Pope Francis sent a message of love and fraternity prior to the jouuney Pope Francis sent a message of love and fraternity prior to the jouuney 

മൊറോക്കോ യാത്രയ്ക്കുമുന്‍പ് ഒരു സാഹോദര്യസന്ദേശം

മാര്‍ച്ച് 30, 31 ശനി ഞായര്‍ ദിവസങ്ങളിലാണ് പാപ്പായുടെ യാത്ര. മൊറോക്കന്‍ ജനതയ്ക്ക് അയച്ച വീഡിയോ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

മൊറോക്കന്‍ ജനതയോട് പാപ്പാ

സന്ദര്‍ശനം ദൈവം നല്കിയ അവസരം
അറബിയില്‍ “അസലാമൂ ആലിക്കും...!” സമാധാന ആശംസയോടെയാണ് മാര്‍ച്ച് 28-Ɔο തിയതി വ്യാഴാഴ്ച രാവിലെ അയച്ച സന്ദേശം പാപ്പാ ആരംഭിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉടനെ താന്‍ മൊറോക്കോയില്‍ എത്തുമെന്നും, ദൈവം നല്കിയ അവസരമായി ഈ സന്ദര്‍ശന സാദ്ധ്യതയെ കാണുന്നുവെന്നും പ്രസ്താവിച്ചു. ഇസ്ലാമീക സാമ്രാജ്യത്തിലേയ്ക്കു തന്നെ ക്ഷണിച്ച മൊഹമ്മദ് ആറാമന്‍ രാജാവിനും, മറ്റു ഭരണകര്‍ത്താക്കള്‍ക്കും പാപ്പാ പ്രത്യേകമായി നന്ദിയര്‍പ്പിച്ചു.

ഇസ്ലാം-ക്രൈസ്തവ മതമൈത്രിയുടെ യാത്ര
ഇന്ന് ലോകം ഏറെ കൊതിക്കുന്ന സമാധാനത്തിന്‍റെ വഴികളില്‍, തന്‍റെ മുന്‍ഗാമിയും പുണ്യാത്മാവുമായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലടികളെ പിന്‍ചെല്ലുന്നതാണ്
ഈ യാത്ര. പരസ്പരം ആദരിച്ചും സ്നേഹിച്ചും സഹായിച്ചും മനുഷ്യര്‍ സഹോദരങ്ങളായി ജീവിക്കാന്‍ ഭൂമിയില്‍ അവരെ പാര്‍പ്പിച്ച കരുണാമയനും സ്രഷ്ടാവുമായ ദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലീങ്ങളും ക്രൈസ്തവരും സഹോദരങ്ങളാണെന്നു പ്രഖ്യാപിക്കുന്നതാണ്
ഈ സന്ദര്‍ശനം. മാത്രമല്ല അവിടുന്നു മനുഷ്യരെ ഭരമേല്പിച്ച പൊതുഭവനമായ ഭൂമി കരുതലോടെ ഉപയോഗിക്കുമ്പോഴും, ഭാവിതലമുറയ്ക്കായി അത് പരിരക്ഷിക്കപ്പെടേണ്ടത്, അതില്‍ പാര്‍ക്കുന്ന  ഇന്നിന്‍റെ തലമുറയുടെ ഉത്തരവാദിത്ത്വമാണെന്ന് പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

ചെറിയ അജഗണമായും കുടിയേറ്റക്കാരുമായും  നേര്‍ക്കാഴ്ച
അവിടുത്തെ ചെറിയ ക്രൈസ്തവസമൂഹമായി റബാത്തില്‍വച്ചു നേരില്‍ക്കാണുവാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും അവസരമുള്ളത് ഏറെ സന്തോഷപുരസരവും ആകാംക്ഷയോടെയുമാണ് താന്‍ കാത്തിരിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. കൂടുതല്‍ നീതിനിഷ്ഠവും ഐക്യദാര്‍ഢ്യവുമുള്ള ലോകം വളര്‍ത്തുമാറ് ഇന്ന് അന്നാട്ടില്‍ കുടിയേറ്റക്കാരായി എത്തിയിട്ടുള്ള സഹോദരങ്ങളുമായും നേരില്‍ കാണുവാനും സംവദിക്കാനുമുള്ള അവസരം ആനന്ദത്തോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

നന്ദിയോടെ ഉപസംഹാരം 
ഒരിക്കല്‍ക്കൂടി മൊറോക്കോ നല്കിയ ക്ഷണത്തിനും, സന്ദര്‍ശനത്തിന്‍റെ വിജയത്തിനായുള്ള പരിശ്രമങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടും, പ്രിയനാട് മൊറോക്കോയെയും അവിടത്തെ ജനതയെയും ദൈവം കാത്തുപാലിക്കട്ടെയെന്ന പ്രാര്‍ത്ഥനാശംസയോടെയുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

* വീഡിയോ കാണാനുള്ള ലിങ്ക് - https://www.youtube.com/watch?v=QbqduTyF3I0&t=2s

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2019, 15:35