ഐക്യത്തിനായി പ്രവർത്തിക്കാനുള്ള  കരങ്ങൾ. (പ്രതികാത്മക ചിത്രം) ഐക്യത്തിനായി പ്രവർത്തിക്കാനുള്ള കരങ്ങൾ. (പ്രതികാത്മക ചിത്രം) 

അനുരജ്ഞനത്തിനും ഐക്യത്തിനുമുള്ള സമയമായി: കർദ്ദിനാൾ കുത്വാ

ഐവറി കോസ്റ്റിലെ എല്ലാ മക്കൾക്കും ഐക്യത്തിനായി പ്രവർത്തിക്കാനുള്ള സമയമായി എന്ന ശക്തമായ അപേക്ഷയാണ് അബിദ്ജാൻ ആർച്ചുബിഷപ്പും കർദ്ദിനാളുമായ ജാൺ പിയർ കുത്വാ കഴിഞ്ഞ 17 ആം തിയതി ശനിയാഴ്ച നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തന്റെ  വൈദികപട്ട സ്വീകരണത്തിന്റെ  50 ആം  വാർഷികത്തിൽ സാൻ പാവൊളോ കത്തീഡ്രലിൽ അർപ്പിച്ച ആലോഷമായ ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും  പ്രതിനിധികളും, മുൻ പ്രസിഡണ്ട് ലൗറന്റ് ഗ്ബാഗ്ബോയും ഒരേ ബഞ്ചിലിരുന്ന് ആരാധനക്രമങ്ങളിൽ പങ്കു ചേർന്നു. അവർ അങ്ങനെ ഇരിക്കുന്നതു കാണുമ്പോൾ നിങ്ങൾക്കും ദൈവത്തിനും താൻ നന്ദിയർപ്പിക്കുന്നുവെന്നും, അവർ ശത്രുക്കളല്ല രാഷ്ട്രീയ എതിരാളികൾ മാത്രമാണെന്നും രാഷ്ട്രത്തിന്റെ  നന്മ തേടുന്നവരാണെന്നും കർദ്ദിനാൾ അവരെ ഓർമ്മിപ്പിച്ചു. അവിടെ സന്നിഹിതരായതിന് അവർക്ക് നന്ദിയർപ്പിച്ചു കൊണ്ടാണ് അനുരഞ്ജനത്തിനും ഐക്യത്തിനുമായി പ്രവർത്തിക്കാനുള്ള സമയമായി എന്ന് അദ്ദേഹം അറിയിച്ചത്. ശൂന്യമായ അനാവശ്യ ജൽപ്പനങ്ങളിൽ സമയം കളയാതെ രാജ്യത്തോടുള്ള യഥാർത്ഥ സ്നേഹത്താൽ രാജ്യത്തിന്റെ  വികസനത്തിനായി സകലരും പ്രവർത്തിക്കാൻ ഇടയാകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

1945 ഡിസംബർ 22 ന് ബ്ലോക് ഹൗസിൽ 10 മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച ജാൺ പിയർ കുത്വാ തന്റെ  ചെറുപ്പത്തിൽ തന്നെ വിളി തിരിച്ചറിഞ്ഞു. 1957 ൽ സെമിനാരിയിൽ ചേർന്ന  അദ്ദേഹം 1971 ജൂലൈ 11 ന് വൈദികനായി. ഹീബ്രൂ, ഇംഗ്ലീഷ്, ദൈവവചന ദൈവശാസ്ത്ര പഠനങ്ങളിലും വൈദഗ്ധ്യം നേടി അന്യമാ മേജർ സെമിനാരിയിലെ വിശുദ്ധ ഗ്രന്ഥത്തിന്റെ  പ്രൊഫസറായിരുന്നു. 2001 ൽ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ ഗാഗ്നോവാ മെട്രൊപൊളിറ്റൻ ആർച്ച് ബിഷപ്പായി ഉയർത്തി. വിവിധ പദവികൾ വഹിച്ച അദ്ദേഹത്തിന് 2014ൽ ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ പദവി നൽകിയത്. 3 മാരകമായ അപകടങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് അദ്ദേഹത്തിന്റെത്.  അതിലൊന്നിൽ അദ്ദേഹം കോമായിലാവുകയും 8 മാസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വരികയും ചെയ്തു. തന്റെ സഹനങ്ങൾക്കിടയിലും ജൂലൈ 17ന് അർപ്പിച്ച ദിവ്യബലിയിൽ " തന്നെ കൈ പിടിച്ചുയർത്തിയ നാഥന്റെ  അൽഭുതങ്ങൾ എന്നും പാടും " എന്നാണ് അദ്ദേഹം പറഞ്ഞത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2021, 15:51