ഫ്രാന്‍സിസ് പാപ്പാ  ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകുന്നു ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകുന്നു 

ദൈവകൃപയെ വിസ്മരിക്കുന്ന ഇച്ഛാശക്തിയെ കുറിച്ച്ബോധ്യമുള്ളവരായിരിക്കണം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 47-49 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ആധുനീക പെലേജിയനിസം

47 ഗ്നോസ്റ്റിസിസം ഒരു പുതിയ പാഷാണ്ഡതയ്ക്ക് വഴിതെളിച്ചു. വിജ്ഞാനമല്ല നാം ജീവിക്കുന്ന ജീവിതമാണ് നമ്മളെ വിശുദ്ധരാക്കുക. ഇത് ഗ്നോസ്റ്റിസിസത്തിന്‍റെ ഒരു രൂപമാറ്റം മാത്രമാണ്. ദൈവകൃപയെ വിസ്മരിച്ച് സ്വന്തം ജീവിതത്തിന്‍റെ നന്മയെ മാത്രം മുന്നിറുത്തി രക്ഷനേടാൻ കഴിയുമെന്ന വ്യർത്ഥമായ ചിന്തകൾ ഇന്ന് മനുഷ്യനെ ഒരുപാട് സ്വാധീനിക്കുന്നു. ദൈവത്തിന്‍റെ കൃപ കൂടാതെ നന്മയിൽ ജീവിക്കാൻ നമുക്ക് കഴിയുകയില്ലെന്ന സത്യത്തെ വിസ്മരിച്ച് ജീവിക്കുമ്പോൾ നാമും പെലേജിയനിസം എന്ന പാഷാണ്ഡതയെ അനുഗമിക്കുന്നവരായി തീരാനുള്ള അപകടത്തെ ഫ്രാൻസിസ് പാപ്പാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന തന്‍റെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിൽ വ്യക്തമാക്കി തരുന്നു.

ദൈവകൃപയെ നിരാഹരിക്കുന്ന പെലേജിയനിസം

48. ഗ്നോസ്റ്റിസത്തിന്‍റെ അനുയായികള്‍ ബുദ്ധിക്കാണ് പ്രാധാന്യം നല്‍കിയതെങ്കിൽ പെലെജിയനിസത്തിന്‍റെ അനുയായികൾ മനുഷ്യന്‍റെ ഇച്ഛാശക്തിക്കും, മനുഷ്യ പ്രയത്നത്തിനും പ്രാധാന്യം നല്‍കുന്നു. ഇതായിരുന്നു പെലേജിയനിസത്തിന്‍റെ അർദ്ധപെലെജിയസ്സുകാര്‍ ചെയ്തത്. ഇവിടെ ബുദ്ധിയല്ല, മനുഷ്യന്‍റെ ഇച്ഛാശക്തിയാണ് ദൈവകൃപയുടെ സ്ഥാനത്ത് നില്‍ക്കുന്നത്. മനുഷ്യന്‍റെ ഇച്ഛാശക്തിയെയും പ്രയത്നത്തെയും ആശ്രയിച്ചല്ല, ദൈവം കാണിക്കുന്ന കരുണയെ ആശ്രയിച്ചാണെന്ന കാര്യത്തെ ഇക്കൂട്ടര്‍ മറന്നു പോകുന്നു.

സർവ്വതിനെയും സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവം നൽകുന്ന അറിവിൽ അഹങ്കരിച്ചു കൊണ്ട് തന്നിൽ തന്നെ ആശ്രയിക്കുന്ന പ്രവണത ഇന്നത്തെ ലോകത്തിൽ മനുഷ്യൻ കൈവരിക്കുന്ന നേട്ടങ്ങളിൽ കാണുവാൻ കഴിയും. തന്‍റെ നേട്ടങ്ങളുടെ പിന്നിൽ ദൈവത്തിന്‍റ ശക്തിയും, ദാനവും, കൃപയുമുണ്ടെന്ന സത്യത്തെ കുറിച്ചുള്ള മനുഷ്യന്‍റെ മറവി അവന്‍റെ തന്നെ രക്ഷയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. ദൈവത്തിന്‍റെ കൃപയിൽ ആശ്രയിച്ച് നമ്മുടെ ജീവിതം കൊണ്ട് ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നത് പൂർത്തീകരിക്കുക എന്നതാണ് ഈ ലോക ജീവിതത്തിൽ നമ്മുടെ വിളിയും ദൗത്യവും.

മറ്റുള്ളവരെക്കാൾ ഉന്നതരെന്ന് കരുതുന്ന പെലേജിയനിസം

49. മനുഷ്യന്‍റെ ഇച്ഛാശക്തിയും, മനുഷ്യ പ്രയത്നവും മാത്രം പ്രാധാന്യമുളളതാണെന്ന  രീതിയിൽ ചിന്തിക്കുന്നവർ ദൈവകൃപയെക്കുറിച്ച് സംസാരിച്ചാലും അവരുടെ സ്വന്തം ശക്തിയിൽ ആശ്രയിച്ച് മറ്റുള്ളവരെക്കാൾ ഉന്നതരെന്ന് കരുതുന്നു. കത്തോലിക്കാ ജീവിത ശൈലിയിൽ വിശ്വസ്ഥരാണ് എന്ന് പ്രകടിപ്പിക്കുവാന്‍ വേണ്ടി അവർ ചില നിയമങ്ങൾ അനുസരിക്കുന്നു. ചിലർ ദൈവകൃപയാൽ എല്ലാം സാധ്യമാണെന്ന് പറയുമ്പോഴും ഉള്ളിന്‍റെ ഉള്ളിൽ തന്‍റെ കഴിവാൽ എല്ലാം ചെയ്യാൻ കഴിയും എന്ന് കരുതുകയും ചെയ്യുന്നു. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് വിശുദ്ധ കാണുന്ന ലൂക്കായുടെ സുവിശേഷത്തിലെ 18 : 9 -14 വരെയുള്ള തിരുവചനങ്ങൾ. ഫരിസേയെന്‍റെയും, ചുങ്കക്കാരന്‍റെയും പ്രാർത്ഥനയിലൂടെ ദൈവത്തിന്‍റെ മുന്നിൽ ആരാണ് നീതികരിക്കപ്പെടുന്നതെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. സ്വന്തം ജീവിതത്തിന്‍റെ നന്മയെ മാത്രം ആശ്രയിച്ചു കൊണ്ട് ദൈവത്തിന്‍റെ മുന്നിൽ നിൽക്കുമ്പോഴും മറ്റുള്ളവരെ പുച്ഛിക്കുന്ന മനുഷ്യരെ ദൈവം എങ്ങനെ കാണുന്നുവെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. 9.“തങ്ങൾ നീതിമാൻമാരെന്ന ധാരണയിൽ തങ്ങളെ തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോടു അവൻ ഈ ഉപമ പറഞ്ഞു. 10.രണ്ടു പേര്‍ പ്രാർത്ഥിക്കാൻ ദേവാലയത്തിലേക്ക് പോയി. ഒരാൾ ഫരിസേയനും, മറ്റെയാൾ ചുങ്കകാരനും. 11.ഫരിസേയൻ നിന്നു കൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു. ദൈവമേ, ഞാൻ നിനക്ക് നന്ദി പറയുന്നു. എന്തെന്നാൽ ഞാൻ അക്രമികളും, നീതിരഹിതരും, വ്യപിചാരികളുമായ മറ്റു മനുഷ്യരെ പോലെയോ, ഈ ചുങ്കക്കാരനെ പോലെയോ അല്ല. 12.ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സഹലത്തിന്‍റെയും ദശാംശം കൊടുക്കുന്നു. 13.ആ ചുങ്കക്കാരനാകട്ടെ ദൂരെ നിന്ന് സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചു കൊണ്ട് ദൈവമേ, പാപിയായ എന്നിൽ കണിയണമേ എന്ന് പ്രാർത്ഥിച്ചു. 14. ഞാൻ നിങ്ങളോടു പറയുന്നു ഇവൻ ആ ഫരിസേയെനെക്കാൾ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ തന്നേത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നേത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും.” സ്വന്തം ജീവിതത്തിന്‍റെ നന്മയില്‍ മാത്രം ആശ്രയിച്ച് ദൈവത്തിന്‍റെ മുന്നിൽ നിൽക്കുമ്പോള്‍പ്പോലും മറ്റുള്ളവരെ പുച്ഛിക്കുന്ന മനുഷ്യരെ ദൈവം എങ്ങനെ കാണുന്നുവെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

ഇച്ഛാശക്തി ശുദ്ധവും, പൂര്‍ണ്ണവും,സർവ്വശക്തവുമാണെന്നും അതിനോടു കൃപ കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് പെലെജിയനിസത്തിന്‍റെ അനുയായികൾ കരുതുന്നു. എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയുകയില്ലെന്നും ഈ ജീവിതത്തിൽ മനുഷ്യബലഹീനതകൾ പൂർണ്ണമായി പരിഹരിക്കപ്പെടുന്നില്ലെന്നും നാം മനസ്സിലാക്കണം. എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞ പൗലോസ് അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ബലഹീനതയെയും ദൈവത്തിന്‍റെ ബലത്തെയുമാണ്. തന്‍റെ ജീവിതത്തിലെ അസ്വസ്ഥതയുടെ മുള്ളപുണ്ടെന്ന് ദൈവത്തോടു പറഞ്ഞ പൗലോസിനോടു ദൈവം നിനക്ക് എന്‍റെ കൃപ മതിയെന്നാണ് പറഞ്ഞത്.  ഇതിലൂടെ ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്നത് വ്യക്തമാണ്. “നിനക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാനും, സാധിക്കാത്തതിന് വേണ്ടി അപേക്ഷിക്കുവാനുമാണ് ദൈവം ആജ്ഞാപിക്കുന്നത്. നീ ആജ്ഞാപിക്കുന്നത് തരണേ-നീ ആഗ്രഹിക്കുന്നത് ആജ്ഞാപിക്കുകയെന്നും നമുക്ക് പ്രാർത്ഥിക്കാം” എന്ന് വി.അഗസ്റ്റിൻ പഠിപ്പിക്കുന്നതിനെ പാപ്പാ ഇവിടെ ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന ശത്രുക്കളെ കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2019, 14:26