Grandeose  welcome to Pope Francis in the United Arab Emirates Grandeose welcome to Pope Francis in the United Arab Emirates 

ഒരു എളിയ ഇടയനു കിട്ടിയ രാജകീയ സ്വീകരണം!

യുണൈറ്റെഡ് അറബ് എമിറേറ്റ്സില്‍ പാപ്പാ ഫ്രാന്‍സിസിന് ഉജ്ജ്വലവരവേല്പ്. അബുദാബിയുടെ കിരീടാവകാശി, മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ നേതൃത്വംനല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആത്മനാ ഉള്‍ക്കൊണ്ട സമാധാനയാത്ര
അസ്സീസിയിലെ  വിശുദ്ധ ഫ്രാന്‍സിസ് 1219-ല്‍ ഈജിപ്തിലെ സുല്‍ത്താനുമായി നടത്തിയ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും നേര്‍ക്കാഴ്ചയുടെ ഓര്‍മ്മയുമായിട്ടാണ് യുണൈറ്റെഡ് അറബ് എമിറേറ്റ്സിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെ പാപ്പാ ഫ്രാന്‍സിസ് ആത്മനാ ഉള്‍ക്കൊണ്ടത്. അതുകൊണ്ടുതന്നെ, “ദൈവമേ എന്നെ അങ്ങേ സമാധാനദൂതനാക്കണമേ,” എന്ന അസ്സീസിയിലെ സിദ്ധന്‍റെ വിശ്വോത്തര സമാധാനപ്രാര്‍ത്ഥന ആപ്തവാക്യമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ത്രിദിന അപ്പസ്തോലിക പര്യടനം നടത്തുന്നത്. ഫെബ്രുവരി 3 ഞായറാഴ്ച ആരംഭിച്ച യാത്ര ചൊവ്വാഴ്ച ഫെബ്രുവരി 5-വരെ നീളും.

അറേബ്യന്‍ സമ്പന്നതയുടെ ഉജ്ജ്വല വരവേല്പ്
ഞായറാഴ്ച, യുഎഇ-യിലെ സമയം രാത്രി 10.15-ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പായ്ക്കു ലഭിച്ചത് രാജകീയ വരവേല്പായിരുന്നു. പാപ്പായുടെ വിമാനം അറേബ്യന്‍ മണ്ണില്‍ ഇറങ്ങിയതും അബുദാബിയുടെ വായുസേന വെള്ളയും മഞ്ഞയും, വത്തിക്കാന്‍ പതാകയുടെ വര്‍ണ്ണരാജി വിരിയിച്ചുകൊണ്ട് അറേബ്യന്‍ ഗള്‍ഫിന്‍റെ  പൊതിഞ്ഞുനിന്ന മാനത്തു പറന്നുയര്‍ന്നപ്പോള്‍, പാപ്പായെ വരവേല്ക്കാനെന്നോണം ഇരുണ്ടു വിസ്തൃതമായ മരുവിന്‍റെ മാനത്തു തെളിഞ്ഞ നിലാവില്‍ അത് എമിറേറ്റ് വാസികള്‍ക്ക് എവിടെയും അത്ഭുതക്കാഴ്ചയായി.

ഇറ്റലിയുടെ കറാറാ മാര്‍ബിളിന്‍റെ ഭംഗി വത്തിക്കാനില്‍ കണ്ടിട്ടുള്ള പാപ്പാ ഫ്രാന്‍സിന്‍റെ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിന്‍റെ വേദിയില്‍ തിളങ്ങിയ വിലപിടിപ്പുള്ള മാര്‍ബിള്‍ തട്ടുകളും, അറേബ്യന്‍ പരവദാനികളും, സ്ഫടിക നിര്‍മ്മിതമായ ബഹുശാഖാ അലങ്കാരദീപങ്ങളും, പുകഴ്ചയ്ക്കായി പൊന്തിനിന്ന മിനാറുകളും അവയുടെ സ്വര്‍ണ്ണപ്പതക്കങ്ങളും! ഒരു അറബിക്കഥയിലെ സ്വപ്നസാമ്രാജ്യംപോലെ അവ തിളങ്ങിയത് കിഴക്കന്‍ അറബി ആതിഥ്യത്തിന്‍റെ സമുന്ന നിലവാരമായിരുന്നു എന്നതില്‍ സംശയമില്ല.

സ്നേഹത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സന്ദേശം 
പ്രസിഡന്‍ഷ്യന്‍ വിമാനത്താവളത്തില്‍നിന്നും അല്‍ മുഷ്റഫ് കൊട്ടാരത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ റോഡുകള്‍ വിജനമായിരുന്നു. കാരണം 500 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലെ രാജവീഥിയിലൂടെ മാത്രമായിരുന്നു  പാപ്പാ ഫ്രാന്‍സിസിന്‍റെ കാറും മറ്റ് അകമ്പടി വാഹനങ്ങളും, ഒപ്പം പേപ്പല്‍ പതാകകളും അറബിക്കൊടികളും ഏന്തി അടിവച്ചു നീങ്ങിയ വെട്ടിത്തിളങ്ങുന്ന പത്ത് അറബിക്കുതിരകളും പാപ്പാ ഫ്രാന്‍സിസിന് അകമ്പടിയായി!

അപ്പസ്തോലിക അരമനയിലെ താമസം ഒഴിവാക്കി വത്തിക്കാനിലെ ചെറിയ ഫ്ലാറ്റില്‍ താമസിക്കുന്ന പാപ്പാ ഫ്രാന്‍സിസ് എയര്‍പോര്‍ട്ടില്‍നിന്നും 29 കി.മീറ്റര്‍ യാത്രചെയ്ത് ആദ്യം എത്തിച്ചേര്‍ന്നത്,  അതിമനോഹരമായ അറേബ്യന്‍ വെണ്ണിലാ കൊട്ടാരത്തിലായിരുന്നു - അല്‍ മുഷ്റഫ് കൊട്ടാരത്തിലായിരുന്നു പാപ്പായ്ക്ക് അബുദാബിയില്‍ ആതിഥ്യമേകിയത്. 

ആര്‍ഭാടവും ആഡംബരങ്ങളും ഇഷ്ടപ്പെടാത്ത പാപ്പാ ഫ്രാന്‍സിസിന് പാവങ്ങളോടുള്ള സ്നേഹത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പ്രതിപത്തിയുടെയും സന്ദേശം അറബിനാട്ടില്‍ ശക്തമായി പങ്കുവയ്ക്കാന്‍ ഈ സ്വീകരണം ഉത്തേജനമാകുമെന്നതില്‍ സംശയമില്ല. എമിറേറ്റുകളിലെ മാര്‍ബിള്‍ കൊട്ടാരങ്ങളുടെ ഇടനാഴികളിലൂടെ പാപ്പായുടെ സഹാനുഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം പ്രതിധ്വനിക്കുമെന്നു നമുക്കു പ്രത്യാശിക്കാം. അറേബ്യന്‍ ഉള്‍ക്കടലിലെ മന്ദമാരുതന്‍ തെക്കന്‍ ഗള്‍ഫ് ഉപദ്വീപിന്‍റെ അതിരുകള്‍ക്കപ്പുറവും, നീറിനില്ക്കുന്ന മദ്ധ്യപൂര്‍വ്വദേശ നാടുകളിലേയ്ക്കും ഈ നല്ലിടയന്‍റെ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സന്ദേശം പ്രതിധ്വനിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം!

അറബിനാട്ടിലെ രണ്ടു ശ്രദ്ധേയമായ പരിപാടികള്‍ :
ഫെബ്രുവരി 4 ‍തിങ്കളാഴ്ച
പ്രാദേശിക സമയം  വൈകുന്നേരം 5 മണിക്ക്
രാജ്യത്തെ സമുന്ന മതനേതാക്കളായ മുസ്ലിം കൗണ്‍സിലിലെ മൂപ്പന്മാരുമായി അബുദാബിയില്‍ ഷെയിക് സയീദിന്‍റെ പേരിലുള്ള വലിയ പള്ളിയില്‍ സ്വകാര്യ  കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം 6.10-ന്
യുഎഇയുടെ രാഷ്ട്രപിതാവായ ഷെയിക് സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന  മതാന്തര സംവാദ സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് സമാധാന പ്രഭാഷണം നടത്തും. 

ഫെബ്രുവരി 5 ‍ചൊവ്വാഴ്ച
പ്രാദേശിക സമയം രാവിലെ  10.30-ന് അബുദാബി നഗരത്തിന്‍റെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന സയീദ് സ്പോര്‍ട്സ് സിറ്റിയില്‍ (Zayed Sports City) പാപ്പാ ഫ്രാന്‍സിസ്  സമൂഹദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2019, 14:46