Taize Ecumenical Community of Switzerland Taize Ecumenical Community of Switzerland 

“ആതിഥേയത്വം നാം മറക്കരുത്!” തെയ്സേ സംഗമം സ്പെയിനില്‍

ആഗോളസഭയെ എന്നപോലെ യുവജനങ്ങളെ പ്രത്യേകമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് മാഡ്രിഡിലെ “തെയ്സെ” ശൈത്യകാല സഭൈക്യ കൂട്ടായ്മയ്ക്ക് സന്ദേശം അയച്ചു :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ശൈത്യകാല യുവജനപ്രാര്‍ത്ഥനാസംഗമം സ്പെയ്നില്‍
2018 ഡിസംബര്‍  28-മുതല്‍ 2019 ജനുവരി 1-വരെ തിയതികളിലാണ് തെയ്സെ (Taize) 41-Ɔമത് യൂറോപ്യന്‍ സംഗമം സ്പെയിനിലെ മാഡ്രിഡ് നഗരത്തില്‍ അരങ്ങേറുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 15,000-ത്തില്‍പ്പരം യുവജനങ്ങള്‍  പ്രാര്‍ത്ഥനാക്കൂട്ടായ്മയ്ക്കായി റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാഡ്രിഡിലെ 170 ഇടവകകളിലെ കുടുംബങ്ങളും അവയുടെ സ്ഥാപനങ്ങളിലുമായി യുവജനങ്ങള്‍ക്ക് ആതിഥ്യം ഒരുക്കുമെന്ന് ഡിസംബര്‍ 26-ന് ഇറക്കിയ തെയ്സെയുടെ പ്രസ്താവന വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് തെയ്സെ കൂട്ടായ്മയോട്... 
“നമുക്ക് ആതിഥ്യം മറന്നുപോകാതിരിക്കാം!” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ആപ്തവാക്യമാക്കിക്കൊണ്ടാണ് വര്‍ഷാന്ത്യത്തിന്‍റെയും പുതുവത്സരത്തിന്‍റെയും ദിനങ്ങള്‍ കോര്‍ത്തിണക്കി യൂറോപ്പിലെ യുവജനങ്ങള്‍ ബാര്‍സലോണയില്‍ സംഗമിക്കുന്നത്.  ലെബനോണിലെ ബെയ്റൂട്ടിലെയും, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെയും “തെയ്സെ 2018” സംഗമങ്ങളെ ഉത്തേജിപ്പിച്ച ആതിഥ്യത്തിന്‍റെ പ്രമേയവുമായിട്ടാണ് യൂറോപ്പിലെ യുവജനങ്ങള്‍ മാഡ്രിഡില്‍ സംഗമിക്കുന്നത്.

ക്രിസ്തു തരുന്ന സാഹോദര്യത്തിന്‍റെ സൗഹൃദം
മറ്റുള്ളവര്‍ക്കൊപ്പം ജീവിതയാത്രയില്‍ നടക്കാനും, സ്നേഹക്കൂട്ടായ്മയില്‍ പങ്കുചേരാനും, അവരുടെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കാനുമുള്ള സാദ്ധ്യതകളും സാഹചര്യങ്ങളും വിട്ടുകളയരുത്. ക്രൈസ്തവര്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറക്കാന്‍ ഒരിക്കലും ഭയപ്പെടരുത്. അപരന് ഇടം നല്കിക്കൊണ്ട് സാഹോദര്യത്തിന്‍റെ തലങ്ങളാണ് അവര്‍ക്കായ് തുറക്കേണ്ടത്. അങ്ങനെ ക്രിസ്തുവിനായി ഹൃദയങ്ങള്‍ തുറന്നിട്ടുള്ളവര്‍ അവിടുത്തെ വചനം ഉള്‍ക്കൊണ്ടും,  സൗഹൃദം സ്വീകരിച്ചും ഏറെ പ്രകടമാകുന്ന സാഹോദര്യക്കൂട്ടായ്മയിലേയ്ക്ക് സ്വയം വളരുകയും മാനവികതയെ വളര്‍ത്തുകയും ചെയ്യും. അതുവഴി അന്യരുടെ വ്യത്യാസങ്ങളും വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ക്രൈസ്തവര്‍ക്കു സാധിക്കും.

അപരനെ സഹോദരനായി ഉള്‍ക്കൊള്ളുന്നവര്‍ സ്വന്തം കഴിവുകള്‍ അന്യരുടെ കഴിവുകളോടു ചേര്‍ത്തു കാണുകയും, കൂട്ടായ്മയുടെ പ്രകടമായ സംസ്കാരം ചുറ്റും വളര്‍ത്താന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ ഔദാര്യമുള്ള ആതിഥ്യം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ക്രൈസ്തവരെ സഹായിക്കുന്നത് ക്രിസ്തുവുമായുള്ള സൗഹൃദമാണെന്ന് മനസ്സിലാക്കാം.

തെയ്സെ – സഭൈക്യ യുവജനക്കൂട്ടായ്മ
പ്രോടസ്റ്റന്‍റ്, കാത്തലിക്, ഓര്‍ത്തഡോക്സ് വിഭാഗങ്ങളിലെ ക്രൈസ്തവരായ യുവജനങ്ങളുടെ കൂട്ടായ്മയാണ് തെയ്സെ. ദൈവത്തിലുള്ള വിശ്വാസത്താലും സ്നേഹത്താലും പ്രചോദിതരാകുമ്പോഴാണ് സഹോദരങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള വൈവിധ്യങ്ങളും വ്യത്യാസങ്ങളും മറന്ന് ഐക്യപ്പെടുന്ന കൂട്ടായ്മയുടെ തനിമയാണ് തെയ്സെ. ക്രിസ്തുവില്‍ ഒന്നാകുവാനും, അന്യരെ ജീവിതത്തിന്‍റെ വിവിധ തലങ്ങളിലും തുറകളിലും സ്വീകരിക്കാനും പരസ്പരം കൈകോര്‍ത്തു ജീവിതത്തില്‍ മുന്നേറാനും പരിശുദ്ധാത്മാവ് യുവജനങ്ങളെ ഓരോരുത്തരെയും തുണയ്ക്കട്ടെ. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിസന്ധികളെ ഒരുമിച്ചു കാണാനും, വ്യത്യാസങ്ങള്‍ മറക്കാനും, അവയെ തരണംചെയ്യാനും തെയ്സെയുടെ പ്രാര്‍ത്ഥനാകൂട്ടായ്മ യുവജനങ്ങള്‍ക്കു ശക്തിപകരട്ടെ!

ദൈവസ്നേഹം പ്രചോദിപ്പിക്കുന്ന സഹോദരസ്നേഹം
സ്നേഹം ധൈര്യമുള്ളതും ത്യാഗപൂര്‍ണ്ണവുമാണെന്ന് പരിശുദ്ധ കന്യകാനാഥ തന്‍റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നു. ദൈവത്തെ സ്നേഹിക്കാന്‍ പ്രചോദനമേകുന്ന സ്നേഹം, സഹോദരങ്ങളെ സ്നേഹിക്കാനും, ശുശ്രൂഷിക്കാനും, ജീവിതപരിസരങ്ങളില്‍ അവര്‍ക്കൊപ്പം സാഹോദര്യത്തില്‍ ജീവിക്കാനും കരുത്തേകട്ടെ! ദൈവകൃപയാല്‍ നിറഞ്ഞ്, യുവജനങ്ങള്‍ അവരുടെ ചെറുതും വലുതുമായ കഴിവുകള്‍ ലോകത്തിന്‍റെയും സഹോദരങ്ങളുടെയും നന്മയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കട്ടെ. കുടിയേറ്റത്തിന്‍റെ മേഖലയില്‍ മനുഷ്യകുലം ഇന്നു നേരിടുന്ന ആതിഥ്യത്തിന്‍റെ വെല്ലുവിളികളെ മറികടക്കാന്‍ യുവജനങ്ങള്‍ക്കുള്ള സര്‍ഗ്ഗാത്മകമായ കാഴ്ചപ്പാട് തീര്‍ച്ചയായും സഹായകമാണ്! അതുവഴി മുറിപ്പെട്ട ലോകത്തിന് സാന്ത്വനത്തിന്‍റെ സഹായഹസ്തം നീട്ടാന്‍ യുവജനങ്ങള്‍ക്കു സാധിക്കട്ടെ!

ബ്രദര്‍ റോജറിന്‍റെ സഭൈക്യസ്വപ്നം
ബ്രദര്‍ റോജര്‍ എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 41-Ɔമത് സംഗമമാണ് ഈ ദിനങ്ങളില്‍ (ഡിസംബര്‍ 28- ജനുവരി 1, 2019) മാ‍‍ഡ്രിഡില്‍ ഒത്തുചേരുന്നത്. പ്രസ്ഥാനത്തെ ആഗോളതലത്തില്‍ ഇന്നു നയിക്കുന്നത് ബ്രദര്‍ ആലോയ്സ് ലോസറാണ്. വ്യത്യസ്ത ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് തെയ്സെ. ക്രിസ്തുവിന്‍റെ സുവിശേഷം ക്രൈസ്തവമക്കളെ ഇനിയും ഐക്യപ്പെടുത്തട്ടെയെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ക്രൈസ്തവര്‍ കൈകോര്‍ത്തു നീങ്ങാനും,  ക്രിസ്തുവിന് സാക്ഷ്യംവഹിക്കാനും ഇടവരട്ടെ!  ഈ ആശംസയോടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍വഴി ഡിസംബര്‍ 22-ന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2018, 09:57