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിന്‍റെ വിസ്താരം. ഏതാണ്ട് 19 , 644 , 000 ജനങ്ങൾ വസിക്കുന്ന റൊമേനിയായിൽ 89 % റൊമേനികളും, 7 %   ഹങ്കേറിയക്കാരും 2 %  നാടോടികളും, 1 % ജര്‍മ്മന്‍ക്കാരും 1 % മറ്റു വർഗ്ഗക്കാരും ഉൾപ്പെടുന്നു. 87 %  വും ഓർത്തഡോക്ക്സ് സഭയിൽപ്പെട്ടവരാണ്. ഇവിടെ 7 % മാത്രമാണ് കത്തോലിക്കറുള്ളത്.

ചരിത്ര പശ്ചാത്തലം

ഓട്ടമാൻ രാജഭരണത്തിന്‍റെ കീഴിൽ മോൾഡോവിയായും വാലാക്കിയായും ഒരുമിച്ച് ഒരു രാജ്യമാകുന്നത് 1862 ലാണ്. 1877 വരെ ആ നില തുടർന്നു. ഒന്നും, രണ്ടും ലോക മഹായുദ്ധങ്ങൾക്ക് മദ്ധ്യത്തിലുള്ള കാലഘട്ടം ഇവിടെ വലിയ ആക്രമണങ്ങളുടെ സമയമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ സഖ്യം ചേർന്നു. 1947ൽ റഷ്യ യൂണിയനുമായി അടുത്ത് ജനകീയ റിപ്പബ്ലിക്കായി, മോസ്കൊയുടെ കീഴിൽ നിന്ന് 1965 ൽ സ്വയം ഭരണാവകാശമുള്ള രാഷ്ട്രമായി നിക്കൊളെ ചെയാവു (Nicolae  Ceausescu)   ന്‍റെ ഭരണത്തിൻകീഴിൽ മാറി. 1989ൽ  വലിയ സാമ്പത്തീക പ്രതിസന്ധിയിലും മറ്റും നടന്ന വിപ്ലവങ്ങളിൽ നിക്കൊളെ ചെയാവും, ഭാര്യയും വധിക്കപ്പെടുകയും Ion  Iliescu  തിരഞ്ഞെടുപ്പില്‍ വിജയിക്കികയുംചെയ്തു. പിന്നീട് വലതുപക്ഷവും, ഇടതു പക്ഷവും മാറിമാറി ഭരിക്കുന്ന റൊമേനിയാ 2007ലാണ് യൂറോപ്യൻ യൂണിയന്‍റെ ഭാഗമാകുന്നത്‌. 2018 ൽ തിരഞ്ഞെടുക്കപ്പെട്ട Viorica Dancila  നയിക്കുന്ന കൂട്ടുമന്ത്രിസഭയാണ് ഇപ്പോഴത്തെ ഭരണം നിർവ്വഹിക്കുന്നത്.

റൊമേനിയായിലെ ജീവിതനിലവാരം

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ റൊമേനിയാ പക്ഷെ യൂറോപ്യൻ യൂണിയനിലെ ദരിദ്രരാഷ്ട്രങ്ങളിൽ മുൻപിൽ നിൽക്കുന്നു. ഏതാണ്ട് 85,000 റൊമേനിയാക്കാർ രാജ്യം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവിടെ 37%  ജനങ്ങളൂം  കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 34 % ആൾക്കാരും വ്യവസായം ചെയ്യുന്നു. 29% ഉദ്യോഗസ്ഥരും 11% ശതമാനം ജോലി രഹിതരായി ജീവിക്കുന്നു. 1990 മുതൽ ടൂറിസമാണ് വളരുന്ന മേഖലയായി കാണപ്പെടുന്നത്.

രാഷ്ട്രീയം

1999 ലാണ് രാഷ്ട്രത്തിന്‍റെ നിയമാവലി (കോൺസ്റ്റിറ്റ്യൂഷൻ) സ്ഥാപിതമായത്. പല  പാർട്ടികൾ ചേര്‍ന്ന ഭരണഘടനയാണ് നിയമാവലിയിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. 16 പാർട്ടികൾ ഗവൺമെന്‍റിനെ പ്രതിനിധികരിക്കുന്നു. സാമ്പത്തികവുമായി ബന്ധപ്പെട്ടാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. അഴിമതി, ചൂതാട്ടം,കരിഞ്ചന്ത എന്നിവയാണ് വ്യാപകമായ പ്രശ്നങ്ങളായിരിക്കുന്നു.

റൊമാനിയയിലെ സഭ

അപ്പോസ്തലനായ അന്ത്രേയാ കരിങ്കടലിനു സമീപമുള്ള  ഈ സ്ഥലത്ത് സുവിശേഷവൽക്കരണം നടത്തിയെന്നാണ് പാരമ്പര്യം വിവരിക്കുന്നത്. സഭയുടെ ആദ്യത്തെ കൗൺസിലുകളിൽ ഈ സ്ഥലത്തു നിന്നുള്ള മെത്രാന്മാരും, ജോൺ കസിയാനോ, ഡിയോ നിജി തുടങ്ങിയ  സഭാപിതാക്കന്മാർ   പങ്കെടുത്തിട്ടുണ്ട്. ബൈസൈന്‍ഡെന്‍  ഭരണകാലത്ത്  ഇവിടത്തെ സഭ 1054 ലെ പാഷാണ്ഡതയ്ക്കു ശേഷം ഓർത്തഡോക്കസ് വിഭാഗത്തിൽ ചേർന്നു. 1700ല്‍ റോമായുമായി ചേരുന്നത് വരെ അങ്ങനെ തന്നെ തുടർന്നു. 1700,  മേയ്7 ന് ആൽബ ഇയൂലിയാ സിനഡിൽ അന്നത്തെ എപ്പാർക്കായിരുന്ന അത്തനേഷ്യസ് ആൻഗേൽ തങ്ങളുടെ ആരാധനക്രമം വ്യത്യാസപ്പെടുത്താതെയും  പൗരസ്ത്യപാരമ്പര്യങ്ങളെ നിലനിർത്തിക്കൊണ്ടും റോമായുടെ അപ്രമാദിത്വവും മറ്റു കത്തോലിക്കാ പഠനങ്ങളെ അംഗീകരിക്കുകയും അങ്ങനെ റൊമേനിയായിൽ ഗ്രീക്ക് - കത്തോലിക്കാ സഭയുണ്ടാകുകയും ചെയ്തു. 1853 ൽ പയസ് 11മൻ പാപ്പാ അവിടെ ഗ്രീക്ക് – കത്തോലിക്കാ രൂപത  സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിൽ 1920 ൽ പരിശുദ്ധ സിംഹാസനവും റൊമേനിയൻ ഗവണ്‍മെന്‍റുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.

പീഡിപ്പിക്കപ്പെട്ട രോമേനിയായിലെ സഭ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയനോടു ചേർന്നുള്ള കമ്മ്യൂണിസ്റ്റ് ഭരണം ഗ്രീക്ക് - കത്തോലിക്കാ സമൂഹത്തിന്‍റെ പീഡന കാലഘട്ടമായിരുന്നു. 1948 ൽ സ്റ്റാലിന്‍റെ ആജ്ഞ പ്രകാരം ഗ്രീക്ക്-കത്തോലിക്കരെ വിലക്കി. മെത്രാൻമാരേയും പുരോഹിതരേയും വധിക്കുകയും സഭയുടെ സ്വത്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 1949 ൽ ലത്തീന്‍ സഭയേയും പീഡനത്തിനു വിധേയമാക്കി. ഇക്കൂട്ടത്തിൽ  ദിവ്യരായി പ്രഖ്യാപിച്ച വ്ലാഡിമിർ ഗിക്കാ, ആസ്റ്റൺ ദൂർക്കോവിചി,  എന്നിവരും ഫ്രാൻസിസ് പാപ്പാ ഈ യാത്രയിൽ ദിവ്യരായി പ്രഖ്യാപിക്കാൻ പോകുന്ന കർദിനാൾ ജൂലിയ ഹോസ്സു, വലേറിയൂ ത്രൈയാൻ  മെത്രാപോലീത്ത, ബിഷപ്പുമാരായ വസിൽ ആഫ്ഞ്ഞനി, ഇയോവാൻ സുച്ചു, അലക്സാണ്ട്രൂ റുസൂ, ടിറ്റ് ലിവ്യൂ ചി നേസൂ, ഇയോവാൻ ബലാൻ തുടങ്ങിയവരും ഉൾപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ജയിലിൽ അതിജീവിച്ച റുമേനിയായുടെ മെത്രാൻ സമിതിയുടെ ആദ്യ അദ്ധ്യക്ഷനായിരുന്ന അലസ്സാൻട്രോ തൊടെയായെ വി.ജോൺ പോൾ രണ്ടാമൻ 1991 ൽ കർദിനാളാക്കി ഉയർത്തിയിരുന്നു. പീഡനങ്ങൾ പരിശുദ്ധ സിംഹാസനവും ഗവൺമെന്‍റുയുള്ള നയതന്ത്രബന്ധത്തെ സാരമായി ബാധിച്ചു. 1950 ൽ അപ്പസ്തോലിക് നുൺഷ്യോയായിരുന്ന ഗെറാൾഡ് പാട്രികിനെ പുറത്താക്കുകയും നൂൺഷോയുടെ  ആസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. 1956 ലാണ് സഭയോടുള്ള അടിച്ചമർത്തലുകൾക്ക് കുറവ് വന്നത്.

നിക്കൊളെ ചെയാവു സെസ്കൂവിന്‍റെ രാഷ്ടീയപ്രവേശനമാണ് ഈ മാറ്റങ്ങൾക്ക് കാരണം. അദ്ദേഹം 1973 ൽ പോൾ ആറാമൻ പാപ്പായുമായി സന്ദർശനം നടത്തി - സഭയുടെ പുനരുദ്ധാരണം ഇവിടെ  നിന്നാണാരംഭിക്കപ്പെട്ടത്. 1989 കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷമാണ് കത്തോലിക്കാ സഭയുടെ പുനർജനനം ആരംഭിക്കുന്നത്. സഭയെ വീണ്ടും നിയമപരമാക്കുകയും റോമുമായി ഒന്നിച്ച് റൊമേനിയൻ കത്തോലിക്കാ സഭയായി തീരുകയും ചെയ്തു. റോമായുമായുള്ള നയതന്ത്രബന്ധം 1992 മെയ് 15 ന് പുനസ്ഥാപിക്കപ്പെട്ടു.

ഭൂരിപക്ഷം ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട റൊമേനിയായിൽ ഏഴ് ശതമാനമാണ് കത്തോലിക്കരുള്ളത്. 87% ഓർത്തഡോക്ക്സ് ക്രിസ്ത്യാനികളാണ്. ഇവർ ബൈസൈന്‍ഡെന്‍ ഗ്രീക്ക് കത്തോലിക്കരും, ലത്തീൻ റീത്തിലുള്ള കത്തോലിക്കരും റൊമേനിയൻ, ഹങ്കേറിയൻ, ജെർമ്മൻ, പോളീഷ്, സ്ലൊവാക്യൻ ഭാഷകളിൽപെട്ടവരുമാണ്. അർമ്മേ നിയൻ റീത്തിൽപെട്ട ഒരു സമൂഹവും ഇവിടെയുണ്ട്. ഗ്രീക്ക് - കത്തോലിക്കരും ലാറ്റിൻ റീത്തുകാരുമായുള്ള ബന്ധം വളരെ സുഗമമാണ്. പാത്രിയാർക്ക് ദാനിയേൽ നയിക്കുന്ന റൊമാനിയായിലെ ഓർത്തഡോക്സ് സഭയുമായുള്ള  ബന്ധം സംവാദങ്ങൾക്ക് വഴിതെളിക്കുന്നുവെങ്കിലും പഴയകാല വൈര്യങ്ങളും പ്രശ്നങ്ങളും നിലനില്‍ക്കുകയും ചെയ്യുന്നു.

അപ്പോസ്തോലിക്ക് ന്യൂണ്‍ഷിയേറ്റ്  

1901ൽ ഉത്‌ഘാടനം ചെയ്ത ബുക്കാറെസ്റ്റിലെ മെത്രാപ്പോലീത്തായുടെ ആസ്ഥാനമായി പണിതീർത്ത മന്ദിരമാണ് പിന്നീട് അപ്പോസ്തോലിക ന്യൂണ്‍ഷിയോയുടെ ആസ്ഥാനമാക്കി മാറ്റിയത്. 1948 ൽ കമ്മ്യൂണിസ്‍റ്റ് അധികാരികൾ പിടിച്ചടക്കി ഇതിനെ ഭാഷാ പഠന കേന്ദ്രവും വിദേശകാര്യ മന്ത്രാലയവുമാക്കി മാറ്റിയതോടെ പരിശുദ്ധ സിംഹാസനവുമായുള്ള നയതന്ത്രബന്ധവും അവസാനിച്ചു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ പതനത്തിനുശേഷം  ആസ്ഥാനം തിരിച്ചേൽപ്പിച്ചത് മുതൽ 1992 ൽ  വീണ്ടും അപ്പോസ്തോലിക ന്യൂണ്‍ഷിയോയുടെ ആസ്ഥാനമാക്കി മാറ്റപ്പെട്ടു. 1999 ൽ ജോൺ പോള്‍ രണ്ടാമൻ പാപ്പായുടെ ഈ മന്ദിരത്തിലെ താമസത്തെ അനുസ്മരിക്കാനായി സ്ലോവേനിയന്‍ കലാകാരൻ മിർസാദ് ബെജി, ഓട് കൊണ്ട് നിർമ്മിച്ച പാപ്പായുടെ രൂപം അവിടെ സ്ഥാപിച്ചിട്ടുണ്ട്. 1998 മുതൽ ബുക്കാറെസ്റ്റിലെ അപ്പോസ്തോലിക ന്യൂണ്‍ഷിയോ റൊമേനിയായുടെ നയതന്ത്രത്തിന്‍റെ ഡീനായിരുന്ന പുരാതന സമ്പ്രദായവും പുനരാരംഭിച്ചു.

പാപ്പായുടെ യാത്രയ്ക്കായി പ്രാർത്ഥിക്കാം

പാവപ്പെട്ടവരോടും, സമൂഹം മാറ്റിനിറുത്തിയവരോടും ചേർന്ന് നിന്ന്കൊണ്ട് കരുണാമയനായ ദൈവത്തിന്‍റെ മുഖം തന്‍റെ പ്രവർത്തനങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ  "നമുക്ക് ഒരുമിച്ചു നടക്കാം" എന്നതിനെ തന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രമേയമാക്കി ഐക്യത്തോടെ പ്രവര്‍ത്തിച്ച്, സമാധാനം സ്ഥാപിക്കാന്‍ പ്രയത്നിക്കുന്നു. ഫ്രാൻസിസ് പാപ്പായുടെ ഈ യാത്ര ഫലദായകമാകാന്‍ പ്രാര്‍ത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2019, 15:55