Vatican News
ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു 

പ്രലോഭനങ്ങളെ നേരിടാന്‍ ക്രിസ്തു പഠിപ്പിക്കുന്ന പരിഹാരങ്ങള്‍

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി

മാർച്ച് പത്താം തിയതി ഞായറാഴ്ച്ച ഇറ്റലിയിലും റോമിലും പൊതുവെ തണുപ്പ് കുറവായിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെട്ട ജനങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. പുഞ്ചിരി തൂകി, കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിനു ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ,

തപസ്സു കാലത്തിന്‍റെ ആദ്യ ഞായറാഴ്ച്ചയിലെ സുവിശേഷം (ലൂക്കാ.4:1-13) യേശുവിന്‍റെ മരുഭൂമിയിലെ പരീക്ഷയെ കുറിച്ച് നമ്മോടു സംസാരിക്കുന്നു. നാൽപ്പതു ദിവസത്തെ ഉപവാസത്തിനു ശേഷം യേശു മൂന്നു പ്രാവശ്യം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നു. ആദ്യം പിശാച് കല്ലിനെ അപ്പമാക്കാൻ യേശുവിനെ ക്ഷണിക്കുന്നു. (ലൂക്കാ.4:3) അതിനു ശേഷം ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊ്ണ്ട് കാണിച്ച് കൊടുത്തു കൊണ്ട് ശക്‌തനും, മഹത്വവുമുള്ള മിശിഹായായിത്തീരാനുള്ള വാഗ്ദാനങ്ങൾ നൽകുന്നു.(ലൂക്കാ.4:5-6) അവസാനമായി പിശാച് ജെറുസലേമിലേക്കു യേശുവിനെ കൊണ്ടു പോയി വളരെ നാടകീയമായി ദൈവത്തിന്‍റെ ശക്തിയെ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ദേവാലയ ഗോപുരത്തിന്‍റെ ശൃംഖത്തിൽ നിറുത്തി താഴേക്കു ചാടാൻ യേശുവിനെ ക്ഷണിക്കുന്നു.

ഈ മൂന്നു പ്രലോഭനങ്ങളും സൂചിപ്പിക്കുന്നത് ലോകം എപ്പോഴും പ്രസ്താപിക്കുകയും, വലിയ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന മൂന്നു തിന്മയുടെ പാതകളെയാണ്.  എല്ലാം കൈവശപ്പെടുത്താനുള്ള മനുഷ്യന്‍റെ ആർത്തിയും, പ്രശസ്തിയും, ദൈവത്തെ ചൂഷണം ചെയ്യലുമാണുമവ.

ആദ്യത്തെ പരീക്ഷണം: എല്ലാം നേടാനുള്ള അതിമോഹം

എല്ലാം സ്വന്തമാക്കി കൈവശപ്പെടുത്താനുള്ള ആർത്തി പിശാചിന്‍റെ എപ്പോഴുമുള്ള വഞ്ചന നിറഞ്ഞ യുക്തിയാണ്. പിശാച് ഇതാരംഭിക്കുന്നത് പരിപോഷിക്കുക, ജീവിക്കുക, സംതൃപ്തിയോടെയായിരിക്കുക, സന്തോഷിക്കുക എന്നീ മനുഷ്യന്‍റെ നീതിപൂർവ്വകമായ ആവശ്യങ്ങളിൽ നിന്നാണ്. ഇതോടൊപ്പം ദൈവത്തെ കൂടാതെ ഇവയെല്ലാം സാധ്യമാണെന്ന് വിശ്വസിക്കാൻ നമ്മെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ "അപ്പം കൊണ്ട് മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു" (ലൂക്കാ.4:5) എന്ന് പറഞ്ഞു കൊണ്ടു യേശു പിശാചിന്‍റെ പ്രലോഭനത്തെ ചെറുത്ത് നിൽക്കുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം മരുഭൂമിയിലൂടെ നടന്ന ദീർഘമായ യാത്രയെ അനുസ്മരിക്കുകയും, തന്‍റെ മക്കളെ  എപ്പോഴും കരുതുന്ന ദൈവത്തിന്‍റെ പരിപാലനയ്ക്ക് തന്നെത്തന്നെ പൂര്‍ണ്ണമായി വിട്ടുകൊടുക്കുകയും ചെയ്യുവാൻ ആഗ്രിക്കുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ പരീക്ഷണം: പ്രശസ്തി നേടാനുള്ള അതിമോഹം

"നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്‍റെതാകും" (ലൂക്കാ.4:7) എന്ന് പിശാച് പറയുന്നു. ഒരു വ്യക്തിക്ക് തന്‍റെ വ്യക്തിപരമായ അന്തസ്സിനെ നഷ്ടപ്പെടുത്താനും, സ്വയം പ്രമാണിയാകാൻ വേണ്ടി പണം, പദവി, നേട്ടം എന്നീ വിഗ്രഹങ്ങളാൽ മലിനമാകാൻ  സമ്മതിക്കാനും കഴിയും. കഴമ്പില്ലാത്ത സന്തോഷത്തില്‍ ഉന്മേഷം കണ്ടെത്തുന്ന വ്യക്തിയുടെ സന്തോഷം വേഗം മങ്ങി പോകുന്നു. അതുകൊണ്ടാണ് യേശു "നിന്‍റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവു എന്നെഴുതപ്പെട്ടിരിക്കുന്നു."(ലൂക്കാ.4:7) എന്ന് പ്രത്യുത്തരം നൽകിയത്.

മൂന്നാമത്തെ പ്രലോഭനം: നമ്മുടെ ലാഭത്തിനായി ദൈവത്തെ ചൂഷണം ചെയ്യുന്നത്

ദൈവവചനം   ഉദ്ധരിച്ച് ദൈവത്തിൽ നിന്ന് ഒരു അസാധാരണ അത്ഭുതം അന്വേഷിക്കാൻ ആവശ്യപ്പെടുന്ന സാത്താനോടു "നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്" എന്ന് ഉദ്ധരിച്ചു കൊണ്ട് എളിമയിലും,   പിതാവിന്‍റെ നേരെയുള്ള വിശ്വാസത്തിലും അടിയുറച്ചു നില്‍ക്കുവാനുള്ള തീരുമാനം യേശു വെളിപ്പെടുത്തുന്നു. അങ്ങനെ നമ്മുടെ ലാഭത്തിനായി ദൈവത്തെ നമ്മുടെ ഭാഗത്തേക്ക് വലിക്കുന്ന ഏറ്റം ഹീനമായതും, നമ്മുടെ അഹങ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിനായുളള ആവശ്യങ്ങളെ ദൈവത്തോടു ചോദിക്കുന്ന പ്രലോഭനവും  അവിടുന്നു തള്ളിക്കളയുന്നു.

സന്തോഷവും വിജയവും നേടാൻ കഴിയുമെന്ന മിഥ്യ നമ്മുടെ മുന്നിൽ തെളിക്കുന്ന വഴികളാണ് ഇവ. എന്നാൽ ദൈവത്തിന്‍റെ വഴികളിൽ നിന്ന് ഇവ വിദൂരമാണ്: യഥാർത്ഥത്തിൽ ഇവ നമ്മെ ദൈവത്തിൽ നിന്ന് വേർപിരിക്കും. കാരണം അവ സാത്താന്‍റെ പ്രവര്‍ത്തിയാണ്.

പ്രലോഭനങ്ങളെ അതിജീവിക്കാനുളള പരിഹാരങ്ങള്‍

 പിതാവിന്‍റെ പദ്ധതിയോടു പൂർണ്ണമായി ചേർന്നു നില്‍ക്കാനായി യേശു പ്രലോഭനങ്ങളെ അഭിമുഖീകരിച്ച്  മൂന്നു  പ്രാവശ്യവും വിജയം നേടുകയും ആന്തരീക ജീവിതവും, ദൈവത്തിലുള്ള വിശ്വാസവും, അവിടുത്തെ സ്നേഹത്തിലുള്ള ഉറപ്പുമാണ് പ്രലോഭനങ്ങളെ അതിജീവിക്കാനുളള പരിഹാരങ്ങളെന്ന് നമുക്ക് കാണിച്ചു തരുകയും ചെയ്തു. അതിനാൽ നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കാനും, നമ്മിൽ ദൈവത്തിന്‍റെ സമാശ്വാസ സാന്നിദ്ധ്യം അനുഭവിക്കാനുള്ള  ഏറ്റം നല്ല സമയവുമായി  ഈ തപസ്സു കാലത്തെ  ഉപയോഗപ്പെടുത്താം. ദൈവത്തോടുള്ള വിശ്വസ്ഥതയുടെ പ്രതീകമായ കന്യാമറിയത്തിന്‍റെ മാതൃസഹജമായ പ്രാർത്ഥന നമ്മുടെ യാത്രയിൽ തിന്മയെ തിരസ്കരിക്കാനും ദൈവത്തെ സ്വാഗതം ചെയ്യാനും നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

 

10 March 2019, 16:10