Vatican News
With the prison directorate  in Paul VI Hall With the prison directorate in Paul VI Hall  (Vatican Media)

ജയിലുകളില്‍ പ്രത്യാശയുടെ ജാലകങ്ങള്‍ തുറക്കാം!

റോമിലെ കേന്ദ്രജയില്‍ അധികൃതര്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രധാന അംശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“റെജീന ചേളി”  കേന്ദ്രജയില്‍
ഇറ്റലിയുടെ കേന്ദ്രജയിലായ റോമിലെ “റെജീന ചേളി”യുടെ അധികൃതരുമായി ഫെബ്രുവരി 7-Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ജയില്‍ സൂപ്രണ്ടുമാര്‍, സുരക്ഷാ പൊലീസുകാര്‍, ശുശ്രൂഷകര്‍, അദ്ധ്യാപകര്‍, സഹായികളായ വൈദികര്‍, സന്നദ്ധസേവകര്‍, മറ്റു ജോലിക്കാര്‍ എന്നിങ്ങനെ
600-പേരോളം പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനില്‍ എത്തിയിരുന്നു. ഇറ്റലിയിലെ ഏറ്റവും വലിയ ജയിലാണ്, റെജീന ചേളി. സ്വര്‍ഗ്ഗരാജ്ഞി എന്നാണ് പേരിന് അര്‍ത്ഥം. വര്‍ഷങ്ങള്‍ക്കുമുന്‍പ് അതേ പേരിലുണ്ടായിരുന്ന വലിയ കന്യകാലയമാണ് ജയിലായി കാലക്രമത്തില്‍ പരിണമിച്ചത്. 1500-ല്‍ അധികം അന്തേവാസികള്‍ - സ്ത്രീകളുടെയും പുരുഷന്മാരുടെയും വിഭാഗത്തിലായി ഇപ്പോള്‍ അവിടെയുണ്ട്. 2018 മാര്‍ച്ച് 29, പെസഹ വ്യാഴാഴ്ച ജയിലിന്‍റെ ഒരു ഭാഗം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുകയും, അതിലെ അന്തേവാസികള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

അധികൃതര്‍ മുറിവുണക്കുന്നവരാകണം
ജയില്‍ അധികൃതര്‍ ശിക്ഷനടപ്പാക്കുന്നവരല്ല, തെറ്റുകുറ്റങ്ങളിലൂടെ മുറിപ്പെട്ട മനുഷ്യരുടെ ഹൃദയത്തിലെ മുറിവുണക്കേണ്ടവരാണ്. ജയിലിന്‍റെ ഉത്തരവാദിത്ത്വമുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍,  നല്ല സഹകരണമുണ്ടെങ്കില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടവരെ തിരുത്താനും പുനരധിവസിപ്പിക്കാനും സാധിക്കുകയുള്ളൂ. സ്റ്റാഫുകളുടെ കുറവും, ജോലിയുടെ കാഠിന്യവും മൂലം ഏറെ സംഘര്‍ഷപൂര്‍ണ്ണമാണ് ജയിലിലെ ജോലികളെന്ന് പാപ്പാ സമ്മതിച്ചു. ജയില്‍ അധികൃതരുടെ ശ്രമകരമായ ഉത്തരവാദിത്ത്വങ്ങള്‍, അതിനാല്‍ ശ്രദ്ധയോടെ അനുദിനം പ്രചോദിപ്പിക്കേണ്ടതും, നവീകരിക്കപ്പെടേണ്ടതും, മാനസീകവും ശാരീരകവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകവുമാകുന്ന വിധത്തില്‍ ക്രമീകരിക്കേണ്ടതുമാണ്. കാരണം, കാവലും ക്രമവും സുരക്ഷയും പാലിക്കുന്നതോടൊപ്പം, അസ്വാതന്ത്ര്യവും ശിക്ഷയും യാതനകളും അനുഭവിക്കുന്ന മനുഷ്യരെ പിന്‍തുണയ്ക്കുന്നവരാകണം ജയില്‍ അധികൃതര്‍.

വിധിക്കാന്‍ ആര്‍ക്കും അവകാശമില്ല
ചെയ്ത കുറ്റത്തിന് ഒരാളെ വിധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അതുപോലെ കുറ്റംചെയ്തവന്‍റെ മനുഷ്യാന്തസ്സിനെ മുറിപ്പെടുത്താനും ആര്‍ക്കും അവകാശമില്ലാത്തതാണ്. അതിനാല്‍ ജയിലുകള്‍ ഇനിയും മാനവികതയുള്ള ഇടങ്ങളാക്കി മാറ്റണം. എന്നാല്‍ പലപ്പോഴും,  അവ തിന്മ ഉല്‍ക്കടമാകുന്ന അതിക്രമങ്ങളുടെയും അരാജകത്വത്തിന്‍റെയും കേന്ദ്രങ്ങളായി മാറുകയാണ്. പാപ്പാ ഖേദപൂര്‍വ്വം പറഞ്ഞു.

അനുകമ്പയാണ് പരിത്യക്തര്‍ക്ക് അഭികാമ്യം
നാം ഓര്‍ക്കേണ്ടൊരു സത്യം, ജയിലില്‍ കഴിയുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്!  ഒരു പാര്‍പ്പിടമോ, വിലാസമോ പോലും ഇല്ലാത്തവരാണവര്‍. അവര്‍ക്കു സുരക്ഷിതത്ത്വമോ, കുടുംബമോ, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ഒന്നുമില്ലാത്തവര്‍. വിധിയുടെ വിനോദങ്ങള്‍ക്കായി  വലിച്ചെറിയപ്പെട്ടവരും, പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണ് ഈ ഹതഭാഗ്യര്‍. സമൂഹത്തെ സംബന്ധിച്ചിടത്തോളം ജയില്‍ വാസികള്‍ സാമൂഹ്യവിരുദ്ധരും, ഇടപഴകാന്‍ കൊള്ളരുതാത്ത ഏറെ മോശക്കാരുമാണ്. ഇത് സമൂഹത്തിന്‍റെ ബോധമില്ലായ്മയുടെ അല്ലെങ്കില്‍ അറിവില്ലായ്മയുടെ വേദനാജനകമായ അവസ്ഥയും കാഴ്ചപ്പാടുമാണ്.

ക്രിസ്തു സ്നേഹത്തില്‍ വേരൂന്നിയ സാമീപ്യം
അധികൃതരുടെ സഹായത്തോടെ രക്ഷയുടെയും വിമോചനത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്പിന്‍റെയും, ജീവിതപരിവര്‍ത്തനത്തിന്‍റെയും ഇടങ്ങളാക്കി ജയിലുകളെ മാറ്റാവുന്നതാണ്. ഇത് സാദ്ധ്യമാകുന്നത് വിശ്വാസത്തിന്‍റെ വഴികളിലൂടെ പ്രവര്‍ത്തിക്കുമ്പോഴാണ്. വളരെ വിദഗ്ദ്ധമായ രൂപീകരണ പരിപാടികളിലൂടെയും, സകലത്തിലും ഉപരിയായി തടവറയില്‍ കഴിയുന്നവരോട്, സഹോദരന്‍റെ മുറിവുണക്കുന്ന ഒരു “നല്ല സമറിയക്കാരനെ”പ്പോലെ ആത്മീയ സാമീപ്യവും കാരുണ്യവും പ്രകടമാക്കേണ്ടതാണ്. ക്രിസ്തുസ്നേഹത്തില്‍ വേരൂന്നിയ സാമീപ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനോഭാവം ജയിലിലെ അന്തേവാസികളില്‍ ആത്മവിശ്വാസം വളര്‍ത്തും.  അവര്‍  സ്നേഹിക്കപ്പെടുന്നുവെന്ന ഉറപ്പില്‍ നന്മയില്‍ വളരുവാനുള്ള സാദ്ധ്യതയുണ്ടാകും. അതുവഴി  ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള  പ്രത്യാശയും  അവര്‍ക്കു ലഭിക്കും.

ജയിലില്‍ തുറക്കേണ്ട പ്രത്യാശയുടെ ജാലകങ്ങള്‍
ശിക്ഷ ഒരു “അടഞ്ഞ വാതിലാ”യി കാണരുത്. അതിനെ എപ്പോഴും പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു “തുറന്ന ജാലക”മായി കാണേണ്ടതാണ്. അധികൃതര്‍  എന്നപോലെ കുറ്റവാളികളും  ജയിലിനെ നവീകരണത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ഇടമായി കാണേണ്ടതാണ്.  ജീവപര്യന്തമുള്ള ശിക്ഷകള്‍ വ്യക്തിയുടെ പ്രത്യാശ കെടുത്തുന്നതാണ്. അവിടെയും അധികൃതര്‍ക്ക് പ്രത്യാശയുടെ തിരിതെളിക്കാനാകും. അന്തേവാസികളുടെ ഹൃദയങ്ങളില്‍ വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചിന്തകള്‍ വളരുകയാണെങ്കില്‍, അവര്‍ വന്നതിലും മോശമായി പെരുമാറാനും ജീവിക്കാനുമാണ് സാദ്ധ്യത.

പ്രത്യാശയറ്റവര്‍ക്ക് പ്രതീക്ഷ നല്കാം!
ജയിലിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്നവര്‍ അതിനാല്‍ ചെയ്യേണ്ടത്, കുറ്റവാളികളില്‍, അല്ലെങ്കില്‍ കുറ്റം ചുമത്തപ്പെട്ടവരില്‍ പ്രത്യാശ പകരുകയാണ്. അവരില്‍ നവീകരണത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ചിന്തകള്‍ മെല്ലെ തെളിയിക്കുക. അധികൃതരായവര്‍ ചെയ്യുന്ന ഓരോ ദിവസത്തെയും കഠിനാദ്ധ്വാനം അങ്ങനെ ക്രിയാത്മകവും ഫലദായകവുമായിത്തീരും. അത് ജയില്‍ പുള്ളികളില്‍ പ്രത്യാശയുടെ വെളിച്ചവും സന്തോഷവും വളര്‍ത്തും. ഒപ്പം അത് അധികൃതരുടെ അനുദിന അദ്ധ്വാനത്തെ കൂടുതല്‍ മഹത്വപൂര്‍ണ്ണവും അര്‍ത്ഥവത്തുമാക്കി മാറ്റും. പ്രത്യാശയറ്റ മനുഷ്യര്‍ക്ക് ഉത്തരവാദിത്ത്വപ്പെട്ടവരുടെ പ്രയത്നം നല്കുന്ന പ്രതീക്ഷ, അവരുടെ ഹൃദയത്തില്‍ ആത്മീയാനന്ദമായി നിറയും.

കൈകോര്‍ത്താല്‍ നന്മ വളര്‍ത്താം!
ജയിലിന്‍റെ ഉത്തരവാദിത്ത്വമുള്ളവരും, ദുര്‍ഗുണപാഠങ്ങള്‍ നല്കുന്ന പൊലീസുകാരും, ജയില്‍ ശുശ്രൂഷകരും, വിദ്യാഭ്യാസപ്രവര്‍ത്തകരും, തൊഴില്‍ പരിശീലകരും, സന്നദ്ധസേവകരും, മറ്റു ജോലിക്കാരും, പുറത്തുള്ള സമൂഹവും കൈകോര്‍ത്താല്‍ നന്മയുടെയും നവോത്ഥാനത്തിന്‍റെയും ദിശയില്‍ തടവറക്കാരെ നയിക്കാനാകും. തിന്മയുടെ കെണിയില്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ വീഴാതിരിക്കട്ടെ!

പാപ്പാ ഫ്രാന്‍സിസിന്‍റെ ജയില്‍ വിചാരം
പരിശ്രമിച്ചാല്‍ മാനവിക പ്രത്യാശയുടെ പരീക്ഷണശാലയാക്കി ജയിലിനെ മാറ്റാനാകും. ബ്യൂനസ് ഐരസില്‍ മെത്രാനായിരിക്കവെ ആഴ്ചയില്‍ ഒരിക്കല്‍ പതിവുള്ള ജയില്‍ സന്ദര്‍ശനം ഇന്ന് ഞായറാഴ്ചകളില്‍ മാത്രമുള്ള ഒരു ഫോണ്‍ വിളിയായി ചുരുങ്ങിയെങ്കിലും, ജയിലില്‍ കഴിയുന്നവരോട് തനിക്കുള്ള ഇന്നും തുടരുന്ന പ്രത്യേക സ്നേഹം പാപ്പാ പ്രഭാഷണത്തില്‍ പങ്കുവച്ചു. അവരുടെ സ്ഥാനത്ത് ആകാതിരിക്കാനുള്ള കൃപയുടെ ധാരാളിത്തം ദൈവം തനിക്കു നല്കിയെന്ന ധ്യാനവും, മറിച്ചായിരുന്നെങ്കില്‍ അവരുടെ സെല്ലുകളില്‍ താനും ആയിരിക്കുമായിരുന്നല്ലോ എന്ന മനോവേദനയും യാഥാര്‍ത്ഥ്യബോധത്തില്‍ തന്നെ നിര്‍ത്തുന്നതായി പ്രഭാഷണത്തിന് ഉപസംഹാരമായി പാപ്പാ പങ്കുവച്ചു.

08 February 2019, 11:41