ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ് അസ്സിസിയില്‍ 2016 സെപ്തംബര്‍ 20. ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ് അസ്സിസിയില്‍ 2016 സെപ്തംബര്‍ 20. 

വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവില്‍ കണ്ട എളിമയും സേവനവും

ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ സഹോദരങ്ങളുടെ (Friors Minor Oder) പൊതുസമ്മേളനത്തെ (General Chapter) സെപ്തംബര്‍ 14-Ɔο തിയതി വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആഗോള ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ജനറല്‍ മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ റൊബേര്‍ത്തോ ജെനുവിനോടൊപ്പമാണ് അവര്‍ പാപ്പായെ കാണാന്‍ എത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

എളിയവരെ ശുശ്രൂഷിക്കുന്ന ക്രിസ്ത്വാനുകരണം
ദിവ്യഗുരുവായ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ വിശുദ്ധ ഫ്രാന്‍സിസ് കണ്ടെത്തിയ മാര്‍ഗ്ഗം പാവങ്ങളെ എളിമയില്‍ ശുശ്രൂഷിക്കണമെന്നായിരുന്നു. തന്‍റെ സഭയുടെ സേവനപാതിയും സമൂഹത്തിലെ പരസ്പര ബന്ധങ്ങളും വിനയത്തിന്‍റെയും സേവനത്തിന്‍റെയും രീതിയിലായിരിക്കണമെന്ന് അസ്സീസിയിലെ ഫ്രാന്‍സിസ് പഠിപ്പിച്ചു. അതിനാല്‍ അനുദിന ജീവിത സാഹചര്യങ്ങളില്‍ പ്രകടമാക്കപ്പെടേണ്ട ജീവിതത്തിന്‍റെ ചെറുമയാണ് ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍ ജീവിതസാക്ഷ്യമാകേണ്ടത്.

ഫ്രാന്‍സിസ് കാട്ടിത്തന്ന ചെറുമയുടെ ആത്മീയത
ഇന്ന് ലോകത്ത് മാനവികതയ്ക്ക് ആവശ്യമായിരിക്കുന്നതും, സഭാശുശ്രൂകരായ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മാതൃകയാക്കാവുന്നതുമാണ് അസ്സീസിയിലെ ഫ്രാന്‍സിസ് പകര്‍തരുന്ന ഈ ചെറുമയുടെ ആത്മീയത. ദൈവം പ്രവര്‍ത്തിക്കുന്നത് വിനീത ഭാവത്തിലാണ്. എളിമയും ലാളിത്യവും ദൈവികമായ രീതികളാണ്. ക്രിസ്തു കാട്ടിത്തന്ന ലാളിത്യവും എളിമയും ജീവിക്കാനാണ് ക്രൈസ്തവ ജീവിതത്തിലും സന്ന്യാസ സമര്‍പ്പണത്തിലും ദൈവം വ്യക്തികളെ ക്ഷണിക്കുന്നത്. അതിനാല്‍ ചെറുമയിലും എളിയ ശുശ്രൂഷയിലുമാണ് മഹത്വം അടങ്ങിയിരിക്കുന്നത്.

ഫ്രാന്‍സിസ്ക്കന്‍ ശുശ്രൂഷയുടെ സമര്‍പ്പണധീരത

ലോകമെമ്പാടും ഫ്രാന്‍സിസിന്‍റെ എളിയ സഹോദരങ്ങള്‍ ജീവിക്കുന്ന ലാളിത്യമാര്‍ന്ന സേവനം ഫ്രാന്‍സിസ്ക്കന്‍ സഭയുടെ വലിയ സംഭാവനയാണ്. വിവിധ സംസ്ക്കാരങ്ങളും ജനതകളും ദേശങ്ങളുമായി ബന്ധപ്പെട്ട്, വിശിഷ്യ അധികവും പാവങ്ങളും എളിയവര്‍ക്കുമായുള്ള സേവനം ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍ സന്തോഷപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് ശ്രദ്ധേയമാണ്. ഈ ദൗത്യം നിര്‍വ്വിക്കുന്നതില്‍ പ്രതിസന്ധികള്‍ ചിലയിടങ്ങളിലെങ്കിലും സഭ നേരിടുന്നുണ്ട്. പിന്നെ ഫ്രാന്‍സിസ്ക്കന്‍ സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നിന്‍റെ എണ്ണക്കുറവിനെ അവഗണിച്ചും, വിശ്വാസവും പ്രത്യാശയും അനുദിനം നവീകരിച്ചും ദൈവകൃപയില്‍ ആശ്രയിച്ചും ശ്രദ്ധയോടെ മുന്നേരുന്നത് ഫ്രാന്‍സിസ്ക്കാന്‍ സമൂഹത്തിന്‍റെ സമര്‍പ്പണ ധീരതതന്നെ!.

ലാളിത്യത്തിലെ സുവിശേഷസന്തോഷം
എളിമയിലും ദാരിദ്ര്യത്തിലും ജീവിച്ച വിശുദ്ധ ഫ്രാന്‍സിസിനെ പതറാതെ പ്രചോദിപ്പിച്ച സുവിശേഷസന്തോഷം കപ്പൂച്ചിന്‍ സഭാംഗങ്ങളുടെ സ്ഥായീഭാവമുള്ള ആത്മീയ പ്രയാണത്തിന് ഇനിയും ശക്തിപകരട്ടെ! കാരണം ക്രിസ്തുവിന്‍റെ വചനപ്രഭയില്‍ സകലതും നവമായി പ്രകാശിതമാകും, അത് ദൈവിക പരിപാലയുടെ സനേഹപ്രകാശമാണ്. ഇന്നിന്‍റെ ജീവിതപരിസരങ്ങളില്‍ സുവിശേഷത്തിന്‍റെ വറ്റാത്ത ശ്രോതസ്സ് വിട്ടുപോകാതെയും വറ്റിപ്പോകാതെയും മുന്നോട്ടുള്ള സമര്‍പ്പണയാത്രയില്‍ പുതിയ വഴികളും അജപാലനരീതികളും ക്രിയാത്മകമായ സംവിധാനങ്ങളും കണ്ടെത്തി മുന്നേറുക!

തന്നെ കാണാനെത്തിയ 100-ല്‍ അധികം വരുന്ന ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചശേഷം അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2018, 19:43