Pope Francis welcome by children as President Klaus Ioannis stands by Pope Francis welcome by children as President Klaus Ioannis stands by  

പാപ്പാ ഫ്രാന്‍സിസ് റൊമേനിയയുടെ തലസ്ഥാനനഗരത്തില്‍

ആദ്യഅര്‍ദ്ധദിന പരിപാടിയുടെ റിപ്പോര്‍ട്ട് ശബ്ദരേഖയോടെ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

റൊമേനിയ - ആദ്യഅര്‍ദ്ധദിന റിപ്പോര്‍ട്ട്

റൊമേനിയ ദൈവമാതാവിന്‍റെ തോട്ടം
“നമുക്ക് ഒരുമിച്ചു നടക്കാം,” എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 30- Ɔമത് റൊമേനിയ രാജ്യന്തര പര്യടനം. ബഹുഭൂരിപക്ഷം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ള റൊമേനിയയില്‍ ലത്തീന്‍ കത്തോലിക്കരും, ഇതര പൗരസ്ത്യ കത്തോലിക്കാ റീത്തുകളുമായി ആകെ 4 ശതമാനം മാത്രമാണ് കത്തോലിക്കര്‍. പരിശുദ്ധകന്യകാനാഥയോടു പ്രത്യേക വണക്കമുള്ള റൊമേനിയന്‍ ക്രൈസ്തവ സാന്നിദ്ധ്യം വിളിച്ചോതുമാറ് “ദൈവമാതാവിന്‍റെ തോട്ട”മെന്നാണ് (Garden of Mother of God) ഈ നാട് അറിയപ്പെടുന്നത്. തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഇയാസ്, ബ്ലാസ്, സുമുല്യോ-ച്യു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈ ത്രിദിന സന്ദര്‍ശനം.

മെയ് 31, വെള്ളിയാഴ്ച
റോമിലെ സമയം രാവിലെ 7.30-ന് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് കാറില്‍ റോമിലെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. 29 കി.മീ. യാത്രചെയ്ത് ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പാ, പ്രാദേശിക സമയം 8.10-ന് “അല്‍ ഇത്താലിയ” എ320 (Al’italia A320) പ്രത്യേക വിമാനത്തിലാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയയിലേയ്ക്ക് പറന്നുയര്‍ന്നത്. തെളിഞ്ഞ നീലാകാശവും, വത്തിക്കാന്‍ കുന്നുകള്‍ക്കും അപ്പുറം കിഴക്കന്‍ ചക്രവാളത്തില്‍ തെളിഞ്ഞ സൂര്യശോഭയും നോക്കിക്കണ്ടുകൊണ്ട് പതിവുപോലെ ചെറിയ കറുത്ത തുകല്‍ ബാഗുമായി പാപ്പാ വിമാനപ്പടവുകള്‍ കയറി. കവാടത്തില്‍ കാത്തുനിന്ന പൈലറ്റിനെയും മറ്റു ജോലിക്കാരെയും ആദ്യം അഭിവാദ്യംചെയ്തു. തുടര്‍ന്ന് തിരിഞ്ഞുനിന്ന്, തന്നെ യാത്രയയ്ക്കാന്‍ താഴെ നിന്നിരുന്നവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഏറെ സുസ്മേരവദനനായി വിമാനത്തിലേയ്ക്കു പ്രവേശിച്ചത്.

6 രാജ്യാതിര്‍ത്തികള്‍ കടന്ന യാത്ര
വിമാനത്തില്‍ ആദ്യം പ്രാതല്‍ കഴിച്ച പാപ്പാ, തുടര്‍ന്ന് തന്നോടൊപ്പം യാത്രചെയ്യുന്ന രാജ്യാന്തര മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. അവരുടെ സാന്നിദ്ധ്യത്തിനും പിന്‍തുണയ്ക്കും നന്ദിയര്‍പ്പിച്ചു. പിന്നീടു കൂടുതല്‍ സംസാരിക്കാം എന്നു പറഞ്ഞ്, പാപ്പാ തന്‍റെ സ്വകാര്യ ക്യാബിനിലേയ്ക്ക് പിന്‍വാങ്ങി. എന്നിട്ട് യാത്രാമദ്ധ്യേയുള്ള രാജ്യങ്ങളായ ഇറ്റലി, ക്രൊയേഷ്യ, സരയേവോ, മൊന്തെനീഗ്രോ, ബള്‍ഗേറിയ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്ക് രാജ്യാതിര്‍ത്തി കടന്നപ്പോള്‍ ഒന്നൊന്നായി സന്ദേശങ്ങള്‍ അയച്ചു. അവരുടെ നാടിന് സമാധാനവും ശ്രേയസ്സുമുണ്ടാവട്ടെ, എന്ന ഹ്രസ്വസന്ദേശം പാപ്പാ ടെലിഗ്രാമിലൂടെയാണ് വിമാനത്തില്‍നിന്നും അയച്ചത്.

ബുക്കാറെസ്റ്റ് വിമാനത്താവളത്തിലെ വരവേല്പ്
ഏകദേശം മൂന്നു മണിക്കൂര്‍ നീണ്ടയാത്രയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് റൊമേനിയയിലെ സമയം 11.30-ന് തലസ്ഥാന നഗരമായ ബുക്കാറെസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. പ്രസിഡെന്‍ഷ്യല്‍ ‘ലോഞ്ചി’ലാണ് പാപ്പായെ സ്വീകരിച്ചത്. സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മിഗുവേല്‍ മൗരി ബുവേന്തിയയ്ക്കൊപ്പം പേപ്പല്‍ യാത്രയുടെ സംവിധായകനും വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായെ സ്വീകരിച്ച് ആനയിച്ചു വിമാനപ്പടവുകള്‍ മന്ദസ്മിതത്തോടെ ഇറങ്ങിവന്ന പാപ്പാ ഫ്രാന്‍സിസിനെ . കിഴക്കന്‍ യൂറോപ്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞു കാത്തുനിന്ന ആബാലവൃന്ദം ജനാവലിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഹസ്താരവം മുഴക്കി സ്വീകരിച്ചു.

ആദ്യം റൊമേനിയന്‍ പ്രസിഡന്‍റ്, ക്ലാവ്സ് വേര്‍ണര്‍ യൊഹാന്നിസും പത്നിയും ചേര്‍ന്ന് ഹസ്തദാനം നല്കി സ്വീകരിച്ചപ്പോള്‍, റൊമേനിയന്‍ ജനതയുടെ പ്രതിനിതിനിധികളെപ്പോലെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ടു കുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടുകള്‍ നല്കിയും വരവേറ്റു. ചുവപ്പു പരവദാനിയിലൂടെ മുന്നോട്ടു നീങ്ങിയ പാപ്പായെ ഇരുവശത്തും കാത്തുനിന്ന ജനപ്രതിനിധികളും ജനങ്ങളും സന്തോഷത്തോടെ പാട്ടുപാടിയും വാദ്യഘോഷം മീട്ടിയും സ്വീകരിച്ചു. കാത്തുനിന്ന ഏതാനും തദ്ദേശീയരായ സഹോദര മെത്രാന്മാരെ അടുത്തുചെന്ന് ഹസ്തദാനം നല്കി പാപ്പാ അഭിവാദ്യംചെയ്തു.

കോത്രോചേനി” മന്ദിരത്തില്‍ സ്വീകരണം
പ്രസിഡന്‍ഷ്യല്‍ ലോഞ്ചില്‍നിന്നും പാപ്പാ കാറിലേയ്ക്ക് വേഗം ആനീതനായി. വളരെ അടുത്ത്, 400 മീറ്റര്‍ മാത്രം അകലെയുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ “കോത്രോചേനി” പുരാതന മന്ദിരത്തിലേയ്ക്കായിരുന്നു യാത്ര. മാര്‍ഗ്ഗമദ്ധ്യേ ഇരുവശങ്ങളിലും തിങ്ങിനിന്നിരുന്ന ജനാവലി കൊടികള്‍ വീശിയും കൈകൊട്ടിയും പാപ്പായ്ക്ക് സ്വാഗതമോതി. പ്രാദേശീക സമയം 12.05-ന് പ്രസിഡന്‍ഷ്യന്‍ മന്ദിരത്തിലേയ്ക്ക് അകടമ്പടി വാഹനങ്ങളോടെ പാപ്പാ ആനയിക്കപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രത്തിന്‍റെ ഔദ്യോഗിക സ്വീകരണച്ചടങ്ങായിരുന്നു. ആദ്യം ഇരുരാഷ്ട്രങ്ങളുടെയും – വത്തിക്കാന്‍റെയും റൊമേനിയയുടെയും ദേശീയഗാനങ്ങള്‍ മിലിട്ടറി ബാന്‍ഡു മീട്ടുകയുണ്ടായി.

നാടിന്‍റെ ഉപചാരം സ്വീകരിച്ച പാപ്പായ്ക്ക് പ്രസിഡന്‍റ് ക്ലാവൂസ് യൊഹാന്നിസ് രാഷ്ട്രപ്രതിനിധികളെ പരിചയപ്പെടുത്തി. അപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ പ്രതിനിധികളെയും പ്രസിഡന്‍റിനു പരിചയപ്പെടുത്തിക്കൊടുത്തു. ഔദ്യോഗിക സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന് മന്ദിരത്തിലെ സ്വീകരണമുറിയിലേയ്ക്ക് പാപ്പാ ആനയിക്കപ്പെട്ടു. ആദ്യം വിശിഷ്ടാതിഥികളുടെ ഗ്രന്ഥത്തില്‍ പാപ്പാ സന്ദേശമെഴുതി ഒപ്പുവച്ചു.
“പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷണയില്‍ ഒരുമിച്ചു നടക്കുന്ന റൊമേനിയന്‍ ജനതയെ ദൈവം സമൃദ്ധിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കട്ടെ!”

പ്രസിഡന്‍റുമായൊരു കൂടിക്കാഴ്ച
തുടര്‍ന്ന് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയും സമ്മാനങ്ങളുടെ കൈമാറ്റവുമായിരുന്നു. “ദൈവമാതാവിന്‍റെ തോട്ടമാണ് റൊമേനിയ,” എന്നു ചിത്രീകരിക്കുന്ന മെഡലായിരുന്നു പാപ്പാ പ്രസിഡന്‍റിനു സമ്മാനിച്ചത്. 12 നക്ഷത്രമുള്ള കിരീടമണിഞ്ഞ രാജ്ഞി, മറിയത്തെ പ്രതിനിധാനം ചെയ്തു കേന്ദ്രഭാഗത്തും, ചുറ്റും റോസാപ്പൂക്കളുമായിരുന്നു. മെഡലിന്‍റെ മറുപുറത്ത് പാപ്പായുടെ സ്ഥാനികചിഹ്നം കാണാമായിരുന്നു. നാടിന്‍റെ സാംസ്കാരിക തനിമയും കലാമൂല്യങ്ങളും കായികശേഷിയും പ്രകൃതിസമ്പത്തും വെളിപ്പുടുത്തുന്ന സമ്മാനങ്ങളാണ് പ്രസിഡന്‍റ് ക്ലാവൂസ് യൊഹാന്നിസ് പാപ്പായ്ക്കു സമ്മാനിച്ചത്. തുടര്‍ന്ന് എതാനും നിമിഷങ്ങള്‍ അതിഥിയും ആതിഥേയനും സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തന്‍റെ കുടുംബത്തെയും പ്രസിഡന്‍റ് പാപ്പാ ഫ്രാന്‍സിസിനു പരിചയപ്പെടുത്തി. പിന്നീട് റിപ്പബ്ലിക്കിന്‍റെ പ്രധാനമന്ത്രി, ശ്രീമതി വിയോറിക്ക ഡാന്‍സീലയുമായും പാപ്പാ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തി.

‘ഉണീരി’ ഹാളിലെ നിറഞ്ഞ സദസ്സ്
അടുത്തതായി, പാപ്പാ ഫ്രാന്‍സിസ് പ്രസിഡന്‍റിനാല്‍ ആനീതനായത് മന്ദിരത്തിലുള്ള ഐക്യത്തിന്‍റെ ഹാള്‍ എന്നര്‍ത്ഥം വരുന്ന “ഉണിരീ” ഹാളിലേയ്ക്കായിരുന്നു. അവിടെ പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രപ്രതിനിധികള്‍, നയതന്ത്രപ്രതിനിധകള്‍, സഭാതലവന്മാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തത്.

പ്രസിഡന്‍റ് ക്ലാവൂസ് യൊഹാന്നിസിന്‍റെ സ്വാഗതാശംസ
റൊമേനിയന്‍ ജനത പാപ്പാ ഫ്രാന്‍സിസിനെ സ്വാഗതംചെയ്യുന്നു. ഇത് കന്യകാനാഥയുടെയും വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെയും നാടാണ്. സമാധാനമുള്ള ലോകത്തിനായി ഒത്തൊരുമിച്ചു പരിശ്രമിക്കാം. ഭൂമി പൊതുഭവനമാണ്. ദൈവം തന്ന ദാനമാണത്. സമാധാനമുള്ള ലോകത്തിനായി നമുക്ക് ഒരുമിച്ചു പരിശ്രമിക്കാം, കൈകോര്‍ത്തു നടക്കാം. ഇന്ന് പാപ്പാ നല്കുന്ന സാമാധാന ദൂതിനും സ്നേഹസാന്നിദ്ധ്യത്തിനും നന്ദി പറയുന്നു, ദീര്‍ഘായുസ്സു നേരുന്നു. എന്നും നമുക്കൊരുമിച്ചു ചരിക്കാം. റൊമേനിയ അങ്ങയെ സ്വാഗതം ചെയ്യുന്നു.  

പ്രസിഡന്‍റിന്‍റെ സ്വാഗതാശംസയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധനചെയ്തു.

Discourse of Pope Francis (Discourse 1 to be published separately)

പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ പരിപാടികളെത്തുടര്‍ന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30-തോടെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പാപ്പാ കാറില്‍ പുറപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2019, 19:16