കാരിത്താസ് ഇൻറെർനാസിയൊണാലിസ് കാരിത്താസ് ഇൻറെർനാസിയൊണാലിസ് 

സാഹോദര്യത്തിന്റെ പുതിയ പാതകൾ ഒരുക്കുക

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത് പൊതുസമ്മേളനം മെയ് പതിനൊന്നു പതിനാറുവരെ റോമിൽ.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത്  പൊതു അസംബ്ലി മെയ് മാസം പതിനൊന്നു മുതൽ റോമിൽ ആരംഭിക്കുന്നു. മെയ് പതിനാറുവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 200 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന  162 കാരിത്താസ് സംഘടനകളെ പ്രതിനിധീകരിച്ച് നാനൂറോളം അംഗങ്ങളാണ് പങ്കെടുക്കുന്നത്. നാല് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന പൊതു അസംബ്ലിയിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും.

ഈ വർഷത്തെ പൊതു അസംബ്ലിയുടെ വിഷയം "സാഹോദര്യത്തിന്റെ പുതിയ പാതകൾ കെട്ടിപ്പടുക്കുക എന്നതാണ്." ഫ്രാൻസിസ് പാപ്പായുടെ 'എല്ലാവരും സഹോദരങ്ങൾ' എന്ന  ചാക്രികലേഖനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് പുറമെ, കാരിത്താസ് സംഘടനയുടെ പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തും.

ദരിദ്രരും, ദുർബലരുമായ ആളുകൾക്ക് വേണ്ടിയുള്ള സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുവാനും, ഉക്രയ്‌നിലെ യുദ്ധക്കെടുതികൾ, കൊറോണ മഹാമാരിയുടെ പരിണിത ഫലങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, ഭക്ഷ്യ അരക്ഷിതാവസ്ഥകൾ എന്നിങ്ങനെയുള്ള മാനുഷിക പ്രശ്നങ്ങളെയും യോഗം അഭിസംബോധന ചെയ്യും. അസംബ്ലിയുടെ ദിവസങ്ങളിൽ വത്തിക്കാനിലെ പല ഭരണ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2023, 12:44