ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നടന്ന ഓശാനത്തിരുന്നാള്‍ തിരുക്കര്‍മ്മ വേളയില്‍ നിന്നൊരു ദൃശ്യം 14/04/2019 ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നടന്ന ഓശാനത്തിരുന്നാള്‍ തിരുക്കര്‍മ്മ വേളയില്‍ നിന്നൊരു ദൃശ്യം 14/04/2019 

യേശുവിന്‍റെ സരണി ജയോത്സവത്തിന്‍റേതല്ല, മൗനത്തിന്‍റേത്!

ക്ലേശകരങ്ങളായ നിമിഷങ്ങളെയും ഏറ്റം വഞ്ചകങ്ങളായ പ്രലോഭനങ്ങളെയും ഹൃദയത്തില്‍ സമാധാനം കാത്തുസൂക്ഷിച്ചുകൊണ്ട് എങ്ങനെ നേരിടണമെന്ന് യേശു നമുക്കു കാണിച്ചു തരുന്നു, ഫ്രാന്‍സീസ് പാപ്പായുടെ ഓശാനത്തിരുന്നാള്‍ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നയിച്ചു. ഞായറാഴ്ച (14/04/2019) രാവിലെ റോമിലെ സമയം 10 മണിക്ക് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ വച്ച് ഒലിവു ശാഖകള്‍ വെഞ്ചെരിക്കുകയും ആ ശാഖകളേന്തിക്കൊണ്ടുള്ള പ്രദക്ഷിണം നടത്തുകയും ഓശനത്തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. നാല്പതിനായിരത്തോളം വിശ്വാസികള്‍ ഈ തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ചു.   ദിവ്യബലിയിലെ വചനശ്രൂഷാവേളയില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണാനന്തരം പാപ്പാ സുവിശേഷ സന്ദേശം നല്കി. ഇറ്റാലിയന്‍ ഭാഷിയിലായിരുന്ന തന്‍റെ സന്ദേശം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്: 

പാപ്പായുടെ വചനസമീക്ഷയുടെ സംഗ്രഹം:

ജറുസലേം പ്രവേശത്തിന്‍റെ ആര്‍പ്പുവിളികളും യേശുവിനേല്ക്കുന്ന നിന്ദനവും. ഉത്സാവാരവങ്ങളും നിഷ്ഠൂര പീഡനവും. ഈ ദ്വിവിധ രഹസ്യമാണ് അനുവര്‍ഷം വിശുദ്ധവാരത്തിലേക്കുള്ള പ്രവേശനത്തെ അകമ്പടിസേവിക്കുന്നത്. ഇന്നത്തെ നമ്മുടെ ആഘോഷത്തിന്‍റെ രണ്ടു സവിശേഷ വേളകളില്‍ ഇത് പ്രതിഫലിക്കുന്നു. ഈ രണ്ടു ഘട്ടങ്ങളി‍ല്‍ ആദ്യം കുരുത്തോലകളും ഒലിവുശാഘകളുമേന്തിക്കൊണ്ടുള്ള പ്രദക്ഷിണമാണ്. അതിനെ തുടര്‍ന്ന് പീഢാനുഭവ വായനയും.....

പ്രലോഭനങ്ങളെ ജയിക്കാന്‍

ക്ലേശകരങ്ങളായ നിമിഷങ്ങളെയും ഏറ്റം വഞ്ചകങ്ങളായ പ്രലോഭനങ്ങളെയും ഹൃദയത്തില്‍ സമാധാനം കാത്തുസൂക്ഷിച്ചുകൊണ്ട് എങ്ങനെ നേരിടണമെന്ന് യേശു നമുക്കു കാണിച്ചു തരുന്നു. ഈ ഹൃദയ ശാന്തത നിസ്സംഗതയൊ അമാനുഷികമായ നിര്‍വികാരതയൊ അല്ല, പ്രത്യുത, വിശ്വാസത്തോടുകൂടി പിതാവിനും രക്ഷയും ജീവനും കാരുണ്യവും പ്രദാനം ചെയ്യുന്ന അവിടത്തെ തിരുഹിതത്തിനും സമര്‍പ്പിക്കലാണ്. പിതാവിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തിലല്ലാതെ സ്വന്തം ഇഷ്ടത്തിനനുസൃതം പ്രവര്‍ത്തിക്കാനുള്ള പ്രലോഭനത്തിലൂടെ യേശു ഈ ലോകത്തിലെ തന്‍റെ ദൗത്യനിര്‍വ്വണത്തിലുടനീളം കടുന്നുപോയി. ആദ്യം, മരുഭൂമിയിലെ നാല്പതു ദിവസത്തെ പോരാട്ടത്തില്‍ നിന്നു തുടങ്ങി അവസാനം പീഡാനുഭവത്തില്‍ വരെ യേശു ഈ പ്രലോഭനത്തെ പിതാവിനോടുള്ള വിധേയത്വപരമായ വിശ്വാസത്തോടുകൂടി തള്ളിക്കളയുന്നു.

എളിമയുടെ മാര്‍ഗ്ഗം

ഇന്ന് ജറുസലേമിലേക്കുള്ള പ്രവേശനവേളയില്‍ യേശു നമുക്കു വഴികാട്ടിത്തരുന്നു. കാരണം ആ സംഭവത്തില്‍, ഈ ലോകത്തിന്‍റെ അധിപനായ ദുഷ്ടാരൂപിയുടെ കൈയ്യില്‍ കളിക്കാന്‍ ഒരു തുറുപ്പുചീട്ടുണ്ടായിരുന്നു, അത് ജയോത്സവത്തിന്‍റേതായിരുന്നു. എന്നാല്‍ യേശുവാകട്ടെ അതിനോടു പ്രത്യുത്തരിക്കുന്നത് തന്‍റെ പാതയില്‍, അതായത്, എളിമയുടെ വഴിയില്‍, വിശ്വസ്തതയോടെ നിന്നുകൊണ്ടാണ്.

ആദ്ധ്യാത്മിക ഭൗതികത എന്ന അപകടം

ലൗകികനേട്ടങ്ങള്‍ക്കായുള്ള ഓട്ടം, ലക്ഷ്യപ്രാപ്തിക്ക് കുറുക്കുവഴികളും കപട സന്ധിചെയ്യലും അവലംബിക്കുന്നു. വിജയിയുടെ രഥത്തിലേറാന്‍ അത് ശ്രമിക്കുന്നു. കുരിശിന്‍റെ തീച്ചൂളയിലിട്ടു വാര്‍ത്തെടുക്കാത്ത വചനപ്രവൃത്തികളാണ് ലൗകിക വിജയത്തിന്‍റേത്. അത് മറ്റുള്ളവരെ മോശക്കാരും കുറവുകളുള്ളവരും പരാജിതരും ആയി കാണുന്നു. ഈ വിജയഭാവത്തിന്‍റെ സുക്ഷ്മമായ ഒരു രൂപമാണ് ആദ്ധ്യാത്മിക ഭൗതികത.  ഇത് വലിയ അപകടമാണ്, സഭയ്ക്ക് ഭീഷണിയായി നില്ക്കുന്ന ഏറ്റം വഞ്ചനാത്മക പ്രലോഭനമാണ്. തന്‍റെ പീഢാസഹനത്തിലൂടെ യേശു ഈ ലൗകികജയഘോഷത്തെ ഇല്ലായ്മ ചെയ്യുന്നു.

എളിമ യാഥാര്‍ത്ഥ്യത്തിന്‍റെ നിഷേധമല്ല

താന്‍ രാജാവും മിശിഹായും ആണെന്ന് ആര്‍ത്തുവിളിച്ച ജനത്തോടൊപ്പം, യുവതയ്ക്കൊപ്പം കര്‍ത്താവ് സത്യത്തില്‍ സന്തോഷിച്ചു, അവരുടെ ആനന്ദത്തില്‍ പങ്കുചേര്‍ന്നു. ഇസ്രായേലിലെ പാവപ്പെട്ടവരുടെ ഉത്സാഹവും ഉത്സവവും  അവിടത്തെ ഹൃദയം ആസ്വദിക്കുകയായിരുന്നു. അപകീര്‍ത്തികരമായ ആര്‍പ്പുവിളികളാണ് യേശു ശിഷ്യര്‍ നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ട് അവരെ ശാസിക്കാന്‍ യേശുവിനോട് ആവശ്യപ്പെടുന്ന ഫരിസേയരോട് “ഇവര്‍ മൗനം ഭജിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും” (ലൂക്കാ:19,40) എന്നു പോലും അവിടന്നു പറയുന്നു. എളിമ എന്നത് യാഥാര്‍ത്ഥ്യത്തെ നിക്ഷേധിക്കലല്ല എന്നര്‍ത്ഥം. യേശു, സത്യത്തില്‍ മിശിഹയാണ്, യഥാര്‍ത്ഥ രാജാവാണ്.

ശൂന്യവത്ക്കരണവും മൗനവും പ്രാര്‍ത്ഥനയും

അതോടൊപ്പംതന്നെ യേശുവിന്‍റെ ഹൃദയം മറ്റൊരു പാതയില്‍, തനിക്കും പിതാവിനും മാത്രം അറിയാവുന്ന വിശുദ്ധ വഴിയില്‍ ആണ്. അത് “ദൈവമായിരിക്കുന്ന അവസ്ഥയില്‍” നിന്ന് “ദാസന്‍റെ അവസ്ഥ”യിലേക്കുള്ള സരണിയാണ്, “മരണം വരെ, കുരിശുമരണം വരെ”യുള്ള അനുസരത്തില്‍ നിന്ദിക്കപ്പെടലിന്‍റെ വഴിയാണ്. യഥാര്‍ത്ഥ വിജയത്തില്‍ എത്തിച്ചേരണമെങ്കില്‍ ദൈവത്തിന് ഇടം നല്കണമെന്ന് അവിടത്തേക്കറിയാമായിരുന്നു. അതിന് ഒരു മാര്‍ഗ്ഗമേയുള്ളു: ശൂന്യവത്ക്കരണം, സ്വയം ശൂന്യവത്ക്കരിക്കല്‍. മൗനം ഭജിക്കുക, പ്രാര്‍ത്ഥിക്കുക, സ്വയം താഴ്ത്തുക. കുരിശിന്‍റെ  കാര്യത്തില്‍ കൂടിയാലോചനയ്ക്കിടമില്ല. ഒന്നുകില്‍ കുരിശിനെ പുല്കുക അല്ലെങ്കില്‍ തള്ളിക്കളയുക. സ്വയം താഴ്ത്തുകവഴി യേശു വിശ്വാസത്തിന്‍റെ നൂതന സരണി തുറക്കുകയും നമുക്കു മുമ്പെ അതിലൂടെ സഞ്ചരിക്കുകയും ചെയ്തു.

മറിയത്തിന്‍റെ മൗനം

ആ പാതയില്‍ യേശുവിനെ പിന്‍ചെന്നവരില്‍ പ്രഥമ അവിടത്തെ അമ്മയും അവിടത്തെ ആദ്യ ശിഷ്യയുമായ മറിയമാണ്. വിശ്വാസത്തിലും ദൈവഹിതത്തിലും സഞ്ചരിക്കുന്നതിന് കന്യകാമറിയവും വിശുദ്ധരും സഹനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ജീവിതത്തിലെ കഠിനവും വേദനാപൂര്‍ണ്ണങ്ങളുമായ സംഭവങ്ങള്‍ക്കുമുന്നില്‍ വിശ്വാസത്തോടെ പ്രത്യുത്തരിക്കുമ്പോള്‍ “ഒരുതരം ഹൃദയഭാരം” അതില്‍ അടങ്ങിയിരിക്കുന്നു. (രക്ഷകന്‍റെ അമ്മ-REDEMPTORIS MATER-17). അത് വിശ്വാസത്തിന്‍റെ  രാത്രിയാണ്. ഈ രാത്രിയില്‍ നിന്നു മാത്രമേ ഉത്ഥാനത്തിന്‍റെ പ്രഭാതം പൊട്ടിവിടരുകയുള്ളു. കുരിശിന്‍ ചുവട്ടില്‍ വച്ച് മറിയം മംഗളവാര്‍ത്താവേളയില്‍ ദൈവദൂതന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു: “അവന്‍ വലിയവനായിരിക്കും.... അവന്‍റെ  പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു നല്കും. യാക്കോബിന്‍റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ  രാജ്യത്തിന് അവസാനമുണ്ടാകില്ല” (ലൂക്കാ,1,32-33). ഗാഗുല്‍ത്താമലയില്‍ മറിയം ഈ വാഗ്ദാനത്തിന്‍റെ സമ്പൂര്‍ണ്ണ നിഷേധത്തിന്‍റെ മുന്നിലാണ്: സ്വപുത്രന്‍ ഒരു കുറ്റവാളിയെപ്പോലെ കുരിശില്‍ മരണവേദന അനുഭവിക്കുന്നു. അങ്ങനെ യേശുവിന്‍റെ  സ്വയം താഴ്ത്തലിലൂടെ ഭൗതിക വിജയം ഇല്ലാതാക്കപ്പെടുന്നു, അത്, മറിയത്തിന്‍റെ  ഹൃദയത്തിലും തകര്‍ക്കപ്പെടുന്നു. ഇരുവരും മൗനം പാലിച്ചു.

വിനയത്തിന്‍റെയും വിധേയത്വത്തിന്‍റെയും വഴി

മറിയത്തിന്‍റെ കാലടികള്‍ പിന്‍ചെന്നുകൊണ്ട് അസംഖ്യം വിശുദ്ധരും വിശുദ്ധകളും വിനയത്തിന്‍റെയും വിധേയത്വത്തിന്‍റെയും വഴിയില്‍ യേശുവിനെ അനുഗമിച്ചു. ഇന്ന് ലോക യുവജനദിനമാണ്. വിശുദ്ധരായ നിരവധി യുവതീയുവാക്കളെ, പ്രത്യേകിച്ച്, നമ്മുടെ ചാരത്തുള്ളവരും എന്നാല്‍ ദൈവത്തിനു മാത്രം അറിയാവുന്നവരുമായവരെ ഞാന്‍ ഓര്‍ക്കുകയാണ്. ചിലപ്പോള്‍ അവരെ ദൈവം, നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വെളിപ്പെടുത്തും. പ്രിയ യുവജനമേ, യേശുവിനെ പ്രതിയുള്ള നിങ്ങളുടെ ആനന്ദം ആവിഷ്ക്കരിക്കാനും നിങ്ങളുടെ ജീവനായ യേശു ജീവിക്കുന്നു എന്നുദ്ഘോഷിക്കാനും നിങ്ങള്‍ ലജ്ജിക്കേണ്ടതില്ല. അതോടൊപ്പം തന്നെ കുരിശിന്‍റെ വഴിയില്‍ അവിടത്തെ അനുഗമിക്കാനും നിങ്ങള്‍ ഭയപ്പെടരുത്. ആത്മത്യാഗം ചെയ്യാനും നിങ്ങളുടെ സുരക്ഷിതത്വങ്ങള്‍ വെടിയാനും സ്വര്‍ഗ്ഗസ്ഥനായ പിതാവിന് സമ്പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കാനുമുള്ള വിളിയുണ്ടാകുമ്പോള്‍, പ്രിയ യുവജനമേ, നിങ്ങള്‍ ആനന്ദിക്കുവിന്‍, മതിമറന്നാഹ്ലാക്കുവിന്‍. നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ പാതയിലാണ്.

യേശുവിന്‍റെ മൗനം

ഉത്സവത്തിന്‍റെ ആഹ്ലാദാരവങ്ങളും നിഷ്ഠൂര പീഢനങ്ങളും; പീഢാനുഭവത്തിലുടനീളം യേശുവിന്‍റെ മൗനം അവഗാഢം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. പ്രത്യുത്തരിക്കാനും ഒരു “അത്യുന്നതതാരം” എന്ന പോലെ പ്രവര്‍ത്തിക്കാനുമുള്ള പ്രലോഭനത്തെയും അവിടന്ന് ജിയിക്കുന്നു. അന്ധകാരത്തിന്‍റെയും വലിയ ക്ലേശങ്ങളുടെയും വേളകളില്‍ മൗനം പാലിക്കണം, നിശബ്ദത പാലിക്കാനുള്ള ധൈര്യമുണ്ടാകണം. എന്നാല്‍ ഈ മൗനം സൗമ്യസാന്ദ്രമായിരിക്കണം, അമര്‍ഷം നിറഞ്ഞതാകരുത്. സാത്വിക മൗനം നാം കൂടുതല്‍ ബലഹീനരും കൂടുതല്‍ താഴ്മയുള്ളവരുമാക്കിക്കാണിക്കുകയും അപ്പോള്‍ സാത്താന്‍ ധൈര്യപൂര്‍വ്വം പുറത്തേക്കു വരുകയും ചെയ്യും. ആ വേളയില്‍ നിങ്ങള്‍   യേശുവിനുണ്ടായിരുന്ന അതേ മനോഭാവം കൊണ്ട്, ഉറച്ചുനിന്ന് മൗനം കൊണ്ട് അതിനെ പ്രതിരോധിക്കണം. ദൈവവും ഈ ലോകത്തിന്‍റെ അധിപനുമായിട്ടാണ് പോരാട്ടമെന്ന് യേശുവിനറിയാം. ഇവിടെ സുപ്രധാനം, വാളെടുക്കാതിരിക്കുകയും വിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയുമാണ്. ഇത് ദൈവത്തിന്‍റെ മണിക്കൂറാണ്. ആ വേളയില്‍ പോരാടുന്നതിന് ദൈവം വരുന്നു, അതു ചെയ്യാന്‍ നാം അവിടത്തെ അനുവദിക്കണം. നമ്മുട‌െ സുരക്ഷിതസങ്കേതം പരിശുദ്ധ ദൈവവമാതാവിന്‍റെ മേലങ്കിക്കു കീഴിലാണ്. കര്‍ത്താവ് വന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതിനായി കാത്തിരിക്കുന്ന വേളയില്‍      നമ്മു‌ടെ പ്രാര്‍ത്ഥനയിലുള്ള നിശബ്ദസാക്ഷ്യത്താല്‍ നമുക്ക് നമ്മിലുള്ള പ്രത്യാശയുടെ കാരണം നമുക്കും മറ്റുള്ളവര്‍ക്കുമായി നല്കാം. ചെയ്യപ്പെട്ട വാഗ്ദാനത്തെക്കുറിച്ചുള്ള ഓര്‍മ്മയും കുരിശില്‍ പ്രകടമായ സഹനവും ഉത്ഥാനത്തിന്‍റെ പ്രത്യാശയും തമ്മിലുള്ള പവിത്രമായ ആ പിരിമുറുക്കത്തില്‍ ജീവിക്കാന്‍ അത് നമ്മെ സഹായിക്കും.

പാപ്പായുടെ നന്ദി പ്രകാശനം

ഈ വാക്കുകളില്‍ തന്‍റെ ഓശനത്തിരുന്നാള്‍ സന്ദേശം അവസാനിപ്പിച്ച പാപ്പാ ദിവ്യബലി തുടരുകയും സമാപനാശീര്‍വ്വാദത്തിനു മുമ്പ് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്കു മുമ്പ് പാപ്പാ സന്നിഹിതരായിരുന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.

നേരിട്ടും വിവിധ വിനിമയമാദ്ധ്യമോപാധികളിലൂടെയും ഓശാന ഞായര്‍ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്ത സകലര്‍ക്കും പാപ്പാ കൃതജ്ഞതയര്‍പ്പിച്ചു. ഓശാന ഞായറാഴ്ച, മെത്രാന്മാരുമൊത്ത്, അതായത്, രൂപതാതലത്തില്‍ യുവജനദിനം ആചരിക്കുന്ന യുവതീയുവാക്കളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

ഓശാന ഞായറാഴ്ച  തിരുക്കര്‍മ്മത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവര്‍ക്കും ഒലിവുവൃക്ഷത്തടികൊണ്ട് തീര്‍ത്ത  ജപമാല തന്‍റെ നിര്‍ദ്ദേശാനുസരണം വിതരണം ചെയ്യപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ ജപമാല കഴിഞ്ഞ ജനുവരിയില്‍ പാനമയില്‍ വച്ച് നടത്തപ്പെട്ട ആഗോളസഭാതലത്തിലുള്ള യുവജനദിനാചരണത്തിനു വേണ്ടി വിശുദ്ധ നാട്ടില്‍ തയ്യാറാക്കപ്പെട്ടതായിരുന്നുവെന്ന് വിശദീകരിച്ചു.

സമാധാനാഭ്യര്‍ത്ഥന

സമാധാനത്തിനു വേണ്ടി, പ്രത്യേകിച്ച്, വിശുദ്ധ നാട്ടിലും മദ്ധ്യപൂര്‍വ്വദേശത്താകമനംവും, സമാധനം സംജാതമാകുന്നതിനുവേണ്ടി കൊന്തനമസ്ക്കാരം ചൊല്ലാന്‍ പാപ്പാ യുവജനത്തോടുള്ള തന്‍റെ അഭ്യര്‍ത്ഥന നവീകരിച്ചു.

തുടര്‍ന്ന കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 06:48