ഫ്രാൻസിലെ കത്തോലിക്കാ മെത്രാന്മാരുടെ ശരത്കാല പ്ലീനറി സമ്മേളനം. ഫ്രാൻസിലെ കത്തോലിക്കാ മെത്രാന്മാരുടെ ശരത്കാല പ്ലീനറി സമ്മേളനം. 

വിശ്വാസികളുമായുള്ള അഭിപ്രായം ആരായുമ്പോൾ സഭ ഒരിക്കലും സ്വയം മഹത്വീകരണം നടത്തേണ്ടതില്ല

ലൈംഗീക ദുരുപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് ശേഷം ആഴമായ മാറ്റങ്ങൾക്ക് പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് മെത്രാന്മാർ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫ്രാൻസിലെ കത്തോലിക്കാ മെത്രാന്മാർ അവരുടെ ശരത്കാല പ്ലീനറി സമ്മേളനം അവസാനിപ്പിച്ചത് സഭാ ഭരണ സംവിധാനത്തിൽ നവീകരണം വാഗ്ദാനം ചെയ്തു കൊണ്ടാണ്. വൈദികരുടെ ലൈംഗീക ദുരുപയോഗത്തെക്കുറിച്ച് പുറത്തു വന്ന ആഴത്തിലുള്ള റിപ്പോർട്ടിന് മറുപടിയാണ് ഈ തീരുമാനം.

ഇന്നലെ നവംബർ എട്ടാം തിയതി തിങ്കളാഴ്ച സമാപിച്ച സമ്മേളനത്തിൽ ഫ്രഞ്ച് മെത്രാൻ സമിതി അദ്ധ്യക്ഷനായ അതിരൂപതാ മെത്രാ൯ എറിക് ദെ മുളാൻ ബൊഫാ (Eric de Maulan Beaufort) ഫ്രാൻസിലെ സഭ ശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും പാതയിൽ നീങ്ങണമെന്ന ആവശ്യകത അംഗീകരിച്ചു. സമ്മേളനം സമാപിപ്പിച്ചു കൊണ്ട് നടത്തിയ തന്റെ പ്രഭാഷണത്തിൽ രൂപതാതലത്തിലും ദേശീയ തലത്തിലും സഭാ ഭരണ ചട്ടങ്ങളിൽ വിപുലമായ നവീകരണം നടത്താ൯ മെത്രാന്മാർ വോട്ടു രേഖപ്പെടുത്തി സമ്മതമറിയിച്ചതായും അദ്ദേഹം വിശദീകരിച്ചു.

1950 മുതൽ സഭയിലെ ലൈംഗീക അതിക്രമങ്ങളെക്കുറിച്ചും ദുരുപയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും സ്വതന്ത്ര കമ്മീഷൻ (Independent Commission on Sexual Abuse in the Church CIASE) പുറത്തു വിട്ട റിപ്പോർട്ടിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ചുരുങ്ങിയത് 2,16, 000 പേരെങ്കിലും വൈദീരുടേയും സന്യസ്തരുടേയും ദുരുപയോഗം മൂലം ദുരിതമനുഭവിച്ചതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

സ്ഥാപനപരമായ ഉത്തരവാദിത്വം

കമ്മീഷന് നന്ദി പറഞ്ഞു കൊണ്ട് റൈംസ് അതിരൂപതാ മെത്രാ൯ ഈ ഭയാനകമായ നിരീക്ഷണം വഴി തീവ്രമായ, മാനവീകത രൂപപ്പെടുന്ന ബന്ധങ്ങൾ ദുരുപയോഗപ്പെടുത്താൻ കഴിയുമെന്ന് തങ്ങൾ അറിയുന്നു എന്ന് പ്രത്യേകം എടുത്തു പറഞ്ഞു. മെത്രാന്മാർ അവരുടെ സ്ഥാപനപരമായ ഉത്തരവാദിത്വം പരസ്യമായി അംഗീകരിക്കുകയും, അതിക്രമങ്ങൾക്കിരയായവരോടു മാദ്ധ്യസ്ഥതയുടെയും നഷ്ടപരിഹാരത്തിന്റെയും സാദ്ധ്യതകൾ തുറന്ന് പരിഹാരം ചെയ്യാനുള്ള വഴികളിലേക്ക് വരികയാണെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. അതിക്രമാനുഭവത്തിൽ ആത്മാവിൽ ജീവിതാവസാനം വരെ രഹസ്യമായി കണ്ണീർ വീഴ്ത്തേണ്ടി വരുന്ന ഓരോ വ്യക്തിയേയും, കുഞ്ഞിനേയും, ആൺകുട്ടിയേയും പെൺകുട്ടിയേയും യുവതി യുവാക്കളേയും ഓർത്തുകൊണ്ടാണ് ഫ്രാൻസിലെ സഭ ഈ കാൽവയ്പ്പ് നടത്തുന്നതെന്നും ആർച്ച് ബിഷപ്പ് ദെ മുളാൻ കൂട്ടിച്ചേർത്തു.

ആഴമായ മാറ്റങ്ങൾ

സ്ഥാപനപരമായി വലിയ മാറ്റങ്ങൾ വരുമെന്ന് പറഞ്ഞ മെത്രാ൯ മാറ്റങ്ങളുടെ ആരംഭം അതിക്രമം അനുഭവിച്ചവരിൽ നിന്നായിരിക്കുമെന്നും വിപുലമായ രീതിയിൽ സഭ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചതും വിവരിച്ചു. ഇവയെല്ലാം ഫ്രാൻസിസ് പാപ്പാ ഒക്ടോബറിൽ തുടക്കം കുറിച്ച സിനഡൽ രീതികളോടു ഒരുമിച്ചു പോകുമെന്നും കൂട്ടിച്ചേർത്തു. സഭ തന്റെ വിശ്വാസികളുമായുള്ള അഭിപ്രായം ആരായുമ്പോൾ സഭ ഒരിക്കലും സ്വയം മഹത്വീകരണം നടത്തേണ്ടതില്ല എന്നും മറിച്ച് വിവിധമായ വീക്ഷണങ്ങളെ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ മുന്നോട്ട് വയ്ക്കുന്നവയെ സ്വാഗതം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആത്മീയ പിതാക്കൾ "എന്ന വൈദികരെക്കുറിച്ചുള്ള പ്രയോഗത്തിൽ വന്നിട്ടുള്ള കുഴപ്പങ്ങളെക്കുറിച്ചും അതിരൂപതാ മെത്രാ൯ സംസാരിച്ചു. പ്രയോഗിക്കുന്ന വാക്കുകളെക്കുറിച്ച് നാം ജാഗരൂകരും വ്യക്തതയുള്ളവരുമായിരിക്കണം. പിതൃത്വത്തിന്റെ വിശേഷണം പ്രത്യേകം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്. സത്യമായ പിതൃത്വം ഒരു വ്യക്തിയെ പക്വതയിലേക്കും വിമോചനത്തിലേക്കും നയിക്കും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2021, 13:14