ഫ്രാന്‍സീസ് പാപ്പാ ബള്‍ഗേറിയയിലും മാസിഡോണിയായിലും 2019 മെയ് 5-7 വരെ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ ചിഹ്നങ്ങള്‍- ഇടത്ത് ബള്‍ഗേറിയ, വലത്ത് മാസിഡോണിയ ഫ്രാന്‍സീസ് പാപ്പാ ബള്‍ഗേറിയയിലും മാസിഡോണിയായിലും 2019 മെയ് 5-7 വരെ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ ചിഹ്നങ്ങള്‍- ഇടത്ത് ബള്‍ഗേറിയ, വലത്ത് മാസിഡോണിയ 

പാപ്പാ ബാള്‍ക്കന്‍ നാ‌ടുകളിലേക്ക് 2019ല്‍

2019 മെയ് 5-7 വരെ ബള്‍ഗേറിയയിലും മാസിഡോണിയായിലും ഫ്രാന്‍സീസ് പാപ്പായുടെ അജപാലന സന്ദര്‍ശനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ തെക്കുകിഴക്കെ യൂറോപ്യന്‍ നാടുകളായ ബള്‍ഗേറിയയും മാസിഡോണിയായും സന്ദര്‍ശിക്കും.

2019 മെയ് 5-7 വരെ ആയിരിക്കും ഈ ബാള്‍ക്കന്‍ നാടുകളില്‍ പാപ്പായുടെ ഇടയസന്ദര്‍ശനമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ അഥവാ, പ്രസ്സ് ഓഫീസിന്‍റെ, മേധാവി ഗ്രെഗ് ബര്‍ക്ക് വ്യാഴാഴ്ച (13/12/18) ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഈ അജപാലന സന്ദര്‍ശനത്തിന്‍റെ ആദ്യവേദി ബള്‍ഗേറിയ ആയിരിക്കും. അന്നാടിനുവേണ്ടി മെയ് 5,6 തീയതികള്‍ നീക്കിവെച്ചിരിക്കുന്ന പാപ്പാ ബള്‍ഗേറിയായുടെ തലസ്ഥാനനഗരിയായ സോഫിയയിലും ചരിത്രപ്രാധാന്യമുള്ള ത്രൈസ് പ്രദേശത്തെ റക്കോവ്സ്ക്കി പട്ടത്തിലുമായിരിക്കും സന്ദര്‍ശനം നടത്തുക.

യുഗൊസ്ലാവ്യയില്‍ നിന്ന് വേറിട്ട് രൂപംകൊണ്ട മാസിഡോണിയ റിപ്പബ്ലിക്കില്‍ പാപ്പാ എത്തുക മെയ് 7 നായിരിക്കും. അന്നാടിന്‍റെ തലസ്ഥാനമായ സ്കോപ്യെ ആയിരിക്കും പാപ്പായുടെ പര്യടന വേദി.

ഫെബ്രുവരി 3-5 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മാര്‍ച്ച് 30-31 തീയതികളില്‍ മൊറോക്കൊ എന്നീ നാടുകളിലേക്കുള്ള യാത്രകളും പാപ്പായുടെ 2019 ലെ അജപാലന സന്ദര്‍ശനാജണ്ടയില്‍ ഉണ്ട്.

ബള്‍ഗേറിയയില്‍ മെത്രാന്മാരുടെ പ്രതികരണം

പാപ്പായുടെ ബള്‍ഗേറിയ സന്ദര്‍ശനം ആ ദേശത്ത് സമാധാനം പരിപോഷിപ്പിക്കുന്നതിനും അന്നാട് സഹിഷ്ണുതയുടെ വേദിയായി തുടരുന്നതിനും സഹായകമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിച്ചു.

ഈ യാത്രയുടെ ചിഹ്നത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള “ഭൂമിയില്‍ സമാധാനം” എന്നര്‍ത്ഥം വരുന്ന “പാച്ചെം ഇന്‍ തേരിസ്” എന്ന വാക്യത്തിന്‍റെ അഗാധമായ പൊരുളെന്തെന്നും മെത്രാന്മാര്‍ ഈ യാത്രയെ അധികരിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ബള്‍ഗേറിയയിലും ബാള്‍ക്കന്‍ പ്രദേശത്തും ലോകത്തിലും ശാന്തി പുലരണമെങ്കില്‍ നാം ഓരോരുത്തരുടെയും പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ആവശ്യമാണ് എന്ന് മെത്രാന്മാര്‍ വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2018, 12:12