Vatican News
രാഷ്ട്രത്തോട് ആദ്യ പ്രഭാഷണം രാഷ്ട്രത്തോട് ആദ്യ പ്രഭാഷണം  (ANSA)

സമൂഹത്തിന്‍റെ ധാര്‍മ്മിക ശക്തിയാവണം കുടുംബം!

ആഗസ്റ്റ് 25 വെള്ളി - ഡ്ബ്ലിന്‍ 1 അതിവിശിഷ്ടമായ രാഷ്ട്രപ്രതിനിധി സംഘവുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ചയ്ക്ക് വേദിയായത് ഡബ്ലിന്‍ ക്യാസിലാണ് (Dublin Castle). പ്രധാനമന്ത്രി, ലിയോ വരാഡ്കരെയും മറ്റു ഭരണകര്‍ത്താക്കളെയും നയതന്ത്രപ്രതിനിധികളെയും പ്രമുഖ പൗരാവിലിയെയും അഭിസംബോധനചെയ്തുകൊണ്ടാ പാപ്പാ തന്‍റെ പ്രഭാഷണം, അയര്‍ലണ്ടിലെ ആദ്യപ്രഭാഷണം ആരംഭിച്ചത്:

- ഫാദര്‍ വില്യം  നെല്ലിക്കല്‍

കുടുംബങ്ങളില്‍ ഒരു വലിയ കുടുംബം – സഭ
ഐറിഷ് ആതിഥ്യം ലോകപ്രശ്സ്തമാണ്. ക്ഷണിച്ചതിന് പ്രത്യേകം പാപ്പാ നന്ദിയും പറഞ്ഞു. അതുപോലെ വടക്കന്‍ അയര്‍ലണ്ടില്‍നിന്നുമുള്ള പ്രതിനതിധി സംഘത്തിന്‍റെ സാന്നിദ്ധ്യത്തെയും എടുത്തുപറഞ്ഞുകൊണ്ട് അവരെ അഭിനന്ദിച്ചു.   സന്ദര്‍ശനത്തിന്‍റെ പ്രഥമ ലക്ഷ്യം എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കുകയാണ്. സഭ യഥാര്‍ത്ഥത്തില്‍ കുടുംബങ്ങളില്‍ ഒരു കുടുംബമാണ്. അതുകൊണ്ട് ദൈവം കുടുംബങ്ങളെ ഭരമേല്പിച്ചിട്ടുള്ള സമൂഹത്തിലെ ഉത്തരവാദിത്ത്വങ്ങളോടും ജീവിതതിരഞ്ഞെടുപ്പുകളോടും വിശ്വസ്തതയോടും സന്തോഷത്തോടുംകൂടെ പ്രതികരിക്കുന്നതിന് അവരെ സഭ സഹായിക്കാന്‍ ഏറെ കടപ്പെട്ടിരിക്കുകയാണ്. കുടുംബങ്ങളുടെ സ്നേഹമുള്ള വിശ്വസ്തതയും, ദൈവം ദാനമായി നല്കുന്ന ജീവന്‍റെ എല്ലാഘട്ടത്തിലുമുള്ള രൂപഭാവങ്ങളോടുമുള്ള ആദരവും എവിടെയും എപ്പോഴും കാത്തുപാലിക്കപ്പെടേണ്ടതിനാല്‍ അവരെ സഭ പിന്‍തുണയ്ക്കേണ്ടതുണ്ട്. അതുപോലെ കുടുംബത്തിലെ ഓരോ അംഗത്തിനും വിദ്യാഭ്യാസം നല്കിക്കൊണ്ട് ആരോഗ്യപൂര്‍ണ്ണമായൊരു സാമൂഹികമണ്ഡം മെനഞ്ഞെടുക്കുന്ന ശ്രമകരമായ ദൗത്യവും കുടുംബങ്ങളുടേതാകയാല്‍ ഈ മേഖലയിലും അവര്‍ക്കൊരു കൈത്താങ്ങാകുവാന്‍ സഭ ബദ്ധശ്രദ്ധയാണ്.

സമൂഹത്തിന് കുടുംബം ഒരു ധാര്‍മ്മിക ശക്തി
എല്ലാ തലമുറകളും ഉത്തരവാദിത്വത്തോടെ ഓര്‍ത്തു സംരക്ഷിക്കേണ്ട സമ്പന്നമായ ധാര്‍മ്മിക പൈതൃകത്തിന്‍റെയും ആത്മീയ മൂല്യങ്ങളുടെയും സാക്ഷ്യമാകാനുള്ള വലിയ പ്രവാചക ദൗത്യം കുടുംബങ്ങളില്‍ നിക്ഷിപ്തമായരിക്കുന്നതാണ് ഇവിടെ ഡബ്ളിന്‍ നഗരത്തില്‍ നടക്കുന്ന ആഗോളകുടുംബ സംഗമത്തില്‍ പ്രതിഫലിക്കുന്നത്. ഇന്ന് ധൃതഗതിയില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമൂഹത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും, വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും ഇന്നുണ്ടാകുന്ന തകര്‍ച്ചയുടെ പ്രത്യാഘാതങ്ങളും എല്ലാത്തലത്തിലും സമൂഹത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി ആഗോള കുടുംബങ്ങളെ ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ കുടുബങ്ങളുടെ ക്ഷേമം അവഗണിക്കാവുന്നതല്ലെന്നു മാത്രമല്ല, ഉചിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവയെ വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതുമാണ്.

കുടുംബം തരുന്ന ജീവിതപാഠങ്ങള്‍
കുടുംബങ്ങളിലാണ് എല്ലാവരും ആദ്യ ചുവടുവയ്പ്പുകള്‍ നടത്തുന്നത്. അവിടെയാണ് കൂട്ടായ്മയില്‍ ജീവിക്കാന്‍ പഠിക്കുന്നത് അവിടെത്തന്നെ.. നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് കടിഞ്ഞാണിടാന്‍ പഠിക്കുന്നതും കുടുംബത്തിലാണ്. അഭിപ്രായ ഭിന്നതകള്‍ക്ക് ഐകരൂപ്യം നല്ക്കുന്നതും അവിടെയാണ്. സര്‍വ്വോപരി ജീവിത്തിന് അര്‍ത്ഥവും സംതൃപ്തിയും വ്യാപ്തിയും നല്കുന്ന മൂല്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതും കുടുംബങ്ങളിലാണ്. പൊതുവായ മാനവികത അംഗീകരിക്കുമ്പോഴാണ് ലോകം ഒരു കുടുംബമായി കാണാന്‍ നമുക്ക് കഴിയുന്നത്. അപ്പോള്‍ പാവങ്ങളും എളിയവരുമായ നമ്മുടെ സഹോദരങ്ങളെയും അംഗീകരിക്കുന്ന ഐക്യവും ഐക്യദാര്‍ഢ്യവും നമ്മിലും വളരും.

സമൂഹത്തിന്‍റെ അടത്തറ കുടുംബങ്ങള്‍
പെരുകുന്ന സാമൂഹിക തിന്മകളായ വര്‍ഗ്ഗീയ വംശീയ വിദ്വേഷത്തിനും, വഴങ്ങാത്ത അഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും, മനുഷ്യാന്തസ്സിനോടും അടിസ്ഥാന മനുഷ്യാവകാശങ്ങളോടുമുള്ള വെറുപ്പിനും, ഉള്ളവനും ഇല്ലാവത്തവനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയ്ക്കും മുന്നില്‍ പലപ്പോഴും നാം നിഷ്കൃയരായി നോക്കിനല്ക്കേണ്ടി വരുന്നുണ്ട്. സത്യസന്ധമായും ആഗോളതലത്തില്‍ നാം ജനതകളുടെ വലിയൊരു കുടുംബമാണെന്ന  യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരാന്‍ രാഷ്ട്രീയ സാമൂഹിക ജീവിതമേഖലകളില്‍ നാം ഇനിയും ഏറെ വളരേണ്ടതുണ്ട്! അതിനാല്‍ ലോകത്തെ സമാധാനദാതാക്കളും, അനുരഞ്ജനത്തിന്‍റെ പ്രയോക്താക്കളും, സഹോദരങ്ങളുടെ കാവല്‍ക്കാരും ആകുന്നതിലുള്ള ധാര്‍മ്മിക ശക്തി കാത്തുസൂക്ഷിക്കാനുള്ള ധൈര്യം നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്, പ്രത്യാശ കൈവെടിയരുത്.

കുടുംബങ്ങളിലെ വലിച്ചെറിയല്‍ സംസ്ക്കാരം
 സമാധാനം ദൈവത്തിന്‍റെ ദാനമാണെന്നാണ് സുവിശേഷം ഉദ്ബോധിപ്പിക്കുന്നത്. അനുരഞ്ജിതമായി സൗഖ്യപ്പെട്ട ഒരു ഹൃദയത്തില്‍നിന്നും സമാധാനം നിര്‍ഗ്ഗളിച്ച്, പിന്നെ അത് മറ്റുള്ളവരിലേയ്ക്കും പിന്നെ ലോകത്തിലേയ്ക്കും അത് ഒഴുകും. സമാധാനം നേടണമെങ്കില്‍ നമ്മില്‍നിന്നും നിരന്തരമായ അനുതാപത്തിന്‍റെ പരിശ്രമങ്ങള്‍ ഉണ്ടാകണം. അങ്ങനെയുള്ള ഒരു ആത്മീയ സ്രോതസ്സില്‍നിന്നു മാത്രമേ ഐക്യവും നീതിയും പൊതുനന്മ ലക്ഷ്യമാക്കിയുള്ള സേവനവും, യഥാര്‍ത്ഥമായ രാഷ്ട്രനിര്‍മ്മിതിയും സാദ്ധ്യമാവുകയുള്ളൂ. ആത്മീയ അടിത്തറയില്ലാതെ, രാഷ്ട്രങ്ങളുടെ “ആഗോളകുടുംബം” എന്ന ലക്ഷ്യം പൊള്ളയായ ഭോഷത്തമാകും. സാമ്പത്തിക ഭദ്രത മാത്രം ഉറപ്പുവരുത്താനുള്ള ശ്രമം നീതിനിഷ്ഠവും സമൂഹിക സമത്വം നിലനിര്‍ത്തുന്നമായിരിക്കും എന്നു നമുക്കു പറയാനാകുമോ? ഭൗതികതയില്‍ ഏറെ അധിഷ്ഠിതമായ കുടുംബങ്ങളില്‍ വളരുന്നത് ഇന്നിന്‍റെ “വലിച്ചെറില്‍ സംസ്ക്കാര”മാണ്. ഈ വലിച്ചെറിയല്‍ സംസ്ക്കാരമാണ് ഇന്ന് ലോകത്തു ഭൂരിപക്ഷമുള്ള പാവങ്ങളോടും പരിത്യക്തരോടും, ജീവിക്കാന്‍ യോഗ്യതയില്ലാതായിപ്പോയ അജാത ശിശുക്കളോടും നമ്മെ നിസംഗരാക്കുന്നത്. ഇന്നു നമ്മെ ഏറെ വ്യഗ്രതപ്പെടുത്തുന്ന മറ്റൊരു പ്രശ്നം കുടിയേറ്റത്തിന്‍റേതാണ്. അത് അത്ര എളപ്പത്തില്‍ ഒടുങ്ങാത്തതും, പരിഹരിക്കുന്നതിന് ഏറെ വിവേകവും, വിശാലമായ കാഴ്ചപ്പാടും, രാഷ്ട്രീയ നിഗമനങ്ങള്‍ക്ക് അതീതമായ മാനവിക പ്രതിബദ്ധത ആവശ്യപ്പെടുന്നതുമാണ്.

അയര്‍ലന്‍ഡിലെ പീഡനക്കേസുകള്‍
 സമൂഹത്തിലെ ഏറെ വ്രണിതാക്കളായ സഹോദരീ സഹോദരന്മാരെക്കുറിച്ച് പാപ്പാ ഏറെ ആശങ്കരേഖപ്പെടുത്തി. പ്രത്യേകിച്ച് ഈ അടുത്തകാലത്ത് ഇന്നാട്ടില്‍ ഏറെ വിഷമകതകള്‍ക്ക് വിധേയരാകേണ്ടിവന്നവര്‍! ഈ മുറിപ്പെട്ടവരില്‍ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുണ്ടായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരെക്കുറിച്ച് അതിയായി ഖേദിക്കുന്നു. കുട്ടികളെ സംരക്ഷിക്കാനും വിദ്യാഭ്യാസം നല്കി വളര്‍ത്താന്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍തന്നെ അവരെ വഴിതെറ്റിച്ചതില്‍ വ്യസനിക്കുന്നു. ഒപ്പം സഭാധികാരികളായ മെത്രാന്മാര്‍, സന്ന്യാസഭകളുടെ മേലധികാരികള്‍, വൈദികര്‍ എന്നിവരില്‍നിന്നും വേണ്ടുവോളം ഉത്തരവാദിത്വമില്ലാതെയും ലാഘവത്തോടെയും പ്രശ്നങ്ങളെ വീക്ഷിച്ചതിലും, ചിലപ്പോള്‍ പ്രതികളെ സംരക്ഷിച്ചതിലും ഏറെ ക്ഷമ യാചിക്കുന്നു.

പീഡനക്കേസുകള്‍ക്ക് 
 മുന്‍പാപ്പാ ബെനഡിക്ടിന്‍റെ താക്കീത്
നിഷേധാത്മകമായ ഈ കുറ്റകൃത്യങ്ങള്‍ക്ക് ആനുപാതികമായ പ്രതിഷേധവും എതിര്‍പ്പും ഇന്ന് സമൂഹത്തില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് കത്തോലിക്കാ സമൂഹത്തിന് അപമാനകരവും ശമിക്കാത്ത വേദനയ്ക്കു കാരണവുമാണ്. ഈ വേദന താന്‍ പങ്കുവയ്ക്കുന്നതായി പാപ്പാ ഏറ്റുപറഞ്ഞു. ഈ വിശ്വാസ വഞ്ചനയ്ക്കെതിരെ തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് 16-Ɔമന്‍ സുവിശേഷാധിഷ്ഠിതവും നീതിനിഷ്ഠവും ഫലവത്തുമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതാണ് (cf. Pastoral Letter to the Catholics of Ireland, 10). കഴിഞ്ഞ തെറ്റുകള്‍ തിരുത്തി അവ വീണ്ടും സംഭവിക്കാതിരിക്കാന്‍ പ്രതിവിധിയായി കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങള്‍ തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് നല്കിയിട്ടുള്ളതാണ്.   യഥാര്‍ത്ഥത്തില്‍ സ്നേഹത്തോടെ പോറ്റി വളര്‍ത്തി ആത്മീയ പക്വതയിലേയ്ക്കു നയിച്ച് പൂര്‍ണ്ണവ്യക്തിയാക്കി രൂപപ്പെടുത്തേണ്ട ദൈവത്തിന്‍റെ വിലപ്പെട്ട സമ്മാനമാണ് ഓരോ കുഞ്ഞും.

ക്രിസ്തീയ വിശുദ്ധി വിരിയുന്ന നാട്!
അയര്‍ലണ്ടിലെ ക്രിസ്തീയതയുടെ ചരിത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കാമാണ്. ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചവുമായെത്തിയ പലാദിയൂസിനെയും പാട്രിക്കിനെയും പാപ്പാ അനുസ്മരിച്ചു. അവര്‍ പാകിയ സുവിശേഷ വിത്തു മുളച്ച് ഐറിഷ് മണ്ണില്‍ വിശുദ്ധി പൂവണിഞ്ഞു. നവമായി വളര്‍ന്ന വിശ്വാസം തളിര്‍ത്ത് കൊളുംബ, കൊളുമ്പാനൂസ്, ബ്രിജിറ്റ്, ഗാള്‍ പോലുള്ള വിശുദ്ധാത്മാക്കളും ആ നാടിന് അഭിമാനമായി.  
 ഇന്നും ഈ നാട്ടില്‍ വിശ്വാസത്തില്‍നിന്നും വിരിഞ്ഞ വിവേകവും നന്മയും വിതുമ്പി നില്ക്കുന്നു.

പ്രാര്‍ത്ഥനയോടെ ആശംസകള്‍‍!
 ഇന്നിന്‍റെ വൈവിധ്യാമാര്‍ന്ന രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകള്‍ക്ക് അയര്‍ലന്‍ഡിന്‍റെ ക്രിസ്തീയ വെളിച്ചത്തെ കെടുത്താനോ, അതിന് മങ്ങലേല്പിക്കാനോ ഇടയാവാതിരിക്കട്ടെ, മറിച്ച് അത് കൂടുതല്‍ നന്മയുടെ വെളിച്ചം ഈ ജനതയുടെമേല്‍ വര്‍ഷിക്കട്ടെ! ദൈവാനുഗ്രഹവും, വിവേകവും, സന്തോഷവും, സമാധാനവും ഐറിഷ് ജനതയ്ക്ക് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.  

25 August 2018, 19:38