വലിയ ഇടയന്‍ അജഗണത്തിനു മദ്ധ്യേ- ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍- വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 22-08-18 വലിയ ഇടയന്‍ അജഗണത്തിനു മദ്ധ്യേ- ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍- വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 22-08-18 

ആര്‍ക്കും വിളിച്ചപേക്ഷിക്കാവുന്ന നാമം

ദൈവനാമം അറിയുമ്പോള്‍ അത് ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നു-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വേനല്‍ച്ചൂടിന് അല്പം ശമനം അനുഭവപ്പെടുന്നുണ്ടെങ്കിലും ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും(08/08/18) അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോ‍ള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ഏഴായിരത്തിലേലേറെപ്പേര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് ശാലയില്‍ സന്നിഹിതരായിരുന്നു. ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ വരവേറ്റു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. ചിലര്‍ക്ക് ഹസ്തദാനമേകുകയും  പിഞ്ചുകുഞ്ഞുങ്ങളെ തൊട്ട് ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങള്‍ നല്കുന്നതും മറ്റുചിലര്‍ പാപ്പായുടെ കൈയ്യിലൊ വസ്ത്രത്തിലൊ പിടിച്ചു വലിക്കുന്നുതും കാണാമായിരുന്നു. ചിലരുടെ കൈകളിലിരുന്ന വസ്തുക്കള്‍ പാപ്പാ ആശീര്‍വദിക്കുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം

“ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉച്ചരിക്കരുത്. തന്‍റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല” (പുറപ്പാട് 20:7)

നീതിമാനായ പിതാവേ.... അങ്ങയുടെ നാമം ഞാന്‍ അവരെ അറിയിച്ചു. അവിടന്നു എനിക്കു നല്കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അതറിയിക്കും” (യോഹന്നാന്‍ 17,25-26)

ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണ സംഗ്രഹം

നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉച്ചരിക്കരുത്” (പുറപ്പാട് 20:7)

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പത്തുകല്പനകളെ അധികരിച്ചുള്ള പരിചിന്തനം നാം തുടരുകയാണ്.“നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉച്ചരിക്കരുത്” (പുറപ്പാട് 20:7) എന്ന  കല്പനയാണ് ഇന്നു നമ്മുടെ ചിന്താവിഷയം. ദൈവനാമത്തെ അവഹേളിക്കാതിരിക്കാനും അനവസരത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കനുമുള്ള ഒരു ക്ഷണമായിട്ടാണ് നാം തീര്‍ച്ചയായും, ഈ വാക്യം വായിച്ചടെുക്കുക. പ്രസ്പഷ്ടമായ ഈ അര്‍ത്ഥം, നമ്മെ, വിലയേറിയ ഈ പദങ്ങളെ, അതായത് ദൈവത്തിന്‍റെ നാമം കാരണമില്ലാതെ, വൃഥാ ഉപയോഗിക്കരുത് എന്നീ വാക്കുകളെ ആഴത്തില്‍ പഠിക്കാന്‍ സജ്ജരാക്കുന്നു.

ആ പദങ്ങള്‍ നമുക്കു നന്നായി ശ്രവിക്കാം. “നീ ഉച്ചരിക്കരുത്”  എന്ന പ്രയോഗം ഹീബ്രു ഭാഷയിലെന്നപോലെ ഗ്രീക്കു ഭാഷയിലും അക്ഷരാര്‍ത്ഥത്തില്‍ ദ്യോതിപ്പിക്കുന്നത്   നീ സ്വയം ഏറ്റെ‌ടുക്കരുത് എന്നാണ്. “വൃഥാ” എന്ന പ്രയോഗമാകട്ടെ സുവ്യക്തമാണ്, അതിന്‍റെ അര്‍ത്ഥം വെറുതെ, വ്യര്‍ത്ഥമായി എന്നൊക്കെയാണ്. ശൂന്യമായ ഒരു പെട്ടിയെ, അല്ലെങ്കില്‍ പൊള്ളയായ ഒരു വസ്തുവിനെ അതു സൂചിപ്പിക്കുന്നു. ഇത് കാപട്യത്തിന്‍റെ, ഔപചാരികതയുടെ, നുണയുടെ സ്വഭാവമാണ്. പൊള്ളയായവിധത്തില്‍, അതായത്, സത്യരഹിതമായി ദൈവത്തിന്‍റെ നാമം ഉപയോഗിക്കലാണ് അത്.

നാമം- വേദപുസ്തകത്തില്‍

വേദപുസ്തകത്തില്‍ നാമം എന്നത് വസ്തുക്കളുടെ, സര്‍വ്വോപരി, വ്യക്തിയുടെ അഗാധ പൊരുളാണ്. നാമം പലപ്പോഴും ദൗത്യത്തെ ദ്യോതിപ്പിക്കുന്നു. ഉദാഹരണമായി ഉല്പത്തിപ്പുസ്തകത്തില്‍ അബ്രഹാമും (ഉല്‍പ്പത്തി 17,5) സുവിശേഷങ്ങളില്‍ ശിമയോന്‍ പത്രോസും (യോഹന്നാന്‍, 1,42) പുതിയ പേരു സ്വീകരിക്കുന്നത് അവരുടെ ജിവിത ദിശയുടെ മാറ്റത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ നാമം യഥര്‍ത്ഥത്തില്‍ അറിയുക എന്നത് സ്വന്തം ജീവിതത്തിന്‍റെ രൂപാന്തരീകരണത്തിലേക്കു ഒരുവനെ നയിക്കുന്നു. ദൈവത്തിന്‍റ നാം അറിഞ്ഞ നിമിഷം മുതല്‍ മോശയുടെ ചരിത്രത്തില്‍ മാറ്റം സംഭവിക്കുന്നു.(പുറപ്പാട് 3:13-15)

പൊറുക്കലിന്‍റെ ദിനം

യഹൂദരുടെ ആരാധനാനുഷ്ഠാനങ്ങളില്‍ ദൈവ നാമം സാഘോഷം പ്രഘോഷിക്കപ്പെടുന്നത് ജനങ്ങള്‍ക്ക് പാപപ്പൊറുതി ലഭിക്കുന്ന മഹാ പൊറുക്കലിന്‍റെ  ദിനത്തിലാണ്- ദൈവത്തിന്‍റെ കാരുണ്യവും മാപ്പും യാചിക്കുന്ന “യോം കിപ്പൂര്‍” (YOM KIPPUR) ദിനത്തിലാണ്. എന്തെന്നാല്‍ കാരുണ്യവാനായ ദൈവത്തിന്‍റെ തന്നെ ജീവിതവുമായി ബന്ധത്തിലാകുകയാണ് ആ നാമത്താല്‍.

ത്രിയേകദൈവം

ക്രൈസ്തവര്‍ മാമ്മോദീസാ മുക്കപ്പെടുന്നത് ത്രിയേക ദൈവത്തിന്‍റെ, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ്. അങ്ങനെ ദൈവത്തിന്‍റെ നാമം പ്രഘോഷിക്കപ്പെടുന്നു. അത് വ്യര്‍ത്ഥമായിട്ടല്ല, പിന്നെയൊ, നമ്മുടെ പരിത്രാണത്തിന്‍റെയും ദൈവത്തിന്‍റെ ദത്തുപുത്രീപുത്രന്മാരായി ക്രിസ്തുവില്‍ വീണ്ടും ജനിക്കുന്നതിന്‍റെയും വാഗ്ദാനമായിട്ടാണ്. പിതാവിന്‍റെയും പുത്രന്‍റെയും നാമത്തില്‍ നാം കുരിശുവരയ്ക്കാറുണ്ട്. അത് നാം ചെയ്യുന്നത് നമ്മുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ ദൈവവുമായുള്ള യഥാര്‍ത്ഥവും അനുഭവവേദ്യവുമായ കൂട്ടായ്മയില്‍, അതായത് അവിടത്തെ സ്നേഹത്തില്‍, ജീവിക്കുന്നതിനാണ്. ഇക്കാര്യത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്: കുട്ടികളെ കുരിശടയാളം വരയ്ക്കാന്‍ പഠിപ്പിക്കുക. കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അനുദിനം വീണ്ടും നമ്മള്‍ ദൈവത്തിന്‍റെ നാമം ഉച്ചരിക്കുന്നു :”അവിടത്തെ നാമം പൂജിതമാകേണമെ”‌

നമ്മെ വഹിക്കുന്ന ദൈവം

ക്രിസ്തുവിന്‍റെ കുരിശു മുതല്‍ ഇങ്ങോട്ടു ആര്‍ക്കും അവനവനെ നിന്ദിക്കാനും സ്വന്തം അസ്തിത്വത്തെക്കുറിച്ചു തിന്മയായി ചിന്തിക്കാനുമാകില്ല. എന്തുകാര്യമാണ് ചെയ്തിരിക്കുന്നതെങ്കിലും ആര്‍ക്കും ഒരിക്കലും അങ്ങനെ ചിന്തിക്കുക സാധ്യമല്ല. കാരണം നാമോരോരുത്തരുടെയും നാമം ക്രിസ്തുവിന്‍റെ ചുമലിലാണ്. അവിടന്ന് നമ്മെ വഹിക്കുന്നു.... അതുകൊണ്ട് ദൈവം ഈ പ്രമാണത്തിലൂടെ പറയുകയാണ്: എന്നെ നീ സംവഹിക്കൂ, എന്തെന്നാല്‍ ഞാന്‍ നിന്നെ ചുമലിലേറ്റി” നമ്മോടു പൊറുക്കുന്നതിന് ക്രിസ്തു നമ്മുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്തു. അതു നമ്മുടെ ഹൃദയം അവിടത്തെ സ്നേഹത്താല്‍ നിറയ്ക്കുന്നതിനാണ്.

ഏതൊരു സാഹചര്യത്തിലും വിശ്വസ്തവും കാരുണ്യഭരിതവുമായ സ്നേഹമായ കര്‍ത്താവിന്‍റെ പരിശുദ്ധ നാമം ആര്‍ക്കും വിളിച്ചപേക്ഷിക്കാം. ആത്മാര്‍ത്ഥമായി തന്നെ വിളിക്കുന്ന ഹൃദയത്തോടു അവിടന്ന് ഒരിക്കലും “ഇല്ല” എന്നു പറയില്ല. നമുക്കു നമ്മുടെ ഭവനത്തില്‍ നിര്‍വ്വഹിക്കേണ്ട ദൗത്യലേക്കു മടങ്ങാം. നല്ലവണ്ണം കുരിശുവരയ്ക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് ആ ദൗത്യം. ഇതു നിങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യില്ലേ? നന്ദി.  

പ്രഭാഷണാനന്തര അഭിവാദ്യം

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

റഗനെല്ലൊ ദുരന്തത്തിനിരകളായവര്‍ക്കായി പ്രാര്‍ത്ഥന

തെക്കെ ഇറ്റലിയിലെ കളാബ്രിയായില്‍ മലയിടുക്കിലൂടെ ഒഴുകുന്ന റഗനെല്ലൊ അരുവിയിലൂടെ വിനോദസഞ്ചാരത്തിനു പോയ 18 വീതമുള്ള മൊത്തം 36 പേര‌ടങ്ങിയ സംഘം മലവെള്ളപ്പാച്ചിലില്‍ പെടുകയും അവരില്‍ ഏതാനും പേര്‍ മരണമടയുകയും ചെയ്ത ദുരന്തത്തില്‍ പാപ്പാ തന്‍റെ വേദന അറിയിക്കുകയും മരിച്ചവരെ ദൈവികകാരുണ്യത്തിനു സമര്‍പ്പിക്കുകയും ഈ ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങളുടെയും പരിക്കേറ്റവരുടെയും ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു.

പാപ്പാ യുവജനത്തോട്

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഓര്‍മ്മ അനുവര്‍ഷം ആഗസ്റ്റ് 22 ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ക്ലേശങ്ങളുടെ വേളകളി‍ല്‍ പരിശുദ്ധ കന്യകാമറിയം അവര്‍ക്ക്  അഭയമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഡബ്ലിന്‍ യാത്ര

ഈ വരുന്ന 25, 26 തിയതികളില്‍ (25-26/08/18) താന്‍ ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിന് അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനിലേക്കു പോകുന്നതിനക്കുറിച്ച് സൂചിപ്പിച്ച പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. കൃപയുടെയും ലോകമെമ്പാടുമുള്ള കുടുംബങ്ങളു‌ടെ സ്വരം ശ്രവിക്കലിന്‍റെയും അവസരമായി ഭവിക്കട്ടെ ഈ കുടുംബസമാഗമം എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2018, 13:06