Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 31-10-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 31-10-18  (ANSA)

വൈവാഹികഭാവം പേറുന്ന ക്രിസ്തീയ വിളി

ക്രിസ്തുവിന്‍റെ വിശ്വസ്ത സ്നേഹം: മാനുഷികമായ സ്നേഹത്തിന്‍റെ മനോഹാരിത ജീവിക്കുന്നതിനാവശ്യമായ വെളിച്ചം, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയില്‍, റോമാ നഗരത്തിലുള്‍പ്പെടെ ഇക്കഴിഞ്ഞ ദിനങ്ങളില്‍ പെരുമഴയും ആലിപ്പഴവര്‍ഷവും അതിശക്തമായ കാറ്റും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ജനജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുകയും ചെയ്തെങ്കിലും ഈ ബുധനാഴ്ച (31/10/18) റോമില്‍ പൊതുവെ നല്ല കാലാവസ്ഥയായിരുന്നു. ഇടയ്ക്കിടയ്ക്ക് വെയില്‍ തെളിയുകയും കാര്‍മേഘം അര്‍ക്കാംശുക്കളെ മറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപ നില താഴുകയും കൂടുതല്‍ തണുപ്പനുഭവപ്പെടുകയും ചെയ്തു. എന്നിരുന്നാലും യുറോപ്യന്‍ നാടുകള്‍ക്കു  പുറമെ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ വിവിധരാജ്യങ്ങളില്‍ നിന്നായി തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനയ്യായിരത്തിലേറെപ്പേര്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. പാപ്പാ, ചത്വരത്തില്‍, വെളുത്ത തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ ജനസഞ്ചയം കരഘോഷങ്ങളാലും ആരവങ്ങളാലും അവരുടെ ആനന്ദം ആവിഷ്ക്കരിച്ചു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച്  പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

25 ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകിരക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം..... 28 അതുപോലെതന്നെ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്...... 31 ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാകുകയും ചെയ്യും. 32 ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്.” (പൗലോസ് എഫേസോസുകാര്‍ക്കെഴുതിയ ലേഖനം 5:25,28,31,32)

 ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തു കല്പനകളെ, പത്തു “വചനങ്ങളെ” അധികരിച്ചുള്ള പ്രബോധനപരമ്പര തുടര്‍ന്നു. “വ്യഭിചാരം ചെയ്യരുത്” എന്ന ആറാം പ്രമാണത്തെക്കുറിച്ചു കഴിഞ്ഞയാഴ്ച നടത്തിയ വിചിന്തനത്തിന്‍റെ തുടര്‍ച്ചയായിരുന്നു പാപ്പായുടെ പരിചിന്തനം. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പാപ്പായുടെ പരിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ക്രിസ്തുവിന്‍റെ വിശ്വസ്ത സ്നേഹം ഏകുന്ന വെളിച്ചം

മാനുഷിക സ്നേഹത്തിന്‍റെ മനോഹാരിത ജീവിക്കുന്നതിനാവശ്യമായ വെളിച്ചം ക്രിസ്തുവിന്‍റെ വിശ്വസ്ത സ്നേഹമാണ് എന്നത് എടുത്തുകാട്ടിക്കൊണ്ട് ഇന്ന് ഞാന്‍, പത്തു കല്പനകളിലെ  “ആറാമത്തെ വചന”ത്തെക്കുറിച്ചുള്ള, അതായത്, “വ്യഭിചാരം ചെയ്യരുത്” എന്ന പ്രമാണത്തെക്കുറിച്ചുള്ള പരിചിന്തനം പൂര്‍ത്തിയാക്കാന്‍ അഭിലഷിക്കുന്നു. വാസ്തവത്തില്‍ നമ്മുടെ സ്നേഹവികാരമാനം സ്നേഹത്തിലേക്കുള്ള ഒരു വിളിയാണ്. വിശ്വസ്തതയിലും സ്വീകരിക്കാനുള്ള മനോഭാവത്തിലും കാരുണ്യത്തിലും ആവിഷ്കൃതമാകേണ്ടതാണ് ഈ സ്നേഹം. ഇതു സുപ്രധാനമാണ്. സ്നേഹം എങ്ങനെയാണ് സ്വയം വെളിപ്പെടുത്തുന്നത്? വിശ്വസ്തതയിലും സ്വീകരണത്തിലും കാരുണ്യത്തിലും.

ദാമ്പത്യം വിശ്വസ്തതയെ വിവക്ഷിക്കുന്ന കല്പന:"വ്യഭിചാരം ചെയ്യരുത്"

ഈ കല്പന ദാമ്പത്യവിശ്വസ്തതയെയാണ് പ്രത്യക്ഷമായി ദ്യോതിപ്പിക്കുന്നത് എന്ന വസ്തുത വിസ്മരിക്കരുത്. ആകയാല്‍ ഈ വിശ്വസ്തയ്ക്കുള്ള  വിവാഹവുമായി ബന്ധപ്പെട്ട പൊരുള്‍ എന്തെന്ന് അവഗാഢം മനനം ചെയ്യുക ഉചിതമാണ്. പൗലോസപ്പസ്തോലന്‍റെ ലേഖനത്തില്‍ നിന്നുള്ള വചന ഭാഗം വിപ്ലവാത്മകമാണ്! ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭര്‍ത്താവ് ഭാര്യയെ സ്നേഹിക്കണം എന്ന് അക്കാലത്തെ മാനുഷികമായ രീതികള്‍വച്ച്, ചിന്തിക്കുകയും പറയുകയും ചെയ്യുക ഒരു വിപ്ലവം തന്നെയാണ്. വിവാഹത്തെക്കുറിച്ച് അക്കാലഘട്ടത്തില്‍ പറഞ്ഞിട്ടുള്ളവയില്‍ ഏറ്റം വിപ്ലവാത്മകമായിരിക്കാം, ഒരുപക്ഷേ, ഇത്. ചില ചോദ്യങ്ങള്‍ നമുക്കുന്നയിക്കാന്‍ സാധിക്കും, അതായത്, വിശ്വസ്തതയുടെതായ ഈ കല്പന ആര്‍ക്കുവേണ്ടിയുള്ളതാണ്? അത് ഭാര്യാഭര്‍ത്താക്കന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണോ? വാസ്തവത്തില്‍ ഈ കല്പന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, ഓരോ സ്ത്രീയോടും പുരുഷനോടുമുള്ള ദൈവത്തിന്‍റെ പിതൃനിര്‍വ്വിശേഷമായ ഒരു “വചന”മാണ് അത്.

ശുശ്രൂഷിക്കപ്പെടുന്നതില്‍ നിന്ന് ശുശ്രൂഷിക്കുന്നതിലേക്കുള്ള യാത്ര

മനുഷ്യന്‍ പക്വതയാര്‍ജ്ജിക്കുന്ന പ്രക്രിയ, ശുശ്രൂഷിക്കപ്പെടുന്നതില്‍ നിന്ന് ശുശ്രൂഷിക്കുന്നതിലേക്കും ജീവന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ജീവന്‍ പ്രദാനം ചെയ്യുന്നതിലേക്കും കടക്കുന്ന സ്നേഹത്തിന്‍റെ അതേ പാതതന്നെയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീപരുഷന്മാരാകുകയെന്നതിനര്‍ത്ഥം, വൈവാഹികവും മാതാപിതാക്കള്‍ക്കടുത്തതുമായ മനോഭാവം ജീവിക്കാന്‍ പ്രാപ്താരകുക എന്നാണ്. അപരന്‍റെ ഭാരം സ്വന്തം ചുമലിലേറ്റാനും അപരനെ അസന്ദിഗ്ദ്ധമായി സ്നേഹിക്കാനുമുള്ള കഴിവു പോലുള്ള വിഭിന്നങ്ങളായ ജീവിതസാഹചര്യങ്ങളില്‍ ഈ മനോഭാവം ആവിഷ്കൃതമാകുന്നു. ആകയാല്‍ യാഥാര്‍ത്ഥ്യം ഏറ്റെടുക്കാനും മറ്റുള്ളവരുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കാനുമുള്ള വ്യക്തിയുടെ സാര്‍വ്വത്രികഭാവമാണിത്.

ആരാണ് വ്യഭിചാരി?

ആകയാല്‍ ആരാണ് വ്യഭിചാരി, വിഷയാസക്തന്‍, അവിശ്വസ്തന്‍? അത് അപക്വതയുള്ളവനാണ്. അപക്വമതി, സ്വന്തം ജീവിതം അവനു മാത്രമായി സൂക്ഷിച്ചു വയ്ക്കുകയും സ്വന്തം ക്ഷേമവും സംതൃപ്തിയും മുന്‍നിറുത്തി മാത്രം അവസ്ഥകളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ആകയാല്‍, വിവാഹബന്ധത്തിന് വിവാഹാഘോഷം മാത്രം പോരാ! അതിന് “ഞാന്‍” എന്നതില്‍ നിന്ന് “നമ്മള്‍” എന്നതിലേക്കുള്ള ഒരു സഞ്ചാരം ആവശ്യമായിരിക്കുന്നു. ഒറ്റയ്ക്ക് ചിന്തിക്കുന്നതില്‍ നിന്ന് രണ്ടു പേരും കൂടി ചിന്തിക്കുന്നതിലേക്ക്, ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ നിന്ന് രണ്ടു പേരുംകൂടി ജീവിക്കുന്നതിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. സുന്ദരമാണ് ഈ യാത്ര. വികേന്ദ്രീകരണത്തില്‍ നമ്മളെത്തുമ്പോള്‍ ഒരോ പ്രവര്‍ത്തിയും വൈവാഹികമായി ഭവിക്കുന്നു. അപ്പോള്‍, നമ്മള്‍ സ്വാഗതം ചെയ്യുകയും അര്‍പ്പണം ചെയ്യുകയും ചെയ്യുന്ന മനോഭാവത്തോടുകൂടി ജോലിചെയ്യുന്നു, സംസാരിക്കുന്നു, തീരുമാനിക്കുന്നു, മറ്റുള്ളവരെ കാണുന്നു.

പൗരോഹിത്യവും സമര്‍പ്പിത കന്യകാത്വവും

ഒരോ ക്രിസ്തീയവിളിയും, ഈ ഒരു വീക്ഷണത്തില്‍, വിശാലമായ അര്‍ത്ഥത്തില്‍, വൈവാഹികമാണ്. പൗരോഹിത്യം അതാണ്. എന്തെന്നാല്‍ ക്രിസ്തുവിലും സഭയിലും സകലരെയും വാത്സല്യത്തോടും സമൂര്‍ത്തമായ കരുതലോടും, കര്‍ത്താവേകുന്ന വിവേകത്തോടുംകൂടി സേവിക്കാനുള്ള വിളിയാണ് അത്. പൗരോഹിത്യ പദവി ആഗ്രഹിക്കുന്നവരെയല്ല സഭയ്ക്കാവശ്യം, ഒരിക്കലും അങ്ങനെയുള്ളവരെ വേണ്ട, അവര്‍ വിട്ടില്‍ത്തന്നെ കഴിയുന്നതാണ് ഉചിതം. ക്രിസ്തുവിന്‍റെ മണവാട്ടിയ്ക്കായുള്ള സമ്പൂര്‍ണ്ണ സ്നേഹത്തോടുകൂടി പരിശുദ്ധാരൂപി ഹൃദയത്തെ സ്പര്‍ശിച്ച വ്യക്തികളെയാണ് ആവശ്യം. പൗരോഹ്യത്യത്തില്‍ ഒരുവന്‍ മുഴുവന്‍പൈതൃക ഭാവത്തോടും ആര്‍ദ്രതയോടും ഭര്‍ത്താവിന്‍റെയും പിതാവിന്‍റെയും കരുത്തോടും കൂടി ദൈവജനത്തെ സ്നേഹിക്കുന്നു. അപ്രകാരം തന്നെ, ക്രിസ്തുവിന് സമര്‍പ്പിത കന്യകാത്വവും, വിവാഹബന്ധത്തിലെന്നപോലെയുള്ള വിശ്വസ്തതയോടും മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റെയും ഫലഭൂയിഷ്ഠതയിലെന്നപോലുള്ള ആനന്ദത്തോടും കൂടി ജീവിക്കപ്പെടുന്നു.

ക്രിസ്തീയ വിളിയുടെ വൈവാഹിക സ്വഭാവം

ഞാന്‍ ആവര്‍ത്തിക്കുകയാണ്: ഒരോ ക്രിസ്തീയവിളിയും വൈവാഹികഭാവമാര്‍ന്നതാണ്. കാരണം, അത്, നാം വീണ്ടും ജനിപ്പിക്കപ്പെട്ട സ്നേഹബന്ധത്തിന്‍റെ ഫലമാണ്, അത്, ആരംഭത്തില്‍ നാം വായിച്ചുകേട്ട, പൗലോസപ്പസ്തോലന്‍റെ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, ക്രിസ്തുവുമായുള്ള സ്നേഹബന്ധമാണ്. അവിടത്തെ വിശ്വസ്തതയിലും ആര്‍ദ്രതയിലും മഹാമനസ്കതയിലും നിന്നു തുടങ്ങി വിശ്വാസത്തോടുകൂടി വിവാഹത്തിലേക്കും ഒരോ വിളിയിലേക്കും നോക്കുകയും ലൈംഗികയുടെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു.

മനുഷ്യജീവി അതിന്‍റെ അവിഭക്തമായ ആത്മശരീരങ്ങളുടെ ഐക്യത്തിലും സ്ത്രീയും പുരുഷനും എന്ന അതിന്‍റെ ധ്രുവത്വത്തിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അതിശ്രേഷ്ഠമായ ഒരു യാഥാര്‍ത്ഥ്യമാണ്. മനുഷ്യ ഗാത്രം ആനന്ദോപകരണമല്ല, മറിച്ച്, സ്നേഹത്തിലേക്കുള്ള നമ്മുടെ വിളിയുടെ വേദിയാണ്. അധികൃതമായ സ്നേഹത്തില്‍ ഭോഗേച്ഛയ്ക്കും അതിന്‍റെ ഉപരിപ്ലവതയ്ക്കും ഇടമില്ല. സ്ത്രീപുരുഷന്മാര്‍ ഉപരിമഹത്വത്തിനര്‍ഹരാണ്.

“വ്യഭിചാരം ചെയ്യരുത്” എന്ന കല്പന

ആകയാല്‍, “വ്യഭിചാരം ചെയ്യരുത്” എന്ന കല്പന അതില്‍ത്തന്നെ നിഷേധാത്മകമാണെങ്കിലും, അത് നമ്മെ, യേശു ക്രിസ്തു നമുക്കു വെളിപ്പെടുത്തിയതും നല്കിയതുമായ, നമ്മുടെ യഥാര്‍ത്ഥ വിളിയിലേക്ക്, അതായത്, പൂര്‍ണ്ണവും വിശ്വസ്തവുമായ ദാമ്പത്യസ്നേഹത്തിലേക്കു നയിക്കുന്നു. നന്ദി.                         

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ നവമ്പര്‍ ഒന്നിന്, അതായത്, ഈ വ്യാഴാഴ്ച (01/11/18) സകലവിശുദ്ധരുടെയും അതിനടുത്ത ദിവസമായ രണ്ടാം തിയിതി വെള്ളിയാഴ്ച (02/11/18) സകല മരിച്ചവിശ്വാസികളുടെയും ഓര്‍മ്മ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ജീവിതയാത്രയില്‍ നമ്മെ ഓരോരുത്തരേയും ദൈവം തുണയ്ക്കുന്നുവെന്നും ആരെയും തനിച്ചുവിടുന്നില്ലെയെന്നും അവിടന്നു പരിശുദ്ധനായിരിക്കുന്നതുപോലെ നമെല്ലാവരും വിശുദ്ധരാകണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നുവെന്നുമുള്ള നമുടെ ഉറപ്പിനെ നമുക്കു മുന്‍പേ പോയവരുടെ വിശ്വാസസാക്ഷ്യം ബലപ്പെടുത്തട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

31 October 2018, 13:07