Alessandro Gisotti the interim director of Vatican's press office Alessandro Gisotti the interim director of Vatican's press office 

അലസാന്ത്രോ ജിസോത്തി വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി

ഡോ. അലസാന്ത്രോ ജിസോത്തിയെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ പ്രസ്സ് ഓഫിസ്സിന്‍റെ ഡയറക്ടറായി നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ സാമൂഹ്യ മാധ്യമശൃംഖല (Social Media) പ്രവര്‍ത്തനങ്ങളുടെ 
കോ-ഓര്‍ഡിനേറ്ററായിരുന്ന ഡോ. അലസാന്ത്രോ ജിസോത്തിയെ പ്രസ്സ് ഓഫിസിന്‍റെ താല്ക്കാലിക ഡയറക്ടറായി തിങ്കളാഴ്ച, ഡിസംബര്‍ 31-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

ഡോ. ജിസോത്തി അറിയപ്പെട്ട  മാധ്യമ പ്രവര്‍ത്തകന്‍
വത്തിക്കാന്‍ പ്രസ്സ് ഓഫിസ്സിന്‍റെ മേധാവിയായി സ്ഥാനമേല്ക്കുന്ന ഡോ. അലസാന്ത്രോ ജിസോത്തി ഭാര്യയും രണ്ടു മക്കളുമായി റോമില്‍ പാര്‍ക്കുന്ന കുടുംബസ്ഥനുമാണ്. രാഷ്ട്രീയമീമാംസയില്‍ (Political Science) ഡോക്ടര്‍ ബിരുദമുള്ള ജിസോത്തി, നലംതികഞ്ഞ മാധ്യമപ്രവര്‍ത്തകനുമാണ്. യുഎന്നിന്‍റെ വാര്‍ത്താകാര്യാലയത്തിലെ (UN Information Service in Rome) ജോലിയില്‍നിന്നും വിരമിച്ചാണ് 2000-മാണ്ട് ജൂബിലി വര്‍ഷത്തില്‍ ജിസോത്തി വത്തിക്കാന്‍റെ മാധ്യമ വകുപ്പില്‍ (Vatican Media) പ്രവര്‍ത്തനം ആരംഭിച്ചത്. 2011-മുതല്‍ 2016-വരെ അദ്ദേഹം വത്തിക്കാന്‍ റേഡിയോ ഇറ്റാലിയന്‍ വിഭാഗത്തില്‍ പേപ്പല്‍ പരിപാടികളുടെ മുഖ്യപത്രാധിപരായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍, മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍, പാപ്പാ ഫ്രാന്‍സിസ് എന്നീ സഭാതലവന്മാരുടെ കാലഘട്ടങ്ങളില്‍ സേവനംചെയ്തിട്ടുള്ള ജിസോത്തി, രാജ്യാന്തര അപ്പസ്തോലിക യാത്രകളുടെയും അജപാലന സന്ദര്‍ശനങ്ങളുടെയും മാധ്യമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.

സ്ഥാനമൊഴിഞ്ഞ ഗ്രെഗ് ബേര്‍ക്കും പലോമ ഗാഷിയയും
വത്തിക്കാന്‍ പ്രസ്സ് ഓഫിസ് ഡയറക്ടര്‍ ഗ്രെഗ് ബേര്‍ക്കും, ഡെപ്യൂട്ടി ഡയറക്ടര്‍ പലോമ ഗാര്‍ഷിയയും  വിരമിച്ചതിനെ തുടര്‍ന്നാണ് അലസാന്ത്രോ ജിസോത്തിയുടെ പുതിയ നിയമനം ഉണ്ടായത്. രണ്ടു മാധ്യമപ്രവര്‍ത്തകരും സ്വയമേ നടത്തിയ സ്ഥാനമൊഴിയല്‍ അംഗീകരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ മാധ്യമ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അലസാന്ത്രോ ജിസോത്തിയെ പാപ്പാ ഫ്രാന്‍സിസ് തല്‍സ്ഥാനത്തേയ്ക്ക് നിയമിച്ചതെന്ന്, മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവുളോ റുഫീനി പ്രസ്താവനയിലൂടെ അറിയിച്ചു.

2014-മുതല്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി പ്രവര്‍ത്തിച്ച ഗ്രെഗ് ബേര്‍ക്കും, ഡ്പ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീമതി പലോമാ ഗാര്‍ഷിയയും വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനും പരിശുദ്ധ സിംഹാസനത്തിനും നല്കിയിട്ടുള്ള സേവനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് ഡോ. റുഫീനി വിശേഷിപ്പിച്ചു.

മാധ്യമ വകുപ്പിലെ  മാറ്റങ്ങള്‍  സഭാനവീകരണത്തിന്‍റെ ഭാഗം
വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ (Dicastery for Communications)  അടുത്തകാലത്ത് വന്നിട്ടുള്ള പുതിയ മാറ്റങ്ങള്‍ക്കും ഗതിവിഗതികള്‍ക്കും വിധേയരായിക്കൊണ്ടാണ് ഈ വിരമിക്കലെന്ന് ഗ്രെഗ് ബേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസ്താവിച്ചു. "വത്തിക്കാനിലെ തങ്ങളുടെ മാധ്യമ പ്രവര്‍ത്തനം വലിയ അനുഭവമായിരുന്നു. പാപ്പാ ഫ്രാന്‍സിസിന് ആശ്ലേഷങ്ങള്‍ അര്‍പ്പിക്കുന്നു!" അമേരിക്കക്കാരനായ ഗ്രെഗ് ബേര്‍ക്കും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തക, സ്പെയിന്‍കാരി ഗാര്‍ഷിയയും ഇംഗ്ലിഷ്, സ്പാനിഷ് ഭാഷകളില്‍ ഡിസംബര്‍ 31-ന്, തിങ്കളാഴ്ച കണ്ണിചേര്‍ത്ത ട്വിറ്ററിലുടെ (Greg Burke @GregBurkeRome) ഇങ്ങനെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2019, 10:08