ഫ്രാന്‍സിസ് പാപ്പാ  പനാമയിലെ  പ്രഭാഷണ വേദിയില്‍ ഫ്രാന്‍സിസ് പാപ്പാ പനാമയിലെ പ്രഭാഷണ വേദിയില്‍ 

പനാമ വിളിച്ചുകൂട്ടലിന്‍റെ നാടെന്ന് ഫ്രാന്‍സിസ്പാപ്പാ

പനാമയിലെ ചാൻസറി പാലസില്‍ വച്ച് അധികാരികളേയും, പൗരസമൂഹത്തേയും, നയതന്ത്ര സംഘത്തേയും അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ നടത്തിയ പ്രഭാഷണ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി

പാപ്പായെ സ്വാഗതം ചെയ്തതിനും പനാമ രാജ്യത്തേക്ക് ക്ഷണിച്ചതിനും പ്രസിഡന്‍റ് ഹുവാൻ കാർളോസ് വരേലാ റൊഡ്രിഗ്സിനും, ലോകം മുഴുവനുള്ള യുവജനങ്ങളെ പനാമയിലേക്ക് സ്വാഗതം ചെയ്യാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

ലോകത്തിനായി ഒരു പൊതു തലസ്ഥാനം തിരഞ്ഞെടുക്കേണ്ടി വന്നാൽ അതിന് പനാമ മുന്നിലാരിക്കും എന്ന സിമോൺ ബൊളീവറിന്‍റെ വാക്കുകൾ ഉദ്ധരിച്ച് ബൊളീവർ നേതാക്കളെ ജന്മനാടിന്‍റെ ഏകീകരണത്തിനായി വിളിച്ചു കൂട്ടിയതിനെ അനുസ്മരിച്ച പാപ്പാ അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ബഹുമാനവും, സംസ്കാര നാനാത്വത്തിന്‍റെ സമ്പന്നതയും മനസ്സിലാക്കുന്ന ഒരു ജന്മനാട് സ്വപ്നം കാണാൻ ആഹ്വാനം ചെയ്തു.

പനാമ ഒരു വിളിച്ചുകൂട്ടലിന്‍റെ നാടാണെന്നും, സമുദ്രങ്ങളെ സംയോജിപ്പിക്കുന്നത് പോലെ ബന്ധങ്ങളെയും സംയോജിപ്പിക്കാന്‍  വിളിക്കപ്പെട്ട സ്ഥലമാണെന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.ഓരോരുത്തർക്കും രാജ്യം കെട്ടിപ്പെടുക്കാൻ തനതായ ഉത്തരവാദിത്വമുണ്ടെന്നും, എല്ലാവർക്കും  രാജ്യത്തെകുറിച്ചും, കുടുംബത്തെ കുറിച്ചുള്ള അവരവരുടെ സങ്കല്പങ്ങളുടെ കർത്താവാകാനുള്ള അവസരങ്ങൾ വേണമെന്നും അതിന് തീരുമാനങ്ങളും, സമർപ്പണവും അനുദിന പരിശ്രമവും ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പനാമ നാടിനെ പ്രതിഭയെന്നത് തദ്ദേശീയരായവരുടെ സംസ്കാരമാണെന്ന് പറഞ്ഞ പാപ്പാ ഓരോ ഗോത്രങ്ങളുടെയും പേരു വിളിച്ച് അവർക്ക് അഭിവാദനങ്ങളർപ്പിച്ചു. അവരവരുടെ തനിമയെ ആഘോഷിക്കുകയും, അംഗീകരിക്കുകയും, കേൾക്കുകയും ചെയ്യുമ്പോഴാണ് വിളിച്ചുകൂട്ടലിന്‍റെ  ഭൂമി എന്ന പനാമയുടെ വിളി സാധ്യമാകുകയുള്ളു. ഒരാളുടെ സമ്പന്നതയെ നീതിയോടെ പങ്കിടാനുള്ള ഉറച്ച തീരുമാനമുള്ളപ്പോൾ മാത്രമേ ഏതാനും ചിലരുടെ മാത്രം താല്പര്യങ്ങൾക്കു മേലെ സകലരുടേയും താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പാപ്പാ സൂചിപ്പിച്ചു.

ലളിതവും സുതാര്യത നിറഞ്ഞതും മറ്റുള്ളവരോടും ലോകത്തോടും ഉത്തരവാദിത്വമുള്ള  ഒരു ജീവിത ശൈലിയെയാണ് അധികാര നേതൃത്വങ്ങളിലിരിക്കുന്നവരിൽ നിന്ന് ഇന്നത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നത്. അഴിമതിയുടെ എല്ലാ രൂപങ്ങൾക്കും വിപരീതവും, നീതിയുടേയും സത്യസന്ധതയുടെയും പര്യായമാണ് പൊതുപ്രവർത്തനമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മറ്റെന്തിനേക്കാളും ഈ ദിവസങ്ങളിൽ പനാമ പ്രത്യാശയുടെ കേന്ദ്രമായി മാറും. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ളയുവജനങ്ങളുടെ സ്വപ്നങ്ങളും പ്രത്യാശകളും ആഘോഷിക്കപ്പെടുകയും, കണ്ടുമുട്ടുകയും, പ്രാർത്ഥിക്കുകയും കൂടുതൽ മനുഷ്യത്വമുള്ള ഒരു ലോക സൃഷ്ടിക്കുവേണ്ടിയുള്ള അവരുടെ ആഗ്രഹവും പ്രതിബദ്ധതയും തിരികൊളുത്തപ്പെടുകയും ചെയ്യുന്ന ഒരിടമാവുമായി രൂപാന്തരപ്പെടുമെന്ന് പാപ്പാ പ്രത്യാശിച്ചു.

ആർത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതീക വൈദഗ്ദ്ധ്യം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന  മാത്സര്യ, ഊഹക്കച്ചവട നിയമങ്ങളും ശക്തന്മാര്‍ക്ക് മാത്രം അതിജീവനം എന്ന തത്വങ്ങളെയും പൊളിച്ചെഴുതണം. യുവജനോത്സവത്തില്‍ സന്നിഹിതരായിരിക്കുന്ന യുവാക്കളുടെ സ്വപ്‌നങ്ങളെ സ്വാഗതം ചെയ്യുന്ന പനാമ ഒരിക്കൽ കൂടി നമ്മുടെ കാലത്തിന്‍റെ പല നിശ്ചിത ത്വങ്ങളെ വെല്ലുവിളിക്കുന്ന ഒരു സ്വപ്ന ഭൂമിയും ചരിത്ര രൂപീകരണത്തിന്‍റെ ഒരു പുത്തൻ വഴിയുമാകുമെന്ന് ആശംസിച്ചു.

പനാമ രാഷ്ട്രത്തലവനും, യുവജനസംഗമം സാധ്യമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും അവിടെ സന്നിഹിതരായവർക്കും,  മാധ്യമങ്ങളിലൂടെ സംഗമത്തില്‍ പങ്കുചേരുന്ന സകലർക്കും നന്ദി പറഞ്ഞു കൊണ്ടും, പൊതുനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യാശയും സന്തോഷവും ആശംസിച്ചു കൊണ്ടും ലാ ആന്തീഗ്വ മാതാവ് പനാമയെ സംരക്ഷിക്കുകയും ചെയ്യട്ടെ എന്നനുഗ്രഹിച്ചും കൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം  ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2019, 15:57