ടോംഗ ദ്വീപിൽ സമുദ്രത്തിനടിയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൻറെ ഉപഗ്രഹ ചിത്രം ടോംഗ ദ്വീപിൽ സമുദ്രത്തിനടിയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൻറെ ഉപഗ്രഹ ചിത്രം 

ടോംഗാ ദ്വീപിനു വേണ്ടി പ്രത്യേക പ്രാർത്ഥന!

വത്തിക്കാൻറെ സമഗ്ര മാനവ വികസന വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി (Card. Michael Czerny S.J) പ്രാർത്ഥനാ ശുശ്രൂഷ നയിച്ചൂ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കടലിനടിയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനവും തൽഫലമായ സുനാമിയും ദുരന്തം വിതച്ചിരിക്കുന്ന ടോംഗാ ദ്വീപിനു വേണ്ടി റോമിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തി.

തിങ്കളാഴ്‌ച (24/01/22) രാത്രി പ്രാദേശികസമയം 8 മണിക്ക് റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള “സാന്ത മരിയ ഇൻ ത്രസ്തേവരെ”  ദേവാലയത്തിലായിരുന്നു പ്രാർത്ഥനാ ശുശ്രൂഷ.

വത്തിക്കാൻറെ സമഗ്ര മാനവ വികസന വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി (Card. Michael Czerny S.J)            ആയിരുന്നു ഇത് നയിച്ചത്.

സഹനം മാനവ ജീവിത്തിൻറെ ആകസ്മിക മാനമല്ല, പ്രത്യുത, മനുഷ്യ ജീവിതത്തിൻറെ ഒരു ഭാഗമാണെന്ന് അദ്ദേഹം ഈ പ്രാർത്ഥനാവേളയിൽ പറഞ്ഞു.

സഹനം, വിശ്വാസ വെളിച്ചത്തിൽ, അനുകമ്പ ഊട്ടി വളർത്തുന്നതിനുള്ള അവസരമായി ഭവിക്കുന്നുവെന്ന് കർദ്ദിനാൾ ചേർണി പ്രസ്താവിച്ചു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി (15/01/22) ശനിയാഴ്‌ചയാണ് ടോംഗയിൽ കടലിനടിയിൽ ഹുംഗ ടോംഗ ഹുംഗ ഹപായി അഗ്നിപർവ്വത സ്ഫോടനവും അതിൻറെ ഫലമായ സുനാമിയും ഉണ്ടായത്.

ടോംഗ ദ്വീപിന് പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും, വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ ജലവിതരണം എന്നിവ തടസ്സപ്പെടുകയും കുടിവെള്ളസ്രോതസ്സുകൾ ചാരം പൊടി എന്നിവയാൽ മലിനമാകുകയും ചെയ്തു.

ടോംഗാ ദ്വീപുനിവാസികൾക്ക് സഹായം എത്തിക്കുന്നതിന് ന്യൂസിലൻറും ആസ്ത്രേലിയായും മുൻപന്തിയിലുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2022, 14:37