Pope Francis all set for UAE  journey Pope Francis all set for UAE journey 

27-Ɔമത് അപ്പസ്തോലികയാത്ര യുഎഇ-യിലേയ്ക്ക്

പാപ്പാ ഫ്രാന്‍സിസ് ഫെബ്രുവരി 3-മുതല്‍ 5-വരെ തിയതികളില്‍ യു.എ.ഇ. സന്ദര്‍ശിക്കും. യാത്രയുടെ വിശദാംശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അസ്സീസിയിലെ സിദ്ധന്‍റെ സ്മരണയുമായി
അറേബ്യന്‍ പ്രവിശ്യയിലേയ്ക്ക് ഒരു പത്രോസിന്‍റെ പിന്‍ഗാമിയുടെ ചരിത്രത്തിലെ ആദ്യ സന്ദര്‍ശനം. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി 1219-ല്‍ സംവദിച്ചതിന്‍റെ 800-Ɔο വാര്‍ഷിക നാളിലാണ്,  പാപ്പാ ഫ്രാന്‍സിസ് യുഎഇ-ലേക്ക് ശ്രദ്ധേയമായ ഈ യാത്ര നടത്തുന്നത്. അസ്സീസിയിലെ സിദ്ധന്‍റെ വിശ്വോത്തരമായ സമാധാന പ്രാര്‍ത്ഥനയിലെ (Prayer for Peace) “ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ,” എന്ന പ്രഥമവരി ആപ്തവാക്യമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മുസ്ലിം സാമ്രാജ്യത്തിലേയ്ക്കുള്ള ഈ പ്രഥമ യാത്ര നടത്തുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ വിശദാംശങ്ങള്‍  :
ഫെബ്രുവരി 3 ‍ഞായറാഴ്ച

റോമിലെ സമയം ഉച്ചതിരിഞ്ഞ് 1 മണിക്ക് ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പാപ്പാ ഫ്രാന്‍സിസ് യുഎഇ-യിലേയ്ക്ക് പുറപ്പെടും. അന്നുതന്നെ, യു.എ.ഇ.-യിലെ സമയം രാത്രി 10 മണിക്ക് പാപ്പാ ഫ്രാന്‍സിസ് യുഎഇ-യുടെ തലസ്ഥാനനഗരമായ അബുദാബിയില്‍ വിമാനമിറങ്ങും. അന്ന് പാപ്പാ അബുദാബിയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും. 2016-മുതല്‍ ആര്‍ച്ചുബിഷപ്പ്  ഫ്രാന്‍സിസ് മൊന്തെചീലോ പദീലയാണ് യു.എ.ഇ.-യിലെ വത്തിക്കാന്‍റെ സ്ഥാനപതി. 2010-മുതല്‍ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി വനിതയായ,
ഹിസ്സാ അബ്ദുള്ള അഹമ്മദ് അല്‍-ഒത്തൈബയാണ്.

ഫെബ്രുവരി 4 ‍തിങ്കളാഴ്ച
പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക്
അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ വരവേല്ക്കും.
12.20-ന്  യുഎഇ-യുടെ രാജാവ്, മുഹമ്മദ് ബിന്‍ സായദ് ബിന്‍ സുല്‍ത്താന് ആല്‍-നഹ്യാനുമായി പാപ്പാ ഫ്രാന്‍സിസ്  കൂടിക്കാഴ്ച നടത്തും.

അന്നുതന്നെ വൈകുന്നേരം 5 മണിക്ക്
രാജ്യത്തെ സമുന്ന മതനേതാക്കളായ മുസ്ലിം കൗണ്‍സിലിലെ മൂപ്പന്മാരുമായി അബുദാബിയില്‍ ഷെയിക് ഷായെദിന്‍റെ പേരിലുള്ള വലിയ പള്ളിയില്‍ കൂടിക്കാഴ്ച നടത്തും. 
വൈകുന്നേരം 6.10-ന് യുഎഇയുടെ രാഷ്ട്രപിതാവായ ഷെയിക് സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന അന്തര്‍ദേശിയ  മതാന്തര സംവാദ സംഗമത്തില്‍ പാപ്പാ പ്രാന്‍സിസ് സമാധാന പ്രഭാഷണം നടത്തും.
(അറേബ്യയുടെ തെക്കന്‍ പ്രവിശ്യയിലെ  7 സംസ്ഥാനങ്ങളെ കൂട്ടിയിണക്കി യുണൈറ്റ് അറബ് എമിറേറ്റ്സ് രൂപീകരിക്കുകയും, അതിനെ 1966 മുതല്‍ 1971-വരെ ഭരിക്കുകയും ചെയ്ത  ഷെയിക് സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെയാണ് യുഐഇ-യുടെ പിതാവായി ആദരിക്കപ്പെടുന്നത്).

ഫെബ്രുവരി 5 ‍ചൊവ്വാഴ്ച
പ്രാദേശിക സമയം രാവിലെ 9.15-ന് പാപ്പാ ഫ്രാന്‍സിസ് അബുദാബിയില്‍ അല്‍-മുഷ്രീഫിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിലേയ്ക്ക് സ്വകാര്യസന്ദര്‍ശനം നടത്തും.  തുടര്‍ന്ന് 10.30-ന് അബുദാബി നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന
സെയിദ്  സ്പോര്‍ട്സ് സിറ്റിയില്‍ (Zayed Sports City) പാപ്പാ ഫ്രാന്‍സിസ് സമൂഹദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.
യുഎഇ-യില്‍നിന്നുള്ള കത്തോലിക്കര്‍ മാത്രമല്ല, അവിടെ കുടിയേറ്റക്കാരും തൊഴിലാളികളായി എത്തിയിട്ടുള്ള അന്യരാജ്യക്കാരും, യുഎഇ-യുടെ അയല്‍രാജ്യങ്ങളില്‍നിന്നും എത്തുന്ന വിശ്വാസികളും പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.

ഒരു  പ്രാര്‍ത്ഥന മലയാളത്തില്‍
ദിവ്യബലിയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥയിലെ ഒരു നിയോഗം മലയാളത്തിലാണ്. യുഎഇ.-യിലെ വിപ്രവാസികളായ കേരളീയരുടെ സാന്നിദ്ധ്യം അടുത്തറി‍ഞ്ഞാവണം പാപ്പാ ഫ്രാന്‍സിസിന്‍റെ രാജ്യാന്തര പ്രേഷിതയാത്രാ പരിപാടിയില്‍ ഒരു ചെറിയ സംസ്ഥാനത്തിന്‍റെ മാതൃഭാഷ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിവ്യബലിക്കുശേഷം  മദ്ധ്യാഹ്നം 12.40-ന് കാറില്‍ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാ ഫ്രാന്‍സിസ് യുഎഇ-യുടെ പ്രസിഡന്‍റ്, ഖലീഫബീന്‍ സായിദ് അല്‍-നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കും.  ഉച്ചതിരിഞ്ഞ് കൃത്യം 1 മണിക്ക് പാപ്പാ ഫ്രാന്‍സിസ്  മടക്കയാത്ര  ആരംഭിക്കും.  പ്രാദേശിക  സമയം വൈകുന്നേരം
5 മണിക്ക് പാപ്പാ ഫ്രാന്‍സിസ് റോമിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.

പാപ്പാ ഫ്രാന്‍സിസ് തെക്കെ അറേബ്യന്‍ പ്രവിശ്യയുടെ  ഒരു വിശിഷ്ടാതിഥി
സമാധാനദൂതനും, സഹിഷ്ണുതയുടെ ആചാര്യനും, വിശ്വസാഹോദര്യത്തിന്‍റെ പ്രയോക്താവുമാണ് പാപ്പാ ഫ്രാന്‍സിസ് എന്നത് പ്രസിഡന്‍റ് ഷെയിക്ക് മുഹമ്മെദ് നഹ്യാന്‍റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യയാണ് പശ്ചിമേഷ്യന്‍ രാജ്യമായ യു.എ.ഇ.. കത്തോലിക്കര്‍ ചെറുഗണമായ രാജ്യമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നതെങ്കിലും, യുഎഇ-യുടെ പ്രസിഡന്‍റ്, ഖലീഫബീന്‍ സായിദ് അല്‍-നഹ്യാന്‍റെ പ്രത്യേക താല്പര്യവും  ക്ഷണവുമാണ് ഈ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നത്. തദ്ദേശീയരായ വളരെക്കുറച്ചു കത്തോലിക്കരെക്കൂടാതെ ധാരാളം കത്തോലിക്കരും വിവിധ മതസ്ഥരുമായ ജോലിക്കാര്‍ യുഎഇ-യുടെ വലിയ വ്യവസായ മേഖലയിലുണ്ട്. ജനതകള്‍ക്കിടയില്‍ സംവാദം, സഹവര്‍ത്തിത്വം എന്നിവ വളര്‍ത്താനും,  മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാന പാതയില്‍ പിന്‍തുണയ്ക്കാനും ഇസ്ലാമിക സാമ്രാജ്യത്തിലേയ്ക്കുള്ള ഈ സന്ദര്‍ശനം സഹായകമാകുമെന്ന പ്രത്യാശയിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ അപ്പസ്തോലികയാത്ര നടത്തുന്നതെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസ്സാന്ത്രോ ജിസോത്തി പ്രസ്താവനയിലൂടെ അറിയിച്ചു.  

അറേബ്യന്‍ പ്രവിശ്യയിലെ സഭ
യുഎഇ, ഒമാന്‍, യെമന്‍, ഖത്തര്‍, ബഹിറെയിന്‍, സൗദി അറേബിയ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ സഭാപ്രവിശ്യ തെക്കെ അറേബ്യയിലെ “അപ്പസ്തോലിക വികാരിയത്ത്” (Apostolic Vicariate of Southern Arabia) എന്നാണ് അറിയപ്പെടുന്നത്. കപ്പൂച്ചിന്‍ സഭാംഗവും സ്വിറ്റ്സര്‍ലണ്ട് സ്വദേശിയും 76 വയസ്സുകാരനുമായ ബിഷപ്പ് പോള്‍ ഹിന്‍ഡരാണ് ഇപ്പോള്‍ അറേബ്യന്‍ പ്രവിശ്യയിലെ സഭയുടെ അപ്പസ്തോലിക വികാരി (The Apostolic Vicar). ഇസ്ലാമിക രാജ്യങ്ങളില്‍ ജോലിക്കായി എത്തുന്ന വിവിധ രാജ്യക്കാരും തരക്കാരുമായ കുടിയേറ്റക്കാരായ ക്രൈസ്തവരാണ് ഈ പ്രവിശ്യകളില്‍ ഏറെ അജപാലനശുശ്രൂഷ അര്‍ഹിക്കുന്നവര്‍. തദ്ദേശീയരായ ക്രൈസ്തവര്‍ തുലോം നിസ്സാരമെങ്കിലും, വളരെ പുരാതനക്രൈസ്തവ പാരമ്പര്യങ്ങള്‍ ഉള്ളവരാണ് തദ്ദേശീയരായ ക്രൈസ്തവര്‍. അറേബ്യന്‍  പ്രവിശ്യയില്‍ സേവനംചെയ്യുന്ന വിവിധ റീത്തുകാരായ മെത്രാന്മാര്‍ ഈ പ്രവിശ്യയില്‍ ഉണ്ടെങ്കിലും മൊത്തമായി ഈ ക്രൈസ്തവ കൂട്ടായ്മയുടെ നേതൃസ്ഥാനം വഹിക്കുന്നത് കപ്പൂച്ചിന്‍ സഭാംഗമായ ബിഷപ്പ് പോള്‍ ഹിന്‍ഡറാണ്.

അറേബ്യന്‍ പ്രവിശ്യ വത്തിക്കാന്‍റെ കീഴില്‍
പേരു സൂചിപ്പിക്കുന്നതുപോലെ വത്തിക്കാന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ സഭാപ്രവിശ്യ പ്രവര്‍ത്തിക്കുന്നത്. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം (Congregation for the Evangelization of Peoples), മാനവികതയുടെ സമഗ്ര പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Integral Human Development), മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Coucil for Interreligious Dialogue) എന്നീ മൂന്നു വത്തിക്കാന്‍ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിലെ അംഗവും, ഉപദേഷ്ടാവുമാണ് അറേബ്യന്‍ പ്രവിശ്യയുടെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ഹിന്‍ഡര്‍.

(cf.  Schedule published by the Bulletin of the Holy See Press Office, 12th December 2018).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2019, 17:02