പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥന ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥന ജാലകത്തില്‍ 

അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം : സ്പന്ദിക്കുന്ന ദൈവസ്നേഹം

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം എല്ലാ ഞായറാഴ്ചകളിലും ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്നത് പതിവാണ്. അതിന്‍റെ ശ്രദ്ധേയമായൊരു ഭാഗമാണ് അന്നത്തെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഒരു സന്ദേശം നല്കുന്നത്. കൂടാതെ ലോകത്ത് എല്ലാവരെയും സംബന്ധിക്കുന്ന ഒരു പ്രത്യേക വാര്‍ത്ത പാപ്പാ ജനങ്ങളുമായി പങ്കുവക്കുന്നു. ജനങ്ങള്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കുന്നതോടെയാണ് ത്രികാലപ്രാര്‍ത്ഥന പരിപാടി സമാപിക്കുന്നത്. ജൂലൈ 29-Ɔο തിയതി നല്കിയ ത്രികാല പ്രാര്‍ത്ഥനാസന്ദേശവും ആശംസകളുമാണ് ഇന്ന്.
ശബ്ദരേഖ - ത്രികാലപ്രാര്‍ത്ഥന 29-07-18

ജനങ്ങള്‍ക്ക് പാപ്പായുടെ അഭിനന്ദനം!
വേനല്‍ വെയില്‍ മൂര്‍ച്ഛിച്ച ദിവസമായിരുന്നു. എന്നിട്ടും പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാനും ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനുമായി ആയിരങ്ങള്‍ വത്തിക്കാനില്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞ പ്രതീതിയായിരുന്നു. ഇറ്റിലിക്കാര്‍ മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ സന്ദര്‍ശകരും തീര്‍ത്ഥാടകരും കൊടിതോരണങ്ങളുമായി പാപ്പായെ കാത്തു നില്ക്കുകയാണ്. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പോസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനങ്ങള്‍ ആനന്ദത്തോടെ പാപ്പായെ വരവേറ്റു. മന്ദസ്മിതത്തോട കരങ്ങള്‍ ഉയര്‍ത്തി പാപ്പായും ജനങ്ങളെ അഭിവാദ്യംചെയ്തു. പ്രിയ സഹോദരീ സഹോദരന്മാരേ, ഇത്ര ശക്തമായ വെയിലിനെ വെല്ലുവിളിച്ചും ഈ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന നിങ്ങള്‍ ഏറെ ധൈര്യശാലികളാണ്... അഭിനന്ദനങ്ങള്‍!

തിബേരിയൂസ് തീരത്തെ ബാലന്‍റെ ഉദാരത
ഇന്നത്തെ സുവിശേഷഭാഗം പരാമര്‍ശിക്കുന്നത് ഈശോ അഞ്ചപ്പവും രണ്ടും മീനും വര്‍ദ്ധിപ്പിച്ച് അയ്യായിരങ്ങളെ പോറ്റിയ സംഭവവമാണ്
(യോഹ. 6, 1-15). തിബോരിയസ് തടാകത്തിനു സമീപം തന്നെ കാണാന്‍ ഓടിക്കൂടിയ വലിയ പുരുഷാരത്തെ കണ്ടപ്പോള്‍ ക്രിസ്തു ഇങ്ങനെ തന്‍റെ ശിഷ്യന്മാരോട് അരുള്‍ചെയ്തു. ഈ ജനത്തിന് കൊടുക്കാന്‍ വേണ്ടുവോളം അപ്പം നമുക്ക് എവിടെ വാങ്ങാന്‍ കിട്ടും?”(5). എന്നാല്‍ ഇത്രയും വലിയ പുരുഷാരത്തെ ഊട്ടുന്നതിന് വേണ്ടുവോളം ഭക്ഷണം വാങ്ങാനുള്ള പണം ഈശോയുടെയും ശിഷ്യന്മാരുടെയും പക്കല്‍ ഇല്ലായിരുന്നു. കൈവശം ഉള്ളത് എല്ലാം നല്കാന്‍ തയ്യാറായ ഒരു ചെറുബാലനെ 12 ശിഷ്യരില്‍ ഒരാളായ അന്ത്രയോസ് ഈശോയുടെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അവന്‍റെ കൈവശം ആകെ 5 അഞ്ചപ്പവും 2 മീനുമാണ് ഉണ്ടായിരുന്നത്. അപ്പോള്‍ അന്ത്രയോസ് പറഞ്ഞു. ഇത്ര വലിയ പുരുഷാരത്തിന് ഈ 5 അപ്പവും 2 മീനുംകൊണ്ട് എന്താകാനാണ്? (9).

ഈ ബാലന്‍ മിടുക്കനും ധൈര്യശാലിയുമാണ്. അവന്‍ ഈ വലിയ പുരുഷാരത്തെ കണ്ടതാണ്. തന്‍റെ അഞ്ചപ്പവും രണ്ടുമീനും ഇവര്‍ക്ക് ഒന്നുമല്ലെന്നും അവനറിയാം. എന്നാല്‍ അവന്‍ പറയുന്നത്, “എന്‍റെ പക്കല്‍ ഇത്രയുമുണ്ട്. വേണമെങ്കില്‍ ഇതെടുത്തോളൂ,” എന്നാണ്. ഈ ബാലനും അവന്‍റെ ധീരതയുമാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ചെറുപ്പക്കാര്‍ അങ്ങനെയാണ്. ധൈര്യമുള്ളവരാണവര്‍. നാം അവരുടെ ധീരതയെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ജനാവലിയെ ഇരുത്താന്‍ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. എന്നിട്ട് അവിടുന്ന് ബാലന്‍റെ കൈവശമുള്ള അപ്പവും മീനും എടുത്ത്, പിതാവിന് കൃതഞ്ജത പ്രകാശിപ്പിച്ച്, വാഴ്ത്തി. എന്നിട്ട് അത് ഭാഗിച്ചുകൊടുക്കുന്നതിന് ശിഷ്യന്മാരെ ഏല്പിച്ചു (11). എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. എല്ലാവരും വയറു നിറയെ ഭക്ഷിച്ചു.

ക്രിസ്തുവിന്‍റെ  സന്നിധാനത്തിലേയ്ക്ക്

ഈ സുവിശേഷഭാഗത്തിലൂടെ, ആരാധനക്രമം നമ്മെ നയിക്കുന്നത് ക്രിസ്തുവിലേയ്ക്കാണ്! “തന്‍റെ മുന്നില്‍ പ്രത്യാശയോടെ ഓടിക്കൂടിയ ജനത്തോട് അനുകമ്പ കാട്ടിയ...” ക്രിസ്തുവിലേയ്ക്കാണ്. കഴിഞ്ഞ ആഴ്ചയില്‍ മര്‍ക്കോസിന്‍റെ സുവിശേഷം വരച്ചുകാട്ടിയ ക്രിസ്തുവിന്‍റെ ആര്‍ദ്രമായ കാരുണ്യമുള്ള സന്നിധിയിലേയ്ക്കാണ് (6, 34)! അഞ്ചപ്പവും മീനും പങ്കുവച്ച പയ്യനും ഈ ദൈവിക കനിവ് മനസ്സിലാക്കി. പാവം ജനങ്ങള്‍! അവര്‍ക്ക് ഒന്നുമില്ല! എനിക്ക് ഇത്രയുമുണ്ടല്ലോ!   ഉള്ളതു പങ്കുവയ്ക്കാം! ഉള്ളതു പങ്കുവയ്ക്കാന്‍ അവനെ പ്രേരിപ്പിച്ചത് കരുണയാണ്. ഇന്ന് യോഹന്നാന്‍റെ സുവിശേഷം വരച്ചുകാട്ടുന്നത്, ജനത്തിന്‍റെ അടിസ്ഥാന ആവശ്യത്തോട് പ്രതികരിക്കുന്ന ക്രിസ്തുവിനെയാണ്. യോഹന്നാന്‍ വിവരിക്കുന്ന സംഭവം ഒരു യഥാര്‍ത്ഥ ജീവിതചുറ്റുപാടിന്‍റെ ചിത്രീകരണമാണ്. വിശക്കുന്ന ഒരു ജനത്തിന്‍റെ ജീവിത ക്ലേശത്തോട് പ്രതിബദ്ധത പ്രകടിപ്പിക്കാനും അവരുടെ വിശപ്പടക്കാനും തന്‍റെ ശിഷ്യരോട് ആവശ്യപ്പെടുന്ന ക്രിസ്തുവിനെയാണ് നാം ഇവിടെ കാണുന്നത്.

ഭൗതികവും  ആത്മീയവുമായ  ജീവിതവ്യഥകള്‍

ഇതു പച്ചയായൊരു ജീവിത ചുറ്റുപാടാണ്. തന്‍റെ പക്കല്‍ വന്നര്‍ക്ക് കുറച്ചു ഭക്ഷണം കൊടുത്ത് ഈശോ അവസാനിപ്പിച്ചില്ല, അവിടുന്ന് വചനവും, സമാശ്വാസവും, രക്ഷയും, അവസാനം സ്വജീവനും ലോകത്തിനായി പങ്കവച്ചു. എന്നാല്‍ അവിടുന്ന് മനുഷ്യന്‍റെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്തുവെന്നാണ് ഇന്നത്തെ സുവിശേഷ ഭാഗം പഠിപ്പിക്കുന്നത്. അതിനാല്‍ അവിടുത്തെ ശിഷ്യരായവര്‍ക്ക് കാപട്യം കാണിക്കാനോ വൃഥാവില്‍ ഉത്തരവാദിത്ത്വമില്ലാതെ നടക്കാനോ ആവില്ല. ഉന്നതമായ മൂല്യങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നതിനും മുന്നേ, മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ കാണാന്‍ കണ്ണും, കേള്‍ക്കാന്‍ കാതുമുണ്ടാകണം.

ക്രിസ്തുവില്‍ ഇന്നും സ്പന്ദിക്കുന്ന ദൈവസ്നേഹം 
അപ്പത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും സമാധാനത്തിനും, സര്‍വ്വോപരി ദൈവകൃപയ്ക്കുവേണ്ടി വിശക്കുന്ന മാനവികതയോടുള്ള ദൈവസ്നേഹത്തിന്‍റെ സ്പന്ദനം  ഇന്നും യേശുവില്‍ തുടരുകയാണ്. അന്നം നല്കിയും, സ്നേഹം നല്കിയും നിങ്ങളിലൂടെയും എന്നിലൂടെയും തന്‍റെ സജീവ സാന്ത്വനസാമീപ്യം അറിയിക്കാന്‍ അവിടുന്ന് ഇന്നും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അപ്പവും മീനും പങ്കുവച്ച ബാലനെപ്പോലെ അനുദിന ജീവിതചുറ്റുപാടുകളില്‍ സജീവമായും ആത്മാര്‍ത്ഥമായും ക്രിസ്തു-സാന്നിദ്ധ്യം ഉത്സഹാത്തോടെ ജീവിക്കാനാണ് സുവിശേഷം ഇന്നു നമ്മെ ക്ഷണിക്കുന്നത്. എനിക്കുള്ളത് ഞാന്‍ കൊടുക്കുന്നു. പിന്നെല്ലാം ദൈവം പരിപാലിക്കട്ടെ..! ഇന്ന് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്രയോ പേരാണ് ക്ലേശിക്കുന്നത്. നമുക്ക് മാറിനില്ക്കാനോ, നോക്കി നില്ക്കാനോ ആവില്ല!

നിത്യജീവന്‍റെ അപ്പമായ ക്രിസ്തു ലോകത്തു പ്രഘോഷിക്കപ്പെടണമെങ്കില്‍ നമ്മില്‍ പാവങ്ങളോടും ബലഹീനരോടും എളിയവരോടും പരിത്യക്തരോടും കൂട്ടംചേരുന്നതിനും അവരോടു പ്രതിബദ്ധത കാണിക്കുന്നതിനുമുള്ള ആഴമായ സമര്‍പ്പണം അനിവാര്യമാണ്. വ്യക്തിഗതവും സാമൂഹിക തലത്തിലുള്ളതുമായ നമ്മുടെ വിശ്വാസത്തിന്‍റെ മാറ്റുരച്ചു നോക്കുന്ന ഘടകമാണ് പാവങ്ങളോടും എളയവരോടുമുള്ള സമീപ്യം, അല്ലെങ്കില്‍ എളിയവരുടെ സമീപ്യത്തിനുള്ള ആഗ്രഹം.

ഭക്ഷണം പാഴാക്കരുത്, പങ്കുവയ്ക്കാം!
വളരെ രസകരമായൊരു കാര്യം കഥയുടെ അവസാനത്തില്‍ കാണുന്നത്, എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി കഴിഞ്ഞപ്പോള്‍ ഈശോ തന്‍റെ ശിഷ്യരോടു പറഞ്ഞത്, ഒന്നും നഷ്ടമാകാതിരിക്കാന്‍ ബാക്കി വന്നതെല്ലാം കുട്ടകളില്‍ ശേഖരിക്കുവിന്‍! (12).. ചുറ്റും ധാരാളം പാവങ്ങള്‍ കൈനീട്ടി നില്ക്കെ നാം എത്രത്തോളം ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്. ഭക്ഷണം ഒരിക്കലും പാഴാക്കിക്കളയരുത്. കുടുംബത്തില്‍ നമ്മുടെ മേശയിലെത്തുന്ന ഭക്ഷണത്തില്‍ ബാക്കി വന്നത് എവിടെപ്പോകുന്നു.? നാം എന്തു ചെയ്യുന്നു? നാം ഭക്ഷണം ഒരിക്കലും എറിഞ്ഞു കളയരുത്. നാം വിലയിരുത്തണം! ഇതൊരു അഭ്യര്‍ത്ഥനയും ഒപ്പം ഒരു ആത്മപരിശോധനയുമായിരിക്കട്ടെ! വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണംകൊണ്ടു നാമെന്തു ചെയ്യുന്നു?!

ലോകത്ത് ഇന്ന് പകയുടെയും ആയുധശേഖരത്തിന്‍റെയും, യുദ്ധത്തിന്‍റെയും പദ്ധതികളല്ല, ഐക്യദാര്‍ഢ്യത്തിന്‍റെയും വികസനത്തിന്‍റെയും ഭക്ഷണത്തിന്‍റെയും എത്രോയോ പദ്ധതികളാണ് ഇന്ന് ആവശ്യമായിരിക്കുന്നത്. ഈ നന്മയുടെ പദ്ധതികളെ എല്ലാറ്റിനെയും തുണയ്ക്കണമേയെന്ന് നമുക്ക് കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാം!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2018, 16:54