Papa Francesco ritratti, primi piani Papa Francesco ritratti, primi piani 

വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയാം : മാധ്യമദിന സന്ദേശം

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച 2019-ലെ മാധ്യമദിന സന്ദേശം പ്രകാശിതമായി. സന്ദേശത്തിലെ ചില സൂചികകള്‍ മാത്രം താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

നവമാധ്യമ സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
“വ്യാജം വെടിഞ്ഞ് സത്യം സംസാരിക്കണം, കാരണം നാം ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണ്”  (എഫേസിയര്‍ 4, 25). പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ വര്‍ജ്ജിക്കേണ്ട തിന്മകളെക്കുറിച്ചു പറയുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ്, “ആധുനിക സാമൂഹ്യശൃംഖലകളില്‍ മനുഷ്യര്‍ സത്യം സംസാരിക്കണം, സത്യം കണ്ണിചേര്‍ക്കണം” എന്ന ശീര്‍ഷകത്തില്‍ 2019-ലെ മാധ്യമദിന സന്ദേശം പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയ്ക്കു നല്കുന്നത്. ജനുവരി 24-ന് അനുസ്മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലാണ് മാധ്യമദിന സന്ദേശം വത്തിക്കാന്‍ പ്രകാശനംചെയ്തത്. ഇന്നിന്‍റെ ആശയവിനിമയ ലോകത്ത് ലഭ്യമാകുന്ന അത്യാധുനിക ഇന്‍റെര്‍നെറ്റ്, വെബ് സംവിധാനങ്ങള്‍ മനുഷ്യന്‍റെ സാമൂഹിക ജീവിതത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.

മാധ്യമശൃംഖലകളുടെയും സമൂഹത്തിന്‍റെയും
ഇന്നിന്‍റെ നിഷേധാത്മകമായ പ്രതീകങ്ങള്‍
അനുദിനജീവിത പരിസരങ്ങളില്‍നിന്നും പറിച്ചുമാറ്റാനാവാത്ത വിധത്തില്‍ സാമൂഹ്യമാധ്യമ ശൃംഖലകള്‍ ഇന്ന് വ്യാപകമാണ്. ഇന്നിന്‍റെ ജീവനോപധിയായും “നെറ്റ്,” “ഇന്‍റെര്‍നെറ്റ്” മാറിക്കഴിഞ്ഞു. അറിവിന്‍റെ എന്നപോലെ പരസ്പരബന്ധങ്ങളുടെയും അചിന്തനീയമായ സ്രോതസ്സ് ഇന്ന് മാധ്യമശൃംഖലകളാണ്.

മനുഷ്യന്‍റെ അനുദിന ജീവിതചുറ്റുപാടുകളില്‍, ഉല്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും, ഉപഭോഗത്തിന്‍റെയും മേഖലയില്‍ ആധുനിക വിവരസാങ്കേതികത ആര്‍ജ്ജിച്ചിരിക്കുന്ന രൂപപരിണാമങ്ങള്‍ വിദഗ്ദ്ധര്‍ കാണുന്നത് ആഗോളതലത്തില്‍ സത്യസന്ധമായ അറിവിന് എതിരായ വന്‍ഭീഷണിയായിട്ടാണ്. ഇന്‍റെര്‍നെറ്റ് അറിവിന്‍റെ അനിതര സാധാരണമായ സാദ്ധ്യതകളിലേയ്ക്ക് തുറവു നല്കുമ്പോള്‍, വസ്തുതകളുടെയും പരസ്പര ബന്ധങ്ങളുടെയും തലത്തില്‍ സംഭവിക്കുന്ന അപഭ്രംശം ഭീതിതമാണ്, അത് സമൂഹത്തില്‍ ഊഹിക്കാവുന്നതിലും അധികം വിപരീത ഫലങ്ങളാണ് ഇന്ന് ഉളവാക്കുന്നത് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന് ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യശൃംഖലകളിലെ  നിഷേധാത്മകമായ താല്പര്യങ്ങള്‍
രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കായി വ്യക്തികളോടും പ്രസ്ഥാനങ്ങളോടും, അവരുടെ അവകാശങ്ങളോടും യാതൊരു ആദരവുമില്ലാതെ വ്യാപകമായ സാമൂഹ്യശൃംഖലാ കണ്ണിചേര്‍ക്കലുകളാണ് പൊതുവെ നാം കാണുന്നത്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, ഇന്നത്തെ നാലിലൊന്നു കണ്ണിചേര്‍ക്കലുകളായ സാമൂഹ്യശൃംഖല ഇനങ്ങള്‍, അത് വാര്‍ത്തയായാലും വസ്തുതകളായാലും കബളിപ്പിക്കപ്പെടലാണെന്ന് (cyber bullying) പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യശൃംഖല കൂട്ടായ്മകളും, യഥാര്‍ത്ഥ സമൂഹങ്ങളും
ഇന്നിന്‍റെ സാമൂഹ്യശൃംഖലാ സമൂഹങ്ങളെ (Social Network Communities), യഥാര്‍ത്ഥത്തില്‍ ആയിരിക്കേണ്ട സമൂഹങ്ങളോട് തുലനം ചെയ്യാവുന്നതല്ല. അതിനാല്‍ അവാസ്ഥവികമോ, ഭാവനാത്മകമോ ആയ സമൂഹങ്ങളെ യഥാര്‍ത്ഥ സമൂഹങ്ങളോട് നമുക്ക് തുലനംചെയ്യാവുന്നതുമല്ല. കാരണം, ഓരോ വിധിത്തില്‍ ചിന്തിക്കുകയും, ഒരേ താല്പര്യങ്ങള്‍ ഉള്ള വ്യക്തികളുടെ ദുര്‍ബലമായ ഒരു കൂട്ടായ്മയായിട്ടാണ് ഇങ്ങനെയുള്ള മാധ്യമ ശൃംഖലാകൂട്ടങ്ങള്‍ വളരുന്നത്. മാത്രമല്ല, അവ വളരുന്നത്, പരസ്പരം എതിര്‍ക്കുകയും പോര്‍വിളിക്കുകയും ചെയ്യുന്ന ഒരു നിഷേധാത്മകമോ, എതിര്‍പ്പിന്‍റെയോ പശ്ചാത്തലത്തിലാണ്. തങ്ങളുടെ മാധ്യമ കൂട്ടുകെട്ടിലൂടെ പുറത്തുള്ളവരെ എതിര്‍ക്കുകയും തരംതാഴ്ത്തി കാണുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന പ്രവണതയാണ് അങ്ങിനെ ഇന്ന് സാമൂഹ്യമാധ്യമ ശൃംഖലാ ലോകത്ത് വളര്‍ന്നുവരുന്നത്.

സത്യത്തിനായി നിലകൊള്ളുന്ന സമൂഹങ്ങള്‍
സത്യം വെളിപ്പെടുന്നത്, സത്യസന്ധമായ സമൂഹങ്ങളിലാണ്. അതിനാല്‍ സന്ദേശത്തിന്‍റെ  ഏറെ ശ്രദ്ധേയവുമാകുന്ന രണ്ടാംഭാഗത്ത് നാം ഒരേ ശരീരത്തിലെ അവയവങ്ങള്‍പോലെ,  മാനവസമൂഹത്തിലെ അംഗങ്ങളാകയാല്‍ കള്ളത്തരവും വ്യാജമായ രീതികളും വെടിഞ്ഞ്  സാമൂഹ്യശൃംഖലാ മാധ്യമങ്ങളില്‍ സത്യത്തിന്‍റെയും നീതിയുടെയും പ്രയോക്താക്കളാകണമെന്ന ചിന്തയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ഏറെ സുതാര്യമായും സുവ്യക്തമായും സന്ദേശം വിവരിക്കുന്നത്.

കണ്ണും കൈയും, മനസ്സും ഹൃദയവും സജീവമാകുന്ന കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകങ്ങളായി സാമൂഹ്യമാധ്യമ ശൃംഖലകളെ വളര്‍ത്താമെന്നും, രോഗലക്ഷണവും രോഗംതന്നെയും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് ചികിത്സിച്ചു ഭേദമാക്കുകതന്നെ വേണം എന്ന ചിന്തയോടെയാണ് 2019-ലെ ഏറെ മൗലികമായ മാധ്യമദിന സന്ദേശം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2019, 17:41