Pope Francis at the window of the Apostolic Palace in Vatican - Solemnity of Ephiphany Pope Francis at the window of the Apostolic Palace in Vatican - Solemnity of Ephiphany 

ഔദാര്യമുള്ള സമര്‍പ്പണത്തില്‍ എത്തിച്ചേരുന്ന ഈശ്വരാന്വേഷണം!

ജനുവരി 6 -Ɔο തിയതി ഞായറാഴ്ച പ്രത്യക്ഷീകരണ മഹോത്സവനാളിലെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ത്രികാലപ്രാര്‍ത്ഥനാസന്ദേശത്തിലെ ചേര്‍പ്പുകള്‍ - ശബ്ദരേഖ

പ്രത്യക്ഷീകരണം പ്രകാശത്തിന്‍റെ മഹോത്സവം
യൂറോപ്പിലെ ശൈത്യകാലം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്കുന്ന സമയമാണെങ്കിലും, പ്രകാശത്തിന്‍റെ പ്രത്യക്ഷീകരണ മഹോത്സവത്തെ ദ്യോതിപ്പിക്കാനെന്നപോലെ സൂര്യന്‍ പതിവിലേറെ ശോഭയാര്‍ന്നു നിന്നു. ശൈത്യത്തിന്‍റെ ആധിക്യത്തെ അത് തെല്ലൊന്നു ശമിപ്പിക്കുകയും ചെയ്തു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് രാവിലെ അര്‍പ്പിച്ച തിരുനാള്‍ ദിവ്യബലിയില്‍ പങ്കെടുത്തവരും, തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി നിത്യനഗരത്തില്‍ എത്തിയവര്‍ ആയിരങ്ങളാണ്. കൂടാതെ പൂജരാജാക്കളുടെ ദൃശ്യാവിഷ്ക്കാരങ്ങളും, ചമയങ്ങളും, മറ്റ് അലങ്കാര കാഴ്ചകളുമായി കുതിരപ്പുറത്തും വാഹനങ്ങളിലും എത്തിയവര്‍ കൂടിയായപ്പോള്‍ അപ്പസ്തോലിക അരമനയുടെ മുന്‍ഭാഗത്തെ ത്രികാലപ്രാര്‍ത്ഥനാവേദി ജനാവലിയുടെ വന്‍അരങ്ങായി.  മദ്ധ്യാഹ്നം 12 മണിയായതും, പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രത്യക്ഷപ്പെട്ടു.  കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു. 

വെളിപ്പെടുത്തലിന്‍റെ തിരുനാള്‍
പ്രത്യക്ഷീകരണ മഹോത്സവത്തിന്‍റെ ആശംസകള്‍...! പ്രത്യക്ഷീകരണം യേശുവിന്‍റെ വെളിപ്പെടുത്തലിന്‍റെ തിരുനാളാണ്. അതൊരു നക്ഷത്രത്തിലൂടെയാണ് പ്രതിനിധാനം ചെയ്യപ്പെട്ടത്. പ്രവാചകഗ്രന്ഥങ്ങള്‍ ഈ പ്രകാശത്തെക്കുറിച്ച് പറയുന്നുണ്ട്. ഏശയ പ്രവാചകന്‍ ജരൂസലത്തെ നോക്കി അതിന്‍റെ ഭാവി മഹത്വത്തെക്കുറിച്ചു പ്രവചിച്ചു. “ജരൂസലേമേ, ഉണര്‍ന്നു പ്രകാശിക്കൂ. നിന്‍റെ പ്രകാശം ഇതാ, വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദയംചെയ്തിരിക്കുന്നു” (ഏശയ 60, 1). ഉണരാനും ഉണര്‍ന്ന് എഴുന്നേല്ക്കാനുമാണ് പ്രവാചകന്‍റെ ക്ഷണം. ഇതാ, വെളിച്ചം പരന്നിരിക്കുന്നു! ഇവിടെ പ്രകാശം ആശ്ചര്യാവഹവും, ഒരുപോലെ ആശ്വാസദായകവുമാണ്! കാരണം, ഇസ്രായേല്‍ ജനത്തിന്‍റെ കഠിനമായ വിപ്രവാസത്തിനും, അവര്‍ അനുഭവിച്ച കണക്കില്ലാത്ത പീഡനങ്ങളുടെ കലുഷിതമായ കാലഘട്ടത്തിനും ശേഷമാണ് പ്രത്യാശയുടെ ഈ വെളിച്ചം ഉദയംചെയ്തിരിക്കുന്നത്.  

പ്രകാശമാകാന്‍ ഒരു ക്ഷണം
ക്രിസ്തുവിന്‍റെ പിറവിത്തിരുനാള്‍ ആഘോഷിച്ച സകലര്‍ക്കുമുള്ളതാണ് ഈ ക്ഷണം. ബെതലഹേമിലെ ആ ദിവ്യപ്രഭയാല്‍ സകലരും തെളിഞ്ഞു പ്രശോഭിക്കാന്‍ ഈ ക്ഷണം ആഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബെതലഹേം സംഭവത്തിന്‍റെ ബാഹ്യപ്പൊലിമയില്‍ മാത്രം  മുഴുകി നാം അതില്‍ ഭ്രമിച്ചുപോകരുത്. പകരം അവിടെനിന്നു തുടങ്ങി, സകലരും – വിശ്വാസികളും സകല മനുഷ്യരും ജീവിതയാത്ര നവമായ പാതകളിലേയ്ക്ക് മുന്നോട്ടു മുന്നോട്ടു നയിക്കാന്‍ ഇടയാകണം എന്നതാണ് ഈ പ്രവാചക ക്ഷണത്തിന്‍റെ പൊരുള്‍!

സകലര്‍ക്കും രക്ഷയുടെ പ്രകാശം
നൂറ്റാണ്ടുകള്‍ക്കു മുന്‍പു പ്രവാചകന്മാര്‍ മൊഴിഞ്ഞ ആ ദിവ്യതേജസ്സ് സുവിശേഷത്തില്‍ തെളിഞ്ഞു കാണാം,  ആ വെളിച്ചം നമുക്കും സ്വീകരിക്കാം. ദാവീദിന്‍റെ പട്ടണമായ ബെതലഹേമില്‍  യേശു പിറന്നത്ത ന്‍റെ ചാരത്തെത്തുന്നവര്‍ക്കും, തന്നില്‍നിന്ന് അകന്നിരിക്കുന്നവര്‍ക്കും – സകലര്‍ക്കും രക്ഷയുടെ പ്രകാശം പകര്‍ന്നു നല്കാനാണ്. ക്രിസ്തുവിനെയും അവിടുത്തെ ദിവ്യതേജസ്സിനെയും കണ്ടെത്താനും, കണ്ടെത്തിയവര്‍ക്ക് അവിടുത്തെ ദൈവിക സാന്നിദ്ധ്യത്തോടു പ്രതികരിക്കാനും ലഭിച്ച വിവിധ രീതികള്‍ സുവിശേഷകനായ വിശുദ്ധ മത്തായി വിവരിക്കുന്നുണ്ട്.

നന്മ കാണാത്ത “ഹേറോദേസുക്കള്‍”
ഹേറോദേസ് രാജാവും അയാളുടെ നിയമഞ്ജരും പ്രമാണിമാരും യേശുവിന്‍റെ ജനനത്തോടും അവിടുത്തെ സന്ദര്‍ശനത്തോടും പ്രതികരിച്ചത് വളരെ ക്രൂരമായിട്ടാണ്. പ്രകാശമുണ്ടായിട്ടും ഇരുട്ടിനെ ഇഷ്ടപ്പെട്ടവരെപ്പോലെയായിരുന്നു അവരുടെ പ്രതികരണം. അതുകൊണ്ടുതന്നെയാണ് അവര്‍ ആ ദിവ്യശിശുവിനെ കാണാന്‍ ഇഷ്ടപ്പെടാതിരുന്നത്. യേശുവിന്‍റെ പക്കല്‍ വരാനും അവിടുത്തെ സ്വീകരിക്കാനും, അല്ലെങ്കില്‍ ഉള്‍ക്കൊള്ളാനും വിസമ്മതിക്കുന്നവരുടെ പ്രതീകമാണവര്‍. ഇന്നും അതുപോലുള്ളവര്‍ നിരവധിയാണ്. അവര്‍, ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളോടു നിസംഗത കാണിക്കുന്നവരാണ്. തന്‍റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഹേറോദേസ് രാജാവ് പ്രതികരിച്ചത്. അയാള്‍ ജനനന്മ ആഗ്രഹിച്ചൊന്നുമല്ല അപ്രകാരം പ്രവര്‍ത്തിച്ചത്, മറിച്ച് സ്വാര്‍ത്ഥതാല്പര്യങ്ങളും, അധികാരം നഷ്ടമാകുമോ എന്ന ഭീതയും വച്ചുപുലര്‍ത്തിക്കൊണ്ടായിരുന്നു.  അതുപോലെ ഇസ്രായേലിലെ നിയമഞ്ജന്മാരും പ്രമാണിമാരും അവരുടെ ചുറ്റുവട്ടങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് ഒന്നു നോക്കാന്‍പോലും വിസമ്മതിക്കുന്നവരായിരുന്നു. അങ്ങനെ യേശുവിലുള്ള നവീനതയും നന്മയും കാണാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നു.

നവീനതയോടു തുറവുള്ളവര്‍
മറുഭാഗത്ത് കിഴക്കുനിന്നും വന്ന രാജാക്കന്മാരുടെ അനുഭവം വ്യത്യസ്തമാണ് (മത്തായി 2, 1-12). അവര്‍ പരമ്പരാഗത  യഹൂദ വിശ്വാസത്തില്‍പ്പെട്ട എല്ലാവരെയുംപോലെയാണ്. എങ്കിലും അവര്‍ ആ ദിവ്യനക്ഷത്രത്താല്‍ ആനീതരാകാന്‍ സന്നദ്ധരാകുന്നു,  അപകടമേറിയ ഒരു നീണ്ടയാത്രയ്ക്കും തയ്യാറാകുന്നു. അങ്ങനെ അവര്‍ മിശിഹായെക്കുറിച്ചുള്ള സത്യമറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു. പൂജരാജാക്കള്‍ നവീനതയോട് തുറവുള്ളവരായിരുന്നു. അങ്ങനെ അവരാണ് ചരിത്രത്തിലെ ഏറ്റവും സമുന്നതവും അത്ഭുതമൂറുന്നതുമായ നവീനതയെ ലോകത്തിനു വെളിപ്പെടുത്തിയത്! എന്താണ് ആ നവീനത, അല്ലെങ്കില്‍ അഭിനവത്വം – ദൈവം മനുഷ്യനായി എന്ന സത്യമാണ് ആ നവീനത!
 
ഈശ്വരാന്വേഷണത്തിന്‍റെ അന്ത്യം ഔദാര്യസമര്‍പ്പണം
പുല്‍ക്കൂട്ടിലെ യേശുവിന്‍റെ മുന്നില്‍ മുട്ടുകുത്തി നമ്രശിരസ്ക്കരായ പൂജരാജാക്കള്‍ അവിടുത്തേയ്ക്ക് പ്രതീകാത്മകമായി കാണിക്കകള്‍ സമര്‍പ്പിച്ചു - സ്വര്‍ണ്ണവും മീറയും കുന്തുരുക്കവും കാഴ്ചവച്ചു! കാരണം ദൈവത്തിനായുള്ള അന്വേഷണം വെറും കണ്ടെത്തലില്‍ മാത്രം പൂര്‍ത്തിയാകുന്നില്ല, മറിച്ച് ജീവിതസമര്‍പ്പണത്തിന്‍റെ ഔദാര്യത്തിലാണ് അത് സമ്പൂര്‍ണ്ണമാകുന്നത്. “അവസാനം സ്വദേശങ്ങളിലേയ്ക്ക് അവര്‍  മടങ്ങി,”യെന്നും, “മറ്റൊരു വഴിയെ”യായിരുന്നു അവരുടെ മടക്കയാത്രയെന്നും സുവിശേഷം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 2, 12).  ഇവിടെ നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവുമായി കണ്ടുമുട്ടുന്ന ഏതൊരു വ്യക്തിയും, ഏതൊരു സ്ത്രീയും പുരുഷനും തന്‍റെ ജീവിതരീതികളില്‍ മാറ്റംവരുത്തുന്നു. ആ വ്യക്തി നവമായൊരു ജീവിതപാത തിരഞ്ഞെടുക്കുന്നു. പൂജരാജാക്കളെപ്പോലെ അയാള്‍ “മറ്റൊരു വഴിയെ” ജീവിതനവീകരണത്തിന്‍റെ പാതയില്‍ മുന്നേറുന്നു.

ക്രിസ്തുവിന്‍റെ സാര്‍വ്വത്രികത
കിഴക്കിന്‍റെ രാജാക്കന്മാര്‍ “നാടുകളിലേയ്ക്കു” മടങ്ങിയത് അവര്‍ക്കൊപ്പം ദരിദ്രനും വിനീതനുമായൊരു രാജാവിന്‍റെ ദിവ്യരഹസ്യം മനസ്സില്‍ പേറിക്കൊണ്ടാണ്. തീര്‍ച്ചയായും തങ്ങള്‍ക്കു കിട്ടിയ അനുഭവം, ക്രിസ്തുവില്‍ ദൈവം ലോകത്തിനു നല്കുന്ന രക്ഷ സകലര്‍ക്കുമുള്ളതാണെന്ന സത്യം അവര്‍ എല്ലാവരുമായി പങ്കുവച്ചു  കാണും. അതിനാല്‍ ബെതലഹേമിലെ ആ ദിവ്യശിശുവിനെ ആര്‍ക്കും കൈയ്യടക്കി വയ്ക്കാനാവില്ല. കാരണം അവിടുന്ന് സകലര്‍ക്കുമുള്ള സമ്മാനമാണ്!

രക്ഷകനിലേയ്ക്കു നയിക്കുന്ന ദിവ്യനക്ഷത്രം മറിയം
ശാന്തമായി ചിന്തിക്കാം, വിലയിരുത്താം! ബെതലഹേമിലെ ആ ദിവ്യശിശുവിന്‍റെ പ്രകാശത്താല്‍ ആദ്യം നമുക്കു പ്രശോഭിതരാകാം. നമ്മുടെ ഉള്ളിലെ അനാവശ്യഭീതി അകറ്റി, ഹൃദയം കഠിനമാക്കാതിരിക്കാം, അല്ലെങ്കില്‍ അടച്ചുകളയാതിരിക്കാം! പുല്‍ത്തൊട്ടിയിലെ വിനീതനും വിവേകിയുമായ ആ ദിവ്യശിശുവിനായി ഹൃദയങ്ങള്‍ തുറക്കാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ! അങ്ങനെയെങ്കില്‍ പൂജരാജക്കളെപ്പോലെ അത്യപൂര്‍വ്വവും ഉള്ളില്‍ ഒതുക്കാനാവാത്തതുമായ ഒരാനന്ദം നമ്മുടെയും ഹൃദയങ്ങളില്‍ വന്നുനിറയും (മത്തായി 2, 10). കിഴക്കുനിന്നുമെത്തിയ രാജാക്കള്‍ക്കും, അവിടുത്തെ തേടിയെത്തുന്ന സകലര്‍ക്കും യേശുവിനെ കാണിച്ചുകൊടുക്കുന്ന സ്വര്‍ഗ്ഗീയ താരമായ പരിശുദ്ധ കന്യകാനാഥ നമ്മെ ജീവിതയാത്രയില്‍ തുണയ്ക്കട്ടെ!

2019 ജനുവരി 6-ന് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാസന്ദേശമാണിത്.
video original track link : https://www.youtube.com/watch?v=G8JeCb0Mj7o

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2019, 17:29