മൊറോക്കൻ ഭൂകമ്പത്തിൽ ഇരയായവർക്ക് ദക്ഷിണ കൊറിയയുടെ പ്രാർത്ഥനയും ഐക്യദാർഢ്യവും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
മൊറോക്കൻ ജനതയെ സഹായിക്കാൻ സിയൂളിലെ മുഴുവൻ കത്തോലിക്കാ സമൂഹവും പരമാവധി ശ്രമിക്കുമെനന്ന് സിയൂളിലെ ആർച്ച് ബിഷപ്പ് പീറ്റർ സൂൺ-തായിക്ക് ചുങ്, ഒസിഡി പറഞ്ഞതായി ഫീദേസ് ഏജ൯സി അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 8-ന് മൊറോക്കോയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ 2,900-ലധികം പേർ കൊല്ലപ്പെടുകയും 2,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് 120 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും മാരകമായതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർച്ച് ബിഷപ്പ് പീറ്റർ സൂൺ-തായിക്ക് ചുങ്, ഒസിഡി തന്റെ സന്ദേശത്തിലൂടെ മൊറോക്കൻ ജനതയെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
ശക്തമായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവരോടു, പ്രത്യേകിച്ച് വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടവരോടു ആർച്ച് ബിഷപ്പ് ചുങ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മുഴുവൻ കൊറിയൻ സഭയുടെയും പ്രാർത്ഥനകളും മൂർത്തമായ ഐക്യദാർഢ്യവും അദ്ദേഹം അവർക്ക് ഉറപ്പുനൽകി.
മൊറോക്കൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾക്ക് മറുപടിയായി, സിയോളിലെ "ബാബോ നാനം", "ഒരു ശരീരവും ഒരാത്മാവും" (One Body one Spirit ), എന്നീ ഉപവി പ്രവർത്തന സംഘടനകൾ കാരിത്താസ് അന്താരാഷ്ട്ര ശൃംഖല വഴി അടിയന്തര സഹായം നൽകാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു. ലോകം മുഴുവനുമുള്ള സഭകളെ കോർത്തിണക്കുന്ന കാരിത്താസ് ഇന്റർനാഷണലിന്റെ പിന്തുണയോടെ കാരിത്താസ് മൊറോക്കോ , അംസ്മിസ് നഗരത്തിലും പരിസരങ്ങളിലും ദുരിതബാധിതർക്ക് ജനറേറ്ററുകൾ, വസ്ത്രങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, ഭക്ഷണം, മരുന്ന്, ടെന്റുകൾ തുടങ്ങിയവ വിതരണം ചെയ്യാൻ തുടങ്ങി.
പരമ്പരാഗതമായി ഔദാര്യത്തിന് പേരുകേട്ട ദക്ഷിണ കൊറിയൻ സർക്കാർ, മൊറോക്കൻ സർക്കാരുമായുള്ള നയതന്ത്ര കരാറുകളിലൂടെ മൊറോക്കോയിലേക്ക് രണ്ട് മില്യൺ ഡോളർ മാനുഷിക സഹായമായി അയയ്ക്കുമെന്ന് പ്രഖ്യാപിച്ചതു കൂടാതെ, മെഡിക്കൽ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തക വിദഗ്ദ്ധരും അടങ്ങുന്ന ഒരു എമർജൻസി റെസ്ക്യൂ ടീമിനെ അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്കയും ചെയ്തിട്ടുണ്ട്. ആവശ്യമായ പിന്തുണ നൽകുന്നതിന് മൊറോക്കോയുമായും അന്താരാഷ്ട്ര സമൂഹവുമായും അടുത്ത് സഹകരിക്കാനുള്ള ഉദ്ദേശ്യത്തിന് കൊറിയൻ സർക്കാർ ഊന്നൽ നൽകി.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് മൊറോക്കൻ ജനതയിലേക്കുള്ള ഐക്യദാർഢ്യം പ്രാഥമികമായി സംഭവിക്കുന്നത് മാനുഷിക സംഘടനകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ്. ഉദാഹരണത്തിന്, മാനുഷിക സഹായത്തിനായി ചൈനീസ് റെഡ് ക്രോസ് മൊറോക്കൻ റെഡ് ക്രസന്റിന് $200,000 സംഭാവന നൽകിയിട്ടുണ്ട്.
മൊറോക്കൻ റെഡ് ക്രസന്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ (IFRC) 100 ദശലക്ഷം സ്വിസ് ഫ്രാങ്കുകൾക്കായി അടിയന്തര അഭ്യർത്ഥന നടത്തി. കൂടാതെ ഏഷ്യൻ രാജ്യങ്ങളിലെ നിരവധി ഉപവി സംഘടനകളും, സഹായ സംഘടനകളും ഈ ഫണ്ടിലേക്ക് സംഭാവന നടത്തുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: