Press conference on board flight Ethiad B787 Press conference on board flight Ethiad B787  

വിശ്വസാഹോദര്യത്തിന്‍റെ വീക്ഷണമുള്ള നാട് - യുഎഇ!

യുഎഇ മടക്കയാത്രയില്‍ വിമാനത്തില്‍ നടത്തിയ അഭിമുഖം - ഏതാനും പ്രധാനപ്പെട്ട അംശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാജ്യാന്തര  മാധ്യമപ്രവര്‍ത്തകരോട്
ഫെബ്രുവരി 5-Ɔο തിയതി ചൊവ്വാഴ്ച യുഎഇയില്‍നിന്നു മടങ്ങവെ വിമാനത്തിലുണ്ടായിരുന്ന 69 രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. യുഎഇ യാത്രയിലെ പൊതുവായ ധാരണകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടിയായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് താഴെപ്പറയുന്ന വിശദീകരണങ്ങള്‍ നല്കിയത്.

ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍
വളരെ അത്യാധുനിക നഗരമാണ് താന്‍ അവിടെ കണ്ടത്! വളരെ ശുചിത്വമുള്ള നഗരം. മരുപ്രദേശമെങ്കിലും അവിടെ പൂക്കളും ചെടികളും നനച്ചു വളര്‍ത്തുന്ന രീതി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഭാവിയിലേയ്ക്കും അതിന്‍റെ മാറ്റങ്ങളിലേയ്ക്കും വളര്‍ച്ചയിലേയ്ക്കും ഉറ്റുനോക്കുന്നൊരു സാമ്രാജ്യം!

ജലം അവിടെ പ്രശ്നമാണെന്ന് അറിഞ്ഞുകൊണ്ട് കടല്‍ജലം ശുദ്ധിചെയ്ത് അവര്‍ ഉപയോഗിക്കുന്നു. കടല്‍വെള്ളം അവര്‍ കുടിവെള്ളമാക്കി മാറ്റുന്നു! ഇന്നു മരുപ്രദേശത്തുനിന്നു ലഭിക്കുന്ന പെട്രോളിയവും മറ്റു ഉല്പന്നങ്ങളും നാളെ ഉണ്ടാവില്ലെന്ന് അവര്‍ക്ക് നന്നായിട്ട് അറിയാം. അവ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭാവി സുസ്ഥിതിക്കായുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴെ ആരായുന്ന രാഷ്ട്രങ്ങളെയും അതിന്‍റെ തലവന്മാരെയുമാണ് അവിടെ കണ്ടത്.

സമ്പന്നതയിലും സമാധാനകാംക്ഷികള്‍
മതാത്മകമായും തുറവുള്ളവരാണ് അവിടത്തുകാര്‍. സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശൈലിയുള്ള ഇസ്ലാം മതത്തെയാണ് തനിക്ക് യുഎഇ-യില്‍ അനുഭവവേദ്യമായത്. അവര്‍ സമാധാനകാംക്ഷികളാണ്. ചില അറബിനാടുകളില്‍ യുദ്ധം നടക്കുന്നുണ്ടെങ്കിലും, അവിടെല്ലാം സമാധാനശ്രമങ്ങള്‍ നിരന്തരമായി നടക്കുന്നുണ്ട്. അതിനായി അവര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ടെന്ന് മനസ്സിലാക്കുന്നതായി പാപ്പാ പ്രസ്താവിച്ചു.

സമാധാനവഴി തുറക്കാമെന്ന ദര്‍ശനം
അബുദാബിയില്‍ വ്യത്യസ്ത രാജ്യക്കാരും സംസ്കാരങ്ങളില്‍നിന്നുള്ളവരുമായ ഇസ്ലാമിക മൂപ്പന്മാരുമായി നടത്തിയ സംവാദം ഏറെ ഫലപ്രദമായിരുന്നു.  യുഎഇക്കുള്ളത്ഒറ്റയായ ദേശീയ വീക്ഷണമല്ല . ഇതര രാജ്യങ്ങളുമായും മതങ്ങളുമായും സംവാദത്തിന്‍റെയും സഹകരണത്തിന്‍റെ സാഹോദര്യത്തിന്‍റെയും ആഗോളവ്യാപകമായ മാര്‍ഗ്ഗം വളര്‍ത്തണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് തെളിയിക്കുന്നതായിരുന്നു അവിടെ നടന്ന മതനേതാക്കളുടെ സംവാദശ്രമങ്ങള്‍.  

മാനവിക സാഹോദര്യത്തിന്‍റെ പ്രമാണരേഖ
അബുദാബിയില്‍ ഫെബ്രുവരി 4, തിങ്കളാഴ്ച നടന്ന മതാന്തരസംവാദ പരിപാടിയെ ഏറെ സാംസ്കാരികതയും മതാത്മകതയും തിങ്ങിനിന്ന സംഭവമെന്നു പാപ്പാ വിശേഷിപ്പിച്ചു. വിശ്വസാഹോദര്യത്തിന്‍റെയും സമാധാന ശ്രമങ്ങളുടെയും പ്രയോക്താക്കളും സംരക്ഷകരുമായി നിലകൊള്ളാന്‍ എമിറേറ്റ് രാജ്യങ്ങളുടെ കൂട്ടായ്മ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് അവരുടെ മണ്ണില്‍ പ്രബോധിപ്പിച്ച “വിശ്വസാഹോദര്യത്തിന്‍റെ പ്രഖ്യാപന”മെന്ന്  (Document on Human Fraternity for World Peace and Living Together) പാപ്പാ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

മാധ്യമങ്ങളിലെ അശ്ലീലവഴികള്‍ തടയുന്നവര്‍
അശ്ലീലം ഇന്ന് മാധ്യമാധിഷ്ഠിതമായ വലിയ കച്ചവടച്ചരക്കാണ്. അത് ഏറ്റവും അധികം സ്വാധീനിക്കുന്നത് കുട്ടികളെയും യുവജനങ്ങളെയുമാണ്. അതിനാല്‍ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനായി പദ്ധതികള്‍ ഒരുക്കിയിട്ടുള്ളതുപോലെ തന്നെ, അവരെ അശ്ലീലങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ആധുനിക മാധ്യമശൃംഖലകളില്‍ ധാരാളമായി എത്തുന്ന അശ്ലീലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള വളരെ സംഘടിതവും ഫലപ്രദവുമായ കാര്യങ്ങള്‍ എമിറേറ്റ് രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ളതായി പാപ്പാ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2019, 18:18