Vatican News
ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സമയത്തില്‍  സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സമയത്തില്‍ സന്ദേശം നല്‍കുന്നു   (Vatican Media)

ദൈവ കരുണയെ ദുരൂപയോഗപ്പെടുത്താതിരിക്കാം

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി

മാർച്ച് ഇരുപത്തിനാലാം തിയതി ഞായറാഴ്ച്ച  റോമിലും, ഇറ്റലിയിലും നല്ല കാലാവസ്ഥയായിരുന്നു.സൂര്യൻ തന്‍റെ പ്രഭ വിതറി തണുപ്പകറ്റിയിരുന്നു. പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഗതനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവര്‍ക്കും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

ഫലം നല്‍കാത്ത അത്തിമരം

തപസ്സുകാലത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്നത്തെ സുവിശേഷം (ലൂക്കാ.13:1-9) നമ്മോടു ദൈവത്തിന്‍റെ കരുണയെക്കുറിച്ചും നമ്മുടെ മാനസാന്തരത്തെ കുറിച്ചുമാണ് പറയുന്നത്. ഫലം നൽകാത്ത അത്തിമരത്തിന്‍റെ ഉപമയാണ് യേശു  നമ്മോടു വിവരിക്കുന്നത്. ഒരു മനുഷ്യൻ തന്‍റെ മുന്തിരി തോട്ടത്തിൽ ഒരു അത്തിമരം നട്ടശേഷം വർഷംതോറും ഒത്തിരി വിശ്വാസത്തോടെ  അതിൽ ഫലം തേടി പോയിരുന്നു, പക്ഷെ ആ വൃക്ഷം ഫലം പുറപ്പെടുവിക്കാത്തതായിരുന്നതിനാൽ നീണ്ട മുന്നു വർഷത്തില്‍ ആവർത്തിച്ച ആശാഭംഗത്തിനു ശേഷം അതിനെ വെട്ടിക്കളഞ്ഞു മറ്റൊരെണ്ണം നടാൻ ചിന്തിക്കുന്നു. തോട്ടം ജോലിക്കാരനെ വിളിച്ച് തന്‍റെ അസംതൃപ്തി അറിയിച്ച യജമാനന്‍ ഭൂമിയെ ദുരുപയോഗം ചെയ്യുന്ന ആ മരത്തെ വെട്ടി നീക്കാന്‍ കൃഷിക്കാരനോടു ആവശ്യപ്പെടുന്നു. പക്ഷെ ആ കൃഷിക്കാരൻ യജമാനനോടു ഒരു വർഷത്തേക്കുകൂടി അല്‍പം ക്ഷമിക്കാനാവശ്യപ്പെടുന്നു, ആ സമയത്ത് അവൻതന്നെ അത്തിമരത്തെ സൂക്ഷിച്ചു പ്രത്യേകം ശ്രദ്ധിക്കാമെന്നും ഫലം പുറപ്പെടുവിക്കാനുതകുന്ന കാര്യങ്ങൾ ചെയ്യാമെന്നും അറിയിക്കുന്നു. ഇതാണ് ആ ഉപമ.

ഉപമയിലെ കഥാപാത്രങ്ങള്‍

എന്താണ് ഈ ഉപമ സൂചിപ്പിക്കുന്നത്? ഈ ഉപമയിലെ കഥാപാത്രങ്ങൾ ആരെയാണ് പ്രതിനിധാനം ചെയ്യുക? യജമാനൻ ദൈവപിതാവിനെ വരച്ചുകാട്ടുമ്പോൾ, മുന്തിരിത്തോട്ടത്തിലെ ജോലിക്കാരൻ യേശുവിന്‍റെ രൂപവും, അത്തിമരം നിസ്സംഗവും ശുഷ്കവുമായ മനുഷ്യകുലത്തെയും പ്രതിനിധാനം ചെയ്യുന്നു. പിതാവിനോടു മനുഷ്യകുലത്തിനായി യേശു മാദ്ധ്യസ്ഥം വഹിക്കുന്നു – അവിടുന്നു അതെപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. സ്നേഹത്തിന്‍റെയും, നീതിയുടെയും ഫലം പുറപ്പെടുവിക്കാൻ പിതാവിനോടു മനുഷ്യകുലത്തിനായി സാവകാശം ചോദിക്കുകയും വീണ്ടും സമയം നല്‍കാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. വേരോടെ പറിച്ചു നീക്കാൻ യജമാനൻ ആഗ്രഹിക്കുന്ന ഉപമയിലെ അത്തിമരം പ്രതിനിധാനം ചെയ്യുന്നത്‌ ഒരു വന്ധ്യമായ അസ്ഥിത്വത്തെയാണ്. ഫലം നൽകാൻ കഴിയാത്ത, നന്മ ചെയ്യുവാന്‍ കഴിവില്ലാത്ത സ്ഥിതിയാണത്. അത് തനിക്കു വേണ്ടി മാത്രം ജീവിക്കുകയും, സ്വന്തം സുഖത്തിൽ മാത്രം സംതൃപ്തിയും ശാന്തിയും കരുതുകയും എന്നാല്‍ തനിക്കു ചുറ്റും സഹനത്തിലും, ദാരിദ്ര്യത്തിലും, ദുരിതത്തിലും കഴിയുന്നവരെ നോക്കാനും, അവരുടെ നേരെ ഹൃദയം തിരിക്കാനും കഴിയാത്തവരുടെ പ്രതീകമാണ്. ഇത്തരത്തിലുള്ള സ്വാർത്ഥമായ മനസ്ഥിതിയും ആത്മീയവന്ധ്യതയും പ്രകടിപ്പിക്കുന്ന അത്തിമരം മുന്തിരി തോട്ടത്തിലെ ജോലിക്കാരന്‍റെ അത്തിമരത്തോടുള്ള വലിയ സ്‌നേഹത്തിന് നേരെ വിപരീതമായി നിൽക്കുന്നു: അവൻ യജമാനനെ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുന്നു. അവനു ക്ഷമയുണ്ട്, കാത്തിരിക്കാൻ അറിയാം, അവന്‍റെ സമയവും ജോലിയും അത്തിമരത്തിനായി സമർപ്പിക്കുകയും ചെയ്യുന്നു. യജമാനനോടു ആ നിർഭാഗ്യ മരത്തിനായി പ്രത്യേകം കരുതൽ നൽകാമെന്ന് വാഗ്ദാനവും ചെയ്യുന്നു.

ഈ മുന്തിരി കൃഷിക്കാരന്‍റെ സാദൃശ്യം നമുക്കായി മാനസാന്തരത്തിനു സമയം അനുവദിക്കുന്ന ദൈവത്തിന്‍റെ കരുണയുടെ വെളിപ്പെടുത്തലാണ്. നമുക്കെല്ലാവർക്കും മാനസാന്തരത്തിന്‍റെ ആവശ്യമുണ്ട്. ഒരു കാൽവെപ്പുകൂടി മുന്നോട്ടു വയ്‌ക്കാൻ, ദൈവത്തിന്‍റെ  ക്ഷമയും കരുണയും നമ്മോടു കൂടെയുണ്ട്. ചില നേരങ്ങളിൽ നമ്മുടെ ജീവിതരീതി കാണിക്കുന്ന വന്ധ്യതകളില്‍ നിന്ന് നാം മാറുവാനും നന്മയുടെ വഴിയിൽ വളരാനുമുള്ള സാധ്യതകളെ ദൈവം ക്ഷമാപൂര്‍വ്വം നമുക്ക് നൽകുന്നു. പക്ഷെ വൃക്ഷം ഫലം പുറപ്പെടുവിക്കാനായുള്ള ഈ നീട്ടിചോദിക്കലും നീട്ടിത്തരലും മാനസാന്തരത്തിന്‍റെ ആടിയന്തരസ്ഥിതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കൃഷിക്കാരൻ യജമാനനോടു പറയുന്നത് "ഈ വർഷം കൂടി അത് നില്‍ക്കട്ടെ" എന്നാണ്. (ലുക്കാ.13: 8). മാനസാന്തരത്തിനുള്ള സാധ്യതകൾ അനന്തമല്ല. അതിനാൽ വേഗം അതിനെ സ്വീകരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയേക്കാം.

ദൈവത്തിന്‍റെ കരുണയെ ദുരുപയോഗിക്കരുത്

ഈ തപസ്സുകാലത്തില്‍ നമുക്ക് ചിന്തിക്കാം:

കർത്താവിനോടു കൂടുതൽ അടുക്കാൻ,  മാനസാന്തരപ്പെടാൻ,

ശരിയല്ലാത്ത കാര്യങ്ങൾ മുറിച്ചു മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

"ഇല്ല, ഇല്ല ഞാൻ അടുത്ത തപസ്സുകാലത്തിനായി കാത്തിരിക്കും".

പക്ഷെ നീ അടുത്ത തപസ്സുകാലം വരെ ജീവിക്കുമോ?  

നമ്മെ കാത്തിരിക്കുന്ന എപ്പോഴും ക്ഷമിക്കുന്ന ദൈവത്തിന്‍റെ ഈ കരുണയുടെ മുന്നിൽ എന്താണ് നാം ചെയ്യേണ്ടതെന്ന് നമുക്കോരോര്‍ത്തർക്കും ഇന്ന് ചിന്തിക്കാം. ദൈവത്തിന്‍റെ കരുണയിൽ വലിയ വിശ്വാസമർപ്പിക്കാം. ആ കരുണയെ ദുരുപയോഗം ചെയ്യാതെ നമ്മുടെ ആത്മീയ അലസതയെ ന്യായീകരിക്കാതെ ദൈവത്തിന്‍റെ  കരുണയോടു വേഗം പ്രതികരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ ആത്മാർത്ഥമായ ഹൃദയത്തോടെ വളർത്താൻ പരിശ്രമിക്കാം.   

തപസ്സുകാലത്തില്‍, കർത്താവു നമ്മെ മാനസാന്തരത്തിനു ക്ഷണിക്കുന്നു. ഈ വിളിയെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് നമ്മുടെ ജീവിതത്തിലും, ചിന്താരീതികളിലും, പ്രവർത്തികളിലും, മറ്റുള്ളവരുമൊത്തുള്ള ജീവിത ബന്ധങ്ങളിലും, തിരുത്തലുകൾ നടത്താൻ കഴിയണം. അതെ സമയം തന്നെ എല്ലാവർക്കും വീണ്ടും എഴുന്നേൽക്കാനും യാത്ര തുടരാനുള്ള ശക്‌തിയുണ്ടെന്നു നമുക്ക് വിശ്വാസം പകരുന്ന  ദൈവത്തിന്‍റെ ക്ഷമയെ അനുകരിക്കാനും ശ്രമിക്കാം. ദൈവം പിതാവാണ്. നമ്മിലുള്ള ദുർബലമായ അഗ്നിയെ ദൈവം കെടുത്തുകയില്ല മറിച്ച് നമ്മോടൊപ്പം അനുയാത്ര ചെയ്യുകയും, ബലഹീനമായതിനെ ശക്തി വീണ്ടെടുക്കാൻ പരിചരിക്കുകയും സമൂഹത്തിലേക്കു അവരുടെ സ്നേഹത്തിന്‍റെ പങ്കു നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉയർപ്പു തിരുന്നാളിനായുള്ള ഈ ഒരുക്ക ദിവസങ്ങൾ ആത്മീയ നവീകരണത്തിന്‍റെ സമയമായും ദൈവ കൃപയോടും, കരുണയോടുമുള്ള വിശ്വസ്ഥത നിറഞ്ഞ തുറവിയുളള ദിനങ്ങളായി ജീവിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കുകയും ചെയ്യട്ടെ. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

24 March 2019, 15:02