Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ചിലരുമൊത്ത്, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 12-12-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ചിലരുമൊത്ത്, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 12-12-18 

വിശ്വാസത്തിന്‍റെ ബലഹീനരൂപമല്ല യാചനയടങ്ങിയ പ്രാര്‍ത്ഥന-പാപ്പാ

അധികൃതമായ പ്രാര്‍ത്ഥന തീര്‍ത്തും യാചനകളുടെ ഭാരമില്ലാത്ത സ്തുതിപ്പു മാത്രമാണെന്ന സിദ്ധാന്തം ആശ്ലേഷിക്കേണ്ട ബാദ്ധ്യത നമുക്കില്ല. ,ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വിചിന്തനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

താപമാപിനിയില്‍ സൂചിക ന്യൂന താപനിലയിലേക്കു താണ ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ച (12/12/18).അതിരാവിലെ, ന്യൂനം 1, അതായത് മൈനസ് ഒന്നു വരെ താണു താപനില. രാവിലെ ശിശിരകാലാര്‍ക്കകിരണങ്ങള്‍ ഒളിവിതറിയപ്പോഴും അതിശൈത്യം അനുഭവപ്പടുന്നുണ്ടായിരുന്നുവെങ്കിലും  ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ വത്തിക്കാനില്‍ എത്തിയിരുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടും കൂടെ വരവേറ്റു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ക്ക് പാപ്പാ ഹസ്തദാനമേകുകയും കുശലം പറയുകയും ചെയ്തു.  പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

യേശു സ്വശിഷ്യരോടു അരുളിച്ചെയ്തു:9 ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.10 എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. 11 നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?12 മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13 മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക്   അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്ര അധികമായി പരിശുദ്ധാത്മാവിനെ നലകുകയില്ല! (ലൂക്കായുടെ സുവിശേഷം 11:9-13)

ഈ സുവിശേഷ ഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ കഴിഞ്ഞയാഴ്ച “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചാരംഭിച്ച  പുതിയ പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പൊതുദര്‍ശനപ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ച് കഴിഞ്ഞവാരത്തില്‍ തുടക്കംകുറിച്ച പരിചിന്തനം നമുക്കു തുടരാം. ഹ്രസ്വവും എന്നാല്‍ സുധീരവും ഏഴു ചോദ്യങ്ങള്‍ അടങ്ങിയതുമായ ഒരു പ്രാര്‍ത്ഥനയാണ് യേശു സ്വശിഷ്യരെ പഠിപ്പിക്കുന്നത്. ഏഴ് എന്ന സംഖ്യ ബൈബിളില്‍ യാദൃച്ഛികമല്ല, പ്രത്യുത, പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നതാണ്. ധീരമായ പ്രാര്‍ത്ഥനയെന്നു ഞാന്‍ പറയും കാരണം ക്രിസ്തു നിര്‍ദ്ദേശിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ നാമാരും ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല.

ലാളിത്യമാര്‍ന്ന സംബോധന -"പിതാവേ"

ദൈവത്തെ സമീപിക്കാനും വിശ്വാസത്തോടെ അവിടത്തോട് ചില കാര്യങ്ങള്‍ അപേക്ഷിക്കാനും വാസ്തവത്തില്‍ യേശു സ്വശിഷ്യരെ ക്ഷണിക്കുകയാണ്. ഇക്കാര്യങ്ങള്‍ സര്‍വ്വോപരി ദൈവത്തെയും നമ്മെയും സംബന്ധിച്ചതാണ്.  സ്വര്‍ഗ്ഗസ്ഥാനയ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഉപോദ്ഘാതങ്ങളില്ല. കര്‍ത്താവിനെ പ്രീതപ്പെടുത്താനുള്ള സൂത്രവാക്യങ്ങളല്ല യേശു പഠിപ്പിക്കുന്നത്, മറിച്ച്, സംഭ്രമത്തിന്‍റെയും ഭയത്തിന്‍റെയും വേലിക്കെട്ടുകളെ തകര്‍ത്തുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിക്കാനാണ് യേശു ക്ഷണിക്കുന്നത്. “സര്‍വ്വശക്തന്‍”, “അത്യുന്നതന്‍” തുടങ്ങിയതു പോലുള്ള അഭിധാനങ്ങളാല്‍ ദൈവത്തെ വിളിച്ചപേക്ഷിക്കാനല്ല മറിച്ച് ദൃഢവിശ്വാസവും പുത്രനിര്‍വ്വിശേഷ വിശ്വാസവും ആവിഷ്ക്കരിക്കുന്ന “പിതാവേ” എന്ന ലളിതമായ വാക്കുപയോഗിച്ചു പ്രാര്‍ത്ഥിക്കാനാണ് അവിടന്നു പറയുന്നത്.

ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്ന "കര്‍ത്തൃപ്രാര്‍ത്ഥന"

മനുഷ്യന്‍റെ സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ് “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാ‍ര്‍ത്ഥന. ഉദാഹരണമായി, അപ്പം, അന്നന്നത്തെ ആഹാരം ഈ പ്രാര്‍ത്ഥന നമ്മെക്കൊണ്ട് ചോദിപ്പിക്കുന്നു. അത് ലളിതവും എന്നാല്‍ സത്താപരവുമായ ഒരു അഭ്യര്‍ത്ഥനയാണ്. വിശ്വാസം എന്നത് ജീവിതത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്നതും മറ്റെല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടുകഴിയുമ്പോള്‍ ഇടപെടുന്നതുമായ ഒരു അലങ്കാരമല്ല എന്ന് അത് വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ പ്രാര്‍ത്ഥന ജീവിതംകൊണ്ടുതന്നെ തുടങ്ങുന്നു. വയറു നിറഞ്ഞുകഴിഞ്ഞതിനു ശേഷം മാനവാസ്തിത്വത്തില്‍ തുടക്കം കുറിക്കുന്നതല്ല പ്രാര്‍ത്ഥനയെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. മറിച്ച് അത്, മനുഷ്യന്‍, പട്ടിണിയനുഭവിക്കുന്നവനും കരയുന്നവനും പോരാടുന്നവനും യാതനയനുഭവിക്കുന്നവനുമായ മനുഷ്യന്‍, എവിടെയുണ്ടോ അവിടെയല്ലാം പ്രാര്‍ത്ഥനയുണ്ട്. എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നു. നമ്മുടെ ആദ്യ നിശ്വാസത്തോടു ചേര്‍ന്നുവന്ന നിലവിളിയാണ് നമ്മുടെ ആദ്യ പ്രാര്‍ത്ഥനയെന്ന്, ഒരര്‍ത്ഥത്തില്‍, പറയാം. നവജാത ശിശുവിന്‍റെ ആ രോദനത്തില്‍ നമ്മുടെ ആകമാനജീവിതത്തിന്‍റെ ഭാഗധേയം, അതായത്, നമ്മുടെ നിരന്തരമായ വിശപ്പും, തുടര്‍ച്ചയായ ദാഹവും ആനന്ദാന്വേഷണവും, വിളംബരംചെയ്യപ്പെടുകയായിരുന്നു.

മാനവീയതയെ അണയ്ക്കാനും മരവിപ്പിക്കാനും, പ്രാര്‍ത്ഥനയില്‍, യേശു ആഗ്രഹിക്കുന്നില്ല. സകലതും സഹിക്കാന്‍ പഠിച്ചുകൊണ്ട് നമ്മുടെ ചോദ്യങ്ങളെയും അപേക്ഷകളെയും നാം മരവിപ്പിക്കണമെന്ന് അവിടന്നാഗ്രിഹിക്കുന്നില്ല. മറിച്ച് അവിടന്നഭിലഷിക്കുന്നത് സകല സഹനങ്ങളും അസ്വസ്ഥതകളും നമ്മെ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തുകയും സംഭാഷണമായി പരിണമിക്കുകയും ചെയ്യണമെന്നാണ്.

വിശ്വാസവും പ്രാര്‍ത്ഥനയും

വിശ്വാസം ഉണ്ടായിരിക്കുകയെന്നാല്‍ ഇങ്ങനെ നിലവിളിക്കുക ഒരു ശീലമാക്കുകയാണ്.

സുവിശേഷത്തിലെ (മര്‍ക്കോസ് 10,46-52) ബര്‍ത്തിമെയൂസിനെപ്പോലെ ആയിത്തീരണം നാമെല്ലാവരും. ജെറീക്കൊയുടെ കവാടത്തില്‍ ഭിക്ഷയാചിച്ചിരുന്ന അന്ധനായ മനുഷ്യന്‍ ആണ് ബര്‍ത്തിമെയൂസ്. അസ്വസ്ഥജനകമായ നിലവിളികൊണ്ട് ഗുരുവിനെ ശല്യപ്പെടുത്തരുതെന്നു പറഞ്ഞ് അവനും ചുറ്റും നിന്നിരുന്ന അനേകരായ നല്ലവരായ മനുഷ്യര്‍ അവനെ ശാസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവനാകട്ടെ സദ്ദുദ്ദേശത്തോടുകുടിയ നിര്‍ബ്ബന്ധബുദ്ധിയോടെ, തന്‍റെ ദയനീയാവസ്ഥ യേശു അറിയണമെന്ന് ആഗ്രഹിച്ചു. എന്നിട്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു:” യേശുവേ എന്നില്‍ കനിയണമേ” (മര്‍ക്കോസ് 10,47) . യേശു അവന് കാഴ്ച വീണ്ടും നല്കിക്കൊണ്ട് പറഞ്ഞു:”നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (52) ഈ സൗഖ്യത്തിനു നിര്‍ണ്ണായകമായത് ആ പ്രാര്‍ത്ഥന, അവനെ നിശബ്ദനാക്കാന്‍ ശ്രമിച്ച നിരവധിയായ ജനങ്ങളുടെ സാമാന്യബുദ്ധിയെ ഉല്ലംഘിച്ച വിശ്വാസത്തോടുകൂടിയ ഉച്ചത്തിലുള്ള യാചന ആയിരുന്നു എന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു യേശുവിന്‍റെ ഈ വാക്കുകള്‍. പ്രാര്‍ത്ഥന രക്ഷയ്ക്കു മുമ്പേ പോകുക മാത്രമല്ല, ഒരു തരത്തില്‍, രക്ഷ അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നു. കാരണം പ്രാര്‍ത്ഥന, അസഹനീയങ്ങളായ നിരവധിയായ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടെന്ന് വിശ്വസിക്കാത്തവന്‍റെ ആ നിരാശയില്‍നിന്ന് അവനെ വിമുക്തനാക്കുന്നു.

ദൈവസ്തുതി

തീര്‍ച്ചയായും ദൈവത്തെ സ്തുതിക്കേണ്ടതിന്‍റെ ആവശ്യകത വിശ്വാസികള്‍ക്ക് അനുഭവപ്പെടും. ദൈവത്തോടുള്ള കൃതജ്ഞതയാര്‍ന്ന വിസ്മയത്താല്‍ നിറഞ്ഞ യേശുവിന്‍റെ ഹൃദയത്തില്‍ നിന്നുള്ള ഉദ്ഘോഷണം സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.(മത്തായി 11,25-27). “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ “എന്തെന്നാല്‍ ശക്തിയും മഹത്വവും എന്നെന്നും അങ്ങയുടെതാണ്” എന്ന ദൈവസ്തുതി കൂട്ടിച്ചേര്‍ക്കുകയെന്ന ആവശ്യകത ആദിമ ക്രൈസ്തവര്‍ക്കു അനുഭവപ്പെട്ടു.

യാചനയുള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന

എന്നാല്‍ യാചനയടങ്ങിയ പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ ബലഹീനരൂപമാണെന്നും അധികൃതമായ പ്രാര്‍ത്ഥന തീര്‍ത്തും യാചനകളുടെ ഭാരമില്ലാത്ത സ്തുതിപ്പു മാത്രമാണെന്നും ചിലര്‍ ഗതകാലത്ത് മുന്നോട്ടുവച്ച് സിദ്ധാന്തം ആശ്ലേഷിക്കേണ്ട ബാദ്ധ്യത നമുക്കില്ല. അപരിമേയ കാരുണ്യത്താല്‍ നിറഞ്ഞവനും മക്കള്‍ ഭയലേശമന്യേ തന്നോട് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവനുമായ പിതാവാണ് ദൈവം. ആകയാല്‍, നമ്മുടെ ജീവിതത്തില്‍ അപഭ്രംശം സംഭവിച്ചവയും ദുര്‍ഗ്രാഹ്യമയാവയുള്‍പ്പെടുയുള്ള സകലവും നമുക്കു ദൈവത്തോടു പറയാം.  അവിടന്ന് എന്നും, ഈ ഭൂമിയില്‍ നാം ജീവിക്കുന്ന അവസാന ദിനംവരെ നമ്മോ‌ടുകൂടെ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പുനല്കിയിരിക്കുന്നു. 

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഗ്വാദലൂപെ നാഥയോട്...

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഈ ബുധനാഴ്ച (12/12/18) ഗ്വാദലൂപെ നാഥയുടെ ഓര്‍മ്മത്തിരുന്നാളാണെന്ന് അനുസ്മരിക്കുകയും ദൈവപുത്രന്‍റെ തിരുപ്പിറവിയിലേക്കുള്ള യാത്രയില്‍ മറിയം നമുക്കു തുണയേകുകയും യേശുവിന്‍റെ വെളിച്ചം ആനന്ദത്തോടെ സ്വീകരിക്കാനുള്ള അഭിലാഷം നമ്മില്‍ നവീകരിക്കുകയും ചെയ്യുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

തദ്ദനന്തരം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി

12 December 2018, 12:50