ഫ്രാന്‍സീസ് പാപ്പാ റോമന്‍ കൂരിയാ അംഗങ്ങള്‍ക്ക് തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ നേരുന്നു 21-12-18 ഫ്രാന്‍സീസ് പാപ്പാ റോമന്‍ കൂരിയാ അംഗങ്ങള്‍ക്ക് തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ നേരുന്നു 21-12-18 

ദൈവിക പ്രകാശകിരണങ്ങളെ പ്രതിരോധക്കാനാകില്ല-പാപ്പാ

നമ്മുടെ മാനുഷികമായ ദുരവസ്ഥയുണ്ടെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ വെളിച്ചം നിരന്തരം പ്രകാശിക്കുമെന്ന ഉറപ്പാണ് ഒരോ വര്‍ഷവും തിരുപ്പിറവി നമുക്ക് പ്രദാനം ചെയ്യുന്നത്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മെ ആന്ദഭരിതരാക്കുകയും, ദൈവത്തിന്‍റെ കാരുണ്യത്തെ വെല്ലാന്‍ പോന്നത്ര വലിയ പാപമില്ലെന്നും മാനവഹൃദയങ്ങളില്‍ പിറക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നതില്‍ നിന്ന് ദൈവിക വെളിച്ചത്തെ തടയാന്‍ മാനുഷിക പ്രവര്‍ത്തികള്‍ക്കൊന്നിനും സാധിക്കില്ലെന്നുമുള്ള ഉറപ്പ് നമുക്കേകുകയും ചെയ്യുന്നതാണ് തിരുപ്പിറവിയെന്ന് മാര്‍പ്പാപ്പാ.

ക്രിസ്തുമസ് ആശംസകള്‍ നേരുന്നതിന് റോമന്‍കൂരിയായിലെ അംഗങ്ങളെ പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റെയിന്‍ ശാലയില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

സാമൂഹ്യരാഷ്ട്രീയമതപരങ്ങളായ പ്രക്ഷുബ്ധാവസ്ഥ നിവിലുണ്ടായിരുന്ന ഇരുണ്ട ഒരു കാലഘട്ടത്തിലായിരുന്നു യേശുവിന്‍റെ ജനനമെന്നും, ഒരു ഭാഗം കാത്തിരുന്ന ആ പിറവി മറ്റൊരു വിഭാഗം തിരസ്കരിക്കുകയായിരുന്നുവെന്നും എന്നാല്‍ ദൈവത്തിന്‍റെ യുക്തി തിന്മകള്‍ക്കു മുന്നില്‍ സ്തംഭിച്ചു നില്ക്കാതെ മുന്നോട്ടു പോകുകയും തിന്മയെ സമൂലം, ക്രമേണ നന്മയായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്നും പാപ്പാ വിശദീരിച്ചു.

ഇളകിമറിഞ്ഞ ഒരു ലോകത്തിലാണ് സഭ ജീവിക്കുന്നതെന്നും ഇക്കൊല്ലം ഏറെ ബുദ്ധിമുട്ടുകളെയും കൊടുങ്കാറ്റുകളെയും സഭാനൗകയ്ക്ക് നേരിടേണ്ടിവന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ അവളുടെ തീര്‍ത്ഥാടനം സന്തോഷ സന്താപങ്ങള്‍ക്കും ഇടയിലൂടെയും നേട്ടങ്ങള്‍ക്കും ബാഹ്യവും ആന്തരികവുമായ ബുദ്ധിമുട്ടുകള്‍ക്കും   ഇടയിലൂടെയും തുടരുകയാണെന്നും ആന്തരിക യാതനകളാണ് എന്നും കൂടുതല്‍ വേദനാജനകവും വിനാശകരവുമെന്നും പാപ്പാ പറഞ്ഞു.

സ്വദേശം വിട്ട് അന്യ നാടുകളിലേക്കു ജീവിതം അപകടപ്പെടുത്തി, മരണത്തെപ്പോലും മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെയും ക്രിസ്തുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പീഢിപ്പിക്കപ്പെട്ട നിണസാക്ഷികളുടെയും സമര്‍പ്പിതരും വൈദികരും മെത്രാന്മാരുമടങ്ങുന്ന സഭാശുശ്രൂഷകരില്‍ ചിലരുടെ ലൈംഗിക പീഢനങ്ങള്‍ക്ക് ഇരകളായവരുടെയും അവസ്ഥകളും പാപ്പാ അനുസ്മരിച്ചു.

ദൈവത്തിനു പ്രത്യേകം സമര്‍പ്പിതരായ വ്യക്തികള്‍ ചെയ്യുന്ന പാപങ്ങളും കുറ്റകൃത്യങ്ങളും സഭയുടെ വിശ്വാസ്യതയെ അപകടത്തിലാക്കിക്കൊണ്ട് അവളുടെ മുഖം വികലമാക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഈ കുറ്റവാളികളെ നീതിക്കുമുന്നില്‍ കൊണ്ടുവരുന്നതിനാവശ്യമായതെല്ലാം സഭ ചെയ്യുമെന്നും ഈ കുറ്റകൃത്യങ്ങള്‍ സഭ മറച്ചുവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യില്ലെന്നും പാപ്പാ വീണ്ടും ഉറപ്പു നല്കി.

മാനസാന്തരപ്പെടാനും മാനുഷിക നീതിക്ക് തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും ദൈവിക നീതിക്കായി ഒരുങ്ങിയിരിക്കാനും പാപ്പാ കുട്ടികളെ പീഡിപ്പിച്ചവരെ ആഹ്വാനം ചെയ്തു.

ശുദ്ധീകരണരപ്രക്രിയയുടെ പാതയില്‍ സര്‍വ്വശക്തിയോടുംകുടെ മുന്നേറുന്നതിനുള്ള ഉറച്ച തീരുമാനം സഭ   അടുത്ത ഫെബ്രുവരിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമെന്ന് പാപ്പാ അറിയിച്ചു.

നമ്മുടെ മാനുഷികമായ ദുരവസ്ഥയുണ്ടെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ വെളിച്ചം നിരന്തരം പ്രകാശിക്കുമെന്ന ഉറപ്പാണ് ഒരോ വര്‍ഷവും തിരുപ്പിറവി നമുക്ക് പ്രദാനം ചെയ്യുന്നതെന്നു പറഞ്ഞ പാപ്പാ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുകയും ചെയ്തു.     

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2018, 12:46