ഫ്രാന്‍സീസ് പാപ്പാ, ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ആസ്ഥാനത്ത് അതിന്‍റെ ഡയറെക്ടര്‍ ജനറല്‍ ഹൊസേ ഗ്രത്സിയാനൊ ദ സില്‍വയുമൊത്ത് 16/10/2017 ല്‍ ഫ്രാന്‍സീസ് പാപ്പാ, ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ആസ്ഥാനത്ത് അതിന്‍റെ ഡയറെക്ടര്‍ ജനറല്‍ ഹൊസേ ഗ്രത്സിയാനൊ ദ സില്‍വയുമൊത്ത് 16/10/2017 ല്‍ 

പട്ടിണി നിര്‍മ്മാര്‍ജ്ജനം:വാക്കുകളില്‍ നിന്ന് പ്രവൃത്തിയിലേക്ക്

സാമ്പത്തിക സഹായം ഉദാരമാക്കേണ്ടതും വാണിജ്യാതിര്‍ത്തികള്‍ ഇല്ലായ്മ ചെയ്യേണ്ടതും, കാലാവസ്ഥ മാറ്റം, സാമ്പത്തിക പ്രതിസന്ധികള്‍, യുദ്ധം എന്നിവയില്‍ നിന്നു ശക്തിയോടെ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങേണ്ടതും പട്ടിണിക്കെതിരായ പോരാട്ടത്തില്‍ അടിയന്താരാവശ്യം- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഐക്യദാര്‍ഢ്യത്തിന്‍റെ അഭാവത്തില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കും പദ്ധതികള്‍ക്കും പട്ടിണിമൂലമുള്ള സഹനങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് മാര്‍പ്പാപ്പാ.

ഒക്ടോബര്‍ 16, അനുവര്‍ഷം ലോക ഭക്ഷ്യദിനമായി ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ, റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ കൃഷി സംഘടനയുടെ, (എഫ് എ ഒ യുടെ-FAO) മേധാവി ഹൊസേ ഗ്രത്സിയാനൊ ദ സില്‍വ (JOSE’ GRAZIANO D SILVA)യെ സംബോധന ചെയ്തുകൊണ്ട് ചൊവ്വാഴ്ച (16/10/18) നല്കിയ സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ റോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളായ ഭക്ഷ്യകൃഷി സംഘടന, അന്താരാഷ്ട്ര കാര്‍ഷിക വികസന നിധി, ലോക ഭക്ഷ്യ പരിപാടി എന്നിവയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ ഫെര്‍ണാണ്ടൊ കീക്ക അരല്യാനൊ ഈ സന്ദേശം ഭക്ഷ്യകൃഷി സംഘടനയുടെ ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ വായിച്ചു.

ഭക്ഷിക്കാന്‍ ഒന്നും ഇല്ലാത്തവരൊ, അല്പം മാത്രം ഉള്ളവരോ ആയവരുടെ സംഖ്യ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വേദാനജനകമായ വസ്തുതയും പാപ്പാ തന്‍റെ  സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

സാമ്പത്തിക സഹായം ഉദാരമാക്കേണ്ടതും വാണിജ്യാതിര്‍ത്തികള്‍ ഇല്ലായ്മ ചെയ്യേണ്ടതും, സര്‍വ്വോപരി, കാലാവസ്ഥ മാറ്റം, സാമ്പത്തിക പ്രതിസന്ധികള്‍, യുദ്ധം എന്നിവയില്‍ നിന്നു ശക്തിയോടെ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങേണ്ടതും  പട്ടിണിക്കെതിരായ പോരാട്ടത്തില്‍ അടിയന്താരാവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സഥലത്തെക്കാള്‍ ശ്രേഷ്ഠം സമയമാണ് എന്ന ബോധ്യമായിരിക്കണം നമ്മുടെ ജീവിതത്തെയും അര്‍പ്പണബോധത്തെയും നയിക്കേണ്ട തത്ത്വങ്ങളില്‍ ഒന്ന് എന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ  അതിനര്‍ത്ഥം നമ്മള്‍ ദീര്‍ഘകാല പദ്ധതികളെ സ്പഷ്ടതയോടും ബോധ്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടെ മുന്നോട്ടുകൊണ്ടു പോകണം എന്നാണെന്ന് കൂട്ടിച്ചേര്‍ത്തു.

പട്ടിണി നിര്‍മ്മാര്‍ജ്ജനം വാക്കുകളില്‍ നിന്ന് പ്രവൃത്തിയിലേക്ക് കടക്കണമെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങളും ഫലപ്രദമായ ആസൂത്രണവും മാത്രം പോരായെന്നും പ്രതിപ്രവര്‍ത്തനപരമായ ഒരു സമീപനത്തെ ഒഴിവാക്കി ദീര്‍ഘവീക്ഷണത്തിന്  ഇടം നല്കേണ്ടത് ആവശ്യമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

പട്ടിണിക്കെതിരായിട്ടുള്ള പോരാട്ടത്തില്‍ സഭ വിവിധങ്ങളായ സംവിധാനങ്ങളും സംഘടനകളും വഴി അവളുടെ പങ്കു വഹിക്കുന്നുണ്ടെന്ന് പാപ്പാ ഭക്ഷ്യകൃഷി സംഘടനയും ഡയറെക്ടര്‍ ജനറലിന് ഉറപ്പു നല്കി.

അന്നന്നുവേണ്ടുന്ന ആഹാരം ഇല്ലാത്ത ദശലക്ഷക്കണക്കിനാളുകളുടെ ആവശ്യങ്ങളും തീവ്രാഭിലാഷങ്ങളും പ്രതീക്ഷകളും, ഇന്നത്തെ അന്താരാഷ്ട്ര പശ്ചാത്തലത്തില്‍, എടുത്തു കാട്ടുന്നതാണ് വാര്‍ഷിക ലോക ഭക്ഷ്യദിനാചരണം എന്ന് പാപ്പാ പറയുന്നു.

“നമ്മുടെ കര്‍മ്മങ്ങളാണ് നമ്മുടെ ഭാവി:രണ്ടായിരത്തിമുപ്പതാം ആണ്ടോടെ പട്ടിണി പൂര്‍ണ്ണമായി ഇല്ലാതാക്കുക സാധ്യമാണ്” എന്നതാണ് ഇക്കൊല്ലത്തെ ലോക ഭഷ്യദിനാചരണത്തിന്‍റെ  വിചിന്തനപ്രമേയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2018, 13:13