ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി 

കാര്യങ്ങൾ കണ്ടറിയുന്നതാണു നല്ലത്

2021-ലെ ലോക മാധ്യമ ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തെ ആധാരമാക്കിയ ചിന്താമലരുകൾ - രണ്ടാം ഭാഗം : ശബ്ദരേഖയോടെ...

ഒരുക്കിയത് :   
ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും

മാധ്യമദിന സന്ദേശം - രണ്ടാം ഭാഗം ചിന്താമലരുകൾ


1. വന്നു കാണുവാനുള്ള ക്ഷണം
''വരുവിന്‍, കാണുവിന്‍'' (യോഹ 1:46). അവരായിക്കുന്ന അവസ്ഥയിൽ ജനങ്ങളുമായി കണ്ടുമുട്ടി സംവദിക്കുക, എന്ന ഉപശീർഷകത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്. യേശു ശിഷ്യന്മാരുമായുള്ള ഹൃദയസ്പര്‍ശിയായ ആദ്യ കണ്ടുമുട്ടലുകളുടെ ഭാഗമാണ് ''വരുവിന്‍, കാണുവിന്‍'' എന്ന ക്ഷണം. ആത്മാര്‍ത്ഥമായ മാനവിക സംവാദത്തിന്‍റെ രീതികൂടിയാണിത്. ചരിത്രമായി മാറിയ ജീവന്‍റെ സത്യം പറയുന്നതിനായി ചില കാര്യങ്ങള്‍ നമുക്ക് ''പണ്ടേ അറിയാം'' എന്ന അലസ മനോഭാവത്തിന് അപ്പുറം പോകേണ്ടതിന്‍റെ ആവശ്യകതയാണ് അത് കാണിക്കുന്നത്. അതിനു പകരമായി, അത് നേരില്‍ പോയി കാണേണ്ടത് ആവശ്യമാണ്, ആളുകളോടൊപ്പം സമയം ചെലവിടേണ്ടതും, അവരുടെ കഥകള്‍ കേള്‍ക്കേണ്ടതും, പല രീതിയിലും എല്ലായ്‌പ്പോഴും നമ്മെ അതിശയിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ നേരിടേണ്ടതും അതുപോലെ പ്രധാനമണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിക്കുന്നു.

''കണ്ടതിനോടു നിങ്ങള്‍ വിസ്മയത്തോടെ കണ്ണുകള്‍ തുറക്കുക, കാര്യങ്ങളുടെ പുതുമയും ഊര്‍ജ്ജവും നിങ്ങളുടെ കരങ്ങള്‍ തൊട്ടറിയട്ടെ. അങ്ങനെ നിങ്ങള്‍ എഴുതുന്നത് മറ്റുള്ളവര്‍ വായിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഊര്‍ജ്ജദായകമായ അത്ഭുതം അവരെയും സ്പര്‍ശിക്കട്ടെ.'' ഇങ്ങനെ പറഞ്ഞത്, ലോലോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട ധന്യനായ സ്പാനിഷ് പത്രപ്രവർത്തകൻ, മാനുവല്‍ ലൊസാനോ ജമീദോയാണ്. അദ്ദേഹം തന്‍റെ മാധ്യമ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശം ഇതായിരുന്നു. സത്യസന്ധവും സുവ്യക്തവുമാകാന്‍ ശ്രമിക്കുന്ന മാധ്യമ സന്ദേശങ്ങള്‍ക്ക് ഒരു പ്രചോദനമാകാന്‍ ''വരുവിന്‍, കാണുവിന്‍'' എന്ന ക്ഷണിക്കല്‍ ഈ വര്‍ഷം സമര്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിന്‍റെ ആമുഖത്തിൽ പറയുന്നു. മാധ്യമ രംഗത്തും ഇന്‍റെര്‍നെറ്റിലും സഭയുടെ ദൈനംദിന ഉദ്‌ബോധനങ്ങളിലും, രാഷ്ട്രീയ-സാമൂഹിക ആശയ വിനിമയങ്ങളിലും ഇത് പ്രാവര്‍ത്തികമാകട്ടെ എന്നു ഞാന്‍ ആശിക്കുന്നു. ''വരുവിന്‍, കാണുവിന്‍, യോര്‍ദാന്‍ നദിക്കരയിലും ഗലീലിയോ കടലോരത്തും നടന്ന യേശുവിന്‍റെ ആദ്യ കണ്ടുമുട്ടലുകളുടെ കാലം മുതല്‍ക്കേ, ക്രൈസ്തവ വിശ്വാസം എക്കാലത്തും ആശയവിനിമയത്തിന് സ്വീകരിച്ച രീതി ഇതാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

2. ജനങ്ങളുടെ കൂടെയായിരിക്കുന്ന സംവേദനരീതി
''തെരുവിലേക്കിറങ്ങുക, '' എന്നു പറഞ്ഞുകൊണ്ട് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിലെ വലിയ പ്രശ്‌നത്തിലേക്കാണ് പാപ്പാ ഫ്രാൻസിസ് ആദ്യം നമ്മെ നയിക്കുന്നത്.  പത്രമാധ്യങ്ങളിലേയും ടെലിവിഷനിലേയും റേഡിയോയിലേയും വെബ്‌വാര്‍ത്താ പംക്തികളിലേയും അന്വേഷണാത്മ വാര്‍ത്താ അവതരണങ്ങള്‍ക്ക് പകരമായി സ്ഥിരസ്വഭാവമുള്ള വക്രീകരിക്കപ്പെട്ട വാര്‍ത്താ  വിവരണങ്ങള്‍ വരുന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള വിദഗ്ധര്‍ വളരെ നാളുകളായി അപകട മുന്നറിയിപ്പും ഉല്‍ക്കണ്ഠയും പ്രകടിപ്പിച്ചിട്ടുണ്ട്. താഴെത്തട്ടിൽ നടക്കുന്ന ക്രിയാത്മക പ്രസ്ഥാനങ്ങളെയോ ഗൗരവാവഹമായ സാമൂഹ്യ പ്രതിഭാസങ്ങളെയോ, ജനജീവിതത്തിന്‍റേയും കാര്യങ്ങളുടേയും സത്യാവസ്ഥയെയോ ഗ്രഹിക്കുവാന്‍ പ്രാപ്തികുറഞ്ഞതാണ് ഈ സമീപനം. പ്രത്യേക സാഹചര്യങ്ങള്‍ നേരില്‍ പരിശോധിക്കുവാനോ, ആളുകളെ മുഖാമുഖം കണ്ട് വിവരങ്ങള്‍ അന്വേഷിക്കുവാനോ തെരുവിലേയ്ക്കിറങ്ങാതെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലോ സ്ഥാപനത്തിനകത്തോ ഇരുന്ന് വാര്‍ത്തകള്‍ ചമഞ്ഞെടുക്കുന്ന അവസ്ഥയിലേക്കാണ് പ്രസിദ്ധീകരണ വ്യവസായം നീങ്ങുന്നതെന്ന് പാപ്പാ ഫ്രാൻസിസ് ചൂണ്ടിക്കാണിക്കുന്നു.

വ്യാപകവും തല്‍ക്ഷണം പ്രാപ്യവുമായ യാഥാര്‍ത്ഥ്യത്തിലേക്ക് ഊളിയിടുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ എത്രയുണ്ടായാലും, നേരിട്ടുള്ള കണ്ടുമുട്ടല്‍ അനുഭവങ്ങളിലേക്ക് സ്വയം തുറന്നില്ലെങ്കില്‍ നാം വെറും കാഴ്ചക്കാര്‍ മാത്രമായി ചുരുങ്ങുമെന്ന് പാപ്പാ താക്കീതു നല്‍കുന്നു. പുറത്തേക്കിറങ്ങി കാര്യങ്ങള്‍ നേരില്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഏതൊരു ആധുനിക ഉപകരണവും ആശയവിനിമ സൗകര്യങ്ങളും പ്രയോജനകരവും വിലപ്പെട്ടതും ആകുന്നുള്ളൂ. അതല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നാം അറിയാനിടയില്ലാത്ത കാര്യം മറ്റൊരിടത്തും ലഭ്യമല്ലാത്തതായി ഇന്‍റെര്‍നെറ്റിലൂടെ വാര്‍ത്തയായി ലഭിക്കുമ്പോൾ ഒരിക്കലും നടക്കാനിടയില്ലാത്ത നേരിട്ടുള്ള കണ്ടുമുട്ടലിന്‍റെ സത്യമാണ് ബലികഴിക്കപ്പെടുന്നതെന്നും പാപ്പാ ഖേദപൂർവ്വും വിശദീകരിച്ചു.

3. ഇന്‍റര്‍നെറ്റിലെ അവസരങ്ങളും
പതിയിരിക്കുന്ന അപകടങ്ങളും
ലോകത്തിന് കൂടുതല്‍ കണ്ണുകള്‍ കൊടുത്തുകൊണ്ട് ദൃശ്യങ്ങളുടേയും സാക്ഷ്യങ്ങളുടേയും പ്രളയത്തിലൂടെ, പറഞ്ഞറിയിക്കലിന്‍റേയും പങ്കുവെയ്ക്കലിന്‍റേയും വ്യാപ്തി വര്‍ദ്ധിപ്പിക്കുവാന്‍ എണ്ണമറ്റ സാമൂഹ്യമാധ്യമ പ്രകാശനങ്ങളിലൂടെ ഇന്‍റെര്‍നെറ്റിനു കഴിയുന്നുണ്ട്. മിക്കപ്പോഴും വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ കാലവിളംബമില്ലാതെ നേരിട്ടു ലഭ്യമാകുന്ന സാധ്യതയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത്. വാര്‍ത്തകളും ഔദ്യോഗിക വിജ്ഞാപനങ്ങളും ആദ്യം നമുക്കെത്തിക്കുന്നതില്‍ ഇന്‍റെര്‍നെറ്റ് അടിയന്തിര സാഹചര്യങ്ങളില്‍ വഹിച്ച പങ്ക് നമുക്ക് ചിന്തിക്കുവാനാകും. ഉപയോഗിക്കുന്നതും ഉപഭോക്താക്കളും എന്ന നിലയില്‍ നമ്മുടെയെല്ലാം ഉത്തരവാദിത്വബോധം ആവശ്യപ്പെടുന്ന അതിശക്തമായ ഉപാധിയാണ് ഇന്‍റെര്‍നെറ്റ്.  സാമ്പ്രദായിക മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷികളാകുവാനുള്ള സാധ്യതയും, സമൂഹത്തിന് ഗുണകരമായ സംഭാവനകള്‍ നല്‍കുവാനും, കൂടുതല്‍ കഥകള്‍ വെളിച്ചത്തു വരുവാനും ഇന്‍റെർനെറ്റ് അവസരമൊരുക്കുന്നുവെന്ന് പാപ്പാ സമ്മതിക്കുന്നു.

നമ്മുടെ കണ്‍മുന്നില്‍ നടക്കുന്നത് ഞൊടിയിടയില്‍ ലോകത്തെ അറിയിക്കുവാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനും അതിനോട് പ്രതികരിക്കുവാനും നമുക്ക് കഴിയും. അതേസമയംതന്നെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിന്‍റെ അപകടം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. വാര്‍ത്തകളും, എന്തിന് ദൃശ്യങ്ങള്‍പോലും വിവിധ ദുരുദ്ദേശങ്ങള്‍ക്കായി വളച്ചൊടിക്കാമെന്നും കുറേക്കാലമായി നമുക്കറിവുള്ളതാണ്. ആത്മപ്രഹര്‍ഷത്തിനായിപ്പോലും പലപ്പോഴും വ്യക്തികള്‍ ഇത് ചെയ്തുവരുന്നതായി കാണുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനം ഇന്‍റെര്‍നെറ്റിനെ “രാക്ഷസീയ”മായി ചിത്രീകരിക്കാനല്ല, മറിച്ച് കൂടുതല്‍ വിവേചനബുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും അതില്‍നിന്ന് സ്വീകരിക്കുന്നതിനെയും നാം പ്രചരിപ്പിക്കുന്നതിനെയും പ്രയോജനകരമാക്കുവാനാണ്. നാം നടത്തുന്ന ആശയവിനിമയത്തിന് നാമെല്ലാം തന്നെയാണ് ഉത്തരവാദികൾ. നാം പങ്കുവയ്ക്കുന്ന വിവരത്തിനും വ്യാജവാര്‍ത്തകളെ തുറന്നു കാട്ടുന്നതിലൂടെ നാം പ്രയോഗിക്കുന്ന സമ്മർദ്ദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും നമുക്ക് ചുമതലയുണ്ട്. കാരണം, സത്യത്തിന്‍റെ സാക്ഷികളാകേണ്ടവരാണ് നാമെല്ലാം. പോകുവാനും കാണുവാനും പങ്കുവയ്ക്കുവാനും ചുമതലയുള്ളവരാണു നാം, എന്നു പാപ്പാ പ്രത്യേകം ഓർപ്പിക്കുന്നു.

4. കാര്യങ്ങള്‍ നേരില്‍ കാണുന്നതിനെ
പകരംവയ്ക്കുവാന്‍ ഒന്നുമില്ല

കാര്യങ്ങള്‍ നേരിട്ടു കാണുന്നതിനു പകരംവയ്ക്കാന്‍ കഴിയുന്ന ഒന്നുംതന്നെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആശയവിനിമയരംഗത്ത് ഇല്ല. നേരില്‍ കാണുന്ന അനുഭവത്തിലൂടെയേ പല കാര്യങ്ങളും പഠിക്കുവാനാകൂ. വാക്കുകള്‍കൊണ്ടു മാത്രമല്ല നാം ആശയവിനിമയം നടത്തുന്നത്, നമ്മുടെ കണ്ണുകള്‍, ശബ്ദത്തിന്‍റെ ധ്വനി, നമ്മുടെ ചേഷ്ടകള്‍ എല്ലാം അതിന്‍റെ ഭാഗമാണ്. യേശുവിനെ കണ്ടുമുട്ടിയവരെല്ലാം അവിടുത്തെ പ്രബോധനങ്ങളുടെ ആകര്‍ഷകത്വത്തിലാണ് ആശ്രയിച്ചത്, എങ്കിലും മറ്റുള്ളവരോടുള്ള അവിടുത്തെ നോട്ടവും അവരോട് എങ്ങനെ ഇടപെട്ടുവെന്നതും, എന്തിന് അവിടുത്തെ മൗനംപോലും അവിടുന്ന് എന്താണ് പറഞ്ഞത് എന്നതിന്‍റെ സ്വാധീനത്തില്‍നിന്ന് വേര്‍പിരിച്ചു കാണാനാകില്ല. ശിഷ്യന്മാര്‍ അവിടുത്തെ വാക്കുകള്‍ മാത്രമല്ല ശ്രവിച്ചത്, യേശു പറയുന്നത് കാണുകയും ചെയ്തു. സത്യത്തിന്‍റെ അവതാരമായ യേശുവില്‍ അവര്‍ വചനത്തിന്‍റെ മുഖംകൂടി ദര്‍ശിച്ചു. യോഹന്നാന്‍ തന്നെ നമ്മോട് പറയുന്നപോലെ, അദൃശ്യനായ ദൈവത്തെ അവനിലൂടെ കാണുവാനും കേള്‍ക്കുവാനും സ്പര്‍ശിക്കുവാനുമായി (യോഹ 1:1-3) ''കാണുന്നു''വെങ്കില്‍ മാത്രമേ വചനം ഫലവത്താകുകയുള്ളു, സംഭാഷണത്തിലും അനുഭവത്തിലും നാം വ്യാപൃതരാകുമ്പോഴേ അത് സംഭവിക്കൂ. ഇക്കാരണം കൊണ്ടുതന്നെ ''വരുവിന്‍, കാണുവിന്‍'' എന്ന യേശുവിന്‍റെ ക്ഷണം അത്യന്താപേക്ഷിതമായിരുന്നു, തുടര്‍ന്നും ആയിരിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

രാഷ്ട്രീയത്തിലും വ്യാപാരത്തിലും എന്നപോലെ തന്നെ പൊതുജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും പൊള്ളയായ വാചാടോപങ്ങള്‍ എന്തുമാത്രം സുലഭമാണെന്ന് നാം ചിന്തിക്കാറുണ്ട്. ശൂന്യതയുടെ അനന്തമായ ഒരു ഇടപാടിനെക്കുറിച്ചാണ് ഒരുവന്‍ അതുമിതും പറയുന്നത്. രണ്ടു പറ ഉമിയ്ക്കുള്ളില്‍ ഗോതമ്പിന്‍റെ രണ്ടു മണികള്‍ പോലെയാണ് അയാളുടെ കാരണങ്ങള്‍. ദിവസം മുഴുവന്‍ തെരഞ്ഞാലാണ് അത് കണ്ടെത്താനാവുക. കണ്ടെത്തിക്കഴിഞ്ഞാലോ, ആ തെരച്ചില്‍ പാഴ്‌വേലയായിരുന്നു എന്ന് മനസ്സിലാകും. ക്രൈസ്തവ സന്ദേശവാഹകര്‍ എന്നനിലയില്‍ അനശ്വരനായ ഇംഗ്ലീഷ് നാടകകൃത്തിന്‍റെ പൊള്ളിക്കുന്ന വാക്കുകള്‍ നമുക്കുകൂടി ബാധകമാണ്. ''വരുവിന്‍, കാണുവിന്‍'' എന്ന ക്ഷണിക്കല്‍ സ്വീകരിച്ച സ്ത്രീ-പുരുഷന്മാരുടെ വ്യക്തിയും വ്യക്തിയും തമ്മിലുള്ള, ഹൃദയങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിന്‍റെ ഫലമായാണ് വചനത്തിന്‍റെ സദ്‌വാര്‍ത്ത ലോകമാസകലം വ്യാപിച്ചതെന്ന് പാപ്പാ ഓർപ്പിക്കുന്നു.

യേശു ക്രിസ്തുവിന് സാക്ഷ്യംവഹിച്ചവരുടെ നോട്ടത്തിലൂടെയും സംഭാഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകാശിച്ച ''അധിക'' മനുഷ്യത്വമാണ് അത് സാധ്യമാക്കിയത്. ഓരോ ഉപകരണത്തിനും അതിന്‍റേതായ വിലയുണ്ട്, തീര്‍ച്ചയായും മഹാനായ സുവിശേഷപ്രഘോഷകനും വാഗ്മിയുമായ തര്‍സ്യൂസിലെ പോള്‍ സാമൂഹ്യമാധ്യമങ്ങളും ഇ-മെയിലും ഉപയോഗപ്പെടുത്തിയേനേ, എങ്കിലും അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ ശ്രദ്ധിച്ച സമകാലീനരെ ആകര്‍ഷിച്ചത് ആ മഹൽവ്യക്തിയുടെ വിശ്വാസവും, പ്രത്യാശയും, ഉപവിയുമായിരുന്നു. അദ്ദേഹത്തോടൊപ്പം സമയം ചെലവിടാന്‍ ഭാഗ്യമുണ്ടായവരും, വ്യക്തിപരമായി സംഭാഷണത്തിലേര്‍പ്പെടാന്‍ കഴിഞ്ഞവരും അദ്ദേഹത്തിന്‍റെ പ്രഭാഷണക്കൂട്ടായ്മയിൽ പങ്കെടുത്തവരുമെല്ലാം ആകൃഷ്ടരായത് ആ വ്യക്തിത്വത്തിലാണെന്ന് പാപ്പാ സമർത്ഥിച്ചു  (വെനീസിലെ വ്യാപാരി, വില്യം ഷേക്‌സ്പിയര്‍, അദ്ധ്യായം ഒന്ന്, അങ്കം ഒന്ന്).

ദൈവകൃപയാല്‍ അദ്ദേഹം പ്രസംഗിച്ച രക്ഷയുടെ സന്ദേശം എന്തുമാത്രം ഫലവത്തും സത്യവുമാണെന്ന് അവര്‍ക്ക് നേരില്‍ കാണാന്‍ സാധിച്ചു. അദ്ദേഹം എവിടെ ആയിരുന്നാലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ അവര്‍ ഓടിയെത്തി. വ്യക്തിപരമായി ഈ ദൈവദാസനെ നേരില്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍പോലും, അദ്ദേഹത്തിന്‍റെ ക്രിസ്തുവിലുള്ള ജീവിതചര്യയ്ക്ക് സാക്ഷ്യംവഹിക്കുന്ന ശിഷ്യന്മാരില്‍ അവര്‍ വിശ്വസിച്ചുവെന്ന് പാപ്പാ ചരിത്രത്തിൽനിന്നും സാക്ഷ്യപ്പെടുത്തി. (കൊറീന്ത്യര്‍ 4:17).

''നമ്മുടെ കൈകളില്‍ പുസ്തകങ്ങളുണ്ട്; എന്നാല്‍ നമ്മുടെ കണ്‍മുന്നിലുള്ളതാണ് വാസ്തവം'' തിരുവചനങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളുടെ നിറവേറലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞതാണിത്. ആയതിനാല്‍, നമ്മുടെ കാലയളവിലും വചനം സജീവമാവുകയാണ്, യേശുവുമായുള്ള കണ്ടുമുട്ടലിലൂടെ തങ്ങളുടെ ജീവിതം മാറ്റിയെടുത്ത ആളുകളുടെ അനുകരണീയമായ സാക്ഷ്യം നാം എപ്പോള്‍ സ്വീകരിച്ചാലും വചനം സത്യവും ജീവനും ആയിത്തീരുന്നു. രണ്ടു സഹസ്രാബ്ദങ്ങളായി, ക്രൈസ്തവ ജീവിതത്തിന്‍റെ ആകര്‍ഷണം അത്തരം കണ്ടുമുട്ടലിന്‍റെ പരമ്പരകളിലൂടെ സംവദിക്കപ്പെടുന്നുണ്ട്. അപ്പോള്‍ നമുക്ക് മുന്നിലുള്ള വെല്ലുവിളി, എവിടെ ആയിരിക്കുന്നുവോ അവര്‍ എന്തായിരിക്കുന്നോ അതേ നിലയില്‍ ആളുകളെ കണ്ടുമുട്ടുക എന്നുള്ളതാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് സന്ദേശം  പ്രാർത്ഥനയോടെ പാപ്പാ ഉപസംഹരിച്ചത്.

5. പ്രാർത്ഥന
ദൈവമേ, ഞങ്ങളുടെ പരിധികള്‍ക്കപ്പുറം ചരിക്കാന്‍ പഠിപ്പിക്കണമേ, സത്യത്തെ അന്വേഷിച്ചു പുറപ്പെടാന്‍ പ്രാപ്തരാക്കണമേ. പുറത്തിറങ്ങി കാണുവാന്‍ ഞങ്ങൾക്കു മനസ്സുതരണമേ, അപരനെ ശ്രവിക്കുവാന്‍ ഞങ്ങളെ തുറവുള്ളവരാക്കണമേ. മുന്‍വിധികളെ നിരാകരിക്കുവാന്‍ പഠിപ്പിക്കണമേ. ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്താതിരിക്കുവാനും സഹായിക്കണമേ. ആരും പോകാത്തിടത്ത് പോകാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, മനസ്സിലാക്കാന്‍ ആവശ്യമായ സമയമെടുക്കുവാനും, അടിയന്തിരമായതിന് ശ്രദ്ധ കൊടുക്കുവാനും, ഉപരിപ്ലവമായതില്‍ ശ്രദ്ധ പതറാതിരിക്കുവാനും, കപടമായ കാഴ്ചകളില്‍നിന്ന് സത്യത്തെ വേർതിരിച്ചറിയുവാനുള്ള വിവേചനംതരണമേ. ഞങ്ങളുടെ ലോകത്തിലെ അങ്ങയുടെ വാസസ്ഥലങ്ങള്‍ തിരിച്ചറിയുവാന്‍ ഞങ്ങള്‍ക്ക് കൃപയരുളണമേ. ഞങ്ങള്‍ കണ്ടത് മറ്റുള്ളവരോട് പറയാന്‍ ആവശ്യമായ സത്യസന്ധത നല്‍കണമേ.

പരിപാടിയിലെ സംഗീത ശകലങ്ങൾ സ്റ്റീഫൻ ദേവസ്സിയുടേതാണ്. ഗാനമാലപിച്ചത്... കൂട്ടിയച്ചൻ. രചന എബ്രഹാം പാറ്റാനി, സംഗീതം സണ്ണി വെമ്പിള്ളി.

2021-ലെ ലോക മാധ്യമ ദിനത്തിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തെ ആധാരമാക്കിയുള്ള ചിന്താമലരുകൾ - രണ്ടാം ഭാഗം .

Link for audio track : 
https://www.vaticannews.va/ml/church/news/2021-03/communications-day-message-of-pope-francis-2021-part-two.html

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2021, 14:10