Cardinal Pietro Parolin, Vatican State Secretary Cardinal Pietro Parolin, Vatican State Secretary 

സന്ദര്‍ശനത്തിരുനാളിലെ സ്നേഹയാത്രയെക്കുറിച്ച്

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പായ്ക്കൊപ്പം റൊമേനിയ സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ മെയ് 28-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയതാണീ അഭിമുഖം.

സന്ദര്‍ശനത്തിരുനാളുമായി സന്ധിചേരുന്ന യാത്ര
മെയ് 31-ന് ആഗോളസഭ ആചരിക്കുന്ന മറിയത്തിന്‍റെ സന്ദര്‍ശനത്തിരുനാള്‍ റൊമേനിയ അപ്പസ്തോലിക സന്ദര്‍ശനവുമായി സന്ധിചേരുന്നതു കണക്കിലെടുത്താണ് പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയ്ക്കുള്ള മേരിയന്‍ സ്വഭാവത്തെ കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടിയത്. കന്യകാനാഥയുടെ സന്ദര്‍ശന ശൈലിയിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ റൊമേനിയ അപ്പസ്തോലിക യാത്ര. തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ പരിചരിക്കാനായി വിദൂരയാത്രചെയ്ത മറിയത്തിന്‍റെ ശൈലിയില്‍ വിനയാന്വിതനായും, ശുശ്രൂഷയുടെയും സേവനത്തിന്‍റെയും മനോഭാവത്തോടെയുമാണ് പാപ്പാ ഫ്രാന്‍സിസ് റൊമേനിയ സന്ദര്‍ശനം നടത്തുന്നത്. തന്‍റെ പ്രേഷിതയാത്രയെ മറിയത്തിന്‍റെ സന്ദര്‍ശനത്തിരുനാളുമായി പാപ്പാ സന്ധിചേര്‍ത്തത് റൊമേനിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെയും പൗരസമൂഹത്തിന്‍റെയും നിജസ്ഥിതിയും ക്ലേശങ്ങളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

മറിയത്തിന്‍റെ മാതൃകയിലും ശുശ്രൂഷാഭാവത്തിലും
പരമ്പരാഗതവും എന്നാല്‍ വൈവിധ്യവുമാര്‍ന്ന റൊമേനിയയിലെ ക്രൈസ്തവ സമൂഹങ്ങളുടെയും, വിവിധ റീത്തുകളുടെയും, ഇതര സംസ്കാരങ്ങളുടെയും സമ്പന്നത മനസ്സിലാക്കിക്കൊണ്ട്, അവരെ വിശ്വാസത്തില്‍ ഒരു സഹോദരനെപ്പോലെ സഹായിക്കാന്‍ തന്നെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രേഷിതയാത്ര നടത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. അവിടത്തെ വളരുന്ന തലമുറയ്ക്ക്, വിശിഷ്യാ യുവജനങ്ങള്‍ക്ക് സ്നേഹത്തിന്‍റെ സാക്ഷിയാകാനും, ഇന്ന് അവര്‍ ചരിത്രപരമായി അനുഭവിക്കുന്ന വിഭജനത്തിന്‍റെയും ഭിന്നിപ്പിന്‍റെയും അവസ്ഥ വെടിഞ്ഞ്, എപ്പോഴും ആഗ്രഹിക്കുന്ന കൂട്ടായ്മയുടെയും പരസ്പര സഹായത്തിന്‍റെയും സംസ്കാരത്തിലേയ്ക്കു റൊമേനിയന്‍ ജനത തിരികെ വരണമെന്നുമാണ് ഈ സന്ദര്‍ശനത്തിലൂടെ പാപ്പാ ആഗ്രഹിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

സഭൈക്യസന്ദേശമുള്ള പ്രേഷിതയാത്ര
ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ബഹുഭൂരിപക്ഷവും, കത്തോലിക്കര്‍ ന്യൂനപക്ഷവുമായ റൊമേനിയയില്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നടത്തിയ ചരിത്ര സന്ദര്‍ശനവേളയില്‍ തലസ്ഥാന നഗരമായ ബുക്കാറെസ്റ്റില്‍ സമ്മേളിച്ച ആയിരങ്ങള്‍ ആവശേത്തോടെ ആര്‍ത്തിരമ്പിയത്, ഐക്യം... Unity, Unity!! എന്നായിരുന്നു. അതിനാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനത്തിന് പ്രത്യേകമായൊരു ക്രൈസ്തവൈക്യ മാനമുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് പരോളിന്‍ അനുസ്മരിച്ചു. രക്തംചിന്തി മരിച്ചിട്ടുള്ള അന്നാട്ടിലെ വിവിധ സമൂഹങ്ങളില്‍പ്പെട്ട ക്രൈസ്തവ മക്കളുടെ  രക്തത്തിലുള്ള സഭൈക്യത്തോടൊപ്പം (Ecumenism of Blood), ക്രിസ്തുവിലും വിശ്വാസത്തിലുമുള്ള സഭകളുടെ ഐക്യവും (Ecumenism in faith) റൊമേനിയയില്‍ സാദ്ധ്യമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

ലക്ഷ്യമിടേണ്ട സാമൂഹിക സ്വാതന്ത്ര്യവും ഐക്യവും
റൊമേനിയന്‍ ജനത മാത്രമല്ല ഹങ്കറി, പോളണ്ട്, ക്രൊയേഷ്യ, അര്‍മേനിയ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള സമൂഹങ്ങള്‍ അന്നാട്ടില്‍ ഉണ്ടായിരിക്കെ... ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവും സമാധനത്തില്‍ ജീവിക്കാനുള്ള ജനങ്ങളുടെ ആഗ്രഹവും പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദര്‍ശനത്തില്‍ സംയോജിപ്പിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി. റൊമേനിയന്‍ ജനത അനുഭവിച്ചിട്ടുള്ള നീണ്ടകാല റഷ്യന്‍ മേല്‍ക്കോയ്മയും അത് കാരണമാക്കിയ നിരീശ്വരത്വംപോലുള്ള മതാത്മക തിന്മകളും ഇന്നാടിന്‍റെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച്, വ്യക്തികളുടെ അന്തസ്സും സമൂഹത്തിന്‍റെ സ്വാതന്ത്ര്യവും ഐക്യദാര്‍ഢ്യവും മാനിക്കപ്പെടുകയും വളര്‍ത്തിയെടുക്കയും ചെയ്യേണ്ടത് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന നിയോഗങ്ങളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2019, 18:41