Vatican News
Word Youth Day in Panama - the great event of 2019 Word Youth Day in Panama - the great event of 2019 

കര്‍ത്തവ്യ ബാഹുല്യത്തോടെ പാപ്പാ ഫ്രാന്‍സിസ് പുതുവര്‍ഷത്തിലേയ്ക്ക്!

തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയിലെ ആഗോള യുവജനോത്സവം 2019 -ലെ മഹാസംഭവം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

82-Ɔο വയസ്സിലും പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയ്ക്കായ് ഒരുക്കിയിരിക്കുന്ന പദ്ധതികള്‍ ഏറെ ബൃഹത്തും നീണ്ടകാല ഫലപ്രാപ്തിയുള്ളവയുമാണ്.

നയതന്ത്രപ്രതിനിധികളുമായുള്ള സംവാദം.
വത്തിക്കാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ  ജനുവരി 7,  തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനമാണ് ആദ്യം. ഐക്യരാഷ്ട്ര സംഘടന ആഗോള മനുഷ്യാവകാശ നയം പ്രഖ്യാപിച്ചതിന്‍റെ 70-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ നയതന്ത്രപ്രതിനിധികളുമായി പ്രത്യേക സംവാദത്തില്‍ ഏര്‍പ്പെടുവാന്‍ പോകുന്നത്.

പനാമയിലെ ആഗോള യുവജനസംഗമം
തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജനുവരിയുടെ അന്ത്യത്തില്‍ 22-മുതല്‍ 27-വരെ തിയതികളില്‍ സംഗമിക്കുന്ന ആഗോളയുവജനോത്സവത്തില്‍ (Panama World Youth Festival) രാജ്യന്തരതലത്തില്‍ 10 ലക്ഷത്തില്‍ അധികം യുവജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സംഗമിക്കും. തങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളെക്കുറിച്ചും, ലോകസമാധാനത്തിന്‍റെ പാതയിലെ അവരുടെ ചുവടുവയ്പുകളെക്കുറിച്ചും ചിന്തിക്കുന്ന സമ്മേളനം ലോകത്തിലെ ഏറ്റവും വലിയ യുവജനസംഗമവുമാണ്.

യു.എ.ഇ.-യിലേയ്ക്കുള്ള അപ്പസ്തോലികയാത്ര
മതസൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ നവമായ വെളിച്ചം വീശുന്നൊരു പ്രേഷിതയാത്രയാണ്  ഫെബ്രുവരിയുടെ ആരംഭത്തില്‍, 3-മുതല്‍ 5-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത്. എമിറേറ്റ് നാടുകളുടെ രാജാവിന്‍റെ ക്ഷണപ്രകാരം ആദ്യമായിട്ടാണ് ഒരു പത്രോസിന്‍റെ പിന്‍ഗാമി അറേബ്യന്‍ മണ്ണില്‍ കാലുകുത്തുന്നത്.

സി9 - കര്‍ദ്ദിനാള്‍ സംഘത്തോടൊപ്പമുള്ള
സഭാനവീകരണ പദ്ധതികള്‍

2013 മുതല്‍, ഭരണത്തിന്‍റെ ആരംഭനാള്‍മുതല്‍ പാപ്പാ ഫ്രാന്‍സിസ്  തുടക്കമിട്ട സഭാനവീകരണ പദ്ധതി, റോമന്‍ കൂരിയയുടെ ഉടച്ചുവാര്‍ക്കല്‍, ഒരു പതറാത്ത പദ്ധതിയായി തുടരുകയാണ്. ഫെബ്രുവരി 18-20വരെ തിയതികളില്‍ അതിന്‍റെ 28-‍Ɔമത്തെ യോഗവുമായി 2019-ലും പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുപോകും.

സഭയെ അലട്ടുന്ന ശുശ്രൂഷകരുടെ പീഡനക്കേസുകള്‍
സഭയിലെ പീഡനക്കേസുകള്‍ക്ക് അറുതിവരുത്താനുള്ള പദ്ധതിയുടെ ഭാഗമായി, ആഗോളസഭയിലെ ആദ്യത്തെ അത്യപൂര്‍വ്വ സംഗമം ഫെബ്രുവരിയില്‍ നടക്കും. ലോകത്തെ എല്ലാ ദേശീയ മെത്രാന്‍ സമിതികളുടെയും അദ്ധ്യക്ഷന്മാരെയും ഫെബ്രുവരി 21-24 തിയതികളില്‍ വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്നു. സത്യത്തിന്‍റെയും നീതിയുടെയും പാതകള്‍ സഭയില്‍ കൂടുതല്‍ സ്ഥിരീകരിക്കാനുള്ള വലിയ നീക്കമായി ഈ സംഗമത്തെ വീക്ഷിക്കാവുന്നതാണ്.

മൊറോക്കോ അപ്പസ്തോലിക പര്യടനം
ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര മാര്‍ച്ച് 30, 31 തിയതികളിലാണ്. മുസ്ലിം-ക്രൈസ്തവ മതസൗഹാര്‍ദ്ദത്തിന്‍റെ പാതയിലെ മറ്റൊരു കാല്‍വയ്പാണ് ബഹുഭൂരിപക്ഷം മുസ്ലീങ്ങളുള്ള രാജ്യത്തേയ്ക്കുള്ള ഈ പുറപ്പാട്!

ബാള്‍ടിക് ബല്‍ഗേറരിയയില്‍
മാര്‍ച്ചിലെ ചെറിയ വിശ്രമത്തിനുശേഷം ഏപ്രില്‍ മാസത്തില്‍ സംഭവിക്കുന്നതാണ് കിഴക്കന്‍ യൂറോപ്പിലെ ബള്‍ഗേറിയ സന്ദര്‍ശനം.

മദര്‍ തെരേസായുടെ നാട്ടിലേയ്ക്ക്
മെയ് 5-മുതല്‍ 7-വരെ തിയതികളില്‍ മാസിഡോണിയ സന്ദര്‍ശനം,  വീണ്ടും മറ്റൊരു ബാള്‍ടിക് രാജ്യത്തേയ്ക്കാണ്. കത്തോലിക്കര്‍ ന്യൂനപക്ഷവും, ഓര്‍ത്തഡോക്സ് ക്രൈസ്തവകൂട്ടായ്മയുടെ ബഹുഭൂരിപക്ഷ സാന്നിദ്ധ്യവുമുള്ള ബാള്‍ടിക് നാടുകളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ മേല്പറഞ്ഞ യാത്രകള്‍ക്ക് വലിയ സഭൈക്യമാനമുണ്ട് (Ecumenical perspective).

സൂര്യോദയത്തിന്‍റെ നാട്ടിലേയ്ക്ക്
ജപ്പാന്‍ സന്ദര്‍ശനവും 2019-ല്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിധത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഈശോസഭാ വൈദികരുടെ പരിശ്രമഫലമായി വിശ്വാസം ഉദയംചെയ്തതിന്‍റെ രണ്ടാം ശതാബ്ദി സ്മരണയുമായിട്ടാണ്, ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാന്‍സിസ്  “സൂര്യോദയത്തിന്‍റെ നാട്ടില്‍” കാലുകുത്താന്‍ പോകുന്നത്.

തദ്ദേശീയ ജനതയ്ക്കുവേണ്ടിയൊരു സിനഡുസമ്മേളനം
ഒക്ടോബറില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ആമസോണിയന്‍ തദ്ദേശജനതകള്‍ക്കുള്ള സിന‍ഡു സമ്മേളനം 2019 ഒക്ടോബറില്‍ അരങ്ങേറുമ്പോള്‍, സഭയുടെ ഭാഗത്തുനിന്നും മനുഷ്യാവകാശത്തിന്‍റെ മേഖലയിലെ വലിയ കാല്‍വയ്പായിരിക്കും അത്.

കാരുണ്യത്തിന്‍റെ തീര്‍ത്ഥാടകനെ  പ്രാര്‍ത്ഥനയോടെ പിന്‍ചെല്ലാം
വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 8 മാസങ്ങളും നിറയുമാറ് സഭാപ്രവര്‍ത്തനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടു നീങ്ങുമ്പോള്‍, എന്നും ജനങ്ങളോട് പ്രാര്‍ത്ഥന യാചിക്കുന്ന കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഈ സ്നേഹപ്രവാചകനെ പ്രാര്‍ത്ഥനയോടെ നമുക്കും അനുഗമിക്കാം!

03 January 2019, 19:32