Vatican News
Pope Francis' Angelus on the World Day II of the Poor 18th November തിങ്ങിയ ത്രികാലപ്രാര്‍ത്ഥനാവേദി - നവംബര്‍ 18 പാവങ്ങളുടെ ആഗോളദിനത്തില്‍.  (ANSA)

ദൈവസന്നിധിയില്‍ വിലപ്പോകാത്ത ചമയങ്ങള്‍

പാവങ്ങളുടെ ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശം. ആണ്ടുവട്ടം 32-Ɔο വാരം ഞായറാഴ്ചത്തെ വചനസമീക്ഷ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ത്രികാലപ്രാര്‍ത്ഥന സന്ദേശം - പാവങ്ങളുടെ ആഗോളദിനത്തില്‍ 18-11-18

നവംബര്‍ 18-Ɔο തിയതി ഞായറാഴ്ച – ഇറ്റലിയില്‍ ശരത്ക്കാലത്തിന്‍റെ അവസാനഭാഗമായി. തണുപ്പ് ഏറിയ  ദിവസമായിരുന്നു. തെളിഞ്ഞുനിന്ന സൂര്യന്‍ തെല്ലൊരു ആശ്വാസമായി. പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും, പാപ്പായെ ശ്രവിക്കാനുമായി പതിവിലും കൂടുതല്‍ ജനങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരുന്നു. കാരണം പാവങ്ങളുടെ ആഗോളദിനം പ്രമാണിച്ച് രാവിലെ പാപ്പായുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കാനും ധാരാളം പാവങ്ങളും തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ എത്തിയിരുന്നു. മദ്ധ്യാഹ്നം 12 മണി, അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ  പാപ്പാ ജനങ്ങളെ അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

വരുവാനിരിക്കുന്ന കാര്യങ്ങള്‍
1. വരുവാനിക്കുന്ന കാര്യങ്ങളെക്കുറിച്ച് ക്രിസ്തു തന്‍റെ ശിഷ്യന്മാരെ പ്രബോധിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം (മര്‍ക്കോസ് 13, 24-32). യുഗാന്ത്യ പ്രഭാഷണമാണിത് എന്നു പൊതുവെ പറയാറുണ്ടെങ്കിലും, ഇന്ന് ഇവിടെ, വര്‍ത്താമാനകാലം നന്നായി ചെലവഴിക്കാനുള്ള ക്ഷണമാണിത്. എപ്പോള്‍ വേണമെങ്കിലും ദൈവം നമ്മുടെ ആയുസ്സിന് കണക്കുചോദിക്കാം അതിനാല്‍ ജാഗ്രതയുള്ളവരായി, കരുതലോടെ ജീവിക്കാന്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ആഹ്വാനംചെയ്യുന്ന സുവിശേഷ പ്രഭാഷണവുമാണിത്. അവിടുന്നു അരുള്‍ചെയ്തു, “പീഡനങ്ങള്‍ക്കുശേഷമുള്ള  ആ ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും” (2-25). ഈ വചനം നമ്മെ ഉല്പത്തി പുസ്തകത്തിന്‍റെ ആദ്യഭാഗത്തെ സൃഷ്ടിയുടെ കഥയിലേയ്ക്കാണ് നയിക്കുന്നത് :  സൃഷ്ടിയുടെ ആരംഭംമുതല്ക്കേ ലോകത്തിന് ജീവനും പ്രകാശവുമേകി തെളിഞ്ഞുനിന്നിരുന്ന സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും ഇപ്പോളിതാ കെട്ടടങ്ങുന്നതായി സുവിശേഷകന്‍ ചിത്രീകരിക്കുമ്പോള്‍, അത് യുഗാന്ത്യത്തിന്‍റെ അടയാളമാണെന്നു  തോന്നാം. എന്നാല്‍ അവസാന നാളുകളില്‍ പ്രകാശിക്കാന്‍ പോകുന്ന വെളിച്ചം, സകല വിശുദ്ധരോടുമൊപ്പം, മഹത്വത്തോടെ ആഗതനാകുന്ന ക്രിസ്തുവിന്‍റെ പ്രഭാപൂരമായ വരവിനെ സൂചിപ്പിക്കുന്നു. അങ്ങനെ ആ കൂടിക്കാഴ്ചയില്‍ നാം അവിടുത്തെ മുഖം ത്രിത്വത്തിന്‍റെ സമ്പൂര്‍ണ്ണശോഭയില്‍ പ്രകാശിതമായി കാണും. അത് സകല മനുഷ്യരെയും സത്യത്തിന്‍റെ പൂര്‍ണ്ണിമയില്‍ തെളിയിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹപ്രഭയാണ്.   

വിധിയല്ല ജീവിതതിരഞ്ഞെടുപ്പാണ്!
2. വ്യക്തിയുടെ ജീവചരിത്രംപോലെതന്നെ മാനവികതയുടെ ചരിത്രവും വാക്കുകളയുടെയോ സംഭവങ്ങളുടെയോ ഒരു ശ്രേണിമാത്രമായി വ്യാഖ്യാനിക്കാവുന്നതല്ല. അതുപോലെ വ്യക്തിസ്വാതന്ത്രത്തിന്‍റെയും ജീവിത തിരഞ്ഞെടുപ്പുകളുടെയും സാദ്ധ്യതകളെയെല്ലാം വെറും വിധിയെന്നോ, പൂര്‍വ്വനിശ്ചിതമെന്നോ, ദൈവകല്പിതമെന്നോ പറഞ്ഞു തള്ളാനാവുന്നതോ, തരംതാഴ്ത്താനാവുന്നതോ അല്ല. ഇങ്ങനെയൊരു മനഃസ്ഥിതി സത്യസന്ധമായ ജീവിതതിരഞ്ഞെടുപ്പിനും തീരുമാനങ്ങള്‍ക്കും തടസ്സമായിരിക്കും. ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത്, ജീവിതത്തില്‍ നാം പ്രാപിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് – അത് അവസാനം ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയായിരിക്കും! എങ്ങനെ എവിടെ എപ്പോള്‍ അതു സംഭവിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. ക്രിസ്തുതന്നെ ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്, “എന്നാല്‍ ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും; സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കോ, പുത്രനുപോലുമോ അറിഞ്ഞുകൂടാ” (32). പിതാവിനല്ലാതെ, മറ്റാര്‍ക്കും എല്ലാം അറിയില്ല. അതിനാല്‍ അതൊരു “പിതൃരഹസ്യമായി” കരുതപ്പെടുന്നു.

ദൈവഹിതം കണ്ടെത്താം

3. നമുക്ക് അറിയാവുന്നതും, എന്നാല്‍ നാം എല്ലാവരും അഭിമുഖീകരിക്കേണ്ടതുമായ ഒരു അടിസ്ഥാനതത്ത്വമുണ്ട്. അത് ക്രിസ്തു പഠിപ്പിച്ചിട്ടുമുണ്ട്, “ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല” (31). ഇത് യഥാര്‍ത്ഥവും നിര്‍ണ്ണായകവുമായ ഘടകമാണ്. കാരണം നമ്മുടെ അസ്ഥിത്വം ദൈവപുത്രനായ ക്രിസ്തുവിന്‍റെ വചനത്താല്‍ പ്രകാശിതമായിരുന്നോ അല്ലയോയെന്ന് ആ ദിവസത്തില്‍ മാത്രമാണ് നാം തിരിച്ചറിയാന്‍ പോകുന്നത്. അവിടുത്തെ വചസ്സുകള്‍ക്ക് നാം പുറംതിരിഞ്ഞുനിന്ന്, നമ്മുടെതന്നെ വഴിക്ക് പോയിട്ടുണ്ടോയെന്ന് അന്നായിരിക്കും അറിയുക. അതിനാല്‍ ആ ദിനം ദൈവപിതാവിന്‍റെ സ്നേഹത്തിനു നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും അവിടുത്തെ കാരുണ്യത്തിന് ഭരമേല്പിക്കുകയുംചെയ്യുന്ന സമയം കൂടിയായിരിക്കും.   

നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹം

4. അന്ത്യവിധിയുടെ ആ ദിനത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ല, നമ്മില്‍ ആരും രക്ഷപ്പെടില്ല! കുശാഗ്രബുദ്ധിയില്‍ നാം കെട്ടിച്ചമയ്ക്കുന്ന ‘നല്ല പിള്ള’ സന്നിധിയില്‍ വിലപ്പോകില്ല. മാത്രമല്ല, എന്തിനെയും ആരെയും വിലയ്ക്കു വാങ്ങാമെന്നു കരുതുന്ന പണത്തിന്‍റെയോ പ്രതാപത്തിന്‍റെയോ ശക്തിയൊന്നും അവിടെ പ്രസക്തമല്ല. കാരണം അപ്പോള്‍, അവിടുത്തെ കൈവശം വചനത്തിലുള്ള വിശ്വാസത്താല്‍ നേടിയതല്ലാതെ മറ്റൊന്നും നമ്മോടൊപ്പം ഉണ്ടാവില്ല. മറ്റെല്ലാം, അതായത്, നാം നേടിയതും നേടാന്‍ സാധിക്കാതെ പോയതും എല്ലാം വൃഥാവിലാണ്. നമ്മുടെ കൂടെയുണ്ടാകുന്നത് നാം സഹോദരങ്ങള്‍ക്കു നന്മയായി നല്കുന്നതു മാത്രമായിരിക്കും.

ജീവിതക്ഷണികത നിരാശയില്‍ ആഴ്ത്താതിരിക്കട്ടെ!
5.  അതിനാല്‍, ജീവിതത്തിന്‍റെ ക്ഷണികതയുടെയും താല്ക്കാലികതയുടെയും പരിമിതികള്‍ നമ്മെ നിരാശയില്‍ ആഴ്ത്താതെ മുന്നേറുന്നതിനും, നമ്മുടെ ജീവിതത്തിന്‍റെ ഉത്തരവാദിത്ത്വങ്ങളും, അയല്‍ക്കാരോടും ലോകത്തോടുമുള്ള കടമകളും വിശ്വസ്തതയോടെ നിറവേറ്റുന്നതിനും കൃപതരണമേയെന്ന് കന്യകാനാഥയോടു  പ്രാര്‍ത്ഥിക്കാം.

19 November 2018, 15:29