കർദ്ദിനാൾ പോദ്രൊ റുബിയാനൊ സായെൻസ് കാലം ചെയ്തു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കൊളോംബിയായിലെ ബഗൊട്ടാ അതിരൂപതയുടെ മുന്നദ്ധ്യക്ഷൻ, വിശ്രമജീവിതം നയിക്കുകയായിരുന്ന കർദ്ദിനാൾ പേദ്രൊ റുബിയാനൊ സായെൻസ് പതിനഞ്ചാം തീയതി തിങ്കളാഴ്ച (15/04/24) കാലം ചെയ്തു. 91 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം ബൊഗൊട്ടായിൽ സ്വവസതിയിൽ വച്ചാണ് മരണമടഞ്ഞത്.
കൊളൊംബിയായിലെ കർത്താഗൊയിൽ 1932 സെപ്റ്റംബർ 13-നാണ് കർദ്ദിനാൾ പേദ്രൊ റുബിയാനൊ സായെൻസ് ജനിച്ചത്.1956 ജൂലൈ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1971 ജൂലൈ 11-ന് മെത്രാനായി അഭിഷിക്തനാകുകയും 2001 ഫെബ്രുവരി 21-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെ കർദ്ദിനാളാക്കുകയും ചെയ്തു.
കൊളൊംബിയായിലെ കൂകുത്ത രൂപതയുടെ മെത്രാനായി 1971 ജൂൺ 2-ന് സേവനം ആരംഭിച്ച കർദ്ദിനാൾ സായെൻസ് പിന്നീട് കാലി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായും 1991-ൽ പൊപയാൻ രൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററായും 1994 ഡിസംബർ 27-ന് ബൊഗൊട്ടാ അതിരൂപതയുടെ ആർച്ചുബിഷപ്പായും നിയമിതനായി. 2003 മെയ് മുതൽ 2007 ജൂലൈ 4 വരെ അദ്ദേഹം ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിൻറെ (ചേലാം- CELAM) അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: