auspecious moment of Morning worship in Santa Marta 15-04-20 auspecious moment of Morning worship in Santa Marta 15-04-20   (Vatican Media)

മനുഷ്യരിലേയ്ക്കുള്ള ദൈവസ്നേഹത്തിന്‍റെ ആദ്യചുവടുവയ്പുകള്‍

ഏപ്രില്‍ 15-Ɔο തിയതി ബുധനാഴ്ച - സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്ന് പാപ്പാ ഫ്രാന്‍സിസ്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ജനത്തിന്‍റെകൂടെ പ്രതിസന്ധിയിലും ആയിരിക്കുന്ന ദൈവത്തിന്‍റെ അചഞ്ചലമായ വിശ്വസ്തതയെക്കുറിച്ചായിരുന്നു ബുധനാഴ്ച രാവിലെ സാന്താ മാര്‍ത്ത കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ വചനധ്യാനം :

1. കൂടെ നടക്കുന്ന ദൈവം
വിശ്വസ്തനായ ദൈവത്തോട് എങ്ങനെ വിശ്വസ്തതയുള്ളവരായി ജീവിക്കാമെന്നാണ് പാപ്പാ ധ്യാനിച്ചത്. മനുഷ്യര്‍ ദൈവത്തോടു കാണിക്കേണ്ട വിശ്വസ്തത അവിടുന്നു നമ്മോടു കാണിക്കുന്ന അചഞ്ചലമായ വിശ്വസ്തതയോടുള്ള സ്നേഹമുള്ള  പ്രതികരണമാവണം. ദൈവം തന്‍റെ വാഗ്ദാനങ്ങളോടും വചനത്തോടും വിശ്വസ്തനാണ്. അവിടുന്ന് ജനത്തിന്‍റെ കൂടെ നടന്നുകൊണ്ട് അവിടുത്തെ വിശ്വസ്തത പ്രകടമാക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. തന്‍റെ രക്ഷണീയ സാന്നിദ്ധ്യം നിരന്തരമായി ജനത്തിന് അനുഭവവേദ്യമാക്കിക്കൊണ്ടാണ് ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് വെളിപ്പെടുത്തുന്നത്.  കാരണം എല്ലാം പുനര്‍സൃഷ്ടിചെയ്യുവാനും നവീകരിക്കുവാനും സൗഖ്യപ്പെടുത്തുവാനും കഴിവുള്ളവനാണ് അവിടുന്ന്. ജന്മനാ മുടന്തനായിരുന്ന മനുഷ്യനെ ദൈവത്തിന്‍റെ നാമത്തില്‍ അത്ഭുതകരമായി അപ്പസ്തോലന്മാര്‍, പത്രോസും യോഹന്നാനും സൗഖ്യപ്പെടുത്തിയ സംഭവം പാപ്പാ  നടപടിപ്പുസ്തകത്തില്‍നിന്നും ചൂണ്ടിക്കാട്ടി (നടപടി 3, 1-10). ദൈവം തന്‍റെ ജനത്തിന് സൗഖ്യവും സമാശ്വാസവും നല്കുന്നവനാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. പുനര്‍സൃഷ്ടിചെയ്യുവാന്‍ കരുത്തുള്ള ദൈവം, രക്ഷണീയമായി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ സൃഷ്ടിച്ചതിലും കൂടുതല്‍ നല്ലതായിട്ടും മനോഹരവുമായിട്ടുമാണ് അത് അവിടുന്നു ചെയ്യുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

2. അനുസ്യൂതം സ്നേഹിക്കുന്ന പിതാവായ ദൈവം
ദൈവം അവിരാമം അക്ഷീണനായി അദ്ധ്വാനിക്കുകയും പ്രപഞ്ചസംവിധാനത്തിലും പരിപാലനയിലും  വ്യാപൃതനുമായിരിക്കുന്നു. അവിടുന്ന് ഒരു നല്ല ജോലിക്കാരനെപ്പോലെ, ക്ഷീണിക്കുമെന്ന ഭയമില്ലാതെ പ്രയത്നിക്കുന്നു, തന്‍റെ സൃഷ്ടിയെ നയിക്കുന്നു സംരക്ഷിക്കുന്നു. അവിടുന്നു നല്ലിടയനെപ്പോലെയാണെന്ന് പാപ്പാ ഉദാഹരിച്ചു. കാരണം, ഒരു ദിവസത്തെ മേച്ചില്‍ കഴിഞ്ഞ് അവസാനം ആലയില്‍ തിരിച്ചെത്തുമ്പോഴും, ആടുകളെ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ നൂറില്‍ ഒന്നു നഷ്ടമായെന്നു കണ്ടാല്‍, അയാള്‍ ഉടന്‍ നഷ്ടമായ ഒന്നിനെത്തേടി ഇറങ്ങിപ്പുറപ്പെടുന്നു. നല്ലിടയന്‍റെ ആ ജോലി അധികമാണെങ്കിലും ആടുകളോടുള്ള യഥാര്‍ത്ഥമായ സ്നേഹത്തിലും വാത്സല്യത്തിലും വിശ്വസ്തതയിലും ചെയ്യുന്നതാകയാല്‍ അയാള്‍ ഒരിക്കലും അത് ക്ലേശകരമായി കാണുന്നില്ലെന്ന് പാപ്പാ വിശദീകരിച്ചു. ദൈവം തന്‍റെ സ്നേഹം മനുഷ്യരായ നമ്മില്‍ വര്‍ഷിക്കുന്നത് സമൃദ്ധ്യമായും അളവുകളില്ലാതെയും അതിരുകളില്ലാതെയുമാണെന്നും കൂട്ടിച്ചേര്‍ത്തു.

3. പിതൃസന്നിധിയിലെ പുനര്‍ജീവന്‍റെ ആഘോഷം
വഴിതെറ്റിപ്പോയ മകന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതായിരുന്നു ഈശോ പറഞ്ഞ ഉപമയിലെ പിതാവിന്‍റെ വിശ്വസ്തതയെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ആ നല്ലപിതാവ് തന്‍റെ മകന്‍ തിരിച്ചുവരുമെന്ന പ്രത്യാശയില്‍ കാത്തിരിക്കുന്നു. പലവട്ടം വീടിന്‍റെ മേല്‍ത്തട്ടിയില്‍ കയറി നോക്കെത്താദൂരത്ത് കണ്ണുംനട്ട്  മകന്‍റെ  തിരുച്ചുവരവും പാര്‍ത്ത് ആ പിതാവു കാത്തുനില്ക്കുന്നു. തിരിച്ചു വന്നപ്പോള്‍ അവന്‍റെ മാനസാന്തരത്തിലും തിരിച്ചുവരവിലും അയാള്‍ സന്തോഷിക്കുന്നു. ആ തിരിച്ചുവരവ് ആ നല്ലപിതാവിന് ആനന്ദത്തിന്‍റെ ആഘോഷമായിരുന്നു. നടപടിപ്പുസ്തകത്തില്‍ ദൈവികകാരുണ്യത്തില്‍ സൗഖ്യപ്പെട്ട മുടന്തന്‍ തുള്ളിച്ചാടി ദേവാലയാങ്കണത്തില്‍ പ്രവേശിച്ച് ദൈവത്തെ സ്തുതിച്ചത്, പുനര്‍ജീവന്‍റെ സന്തോഷമാണെന്ന് ആദ്യവായനയില്‍നിന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ ദൈവത്തിന്‍റെ വിശ്വസ്തത ആനന്ദംപകരുന്ന വിരുന്നാണെന്നും, അത് സൗജന്യമാണെന്നും, സകലരെയും അതിനായി അവിടുന്നു ക്ഷണിക്കുന്നുണ്ടെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു (നടപടി 3, 1-10).

4. തേടിയെത്തിയ സ്നേഹസാന്നിദ്ധ്യം
ദൈവത്തിന്‍റെ വിശ്വസ്തത ക്ഷമയുള്ളതാണെന്ന് തുടര്‍ന്ന് പാപ്പാ സുവിശേഷഭാഗത്തെ ആധാരമാക്കി വിസ്തരിച്ചു. ക്ഷമയുള്ള സ്നേഹം തന്‍റെ ജനത്തെ തേടിയെത്തുകയും, അവരുടെ കൂടെ നടക്കുകയും, അവരെ ശ്രവിക്കുകയും, അവര്‍ക്ക് കാര്യങ്ങള്‍ മെല്ലെ വിശദീകരിച്ചു നല്കുകയും, അവരുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. എമാവൂസ് സംഭവത്തില്‍, യേശുവിന്‍റെ മരണശേഷം ഭയന്ന് ജരൂസലേം വിട്ട് തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് മടങ്ങുകയായിരുന്നവര്‍ മാര്‍ഗ്ഗമദ്ധ്യേ ഉത്ഥിതനായ ക്രിസ്തുവിന്‍റെ വിശ്വസ്തവും ക്ഷമയുള്ളതുമായ സാന്നിദ്ധ്യാനുഭവത്താലും സംവാദത്താലും പ്രകാശിതരായി തിരികെ ജരൂസലേമിലെ അപ്പോസ്തോല കൂട്ടായ്മയിലേയ്ക്ക് അതിശീഘ്രം തിരച്ചുപോയ സംഭവം പാപ്പാ സുവിശേഷത്തില്‍നിന്നും വിസ്തരിച്ചു (ലൂക്കാ 24, 13-35).

5. പ്രത്യാശപകരുന്ന ദൈവികസാന്നിദ്ധ്യാനുഭവം
അതുപോലെ പീഡാനുഭവത്തിന്‍റെ രാത്രിയില്‍ കോഴികൂവും മുന്‍പേ മൂന്നു പ്രാവശ്യം തള്ളിപ്പറയുകയും സ്വരക്ഷാര്‍ത്ഥം ഓടിയൊളിക്കുകയും ചെയ്ത പത്രോസിനെ തേടി ഉത്ഥിതനായ ക്രിസ്തു ചെന്ന സംഭവവും പാപ്പാ അനുസ്മരിച്ചു. എന്നിട്ട് ഈശോ പത്രോസിനെ നേരില്‍ കാണുകയും സംവദിക്കുകയും ചെയ്തു. പത്രോസുമായി ഉത്ഥിതന്‍ നടത്തിയ വ്യക്തിഗത സംഭാഷണം നമുക്ക് അറിയില്ലെങ്കിലും, ഭീരുവായിരുന്ന ആ മനുഷ്യനില്‍ അവിടുത്തെ ക്ഷമയും സ്നേഹവുമുള്ള വിശ്വസ്തത വരുത്തിയ മാറ്റം അപാരമാണെന്ന് തുടര്‍ന്നുള്ള ഓരോ സംഭവവും വ്യക്തമാക്കുവെന്നെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ദൈവത്തിന്‍റെ വിശ്വസ്തത ആദ്യപടിയും അതിനോടുള്ള പ്രതികരണമാണ് നമ്മുടെ ഓരോരുത്തരുടെയും വിശ്വസ്തതയും വിശ്വാസവുമാണ് പാപ്പാ വ്യക്തമാക്കി.

യൂറോപ്പില്‍ ബദാംവൃക്ഷം പൂക്കുമ്പോള്‍ വസന്തം വന്ന് അണയുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നതുപോലെ,  ദൈവികനന്മയുടെ പൂവിടല്‍ ആദ്യസംഭവവും അവിടുത്തെ രക്ഷണീയ സാന്നിദ്ധ്യാനുഭവവുമാണെങ്കില്‍ അതിനെ  പിന്‍ചെല്ലേണ്ടതും, അതിനോടു പ്രതികരിക്കേണ്ടതുമാണ് മാനുഷികമായ നമ്മുടെ വിശ്വസ്തതയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2020, 13:19
വായിച്ചു മനസ്സിലാക്കാന്‍ >