ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ കൈക്കുഞ്ഞുമായി, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 20/02/2019 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ കൈക്കുഞ്ഞുമായി, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 20/02/2019 

ദൈവം സ്വര്‍ഗ്ഗസ്ഥനായ പിതാവ്!

ദൈവത്തിന്‍റെ പിതൃത്വം എന്ന രഹസ്യത്തിലേക്കുള്ള കടക്കലാണ് എല്ലാ ക്രിസ്തീയ പ്രാര്‍ത്ഥനകളുടെയും ആദ്യപടി- പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വിചിന്തനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ദിനങ്ങളില്‍ റോമില്‍ അല്പം മൂടല്‍ അനുഭവപ്പെട്ടുവെങ്കിലും, തണുപ്പൊഴിച്ചാല്‍,  പൊതുവെ നല്ല കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച. (20/02/19) ബുധനാഴ്ചകളിലെ  പതിവനുസരിച്ച്, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. ഈ വേദിയിലേക്കു വരുന്നതിനു മുമ്പ് പാപ്പാ, തെക്കെ ഇറ്റലിയിലെ ബെനെവേന്തൊ അതിരൂപതയില്‍ നിന്നെത്തിയിരുന്ന ഏതാണ്ട് 2500 പേര‌ടങ്ങുന്ന തീര്‍ത്ഥാടകസംഘത്തെ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ കൂടിക്കാഴ്ചയ്ക്കായി സ്വീകരിക്കുകയും അവരെ സംബോധനചെയ്യുകയും ചെയ്തു. അവരുമായുള്ള കൂടിക്കാഴ്ചാനന്തരം പോള്‍ ആറാമന്‍ ശാലയിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോ‌‌ടും ഗാനാലാപനത്തോടും കൂടെ വരവേറ്റു. ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞപ്പോള്‍, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്:

“ സിയോന്‍ പറഞ്ഞു: കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു; എന്‍റെ കര്‍ത്താവ് എന്നെ മറന്നുകളഞ്ഞു.15 മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.16 ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍റെ മതിലുകള്‍ എപ്പോഴും എന്‍റെ മുമ്പിലുണ്ട്”. ഏശയ്യ 49:14-16

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ദൈവത്തിന്‍റെ പിതൃഭാവത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് പാപ്പാ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നു രണ്ടിടത്തായിട്ടാണ് കൂടിക്കാഴ്ച അരങ്ങേറുന്നത്. ഞാന്‍ ആദ്യം ബെനെവേന്തൊയിലെ വിശ്വാസികളുമൊത്തു കൂടിക്കാഴ്ച നടത്തി. അവര്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലായിരുന്നു. ഇനി നിങ്ങളുമൊത്തുള്ള കൂടിക്കാഴ്ചയാണ്. നിങ്ങള്‍ തണുപ്പുകൊള്ളരുത് എന്ന പേപ്പല്‍ ഭവനാധികാരികളുടെ കരുതല്‍ മൂലമാണ് ഇങ്ങനെ രണ്ടിടത്തായി കൂടിക്കാഴ്ച നടക്കുന്നത്. നമുക്ക് അവര്‍ക്ക് നന്ദി പറയാം.

ദൈവം നമ്മുടെ പിതാവാണ് എന്ന അവബോധം പ്രാര്‍ത്ഥനയില്‍   

“സ്വര്‍ഗ്ഗസ്ഥനായ പതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോധനം നമുക്കു തുടരാം. ദൈവത്തിന്‍റെ പിതൃത്വം എന്ന രഹസ്യത്തിലേക്കുള്ള കടക്കലാണ് എല്ലാ ക്രിസ്തീയ പ്രാര്‍ത്ഥനകളുടെയും ആദ്യപടി. തത്തകളെന്നപോലെയല്ല പ്രാര്‍ത്ഥിക്കേണ്ടത്. ഒന്നുകില്‍ നീ, നിന്‍റെ പിതാവാണ് ദൈവം എന്ന അവബോധത്തില്‍ അവിടത്തെ രഹസ്യത്തിലേക്കു കടക്കണം, അല്ലെങ്കില്‍ നീ പ്രാര്‍ത്ഥിക്കുന്നില്ല എന്നര്‍ത്ഥം. ഒന്നുകില്‍ നീ പ്രാര്‍ത്ഥിക്കുന്നു, അല്ലെങ്കില്‍ നീ പ്രാര്‍ത്ഥിക്കുന്നില്ല.  ദൈവം നമുക്ക് എപ്രകാരം പിതാവായിരിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നാം നമ്മു‌ടെ മാതാപിതാക്കളുടെ രൂപം മനസ്സില്‍ കാണുന്നു. എന്നാല്‍ എല്ലായ്പ്പോഴും നാം ആ രൂപങ്ങള്‍ അല്പം മിനുക്കിയെടുക്കുയും ശുദ്ധീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. “ഹൃദയത്തിന്‍റെ  ശുദ്ധീകരണം നമ്മുടെ വ്യക്തിപരവും സാസ്ക്കാരികവുമായ ചരിത്രത്തില്‍ നിന്ന് ആവിര്‍ഭവിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുകയും ചെയ്യുന്ന പിതൃ-മാതൃ സങ്കല്പങ്ങളെയും സംബന്ധിച്ചതാണ്” എന്ന് കത്തോലിക്ക സഭയുടെ മതബോധനം പറയുന്നുണ്ട് (2779).

ന്യൂനതയാര്‍ന്ന സ്നേഹബന്ധങ്ങള്‍

നമുക്കാര്‍ക്കും തന്നെ പൂര്‍ണ്ണരായ മാതാപിതാക്കളെ ലഭിച്ചിട്ടില്ല. ആര്‍ക്കും ലഭിച്ചിട്ടില്ല. അതു പോലെ തന്നെ, നമ്മളും പരിപൂര്‍ണ്ണരായ മതാപിതാക്കളൊ, ഇടയന്മാരൊ ആകുകയുമില്ല. നമുക്കെല്ലാവര്‍ക്കും പോരായ്മകളുണ്ട്. സദാ നമ്മുടെ കുറവുകളോടും സ്വാര്‍ത്ഥതയോടും കൂടിയാണ് നാം നമ്മുടെ സ്നേഹബന്ധങ്ങള്‍ ജീവിക്കുന്നത്. ആകയാല്‍ കൈവശപ്പെടുത്താനൊ അപരനെ അവിഹിതം സ്വാധീനിക്കാനൊ ഉള്ള ആഗ്രഹങ്ങളാല്‍ പലപ്പോഴും മലിനമാക്കപ്പെട്ടവയാണ് നമ്മുടെ സ്നേഹബന്ധങ്ങള്‍. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ സ്നേഹപ്രഖ്യാപനങ്ങള്‍ കോപത്തിന്‍റെയും ശത്രുതയുടെയും വികാരങ്ങളായി പരിണമിക്കുന്നു. നാം പറയാറുണ്ട്, നോക്കൂ, അവര്‍ കഴിഞ്ഞയാഴ്ച വരെ അഗാധപ്രണയത്തിലായിരുന്നു. ഇന്ന് അവര്‍ പരസ്പരം  കടുത്ത ശത്രുത പുലര്‍ത്തുന്നു. ഇതു നമ്മള്‍ എന്നും കാണുന്നതാണ്.

സ്നേഹഭിക്ഷുക്കള്‍ നമ്മള്‍

ഇതുകൊണ്ടുതന്നെ, നാം നമ്മുടെ മാതാപിതാക്കളെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ നന്മമാത്രം ആഗ്രഹിക്കുന്ന മാതാപിതക്കാളെക്കുറിച്ചു, ചിന്തിച്ചുകൊണ്ട് ദൈവം പിതാവാണെന്നു പറയുമ്പോള്‍, അതോടൊപ്പംതന്നെ, നാം ഭൗതികമായ ആ രൂപത്തിനുമപ്പുറത്തേക്കു കടക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ദൈവത്തിന്‍റെ സ്നേഹം സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ സ്നേഹമാണ്. എന്നിരുന്നാലും ഇഹലോകജീവിതത്തില്‍ ആ സ്നേഹം  നമ്മള്‍ അനുഭവിക്കുന്നത് അപൂര്‍ണ്ണമായിട്ടാണ്. കാരണം നമ്മുടെ മാനുഷിക സ്നേഹം മുറിപ്പെട്ടതാണ്. സ്ത്രീപുരുഷന്മാര്‍ എന്നും സ്നേഹ ഭിക്ഷുക്കള്‍ ആണ്. നമ്മളും സ്നേഹത്തിന്‍റെ യാചകരാണ്. നമ്മള്‍ സ്നേഹം ആവശ്യമുള്ളവരാണ്. സ്ത്രീപുരുഷന്മാര്‍, ആത്യന്തികമായി. സ്നേഹിക്കപ്പെ‌ടുന്ന ഒരിടം അന്വേഷിക്കുന്നു, എന്നാല്‍ കണ്ടെത്തുന്നില്ല. നമ്മുടെ ലോകത്തില്‍ പരാജയപ്പെട്ട സൗഹൃദങ്ങളും സ്നേഹങ്ങളും എത്രമാത്രമാണ്! നിരവധിയാണ്....

നമ്മുടെ സ്നേഹത്തിന്‍റെ ബലഹീനത

നമ്മുടെ സ്നേഹത്തിന്‍റെ പ്രകൃത്യാഉള്ള ബലഹീനതയെക്കുറിച്ച് ഹോസിയ പ്രവാചകന്‍ വെട്ടിത്തുറന്നു പറയുന്നു “നിന്‍റെ സ്നഹം പ്രഭാതമേഘം പോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളി പോലെയുമാണ്” (ഹോസിയ 6,4) നമ്മുടെ സ്നേഹം പലപ്പോഴും ഇങ്ങനെയാണ്. പാലിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു വാഗ്ദാനമാണത്, ഏതാണ്ട്, ഉദയസൂര്യന്‍ രാത്രിയിലെ മഞ്ഞുകണങ്ങളെ ഇല്ലാതാക്കുന്നതു പോലെ എളുപ്പം വരണ്ടുണങ്ങുന്ന, ആവിയായിപ്പോകുന്ന ഒരു ശ്രമം ആണത്.

നമ്മള്‍, മനുഷ്യര്‍, എത്രതവണ ഇത്ര ബലഹീനമായും അസ്ഥിരമായും സ്നേഹിച്ചിരിക്കുന്നു. ഈ അനുഭവം നമുക്കെല്ലാവര്‍ക്കുമുണ്ട്. നാം സ്നേഹിക്കുന്നു, പിന്നെ ആ സ്നേഹം ഇല്ലാതാകുന്നു, അല്ലെങ്കില്‍, അതിന് മങ്ങലേല്ക്കുന്നു. പത്രോസ് അപ്പലസ്തോലന്‍ യേശുവിനോടുള്ള സ്നേഹത്തില്‍ അവിശ്വസ്തനായി. നമ്മെ വീഴ്ത്തുന്ന ഈ ബലഹീനത എന്നുമുണ്ട്.

സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ സ്നേഹം

എന്നാല്‍ മറ്റൊരു സ്നേഹമുണ്ട്. അത് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ സ്നേഹമാണ്. ഈ സ്നേഹത്തിന്‍റെ ഗുണഭോക്താക്കളാണ് നാമെല്ലാവരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അവിടന്ന് നമ്മെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നു എന്നു പറയാന്‍ സാധിക്കും. നമ്മുടെ മാതാപിതാക്കള്‍ നമ്മെ സ്നേഹിച്ചില്ലെങ്കില്‍പ്പോലും  ഈ ഭൂമിയിലുള്ള ആര്‍ക്കും സാധിച്ചിട്ടില്ലാത്തതും ഇനി സാധിക്കാത്തതുമായ വിധത്തില്‍ നമ്മെ സ്നേഹിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവം ഉണ്ട്. ദൈവത്തിന്‍റെ സ്നേഹം സദാ സ്ഥായിയാണ്.

സ്വര്‍ഗ്ഗം എന്ന പ്രയോഗം അകലത്തെ കാണിക്കാനല്ല പ്രത്യുത സ്നേഹത്തിന്‍റെ  മൗലികമായ വിത്യാസത്തെയാണ്, സ്നേഹത്തിന്‍റെ ഇതര മാനത്തെയാണ് ആവിഷ്ക്കരിക്കുന്നത്. ആ സ്നേഹം അശ്രാന്തമാണ്, അത് എന്നും നിലനില്ക്കുന്നതാണ്. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പറഞ്ഞാല്‍ മാത്രം മതി ആ സ്നേഹം എത്തിച്ചേരും.

ദൈവത്തിനു നമ്മോടുള്ള സ്നേഹം ഇല്ലാതാക്കാന്‍ യാതൊന്നിനും കഴിയില്ല

ആകയാല്‍ ഭയപ്പെടേണ്ട! നമ്മള്‍ ആരും തന്നെ ഒറ്റയ്ക്കല്ല. ഈ ഭൂമിയില്‍ നിന്‍റെ  പിതാവ് നിന്നെ മറക്കുന്ന ദൗര്‍ഭാഗ്യം ഉണ്ടാകുകയും നീ പിതാവിനോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്താലും ക്രിസ്തീയവിശ്വാസത്തിന്‍റെ മൗലികാനുഭവം അതായത്, ദൈവത്തിന്‍റെ ഏറ്റം സ്നേഹിക്കപ്പെടുന്ന പുത്രനാണ് നീ, അവിടത്തേക്ക് നിന്നോടുള്ള തീവ്രമായ സ്നേഹത്തെ ഇല്ലാതാക്കന്‍ ജീവിതത്തില്‍ യാതൊന്നിനും സാധിക്കില്ല എന്ന അറിവ്, നിനക്ക് നിഷേധിക്കപ്പെടില്ല.  നന്ദി.   

ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാളിനെക്കുറിച്ച്....

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ഈ വരുന്ന വെള്ളിയാഴ്ച (22/02/19) വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ  തിരുന്നാളാണെന്നത് അനുസ്മരിക്കുകയും സദാ, സകലയിടത്തും സഹോദരങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നതിന് തനിക്കും തന്‍റെ സഭാശുശ്രൂഷയ്ക്കും വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്കും വേണ്ടി  പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തദ്ദനന്തരം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2019, 12:57