കളകളും വിളകളും കളകളും വിളകളും 

കളകളിൽനിന്ന് വിളകളിലേക്ക്: മാനസാന്തരം

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാമദ്ധ്യായം ഇരുപത്തിനാലുമുതൽ മുപ്പതുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 14, 24-30

ഫാ. ബിബിൻ വടയാപറമ്പിൽ MST

ഏലിയാ ശ്ലീവാ മൂശക്കാലത്തിലെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.  ഇന്നത്തെ വിചിന്തനത്തിനായി സഭാ മാതാവ് നമുക്ക് നൽകുന്ന വചനഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 24 മുതൽ 30 വരെയുള്ള വാക്യങ്ങൾ ആണ് .  കളകളുടെ ഉപമ ആണ് ഇവിടെ വിവരിക്കുന്നത്. വി. മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് കളകളുടെ ഉപമ നമുക്ക് കാണാൻ സാധിക്കുന്നത്.  എന്തുകൊണ്ടാണ് ഈ ലോകത്തിൽ തിൻമ ഉണ്ടായത് എന്നതിനുള്ള ഉത്തരമാണ് ഈ ഉപമ. ഒരിക്കൽ വളരെ കണിശക്കാരായ ചില ക്രിസ്ത്യാനികൾ ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ  അഗസ്തിനോസിന്റെ  പക്കലെത്തി പറഞ്ഞു. സഭ വിശുദ്ധമായിരിക്കണം അതിനാൽ എല്ലാ പരസ്യ പാപികളെയും സഭാ ഭ്രഷ്ടരാക്കണം.  അഗസ്തീനോസ് മെത്രാൻ കൽപ്പിച്ചു മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 24 മുതൽ 30 വരെ വായിക്കുക അവർ അത് വായിച്ചു ആവശ്യം പിൻവലിക്കുകയും ചെയ്തു.  മരണംവരെ മാനസാന്തരത്തിനുള്ള സാധ്യതയുണ്ട്.  അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് ഈ ഉപമ നൽകുന്ന സന്ദേശം.

ഈ ഉപമയിലേക്ക് നാം കൂടുതലായി കടന്നു ചെല്ലുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുക ദൈവമെന്ന കൃഷിക്കാരൻ ഈ ലോകത്തിൽ നല്ല വിത്തുകൾ  മാത്രമാണ് വിതച്ചത് .  ഓരോ മനുഷ്യനും  ഈ ലോകത്തിലേക്ക് കടന്നു വന്നത് വളരെ പരിശുദ്ധിയോടെ കൂടെയാണ്.  പക്ഷേ ദൈവത്തിന് ശത്രുവായ പിശാചാണ് ഈ നല്ല വിളകളോടൊപ്പം കളകളെ അല്ലെങ്കിൽ തിന്മയെ വിതച്ചത് . സുവിശേഷം പറഞ്ഞുവയ്ക്കുക കളകളും വിളകളോടൊപ്പം വളർന്നു എന്നാണ്.  പക്ഷേ വിളകളും കളകളും  വളർച്ചയെത്തിയപ്പോൾ മാത്രമാണ് കളകളെ  തിരിച്ചറിയുവാൻ  വേലക്കാർക്ക് സാധിച്ചത്. ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങുമ്പോഴും പുതിയ വാർത്തകൾ, ഗവേഷണങ്ങൾ, പ്രസ്ഥാനങ്ങൾ, സൗഹ്യദങ്ങൾ നമുക്ക്  മുമ്പിൽ എത്തുമ്പോഴും നാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് Is it real or Credible?

നന്മയെയും തിന്മയെയും നോട്ടം കൊണ്ടോ, വാക്കുകൊണ്ടോ , സഹവാസം കൊണ്ടോ,  തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത് വേലക്കാർ കളകളെ  നശിപ്പിക്കുവാൻ ആയി ശ്രമിക്കുമ്പോൾ യജമാനനായ  ദൈവം അതിനെ എതിർക്കുകയാണ് അതിനെ വളരാൻ അനുവദിക്കുകയാണ്.  കാരണം ദൈവത്തിന് മാത്രമേ നന്മതിന്മകളെ തിരിച്ചറിയുവാനും  അവയെ വിധിക്കുവാനും  സാധിക്കുകയുള്ളൂ.

കളകളെ വിളകളോടൊപ്പം വളരാൻ അനുവദിക്കുന്നതിലൂടെ യേശുക്രിസ്തു നമുക്ക് പറഞ്ഞു തരുന്ന സന്ദേശം യേശുവിന്റെ  രാജ്യത്തിൽ വിശുദ്ധർ മാത്രമല്ല പാപികളും ഉണ്ടായിരുന്നു എന്നതാണ്. പാപികളെ ഉടൻ തന്നെ ശിക്ഷയ്ക്ക് വിധിച്ചില്ല  നല്ലവരെയും ദുഷ്ടരെ ഒരുമിച്ചു വളരുവാൻ ദൈവം അനുവദിക്കുന്നു.  കാരണം അവിടെ എല്ലാവരോടും കരുണ കാണിക്കുന്നവനാണ് എന്ന് ലൂക്കായുടെ സുവിശേഷം ആറാം അധ്യായം മുപ്പത്തിയഞ്ചാം വാക്യത്തിൽ നാം കാണുന്നു.  യുഗാന്ത്യത്തിൽ ദൈവം അവരെ വേർതിരിക്കുന്നത് വരെയുള്ള സമയം ദൈവ കാരുണ്യത്തിന്റെ  സമയവും മാനസാന്തരത്തിന്റെ  അവസരവുമാണ്. ദൈവം അതിനായി ക്ഷമയോടെ കൂടെ കാത്തിരിക്കുന്നു വർത്തമാനകാലം അടിമത്തത്തിൽ നിന്ന് മോചനം നേടുന്നതിനുള്ള അവസരമാണ്. കളയായി ജീവിച്ച്  ഒന്നാന്തരം വിളയായി തീർന്ന വ്യക്തിയാണ് വിശുദ്ധ അഗസ്റ്റിൻ .  നമുക്ക് ചിന്തിക്കാം യേശുവിൻറെ രാജ്യത്തിൽ നാം കളയണോ അതോ വിളയാണോ ?  വിചാരം , വാക്ക് ,  നോക്ക്, പ്രവർത്തി , ഉപേക്ഷ എന്നിവയാൽ എന്നിൽ തഴച്ചുവളരുന്നത് എന്താണ്.  യേശുവിൻറെ ധാന്യപ്പുരയിലെ വിലയേറിയ ഒരു വിളയായി തീരാൻ എനിക്ക് സാധിക്കുമോ ?  അതോ തീയിൽ  എറിഞ്ഞ് കളയുന്ന ഒരു കളയാണോ ഞാൻ ?  അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ദൈവമല്ല നാം തന്നെയാണ്.   നമ്മുടെയൊക്കെ അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് മുറവും അരിപ്പയും.  രണ്ടും നല്ലവയെ മോശമായവയിൽ നിന്ന് വേർതിരിക്കുന്നതിനുവേണ്ടിയാണ്.  അരിപ്പ നല്ലതായവയെ അരിച്ചു വെളിയിൽ കളയുന്നു.  ആവശ്യമില്ലാത്തവയെ ഉള്ളിൽ സൂക്ഷിക്കുന്നു. മുറം  പേറ്റി പേറ്റി നല്ലതായവയെ  പുറത്തു കളയുന്നു.  നമുക്കും മുറം പോലെയുള്ള ഒരു ഹൃദയം വേണം. നമ്മുടെ ജീവിതത്തിലെ കളകളെ തിരിച്ചറിയാനും  അവയെ പുറത്തുകളഞ്ഞ് നമ്മെത്തന്നെ വിശദീകരിക്കുവാൻ ഉള്ള അവസരങ്ങളാണ് പലപ്പോഴും പലരിലൂടെയും ദൈവം നൽകുന്നത്.  അവയെ മനസ്സിലാക്കി നമ്മുടെ കളകളെ വിളകളാക്കി തീർക്കാൻ നമുക്ക് പരിശ്രമിക്കാം.  വേലക്കാർ ഉറങ്ങിയപ്പോഴാണ് ശത്രു കള വിതച്ചത് . ഉറക്കം അലസതയുടെയും അശ്രദ്ധതയുടെയും ആലസ്യതിന്റെയും   പ്രതീകമാണ് അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കാനും  ഒരു കളകൾക്കും  നമ്മുടെ ജീവിതത്തിൽ പ്രവേശനം നൽകാതിരിക്കാനും നമുക്ക് പരിശ്രമിക്കാം.  അതുപോലെതന്നെ മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ പെടാതിരിക്കാൻ അവരെ വിധിക്കുന്നത് ദൈവമാണ് എന്ന ചിന്തയോടെ ജീവിതം മുന്നോട്ടു നയിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2021, 16:30