From the lectern of Pope Francis at Santa Marta From the lectern of Pope Francis at Santa Marta  (Vatican Media)

നിയമങ്ങളിലോ ആചാരങ്ങളിലോ കടിച്ചു തൂങ്ങുന്നതല്ല വിശ്വാസം!

ആഗമനകാലം രണ്ടാംവാരത്തിലെ തിങ്കളാഴ്ച ഡിസംബര്‍ 10-‍Ɔο തിയതി, രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

മനുഷ്യനായ ദൈവത്തെക്കുറിച്ചുള്ള ധ്യാനം
ദൈവം മനുഷ്യനായി അവതരിച്ച ദിവ്യരഹസ്യത്തിലുള്ള വിശ്വാസത്തെ ബലപ്പെടുത്തണമേ! ഈ ആഗമനകാലത്തു ഇങ്ങനെ നാം പ്രാര്‍ത്ഥിക്കണം. എപ്രകാരം വിശ്വാസം ദൈവത്തിന്‍റെ ഹൃദയത്തെയും സ്പര്‍ശിക്കുന്നുവെന്നാണ് തളര്‍വാദരോഗിയുടെ സൗഖ്യദാനത്തിന്‍റെ കഥയിലൂടെ ഇന്നത്തെ സുവിശേഷഭാഗം പഠിപ്പിക്കുന്നത് (ലൂക്കാ 5, 17-26). ഒരു വീട്ടില്‍ ഉപവിഷ്ടനായിരുന്ന ഈശോയുടെ പക്കല്‍ തളര്‍വാദ രോഗിയെ എത്തിക്കാന്‍വേണ്ടി പുരയുടെ കൂരപൊളിച്ച് കിടക്കയോടെ രോഗിയെ കയറിട്ട് താഴെ ഇറക്കിയ സംഭവം വിശ്വാസത്തിന്‍റെ ശക്തമായ പ്രകടനമായിരുന്നു. ആ രോഗിയുടെ പാപങ്ങള്‍ ക്ഷമിക്കുകയും, അവനെ അത്ഭുതകരമായി സൗഖ്യപ്പെടുത്തിയിട്ട്, കിടക്കയും എടുത്ത് എഴുന്നേറ്റുപോകാന്‍ ക്രിസ്തു ആജ്ഞാപിക്കുന്നു.

ഇത് വിശ്വാസത്തെക്കുറിച്ച് ഈശോതന്നെ നല്കുന്ന നല്ല മതബോധനമാണ്. “അവരുടെ വിശ്വാസം കണ്ടിട്ട്…,” എന്നു സുവിശേഷകന്‍ പറയുമ്പോള്‍, വീടിന്‍റെ മേല്‍ക്കൂര പൊളിച്ച് രോഗിയെ താഴെ ഇറക്കിയ വിശ്വാസ ധീരതയെയും, അങ്ങനെ ചെയ്യാന്‍ വിശ്വാസം അവര്‍ക്കു നല്കിയ ചങ്കുറപ്പിനെയുമാണ് ഈശോ പ്രശംസിക്കുന്നത്. വിശ്വാസമാണ് ആ ധീരതയ്ക്കു പിന്നില്‍! കാരണം എങ്ങനെയെങ്കിലും രോഗിയെ ഈശോയുടെ മുന്നില്‍ എത്തിച്ചാല്‍ അവിടുന്ന് അയാളെ സൗഖ്യപ്പെടുത്തും എന്നവര്‍ക്ക് ഉറപ്പായിരുന്നു! അതു സംഭവിക്കുകയും ചെയ്തു.

ക്രിസ്തുമസ് ഒരാഘോഷവും ഉത്സവവും?!
ഇന്ന്,  ആഗമനകാലത്തെ രണ്ടാം വാരത്തിലെ ആദ്യദിനത്തില്‍ നാം വിശ്വാസം വളര്‍ത്തിയെടുക്കാനും ബലപ്പെടുത്താനുമുള്ള കൃപ തരണമേ, എന്നു പ്രാര്‍ത്ഥിക്കുകയാണ്. ദുര്‍ബലമായ വിശ്വാസത്തെ നവീകരിച്ചു ബലപ്പെടുത്തിക്കൊണ്ട് ആസന്നമാകുന്ന ക്രിസ്തുമസിന് ഒരുങ്ങാന്‍ പാപ്പാ ഫ്രാന്‍സിസ് സകലരെയും ക്ഷണിക്കുന്നു.

ക്രിസ്തുമസ്  ഇന്നു കുറെ ആഘോഷവും അവധിയുമൊക്കെയായി മാറുകയാണെന്ന് നമുക്ക് അറിയാം. ക്രിസ്തുമസിന്‍റെ പിന്നിലെ വിശ്വാസ പ്രഘോഷണത്തിന്‍റെ പൊരുള്‍ നഷ്ടപ്പെടുത്തിയിട്ട്, അര്‍ത്ഥശൂന്യമായ ആര്‍ഭാടങ്ങളുടെ ഒരു പെരുന്നാളോ, ഉത്സവമോ ആക്കി നാം അതിനെ മാറ്റിമറിക്കുകയാണ്. ക്രിസ്തുമസ് വിശ്വാസത്തോടെ ആഘോഷിക്കാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. അതിനാല്‍ നാം ഈ ദിനങ്ങളില്‍ പ്രാര്‍ത്ഥിക്കേണ്ടതും പരിശ്രമിക്കേണ്ടതും, ദൈവമേ... എനിക്കു വിശ്വാസം തരണമേ, എന്നാണ്! വിശ്വാസത്തോടെ ഈ ക്രിസ്തുമസ് ആഘോഷിക്കാനുള്ള വരം തരണമേയെന്നു പ്രാര്‍ത്ഥിക്കാം. വിശ്വാസം വളര്‍ത്തിയെടുക്കുക അത്ര എളുപ്പമല്ല. വിശ്വാസം സംരക്ഷിക്കാന്‍ അതിലേറെ ക്ലേശകരമാണ്.  വിശ്വാസ സംരക്ഷണം ആത്മത്യാഗവും സ്വയാര്‍പ്പണവും ആവശ്യപ്പെട്ടേക്കാം!

അനുഷ്ഠാനമല്ല വിശ്വാസം
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം സൂക്ഷ്മമായി കുറിക്കുന്ന ജന്മനാ അന്ധനായ മനുഷ്യന്‍റെ കഥ പറയുന്ന 9-‍Ɔο അദ്ധ്യായം ഈ ദിനങ്ങളില്‍ മനസ്സിരുത്തി വായിക്കാന്‍ പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു (യോഹന്നാന്‍ 9, 1-41). അന്ധനായ മനുഷ്യന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍, “യേശുവേ, ഞാന്‍ വിശ്വസിക്കുന്നു. അങ്ങേയ്ക്ക് എന്നെ സൗഖ്യമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! എന്‍റെ എളിയ വിശ്വാസത്തെ അങ്ങ് ബലപ്പെടുത്തണമേ!” ഇങ്ങനെ ഏറ്റുപറഞ്ഞുകൊണ്ടാണ് സുവിശേഷ ഭാഗം ഉപസംഹരിക്കപ്പെടുന്നതും, സൗഖ്യദാനത്തിന്‍റെ കഥ അവസാനിക്കുന്നതും. ദൈവമേ, ഇന്നിന്‍റെ  ലൗകികത്വത്തില്‍നിന്നും, അന്ധവിശ്വാസങ്ങളില്‍നിന്നും; വിശ്വാസത്തിനു ചേരാത്തതും, വിഘാതവുമായ കാര്യങ്ങളില്‍നിന്നും ഞങ്ങളെ രക്ഷിക്കണേ, ഞങ്ങളുടെ വിശ്വാസത്തെ അതിന്‍റെ ബന്ധനങ്ങളില്‍നിന്നു മോചിപ്പിച്ച്, ബലപ്പെടുത്തേണമേ! ദൈവം തന്ന വിശ്വാസ ദാനത്തെ വെറും ഉപരിപ്ലവമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും, ധാര്‍മ്മികമോ, ദൈവശാസ്ത്രപരമോ, മതപരമോ ആയ നിയമങ്ങളിലും തളച്ചിടാതെ അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷ്യമായും, അതു സഹോദരങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയും ജീവിക്കാന്‍ ദൈവമേ, സഹായിക്കണേ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2018, 17:29
വായിച്ചു മനസ്സിലാക്കാന്‍ >