ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ ജീവനക്കാരുമൊത്ത് പോള്‍ ആറാമന്‍ ശാലയില്‍ തിരുപ്പിറവിത്തിരുന്നാളാശംസകള്‍ കൈമാറാന്‍ എത്തിയ വേളയില്‍ 21/12/18 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ ജീവനക്കാരുമൊത്ത് പോള്‍ ആറാമന്‍ ശാലയില്‍ തിരുപ്പിറവിത്തിരുന്നാളാശംസകള്‍ കൈമാറാന്‍ എത്തിയ വേളയില്‍ 21/12/18  

വിശുദ്ധിയാണ് സന്തോഷ സരണിയെന്ന് ഫ്രാന്‍സീസ് പാപ്പാ

യേശുവിന്‍റെ സാന്നിധ്യത്തിന്‍റെ ആനന്ദം നമ്മില്‍ പ്രസരിക്കാന്‍ അനുവദിച്ചുകൊണ്ട് വിശുദ്ധി പ്രാപിക്കുക, വിശുദ്ധിയെ ഭയപ്പെടരുത്- പാപ്പാ വത്തിക്കാന്‍ ജീവനക്കാരോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സന്തോഷമുള്ളവരാകണമെങ്കില്‍ വിശുദ്ധി പ്രാപിക്കണമെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (21/12/18) വത്തിക്കാനിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് ക്രിസ്തുമസ് ആശംസകള്‍ നേരുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പ്രതിമകണക്കെയുള്ള വിശുദ്ധരല്ല, പ്രത്യുത, ജീവിതംകൊണ്ട്, നമ്മുടെ സ്വഭാവത്തോടും കുറവകളോടും, പാപങ്ങളോടും കൂടെയാണെങ്കിലും, നമ്മള്‍, സദാ നമ്മുടെ മദ്ധ്യെയുള്ള യേശുവിന്‍റെ സാന്നിധ്യം നമ്മില്‍ പ്രസരിക്കാന്‍ അനുവദിച്ചുകൊണ്ട്, വിശുദ്ധി പ്രാപിച്ചവരാകണം എന്ന് പാപ്പാ വ്യക്തമാക്കി.

ആരും വിശുദ്ധരായി ജനിക്കുന്നില്ല, മറിച്ച്, വിശുദ്ധരായിത്തീരുകയാണ് എന്ന സത്യം നമുക്കും ബാധകമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

നിരവധിയായ ഉത്ക്കണ്ഠകള്‍ക്കു ശേഷം, യൗസേപ്പും മറിയവും അത്യധികമായ വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ ദൈവത്തിന്‍റെ ദാനമായ ഉണ്ണിയേശുവിനെ സ്വീകരിച്ചതിനാല്‍ അവിടത്തെ നോക്കിയ അവര്‍ ആനന്ദപൂരിതരായി എന്ന് പാപ്പാ പറഞ്ഞു.

വിശുദ്ധരായിരിക്കുക എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു ദു:ഖത്തിനു വിപരീതമായ സന്തോഷം എന്ന് പാപ്പാ, “വിശുദ്ധരാകാതിരിക്കുക എന്നത് ഒരു ദുഃഖമാണ്” എന്ന ഫ്രഞ്ച് എഴുത്തുകാരനായ ലിയൊണ്‍ ബ്ലുവയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.

ചില വലിയ പുല്‍ക്കൂടുകളില്‍ നിരവധി വ്യക്തികള്‍, അതായത്, ചെരുപ്പുകുത്തി, ജലവാണിഭക്കാരന്‍, കൊല്ലന്‍, റൊട്ടിയുണ്ടാക്കുന്നവന്‍ തുടങ്ങിയവര്‍ സന്തോഷവദനരായി അവതരപ്പിക്കപ്പെട്ടിരിക്കുന്നത് കാണാമെന്നും, ആ ആനന്ദത്തിനു കാരണം യേശുവിന്‍റെ  പിറവിയെന്ന സംഭവത്തിന്‍റെ ആനന്ദത്താല്‍ അവര്‍ സംക്രമിതരായതാണെന്നും പാപ്പാ വിശദീകരിച്ചു.

സന്തോഷത്തിന്‍റെ അതിവിശിഷ്ടമായ ഒരുത്സവമാണ് തിരുപ്പിറവിയാഘോഷം എന്ന വസ്തുത അനുസ്മരിച്ച പാപ്പാ നിരവധിയായ കാര്യങ്ങളില്‍ വ്യാപൃതരായി അവസാനം നിരവധിയാളുകള്‍, നമ്മള്‍ തന്നെയും, സന്തോഷം ഇല്ലാത്തവരായി മാറുന്നതും, അഥവാ, സന്തോഷം ഉണ്ടെങ്കില്‍ത്തന്നെ അത് വെറും ഉപരിപ്ലവം മാത്രമാകുന്നതും എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിച്ചു.

സന്തോഷത്തിന്‍റെ സരണി വിശുദ്ധിയാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ആ വിശുദ്ധിയെ ഭയപ്പെടരുതെന്ന് ഓര്‍മ്മിപ്പിക്കുകയും എല്ലാവര്‍ക്കും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2018, 13:47