Vatican News
ഫ്രാന്‍സിസ് പാപ്പാ  റോമിലെ മേയരായ വിര്‍ജ്ജീനിയായ്ക്കൊപ്പം... ഫ്രാന്‍സിസ് പാപ്പാ റോമിലെ മേയരായ വിര്‍ജ്ജീനിയായ്ക്കൊപ്പം...  (ANSA)

നിയമസംഹിതകളുടെ ഉറവിടമാണ് റോമെന്ന് പാപ്പാ

മാർച്ച് മാസം 26 ആം തീയതി റോമാ നഗരത്തിന്‍റെ ആസ്ഥാനമായ ക്യാമ്പിതൊലിയോ സന്ദർശിച്ച അവസരത്തിൽ ജൂലിയസ് സീസർ ശാലയിൽ, നഗര സഭാധികാരികൾക്കു നൽകിയ സന്ദേശത്തിലാണ് ഇങ്ങനെ സൂചിപ്പിച്ചത്

സി.റൂബിനി സി.റ്റി.സി

നഗരസഭാ സന്ദർശിക്കാൻ തന്നെ ക്ഷണിച്ച നഗരസഭാധ്യക്ഷ വെർജിനിയാ റാജിക്കു നന്ദിപറഞ്ഞ പാപ്പാ കരുണയുടെ ജൂബ്ബിലി ആഘോഷ വർഷത്തിൽ നഗരസഭാ നൽകിയ എല്ലാ സഹകരണത്തിനും ഇവിടെ വന്നു വ്യക്തിപരമായി നന്ദി പറയണമെന്ന് വളരെ കാലമായി ആഗ്രഹിച്ചിരുന്നുവെന്നറിയിച്ചു.

നിയമസംഹിതകളുടെ ഉറവിടമായ രാഷ്ട്രമാണ് റോമെന്നും ലോകമെങ്ങും അവളുടെ പ്രായോഗീകവിജ്ഞാനവും തത്വസംഹിതകളും ഭരണസംവിധാനങ്ങളും എത്തിച്ചേർന്നിട്ടുണ്ടെന്നും ഓർമ്മിച്ച പാപ്പാ ഗ്രീക്കിന്‍റെ തത്വ,കലാ,സാംസ്കാരീകതയെ സ്വീകരിച്ച്    സ്വാംശീകരിച്ചതിനാൽ റോമാനഗരം ഗ്രീക്കോ-റോമൻ സംസ്കാരമെന്നാണ് അറിയപ്പെടുന്നതെന്നും അനുസ്‌മരിച്ചു. വിശുദ്ധ പത്രോസും പൗലോസും തങ്ങളുടെ രക്തസാക്ഷിത്വം കൊണ്ട് വിതച്ച വിത്തുകളും റോമാ നഗരത്തിനു ഒരു പുതിയ മുഖം നൽകി. 2800 വർഷത്തെ ചരിത്ര പാരമ്പര്യം നോക്കിയാൽ റോമാ നഗരം പല ജനസമൂഹങ്ങളെയും വിവിധ സാമ്പത്തീക, സാമൂഹീക തലങ്ങളിലുള്ളവരെയും സ്വാഗതം ചെയ്തു സംയോജിപ്പിക്കുന്ന ഒന്നാണെന്നും, അവരെ അപമാനിക്കാതെ, അവരുടെ പ്രത്യേകതകളെ ചവിട്ടിയരയ്ക്കാതെ അവരിലെ നന്മ വിരിയിച്ച് പുത്തൻ രൂപമാക്കാൻ റോമിന് കഴിഞ്ഞിട്ടുണ്ടെന്നും ഫ്രാൻസിസ് പാപ്പാ അറിയിച്ചു.

വിദ്യാര്‍ത്ഥികളെയും, തീർത്ഥാടകരെയും, വിനോദ സ‍ഞ്ചാരികളെയും അഭയാർത്ഥികളെയും, കുടിയേറ്റക്കാരെയും സ്വാഗതം ചെയ്യുന്ന നഗരം ലോകത്തിനു മുഴുവൻ ലക്ഷ്യവും മാതൃകയുമാണ്. സുവിശേഷ വാക്യങ്ങളുടെ ശക്തിയാൽ എല്ലാവരുടെയും നന്മയ്ക്കായി സാമൂഹീക മത അധികാരികൾ തമ്മിൽ പരസ്പര ബഹുമാനത്തോടെ സഹകരിക്കേണ്ട ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. 'നിത്യനഗരമായ'  റോമാ ആത്മീയതയുടെയും ചരിത്ര, കല സാംസ്കാരീകതയുടെയും നിധിയാണെന്നും അതിനാൽ സൂക്ഷ്മമായ കരുതൽ ആവശ്യമാണെന്നും പാപ്പാ നിരീക്ഷിച്ചു. റോമാ നഗരത്തിന്‍റെ വിവിധ ജനസമൂഹങ്ങളെയും, സംസ്കാരങ്ങളെയും ഒന്നിപ്പിക്കുവാനുള്ള  കഴിവിനെ എടുത്തുകാട്ടിയ ഫ്രാൻസിസ് പാപ്പാ ഈ നഗരത്തിന്‍റെ വിശ്വജനീയമായ വിളിയാണതെന്നു അറിയിച്ചു.

റോമാനഗരത്തിൽ  കത്തോലിക്കാ സഭയുടെ സേവനസഹകരണങ്ങൾ ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തു. പ്രത്യേകിച്ച് ഇന്നത്തെ മാറിയ നാഗരികതയിൽ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ദാരിദ്ര്യത്തിലും, ദൗർഭാഗ്യത്തിലും കഴിയുന്നവർക്കായി ആതിഥ്യമര്യാദയുടെ നഗരമായ റോം വെല്ലുവിളി ഏറ്റെടുക്കണമെന്നും എല്ലാവരേയും സ്വാഗതം ചെയ്യാനും, സംയോജിപ്പിക്കാനും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പരസ്പരം വളരാനുള്ള സാഹചര്യങ്ങളാക്കാനും രക്തസാക്ഷികളുടെ രക്തത്താൽ ഫലഭൂയിഷ്ടമായ നഗരം ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് ഭയം ദൂരീകരിച്ച് സൃഷ്ടിപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിച്ചു. നഗരത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കാനും, സഹകരിക്കാനും പരിശുദ്ധസിംഹാസനം ആഗ്രഹിക്കുന്നു എന്നറിയിച്ച പാപ്പാ സമൂഹത്തിലെ ഏറ്റം ദരിദ്രർക്കായി പ്രത്യേകം,  സഹവാസത്തിന്‍റെ സംസ്കാരം വളർത്തിയെടുക്കാനും, പരിസ്ഥിതി സംരക്ഷണത്തിനായും എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. നഗരസഭാ അധ്യക്ഷതയേയും അവരുടെ  എല്ലാ സഹപ്രവർത്തകരേയും റോമിലെ ആരോഗ്യമാതാവായ മറിയത്തിനും നഗരത്തിന്‍റെ പാലക വിശുദ്ധരായ പത്രോസിന്‍റെയും പൗലോസിന്‍റെയും സംരക്ഷണത്തിന് സമർപ്പിച്ചു തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.           

26 March 2019, 15:23