Urbi et Orbi message - to the City and to the World from the Balcony of St. Peter's Basilica Urbi et Orbi message - to the City and to the World from the Balcony of St. Peter's Basilica 

സാഹോദര്യത്തിന്‍റെ മഹോത്സവം ക്രിസ്തുമസ്!

ക്രിസ്തുമസ്ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “ഊര്‍ബി എത് ഓര്‍ബി," നഗരത്തോടും ലോകത്തോടും എന്ന സന്ദേശം :
"ഊര്‍ബി എത് ഓര്‍ബി" ക്രിസ്തുമസ് 2018 - ശബ്ദരേഖ

നഗരത്തോടും ലോകത്തോടും (Urbi et Orbi)  സമാധാനസന്ദേശം
ഡിസംബര്‍ 25-Ɔο തിയതി ചൊവ്വാഴ്ച ക്രിസ്തുമസ്ദിനം, പ്രാദേശിക സമയം മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പ്രബോധിപ്പിച്ചത്. സന്ദേശത്തിന്‍റെ അവസാനം അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളെ മാത്രമല്ല, ലോകത്തെവിടെയും ഈ പരിപാടി മാധ്യമങ്ങളിലൂടെ  തത്സമയം കാണുകയും അതില്‍ പങ്കുചേരുകയും ചെയ്തവരെയും പാപ്പാ ആശീര്‍വ്വദിച്ചു. സന്ദേശത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു .

വിസ്മയമൂറുന്ന അടയാളം – പുല്‍ക്കൂട്!
പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!  റോമിലെ വിശ്വാസികള്‍ക്കും, മാധ്യമങ്ങളിലൂടെ ഈ പരിപാടിയുമായി  കണ്ണിചേര്‍ന്ന സകലര്‍ക്കുമായി പുല്‍ക്കൂട്ടിലെ ആനന്ദസന്ദേശം ആവര്‍ത്തിക്കുന്നു – “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!” (ലൂക്ക 2, 14). ആട്ടിടയന്മാര്‍ ബെതലഹേമിലെ പുല്‍ക്കൂട്ടിലേയ്ക്ക് ഉണ്ണിയെക്കാണാന്‍ ആദ്യം പുറപ്പെട്ടു പോയതുപോലെ, ദൈവം നമുക്കു കാണിച്ചു തന്നിട്ടുള്ള വിസ്മയമൂറുന്ന അടയാളത്തെ മനസ്സിലേറ്റാം: “ഇതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം – പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും”  (ലൂക്കാ 2, 12). നിശബ്ദതയില്‍ മുട്ടുമടക്കി, നമുക്കു ധ്യാനിക്കാം.

വിശ്വസാഹോദര്യത്തിന്‍റെ മഹോത്സവം
പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് നമ്മോടു പറയാനുള്ളത് എന്താണ്? ക്രിസ്തുമസിന്‍റെ സാര്‍വ്വലൗകികമായ സന്ദേശം എന്താണ്? ദൈവം മനുഷ്യകുലത്തിന്‍റെ നല്ല പിതാവാണ്. നാം അവിടുത്തെ മക്കളാകയാല്‍,  സഹോദരീസഹോദരന്മാരാണ്. അതിനാല്‍ ക്രിസ്തുമസിന്‍റെ സാര്‍വ്വത്രികമായ സന്ദേശം സാഹോദര്യമാണ്. മാനവികതയെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണത്തിന് അടിസ്ഥാനം വിശ്വസാഹോദര്യത്തിന്‍റെ ഈ സത്യമാണ്. അതിനാല്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന സാഹോദര്യത്തിന്‍റെ മനോഭാവം നമ്മില്‍ വളര്‍ത്തിയില്ലെങ്കില്‍, നീതിയുള്ള ലോകത്തിനായുള്ള പരിശ്രമങ്ങള്‍ ഫലമണിയാതെ പോകും. നമ്മുടെ വലുപ്പമുള്ളതും മേന്മയുള്ളതുമായ മാനവിക പദ്ധതികള്‍ അങ്ങനെ, പൊള്ളയും അര്‍ത്ഥശൂന്യവുമായിത്തീരും. അതിനാല്‍, ഈ ക്രിസ്തുമസ് ആശംസ സാഹോദര്യത്തിന്‍റേതാണ്! ക്രിസ്തുമസ് വിശ്വസാഹോദര്യത്തിന്‍റെ മഹോത്സവമാണ്. അത് രാജ്യങ്ങളും സംസ്കാരങ്ങളും വ്യക്തികളും തമ്മിലുള്ള സാഹോദര്യമാണ്. വ്യത്യസ്ത ആശയങ്ങളുള്ള വിവിധ മതസ്ഥര്‍  അന്യോന്യം  ശ്രവിച്ചും അംഗീകരിച്ചും അവരോടു തുറവുകാണിച്ചും കൈകോര്‍ത്തു മുന്നേറുന്ന സാഹോദര്യം!  

മനുഷ്യനില്‍ തെളിയേണ്ട ദൈവികമുഖകാന്തി
അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ മുഖകാന്തി വെളിപ്പെടുത്താനാണ് ദൈവം ക്രിസ്തുവില്‍ മനുഷ്യാവതാരം ചെയ്തത്. ദൈവത്തിന്‍റെ മുഖകാന്തി തെളിഞ്ഞത് ഒരു മാലാഖയിലല്ല, മറിച്ച് ഒരു കാലത്തും സമയത്തും... ചരിത്രത്തില്‍ ഒരു പ്രത്യേക വ്യക്തിയിലും, മനുഷ്യനിലുമാണ് ദൈവം തന്‍റെ മുഖകാന്തി വെളിപ്പെടുത്താന്‍ സന്മനസ്സായത് – ക്രിസ്തു! തന്‍റെ മനുഷ്യാവതാരത്തിലൂടെ ദൈവപുത്രനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് രക്ഷ കരഗതമാകുന്നത് സ്നേഹം, പരസ്പരമുള്ള അംഗീകാരം, മനുഷ്യത്വത്തെക്കുറിച്ചുള്ള ആദരവ്, ബഹുമാനം, എന്നിങ്ങനെ വ്യത്യസ്തങ്ങളായ വംശങ്ങളിലും ഭാഷകളിലും, സംസ്കാരങ്ങളിലും കാണുന്ന സര്‍ഗ്ഗാത്മകമായ മൂല്യങ്ങള്‍ നാം പങ്കുവയ്ക്കുമ്പോഴാണ്. അങ്ങനെ  മാനവികതയില്‍ നാം സഹോദരങ്ങളായിത്തീരുന്നു.

വൈവിധ്യങ്ങളുടെ സമ്പന്നത
നമ്മിലെ വ്യത്യാസങ്ങള്‍ - ഭാഷയുടെയോ സംസ്ക്കാരത്തിന്‍റെയോ വ്യത്യാസങ്ങള്‍ ഒരിക്കലും ഹാനികരമല്ല, മറിച്ച് അവ ശ്രേഷ്ഠതയും ഐശ്വര്യവും സമ്പന്നതയുമാണ്. ഒരു "മൊസൈക്" കലാകാരന്‍റെ കൈയ്യില്‍ വര്‍ണ്ണങ്ങളുടെ വൈവിദ്ധ്യമാണ് സമ്പത്തും നന്മയും, അവയുടെ കുറവല്ല! അതുപോലെ മാനവികതയുടെ വൈവിദ്ധ്യങ്ങള്‍ തിന്മയല്ല, നന്മയാണ്!

ഒരു കുടുംബത്തില്‍ത്തന്നെ സഹോദരങ്ങള്‍ എത്രയോ വ്യത്യസ്തങ്ങളാണ്. അവര്‍ പരസ്പരം എല്ലാക്കാര്യങ്ങളിലും ഇങ്ങണമെന്നില്ല. എന്നിട്ടും അതിനുമപ്പുറം അഭേദ്യമായ ഒരു സാഹോദര്യത്തിന്‍റെ കണ്ണിയുണ്ട്. കൂടാതെ മാതാപിതാക്കള്‍  സാഹോദര്യത്തിന്‍റെ ആ കണ്ണിയെ ബലപ്പെടുത്താന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഒരു കുടുംബത്തിലെ ഈ വരുംവരായ്മകള്‍ കുടുംബാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നപോലെ, സമൂഹവും ലോകവുമാകുന്ന വലിയ കുടുംബത്തിലെയും തറവാട്ടിലെയും പ്രതിസന്ധികള്‍ നമുക്ക് ഉള്‍ക്കൊള്ളാനാവണം. ലോകമാകുന്ന നമ്മുടെ വലിയ കുടുംബത്തില്‍ സാഹോദര്യത്തിന്‍റെ ശക്തിയും അടിത്തറയുമാകുന്നത് ദൈവമാണ്. കുടുംബത്തിലെ മാതാപിതാക്കളുടെ സ്ഥാനത്ത്, ഇവിടെ ലോകത്തിന് മാതാവും പിതാവും – ദൈവമാണ്.

നഷ്ടപ്പെട്ട സാഹോദര്യത്തിന്‍റെ കണ്ണികള്‍ കണ്ടെത്താം
സകല ജനതകളെയും വ്യക്തികളെയും കൂട്ടിയിണക്കുന്ന സാഹോദര്യത്തിന്‍റെ നഷ്ടപ്പെട്ട കണ്ണികള്‍ വീണ്ടും കണ്ടെത്താന്‍ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ!

1. ഇസ്രായേല്‍ പലസ്തീന്‍
പലസ്തീന്‍കാരും ഇസ്രായേല്‍ക്കാരും  സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്താന്‍ തിരഞ്ഞെടുത്ത ഭൂമിയില്‍ 70 വര്‍ഷങ്ങളായി തുടരുന്ന കലാപങ്ങള്‍ക്ക് അറുതി വരുത്തുകയും, അവിടെ സമാധാനപാതകള്‍ തുറക്കുകയും ചെയ്യട്ടെ.

2. സിറിയയുടെ ശൈഥില്യം
സിറിയ നീണ്ട കാലയളവിലെ യുദ്ധംമൂലം കീറിമുറിപ്പെട്ടതെങ്കിലും പ്രിയപ്പെട്ട സിറിയയില്‍ സമാധാനം പുനര്‍സ്ഥാപിക്കാന്‍ ഉണ്ണിയേശു അവരെ തുണയ്ക്കട്ടെ! വിഭാഗീയ താല്പര്യങ്ങള്‍ മൂലം സ്വന്തം നാടും വീടും വിട്ടുപോകേണ്ടി വന്ന സിറിയക്കാരും, അന്യനാടുകളില്‍ അഭയം തേടേണ്ടി വന്നവരും മടങ്ങിവന്ന് തങ്ങളുടെ മണ്ണില്‍ സമാധാനത്തില്‍ പാര്‍ക്കാന്‍ പോരുന്നതും, വിഭിന്നതകളും വിഭാഗീയ താല്പര്യങ്ങളുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ ജീവിക്കാന്‍ ഇടയാവട്ടെ!

3. യെമനിലെ യുദ്ധവിരാമം സമാധാനമാക്കാന്‍
യുദ്ധവും ക്ഷാമവുംമൂലം മദ്ധ്യപൂര്‍വ്വദേശത്തെ ക്ഷയിച്ച യെമന്‍ എന്ന രാജ്യത്തെ പ്രത്യേകമായി ഓര്‍ക്കാം. കലാപവും ക്ഷാമവും മൂലം യെമനിലെ ജനങ്ങള്‍ക്ക് രാജ്യാന്തര സമൂഹം അവിടെ ലഭ്യമാക്കിയ ഇടക്കാല യുദ്ധവിരാമം പൂര്‍ണ്ണ പരിഹാരങ്ങളിലേയ്ക്ക് ആ നാടിനെ മെല്ലെ നയിക്കുമെന്ന് ഇന്നാളില്‍ പ്രത്യാശിക്കുന്നു.

4. കറുത്ത ഭൂഖണ്ഡത്തില്‍ വിരിയേണ്ട സമാധാന വെളിച്ചം
ആയിരങ്ങള്‍ അഭയാര്‍ത്ഥികളായും, പുറംതള്ളപ്പെട്ടും, ഭക്ഷ്യസുരക്ഷ, മറ്റു മാനുഷിക സഹായങ്ങള്‍ എന്നിവയ്ക്കായ് കേഴുന്ന ആഫ്രിക്കന്‍ ജനതയെ ഓര്‍ക്കുന്നു. സമാധാന രാജാവായ ദിവ്യഉണ്ണി അവിടത്തെ ആയുധസംഘര്‍ഷങ്ങളെ നിശബ്ദമാക്കട്ടെ. അങ്ങനെ ഭൂഖണ്ഡത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ അനുരഞ്ജനത്തിന്‍റെ പാത തെളിക്കാന്‍ പരിശ്രമിക്കുന്നവരിലൂടെ  നവമായ സാഹോദര്യം ഉദയംചെയ്യട്ടെ!

5. ഒരുമിക്കുന്ന ഉപഭൂഖണ്ഡം
കൊറിയ
ഉപഭൂഖണ്ഡത്തിലെ സാഹോദര്യത്തിന്‍റെ ഉടമ്പടികളെ ഈ ക്രിസ്തുമസ് ഐക്യപ്പെടുത്തുകയും, അടുത്ത കാലത്തു തെളിഞ്ഞ സൗഹൃദബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുകയും, അങ്ങനെ അത് ഇരുപക്ഷത്തിന്‍റെയും   വികസനത്തിനും ശ്രേയസ്സിനും ഇടയാക്കട്ടെ!

6. ലാറ്റിനമേരിക്കന്‍ നാടിന്‍റെ കലുഷിതാവസ്ഥ
വെനസ്വേലയുടെ സാമൂഹ്യകൂട്ടായ്മ പുനര്‍സ്ഥാപിക്കാനും, രാഷ്ട്രത്തിന്‍റെ വികസനത്തിനും, സമൂഹത്തിലെ വ്രണിതാക്കളായവരുടെ  ക്ഷേമത്തിനുമായി  ജനങ്ങള്‍ കൈകോര്‍ത്തു പരിശ്രമിക്കാന്‍  ഈ പുണ്യകാലം സഹായകമാകട്ടെ!

7. യുക്രെയിനിന്‍റെ രോദനം
യുക്രെയിനില്‍ ഇനിയും വൈകുന്ന യഥാര്‍ത്ഥമായ സമാധാനം ശിശുവായ ദൈവം വീണ്ടുനല്കട്ടെ. ഓരോ രാഷ്ട്രവും അര്‍ഹിക്കുന്ന സമാധാനം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തെങ്കിലേ, യാതനകളില്‍നിന്നും ഉയര്‍ന്ന്, അവിടത്തെ ജനങ്ങള്‍ അന്തസ്സോടെ ജീവിക്കാന്‍ ഇടയാവുകയുള്ളൂ. അവിടുത്തെ ക്രൈസ്തസമൂഹങ്ങളെ തന്‍റെ സാമീപ്യം അറിയിക്കുകയും സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും വളര്‍ച്ചയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.   

8. ഇനിയും ബലപ്പെടേണ്ട നിക്കരാഗ്വേ

നിക്കരാഗ്വന്‍ ജനതയ്ക്കിടയിലെ ഭിന്നിപ്പും കലാപവും ഉണ്ണീശോ അകറ്റി സാഹോദര്യം വളര്‍ത്തട്ടെ. അതുവഴി അവര്‍ അനുരഞ്ജനപ്പെട്ട രാഷ്ട്രത്തിന്‍റെ ഭാവി കരുപ്പിടിപ്പിക്കാന്‍ ഇടയാക്കണമേ!

ഉപനിവേശം അനുഭവിക്കുന്നവര്‍
ആശയപരമായും സാംസ്കാരികമായും, സാമ്പത്തികമായും ഉപനിവേശം അനുഭവിക്കുന്നവരെ ഓര്‍ക്കുന്നു. സമരസപ്പെടുത്തേണ്ടി വന്നിട്ടുള്ള അവരുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും, അവര്‍ക്കു നിഷേധിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസം, ആരോഗ്യപരിചരണം, അവര്‍ അനുഭവിക്കുന്ന ദാരിദ്ര്യം എന്നിവ ഇന്നാളില്‍ പ്രത്യേകം അനുസ്മരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

പീഡിതരായ സമൂഹങ്ങള്‍
പ്രതിബന്ധങ്ങള്‍ക്കിടയില്‍, ചിലപ്പോള്‍ ശത്രുതയുള്ളിടങ്ങളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന സഹോദരങ്ങളെയും, ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളായ സമൂഹങ്ങളെയും ഓര്‍ക്കുന്നു. അവര്‍ പലപ്പോഴും അവിടങ്ങളില്‍ ക്ലേശിക്കുകയും അവഗണിക്കപ്പെടുകയുംചെയ്യുന്നുണ്ട്.
പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഈ ക്രൈസ്തവര്‍ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ട്, പ്രത്യേകിച്ച് മതസ്വാതന്ത്ര്യം അനുഭവിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കണമെന്നു ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

പിതൃസ്നേഹത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ട സാഹോദര്യം
ഇന്നാളില്‍ നാം ധ്യാനിക്കുന്ന, മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍ പിറന്ന ദിവ്യശിശു ഈ ലോകത്തുള്ള കുഞ്ഞുങ്ങളെ, വിശിഷ്യാ  ദുര്‍ബലരും വ്രണിതാക്കളും പരിത്യക്തരുമായവരെ കാത്തുപാലിക്കട്ടെ. ദിവ്യരക്ഷകന്‍റെ പിറവിയാല്‍, സ്വര്‍ഗ്ഗീയ പിതാവ് തങ്ങളെ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയുന്ന സകലരും ഈ ലോകത്ത് സന്തോഷവും സമാധാനവും സമാശ്വാസവും അനുഭവിക്കാന്‍ ഇടയാക്കണമേ, അങ്ങനെ ‍ഞങ്ങള്‍ ഒരു പിതാവിന്‍റെ മക്കളും സഹോദരങ്ങളുമാണെന്നു തിരിച്ചറിയുകയും ചെയ്യട്ടെ!!

ത്രികാലപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും

തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം  ത്രികാലപ്രാര്‍ത്ഥന ചൊല്ലി. അതിനുശേഷം പൂര്‍ണ്ണ ദണ്ഡവിമോചനത്തോടു ഒപ്പമുള്ള അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി വിശുദ്ധമായ ക്രിസ്തുമസ് മഹോത്സവാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ച്,  മട്ടുപ്പാവില്‍നിന്നും പിന്മാറിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2018, 18:10