Vatican News
2018.11.29 Reflections of Pope Francis from Santa Marta സാന്താ മാര്‍ത്തയിലെ വചനവേദി 29-11-18  (Vatican Media)

പ്രകാശപൂര്‍ണ്ണമാകേണ്ട ജീവിതവിളക്കുകള്‍

പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ജീവിതാന്ത്യ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാന്താ മാര്‍ത്തയിലെ വചനവേദി
നവംബര്‍ 29-Ɔο തിയതി വെള്ളിയാഴ്ച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ വചനവിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അന്ത്യനാളുകളെക്കുറിച്ചുള്ള വിശുദ്ധ ലൂക്കാ സുവിശേഷകന്‍റെ പരാമര്‍ശത്തെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് വചനധ്യാനം നടത്തിയത് (ലൂക്ക 21, 20-28).

നന്മയുടെ പ്രകാശം ക്ഷയിക്കുന്ന നമ്മുടെ ലോകം
നമ്മുടെ തിന്മകള്‍ നമുക്കെതിരായി ഉയരും! അപ്പോള്‍ കിന്നരത്തിന്‍റേയും സിത്താറിന്‍റേയും ഓടക്കുഴലിന്‍റേയും തമ്പുരുവിന്‍റേയും നാദം കേള്‍ക്കാതാകും. വിഭവസമൃദ്ധമായ വിരുന്നുകള്‍ ഇല്ലാതാകും. നിങ്ങളിലെ കരവിരുതും വൈദഗ്ദ്ധ്യവും നഷ്ടമാകും. കാരണം നമ്മുടെ ലോകത്ത് തിന്മ തിങ്ങിയിരിക്കുന്നു. അഴിമതിയും തിന്മയുംകൊണ്ട് നഗരങ്ങള്‍ കലുഷിതമായിരിക്കുന്നു. അതിനാല്‍ അവിടെ യന്ത്രസാമഗ്രികള്‍ നിശ്ചലമാകും. വിളക്കുകള്‍ ഉണ്ടെങ്കിലും അവ പ്രകാശിക്കുന്നില്ല.  നഗരവീഥികള്‍ വിളക്കുകളാല്‍ സമ്പന്നമാണെങ്കിലും, അവ ഒന്നുംതന്നെ  പ്രകാശിക്കുന്നില്ല.

സ്നേഹമില്ലായ്മയാണ് പാപം
ഇത് വഴിപിഴച്ച ജനതതയാണ്. അതിനാല്‍ സമൂഹത്തില്‍ വധുവിന്‍റെയും വരന്‍റെയും സ്വരം കേള്‍ക്കാതാകും. അവര്‍ ശബ്ദിക്കില്ല, അവര്‍ സ്നേഹമില്ലാത്തവരായിരിക്കുന്നു. അങ്ങനെ വിനാശം നിങ്ങളില്‍നിന്നുതന്നെ  ആരംഭിക്കുന്നു.  അപ്പോള്‍ ദൈവം പറയും, മതി, ഇനി മതി! ഈ ലോകത്തിന്‍റെ കാപട്യങ്ങള്‍ മതിയാക്കാന്‍ സമയമായി. അഹങ്കാരികളും, സ്വേച്ഛാധിപതികളും തിന്മനിറഞ്ഞവരുമായ ഒരു സംസ്കാരത്തിന്‍റെ വിധിയും ഭാഗധേയവും ആയിരിക്കുമിത്. അങ്ങനെയുള്ളവരുടെ ജീവിതം ദുരന്തത്തില്‍ കലാശിക്കും!

സ്വയം നിന്ദിക്കരുത്!
 ജീവിതത്തെ നാം നിന്ദ്യമാക്കുന്നുണ്ട്. കാരണം ദൈവത്തെയും ദൈവസ്നേഹത്തെയും അറിഞ്ഞവര്‍ “ദൈവം ഇല്ലാത്തവരെ”പ്പോലെ ജീവിക്കുന്നു. ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ സുവിശേഷമൂല്യങ്ങള്‍ മറന്നു പെരുമാറുന്നു. അങ്ങനെ ജീവിതങ്ങള്‍ വിനാശത്തില്‍ ആഴ്ന്നുപോകുന്നു.

നന്മതിന്മകള്‍ കൂട്ടിക്കുഴയ്ക്കരുത്!
ജരൂസലേത്തിന്‍റെയും ബാബിലോണിന്‍റെയും വിനാശം നമുക്കും പാഠമാകണം. ഈ പട്ടണങ്ങള്‍ നിപതിച്ചതുപോലെ അലക്ഷ്യമായ ജീവിതങ്ങള്‍ തകര്‍ന്നുപോകാം. കാരണം നന്മയും തിന്മയും തമ്മിലുള്ള സങ്കലനം അഥവാ കൂട്ടിക്കലര്‍ത്തല്‍ ദൈവം ആഗ്രഹിക്കുന്നതല്ല. നന്മയുടെ പാതവിട്ട് തിന്മയില്‍ മുഴുകുന്ന രീതിയും ദൈവം തിരസ്ക്കരിക്കുന്നു. അവിടുന്നു മനുഷ്യജീവിതങ്ങളെ വിലയിരുത്തും, അവിടുന്ന് അതിനെ വിധിക്കും. ക്രൈസ്തവര്‍ ക്രിസ്തുവിനു ചേര്‍ന്ന ജീവിതം നയിക്കേണ്ടതാണ്. വെള്ളവും എണ്ണയും കൂട്ടിച്ചേര്‍ക്കാനാവില്ലല്ലോ?! അവ വ്യത്യസ്തങ്ങളാണ്. ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും അറിഞ്ഞവര്‍, അത് അറിയാത്തപോലെ ജീവിക്കുന്നത് നിഷേധാത്മകമായ സംസ്കാരവും വിരോധാഭാസവുമാണ്.

ദൈവോന്മുഖരായി ജീവിക്കാം
 ലോകത്തും നമുക്കു ചുറ്റും ദുരന്തങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അതിനു മുന്നേതന്നെ ദൈവോന്മുഖരായി ജീവിക്കാം. ദൈവിക ചക്രവാളങ്ങളെ ലക്ഷ്യംവച്ചു മുന്നേറാം. പ്രത്യാശയോടെ ജാഗരൂകരായി ജീവിക്കാം. കാരണം തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടെടുക്കാന്‍ അവസാന നാളില്‍ ദൈവം പ്രാഭവത്തോടെ ആഗതനാകും. അതിനാല്‍ ലോകത്തിന്‍റെ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ അവയെ ചെറുത്തും, തരണംചെയ്തും ഈ ജീവിതയാത്ര തുടരാം. ലൗകായത്വവും സുഖലോലുപതയും നമ്മെ നാശത്തിലേയ്ക്കു നയിക്കും. എന്നാല്‍ ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ദൈവികചക്രവാളങ്ങളില്‍ ദൃഷ്ടിപതിച്ച് ജീവിക്കാനായാല്‍ അന്ത്യനാളില്‍ നിങ്ങള്‍ക്കും എനിക്കും ദൈവം നല്കുന്ന രക്ഷയില്‍ പങ്കുകാരാകാം.

ദൈവാരൂപിയുടെ സഹായം തേടാം
പ്രത്യാശ ക്രൈസ്തവന്‍റെ മുഖമുദ്രയും ശക്തിയുമാണ്. നമ്മെ മുന്നോട്ടു നയിക്കേണ്ടത് പ്രത്യാശയാണ്. പ്രത്യാശയില്‍ ജീവിക്കാനും, ഈ ജീവിതയാത്രയില്‍ മുന്നേറാനും ദൈവാരൂപിയുടെ സഹായം തേടാം! ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ  വചനചിന്തകള്‍ ഉപസംഹരിച്ചത്.

29 November 2018, 17:55